പ്രകൃതിയുടെ അത്ഭുതപ്പെടുത്തുന്ന ഒരു ദൃശ്യചാരുതയാണ് എവറസ്റ്റ് കൊടുമുടി. നിലവിൽ 29,029 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവ്വതനിര, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. മൗണ്ട് എവറസ്റ്റ് എന്ന ഇതിന്റെ പേരിന് പിന്നിൽ ഒരുപക്ഷേ നമ്മൾ ഇതുവരെ കേൾക്കാത്ത ഒരു ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥൻ വില്യം ലാംപ്ടൺ ‘ഗ്രേറ്റ് ട്രൈഗൊണോമെട്രിക്കൽ സർവേ’ എന്ന പേരിൽ ഒരു സർവേ ആരംഭിക്കുകയുണ്ടായി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്പോൺസർഷിപ്പോടെയാണ് ഇത് ആരംഭിച്ചത്.  

ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവനും അളക്കുന്നതിനുള്ള ഈ സർവേയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ശാസ്ത്രചരിത്രത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായിട്ടാണ് ഈ സർവേയെ കണക്കാക്കുന്നത്. 70 വർഷക്കാലം നീണ്ടുനിന്ന ആ സർവേയിലൂടെയാണ് എവറസ്റ്റ്, കെ 2, കാഞ്ചൻജംഗ എന്നീ ഹിമാലയൻ കൊടുമുടികളുടെ ഉയരം ആദ്യമായി കണക്കാക്കപ്പെടുന്നത്. നൂറുകണക്കിന് സർവേയർമാരിൽ കൊൽക്കത്തയിൽ നിന്നുള്ള ബംഗാളി ഗണിതശാസ്ത്രജ്ഞനായ രാധാനാഥ് സിക്ദാറും ഉണ്ടായിരുന്നു. അദ്ദേഹമാണ് 1856 മാർച്ചിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇതാണ് എന്ന് കണ്ടെത്തിയത്.  

"സർ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതം ഞാൻ കണ്ടെത്തി! ” എവറസ്റ്റിന്റെ ഉയരം ആദ്യമായി കണക്കാക്കിയ അദ്ദേഹം പറഞ്ഞു. ഒരു പർവതാരോഹകനായിരുന്നില്ലെങ്കിലും ഇതുപോലുള്ള തീർത്തും സങ്കീർണമായ ഒരു ദൗത്യം നിർവഹിക്കാൻ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? കൊൽക്കത്തയിലെ പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്രം പഠിച്ച സിക്ദാർ, ഹ്യൂമൻ കമ്പ്യൂട്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. കണക്കിലുള്ള അദ്ദേഹത്തിന്റെ അസാമാന്യ കഴിവായിരുന്നു അതിന് പിന്നിൽ.  ഏറെനാളത്തെ കഠിനാദ്ധ്വാനത്തിന് ഒടുവിൽ അദ്ദേഹം നേടിയെടുത്ത ഈ നേട്ടം പക്ഷേ ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. അദ്ദേഹം ഒരു ഇന്ത്യക്കാരനാണ് എന്നത് കൊണ്ടുതന്നെ അദ്ദേഹത്തിന് പേര് എങ്ങും വന്നില്ല. പകരം ഇന്ത്യയുടെ സർവേയർ ജനറലിലൊരാളായിരുന്ന ബ്രിട്ടീഷ് സർവേയർ സർ ജോർജ്ജ് എവറസ്റ്റിന്റെ പേരിലാണ് അത് അറിയപ്പെട്ടത്, ഇന്നും അറിയപ്പെടുന്നത്. 

എന്നാൽ, ഇതിലെ വിചിത്രമായ കാര്യം, സർ ജോർജ്ജ് എവറസ്റ്റ് ഒരിക്കലും തന്റെ പേര് പർവ്വതത്തിന് നൽകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. മറിച്ച് ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനെ ഇതിന്റെ പേരിൽ പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തത്. സിക്ദാറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇതാണ്: 'കഠിനാദ്ധ്വാനിയും ഊർജ്ജസ്വലനുമായ ഒരു ചെറുപ്പക്കാരൻ, എത്ര പ്രയാസപ്പെട്ടിട്ടായാലും, തന്റെ തൊഴിലിൽ മുന്നേറാൻ അയാൾ ആഗ്രഹിക്കുന്നു.’ മറ്റൊരാൾ  നടത്തിയ കണ്ടെത്തലിന് തന്റെ പേര് വയ്ക്കാൻ എവറസ്റ്റ് ഒട്ടും ആഗ്രഹിച്ചിരുന്നില്ല. മാത്രവുമല്ല ആ പേര് ഒരു സാധാരണ ഇന്ത്യക്കാരന് ഉച്ചരിക്കാൻ പ്രയാസമാകുമെന്നും അദ്ദേഹം കരുതി. പക്ഷേ, അദ്ദേഹത്തിന്റെ എതിർപ്പുകളെ വകവയ്ക്കാതെ, അദ്ദേഹത്തിന് ശേഷം വന്ന കേണൽ ആൻഡ്രൂ സ്കോട്ട് വോ ആണ് കൊടുമുടിയ്ക്ക് എവറസ്റ്റ് എന്ന പേര് നൽകാൻ നിർദേശിച്ചത്. തുടർന്ന്, 1865 -ൽ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി ലോകത്തെ ഏറ്റവും ഉയരം കൂടിയ ഈ പർവതത്തിന് ‘എവറസ്റ്റ് കൊടുമുടി’ എന്ന് പേര് നൽകി. പർവ്വതം നേരിട്ട് പോലും കണ്ടിട്ടില്ലാത്ത, അതിന്റെ കണ്ടെത്തലിൽ ഒരുതരത്തിലും പങ്കാളിയാകാത്ത ഒരാളുടെ പേരിൽ അങ്ങനെ അത് അറിയപ്പെടാൻ തുടങ്ങി.  

അന്നത്തെ സർവേയർ ജനറലായിരുന്ന ആൻഡ്രൂ സ്കോട്ട് വോയ്ക്ക് 1856 -ൽ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ സ്വർണമെഡൽ ലഭിക്കുകയും ചെയ്തു. പിന്നീട് 1858 -ൽ റോയൽ സൊസൈറ്റിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മേജർ ജനറലായി സ്ഥാനക്കയറ്റം നേടുകയും അതേ വർഷം തന്നെ നൈറ്റ് ബഹുമതിയ്ക്ക് അദ്ദേഹം അർഹനാവുകയും ചെയ്തു. മറിച്ച് അതിന് വേണ്ടി വിയർപ്പൊഴുക്കിയ ഇന്ത്യക്കാരന്റെ പേര് ക്രമേണ വിസ്മൃതിയിലേക്ക് മാഞ്ഞുപോയി. ഒടുവിൽ, 2004 ജൂൺ 27 -ന് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്കും, ഗണിതശാസ്ത്ര പ്രതിഭയ്ക്കുമുള്ള ഒരു ബഹുമതി എന്നോണം അദ്ദേഹത്തിന്റെ പേരിൽ സ്റ്റാമ്പുകൾ ഇറക്കുകയുണ്ടായി.