ആലങ്കാരിക അർത്ഥത്തിലും, അക്ഷരാർത്ഥത്തിലും അതികായൻമാരായ സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെയൊപ്പം ബംഗാളി സിനിമയിൽ പ്രത്യക്ഷപ്പെട്ട ചലച്ചിത്രകാരനായിരുന്നു മൃണാൾ ദാ എന്ന വിളിപ്പേരിൽ പ്രശസ്തനായിരുന്ന മൃണാൾ സെൻ. മണിക് ദാ എന്ന സത്യജിത് റേയും ഋത്വിക് ദാ എന്ന ഋത്വിക് ഘട്ടക്കും പിന്തുടർന്ന നടവഴികളിൽ നിന്നും ഭിന്നമായ മറ്റൊരു വഴി മൃണാൾ സെൻ വെട്ടിത്തെളിച്ചു. പ്രത്യക്ഷവും ആസന്നവുമായ രാഷ്ട്രീയസിനിമയുടെ വഴിയായിരുന്നു അത്. സത്യജിത് റേ 'പഥേർ പാഞ്ചാലി' എടുത്ത 1955 -ൽ തന്നെയാണ് മൃണാൾ സെൻ തന്‍റെ ആദ്യചിത്രമായ 'രാത് ഭോരേ' സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ പുതിയൊരു വഴിയും വെളിച്ചവും തുറക്കുകയായിരുന്നു അദ്ദേഹം. പ്രതിഭാസമ്പന്നമായ അറുപതുകളിലെ സാംസ്കാരിക വസന്തകാലത്ത് മൃണാൾ സെൻ ഇന്ത്യൻ കലാലോകത്തെ ഏറ്റവും തലപ്പൊക്കമുള്ള പേരുകളിൽ ഒന്നായി മാറി.

കർമ്മ നിരതനായ ആ ചലച്ചിത്രകാരൻ ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ അങ്ങേയറ്റം സർഗ്ഗാത്മകമായി തന്‍റെ സിനിമയിൽ ചേർത്തുവച്ചു. അടിസ്ഥാന വർഗ്ഗ, മധ്യവർഗ്ഗ ബംഗാളി ജീവിതത്തിന്‍റെ അതിജീവന പോരാട്ടങ്ങളെ മൃണാൾ സെൻ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രാനുഭവങ്ങളാക്കി. പരീക്ഷണാത്മകമായ ചിത്രങ്ങളിലൂടെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കാനായിരുന്നു മൃണാൾ സെൻ തുനിഞ്ഞത്. ആദ്യ അഞ്ചു ചിത്രങ്ങൾക്കു ശേഷം സംവിധാനം ചെയ്ത 'ഭുവൻ ഷോം' എന്ന സിനിമയിലൂടെ മൃണാൾ സെൻ ഇന്ത്യയിൽ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയോൻമുഖമായ മൃണാൾ സെൻ ചലച്ചിത്രങ്ങൾ ബംഗാളിലെ രാഷ്ട്രീയ ജീവിതത്തെ സ്പഷ്ടമായി അടയാളപ്പെടുത്തി. ഉന്നത ശീർഷരായ റേയിൽ നിന്നും ഘട്ടക്കിൽ നിന്നും ഭിന്നമായി, ബംഗാളിക്കു പുറത്തും മൃണാൾ സെൻ ചിത്രങ്ങൾ ഒരുക്കി. ഹിന്ദി, ഒഡിഷ, തെലുങ്ക് ചിത്രങ്ങളും മൃണാൾ സെൻ സംവിധാനം ചെയ്തു. 

മാർക്സിസത്തിന്‍റെ മാനവിക ചേതനയായിരുന്നു മൃണാൾ ദായുടെ സിനിമകളുടെ മുഖചിത്രം

നക്സൽ ബാരിക്ക് ശേഷമുള്ള ബംഗാളി യുവത്വത്തിന്‍റെ അന്തർസംഘർഷങ്ങൾ ചിത്രീകരിച്ച 'കൽക്കട്ട 71' എന്ന ചിത്രമാണ് മൃണാൾ സെന്നിനെ ആഗോളതലത്തിൽ ആദ്യം ശ്രദ്ധേയനാക്കിയത്. തുടർന്ന് സംവിധാനം ചെയ്ത പഥാഥിക്, കോറസ്സ്, മൃഗയ എന്നീ ചിത്രങ്ങളിലും തീവ്ര ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ സമസ്യകൾ അദ്ദേഹം നിർധാരണം ചെയ്തു. മാർക്സിസത്തിന്‍റെ മാനവിക ചേതനയായിരുന്നു മൃണാൾ ദായുടെ സിനിമകളുടെ മുഖചിത്രം. 'ഇന്ത്യൻ പീപ്പിൾസ് തീയേറ്ററി'ലൂടെ ഇടതുപക്ഷ കലാസാംസ്കാരിക രംഗത്തും സജീവ സർഗ്ഗ സാന്നിദ്ധ്യമായിരുന്നു മൃണാൾ ദാ. പ്രതിഭാധന്യമായ ആ സർഗ്ഗജീവിതത്തെ 1981 -ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2005 -ൽ 'ദാദാ സാഹിബ് ഫാൽക്കേ' പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1998 മുതൽ 2003 വരെ മൃണാൾ സെൻ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.

ഏത് ഭൂവിഭാഗത്തിലെ മനുഷ്യരുമായും ഐക്യപ്പെടുന്ന ചലച്ചിത്ര ശിൽപ്പമായിരുന്നു മൃണാൾ ദായുടേത്. മനുഷ്യാനുഭവങ്ങൾ ലോകത്തെല്ലായിടത്തും ഒന്നായതുകൊണ്ട് സ്ഥലകാലഭേദമില്ലാതെ ഹൃദയർ മൃണാൾ ദായുടെ പ്രതിഭയെ ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയുടെ പതാകവാഹകരായി അദ്ദേഹത്തിന്‍റെ സൃഷ്ടികൾ ദേശാന്തരങ്ങളിലൂടെ സഞ്ചരിച്ചു. കാൻ, ബെ‍ർലിൻ, ഷിക്കാഗോ, മോസ്കോ എന്നിങ്ങനെ 12 അന്തർദേശീയ സിനിമാ മേളകൾ മൃണാൾ സെന്നിന്‍റെ പ്രതിഭയെ ആദരിച്ചു. ഫ്രഞ്ച് സർക്കാർ, 'കമാന്ത്യൂർ ദ് ലോദ്ര് ദ ആർഎ ലാത്ര്' ബഹുമതിയും റഷ്യൻ സർക്കാർ, 'ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്' ബഹുമതിയും മൃണാൾ സെന്നിന് നൽകി. നിരവധി അന്തർദേശീയ മേളകളുടെ ജൂറി അംഗമായും മൃണാൾ സെൻ പ്രവർത്തിച്ചു. 

തന്‍റെ ശവശരീരത്തിൽ പൂക്കളും റീത്തുകളും അർപ്പിക്കരുതെന്നും പൊതുദർശനം പാടില്ലെന്നും മൃണാൾ സെൻ നിർദ്ദേശിച്ചിട്ടുണ്ട്

കേരളവുമായി ഹൃദ്യമായ ബന്ധമാണ് മൃണാൾ സെൻ എന്നും കാത്തുസൂക്ഷിച്ചത്. കൊൽക്കത്തയിലെ ഭവാനിപൂരിലെ ഫ്ലാറ്റിലേക്ക് അദ്ദേഹം മലയാളികളെ എന്നും നിറപുഞ്ചിരിയോടെ സ്വീകരിച്ചു. കയ്യൂർ സമരത്തെ ആസ്പദമാക്കി ഒരു മലയാളസിനിമ നിർമ്മിക്കാൻ അദ്ദേഹം കയ്യൂരിൽ എത്തിയിരുന്നെങ്കിലും അത് സാക്ഷാത്കരിക്കപ്പെട്ടില്ല. 'തന്‍റെ സർഗ്ഗജീവിതത്തിലെ വലിയ നഷ്ടം' എന്നാണ് കയ്യൂർ സിനിമ നടക്കാതിരുന്നതിനെ മൃണാൾ സെൻ പിന്നീട് വിശേഷിപ്പിച്ചത്. കേരളവും ബംഗാളും തമ്മിലുള്ള സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, രാഷ്ട്രീയ പാരസ്പര്യത്തിലെ മുഖ്യമായ കണ്ണികൂടിയായിരുന്നു മൃണാൾ ദാ. കേരളത്തിന്‍റെ ചലച്ചിത്ര അക്കാദമി ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. പ്രഥമ ഐഎഫ്എഫ്കെയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി കേരളവും അദ്ദേഹത്തിന്‍റെ പ്രതിഭയെ ആദരിക്കുകയുണ്ടായി.

ചിത്രം: കയ്യൂർ സിനിമയുടെ ആലോചനകൾക്കായി കേരളത്തിലെത്തിയ മൃണാൾ സെൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവ‍ർത്തകനും കയ്യൂർ സമരഭടനുമായ ചൂരിക്കാടൻ കൃഷ്ണൻ നായർക്കൊപ്പം

തന്‍റെ ശവശരീരത്തിൽ പൂക്കളും റീത്തുകളും അർപ്പിക്കരുതെന്നും പൊതുദർശനം പാടില്ലെന്നും മൃണാൾ സെൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയക്ക് എക്കാലവും ഓർത്തുവയ്ക്കാൻ നൽകിയിട്ടുപോയ ചലച്ചിത്രസൃഷ്ടികളാണ് മൃണാൾ ദായ്ക്കുള്ള ഓർമ്മപ്പൂക്കൾ. 'സിനിമ കണ്ടിറങ്ങുന്നവർ മാറ്റത്തിന്‍റെ പടയാളികളാകണം' എന്ന് നിർബന്ധം പിടിച്ച ചലച്ചിത്രകാരൻ മടങ്ങുമ്പോൾ നമ്മുടെ സിനിമയുടെ സംഭവബഹുലമായ ഒരു കാലമാണ് അവസാനിക്കുന്നത്.