Asianet News MalayalamAsianet News Malayalam

ഈ സ്വര്‍ണ്ണമെഡലിന് തിളക്കമേറെ; ആരെയും പ്രചോദിപ്പിക്കുന്ന ജീവിതകഥ!

  • പെണ്ണ് എത്ര പഠിച്ചിട്ടും കാര്യമില്ല. അവളവസാനം അടുക്കളയിൽ തന്നെ എത്തിച്ചേരും. പഠിത്തത്തേക്കാൾ വലുതല്ലേ കുട്ടികൾ. എന്തിനാണ് രണ്ടാൾക്കും ഇത്ര വാശി. ഇങ്ങനെ പോയി ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും
muhammed ali facebook post
Author
First Published Jun 26, 2018, 5:52 PM IST
  • Facebook
  • Twitter
  • Whatsapp

ഒരു സ്ത്രീ എങ്ങനെയൊക്കെയാണ് സ്വന്തം സ്വപ്നങ്ങള്‍ക്ക് പിറകെ നടക്കുകയും അവ സ്വന്തമാക്കുകയും ചെയ്യുന്നത്. ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് കിട്ടിയ ഭാര്യയെ കുറിച്ചുള്ള മുഹമ്മദ് അലി എന്ന യുവാവിന്‍റെ കുറിപ്പ് വൈറലാവുകയാണ്.

ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചുകൊണ്ടും അവരെ പാലൂട്ടിയുമാണ് അവള്‍ പഠിച്ചതെന്നും മുഹമ്മദലി എഴുതിയിരിക്കുന്നു. വിവാഹിതയായ സ്ത്രീക്ക് സ്വപ്നങ്ങള്‍ പാടില്ലെന്ന സമൂഹത്തിന്‍റെ വിധിയെഴുത്തിനോടുള്ള മധുരപ്രതികാരം കൂടിയാണ് ഭാര്യയുടെ റാങ്ക്. പൊങ്ങച്ചം കാണിക്കാനല്ല എഴുതുന്നത് മറിച്ച് ആര്‍ക്കെങ്കിലും പ്രചോദനമാവുന്നെങ്കില്‍ അത് നല്ലതാണെന്ന് കരുതിയിട്ടാണെന്നും മുഹമ്മദ് അലി എഴുതിയിരിക്കുന്നു.

ഇതാ ആ കുറിപ്പ്: 

രണ്ടു മൂന്ന് ആഴ്ച മുൻപേ കുത്തികുറിക്കണം എന്ന് വിചാരിച്ച ഒരു കാര്യമാണ്. കാര്യമായ കാരണങ്ങളില്ലാതെ ടൈപ്പിംഗ് എഴുത്തു നീണ്ടുപോയി .

നമ്മുടെ നാട്ടിലെ ഉന്നത വിദ്യഭ്യസ വ്യവസ്ഥിതിയും ഈ റാങ്ക് സിസ്റ്റവുമൊക്കെ എനിക്ക് തീരെ താത്പര്യമില്ലാത്ത കാര്യമാണ്. കാലഹരണപ്പെട്ട ഈ വിദ്യാഭ്യാസ സമ്പ്രദായം തന്നെ പൊളിച്ചെഴുതേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു എന്നാണ് എന്റെ കാഴ്ചപ്പാട് ( അതാണ് ശരിയെന്നും പറഞ്ഞ് വാദിക്കാനൊന്നും പോയിട്ടില്ല ).

അങ്ങനെയിരിക്കെ കഴിഞ്ഞ മാസമാണ് എന്റെ പ്രിയപ്പെട്ട നല്ല പാതിക്കു എം ടെക്കിനു (ME) ഗോൾഡ് മെഡലോടെ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ലഭിക്കുന്നത് .ഇവിടെ ഇപ്പോ സ്വന്തം ഭാര്യക്ക് ഒരു യൂണിവേഴ്സിറ്റി റാങ്ക് കിട്ടി എന്ന പ്രൗഢമായ ഭർത്താവിന്റെ സന്തോഷം എന്ന സംഹിതയിൽ ഒതുങ്ങില്ല .ഒന്നാം റാങ്ക് എന്ന അക്കത്തിന്റെ മഹിമയല്ലട്ടോ മറിച്ച് അവൾ ആ റാങ്ക് നേടിയെടുക്കാനെടുത്ത കഷ്ടപ്പാട് കണ്ട ഒരു വ്യക്തിയെന്ന നിലയിലാണ്. അത് പോലെ സാമൂഹിക മുന്നേറ്റത്തില്‍ വിദ്യാഭ്യാസം ചെലുത്തുന്ന പങ്ക് അനിര്‍വചനീയമാണെന്നതിനാല്‍ വിദ്യാഭ്യാസ മേഖലയിലേക്കുള്ള ഒഴുക്കിനും ശക്തിയേറിയിരിക്കുന്ന ഇക്കാലഘട്ടത്തിൽ അതിന്റെ പ്രാധാന്യം മനസ്സിലാക്കി വീട്ടിലെ നാല് ചുമരുകളിൽ ഞെരിഞ്ഞടങ്ങാതെ ഉന്നത വിദ്യഭ്യാസത്തിൽ വെന്നിക്കൊടി പാറിക്കുന്ന എന്റെ സമൂഹത്തിലെ പ്രിയപ്പട്ട സ്ത്രീകളുടെ ഔന്ന്യത്യത്തെ കുറിച്ച് ബോധ്യമുള്ളതുകൊണ്ടുമാണ് .

2017 റമദാൻ പത്തിന് അത്താഴത്തിന് ശേഷമുള്ള പതിവുറക്കത്തിന്‍റെ ഇടയിൽ റോഷി അഥവാ എന്റെ ഭാര്യ എന്നെ തട്ടി വിളിക്കുന്നു. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവാണെന്ന സന്തോഷ വാർത്ത അറിയിക്കാൻ. 2 വർഷത്തെ മാമൂൽ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു എന്നുള്ള വലിയ ചെറിയ നിശ്വാസം ആയിരുന്നു എന്റെ ആദ്യ റിയാക്ഷൻ. കാരണം അതിനുമാത്രമുണ്ടായിരുന്നു ആ വക ചോദ്യങ്ങൾ. അവൾ പഠിക്കുന്നത് കൊണ്ടാണോ നിങ്ങൾ കുട്ടികൾ വേണ്ടാന്ന് വെച്ചത്, ആർക്കാണ് പ്രോബ്ലം, ആരെയാണ് കാണിക്കുന്നത്, ഫാമിലി പ്ലാനിംഗാണോ.... ഇങ്ങനെ നീളുന്നു ഈ വക ചോദ്യങ്ങൾ.

ഞങ്ങൾ ഡോക്ടറുടെ അടുത്ത് പോയി സംഭവം അങ്ങട് ഉറപ്പിച്ചു . അവളാണെങ്കിൽ ME ടെ 3rd Sem ലേക്ക് കാലെടുത്ത് വെച്ചതേയുള്ളൂ.. പക്ഷേ അവളെന്നെ അതിശയിപ്പിച്ച് കൊണ്ട് പറഞ്ഞു, പ്രസവം വരെ എനിക്കു കോളേജിൽ പോവാല്ലോ... ഡെലിവറിക്കു ശേഷം ഒരു മാസം ലീവെടുക്കാം. അപ്പോൾ അറ്റൻഡെൻസ് ഇഷ്യൂ ഉണ്ടാവില്ലല്ലോന്ന് !

അങ്ങനെ സ്കാനിംഗ് പ്രോസസുകളിക്കിടയിൽ ആ സത്യം കൂടി വെളിവായി ഞങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഇരട്ടക്കുട്ടികൾ ആണെന്നുള്ള വലിയ സന്തോഷം. ഇനിയും ക്ലാസിനു പോകാൻ പറ്റുമോ എന്ന രീതിയിൽ ഞാനവളെയൊന്നു നോക്കി. ആദ്യമേ ഡോക്ടർ പറഞ്ഞിരുന്നു 7 മാസം വരെ വലിയ പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ധൈര്യമായി ക്ലാസിനു പോകാം എന്ന വലിയ ആത്മവിശ്വാസത്തിൽ അവളും. അത് കേട്ടപ്പോൾ എന്‍റെ ടെൻഷൻ ഒന്നുകൂടി അധികരിച്ചു.സാധാരണ ഗർഭിണികളായ (കടിഞ്ഞൂൽ ഗർഭം എന്നൊക്കെ പറയില്ലേ ) കഷ്ടപ്പാടുകൾ അറിയാല്ലോ, അതിൽ തന്നെ ഇരട്ടക്കുട്ടികളെ പ്രസവത്തെ ധരിച്ച സ്ത്രീയെ ചിന്തിച്ചു നോക്കൂ അതിനിടയിൽ പഠിപ്പും.

എന്‍റെ പ്രിയപ്പെട്ടവൾ അക്ഷരാർത്ഥത്തിൽ കഷ്ടപ്പെട്ടു . അങ്ങനെ പോയി ഏഴാം മാസം ആയതും സെമസ്റ്റർ എക്സാം അനൌണ്‍സ് ചെയ്തതും ഒരേ സമയം . ഇരട്ടക്കുട്ടികളായതിനാൽ വയർ പതിവിൽ കൂടുതലായിരുന്നു. കൂടെ ബ്രീത്തിങ് ഇഷ്യൂസ്, കാലിൽ നീർക്കെട്ട് തുടങ്ങിയ ഗർഭിണികൾക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും അവൾക്കുമുണ്ടായിരുന്നു. എക്സാം ഹാളിലെ ബെഞ്ചിൽ ഇരിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരുന്നു അവൾക്ക്. ഇരുന്നും നിന്നിട്ടുമായി അവൾ എക്സാം എഴുതിത്തീർത്തു. അങ്ങനെ ഒരു വിധം ആ മൂന്നാം സെമസ്റ്റർ പരീക്ഷ തീർന്നു കിട്ടി.

4th Semester പ്രൊജക്ട് ആയിരുന്നു. Daily രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വർക്കുണ്ടായിരുന്നു. എട്ടാം മാസം ആയപ്പോഴേക്കും നടക്കാൻ പോലും നല്ല ബുദ്ധിമുട്ടായി അവൾക്ക്. എന്നിട്ടും അവൾ വിട്ടില്ല. എന്തിനേറെ പറയുന്നു അഡ്മിറ്റാവാൻ പറഞ്ഞ അന്നേ ദിവസം പോലും അവൾ കോളേജിൽ പോയിരുന്നു. ഞാനാണവളെ അന്നേ ദിവസം കോളേജിൽ നിന്നും കൂട്ടിക്കൊണ്ട് വന്നത്.

അങ്ങനെ 2018 ജനുവരി 13ന് ഞങ്ങൾ 2 ആൺകുട്ടികളുടെ മാതാപിതാക്കളായി. അതിന് ശേഷമായിരുന്നു ഞങ്ങളുടെ നിലപാടിനെതിരായുള്ള ചോദ്യശരങ്ങളും കുറ്റപ്പെടുത്തലുകളും കൂടുതൽ നേരിടേണ്ടി വന്നത്. ഇനി പഠിത്തമൊന്നും തുടരാൻ പറ്റില്ല. അതെങ്ങനെ പറ്റും 2 കുട്ടികളില്ലേ. ഇത്രയൊക്കെ പഠിച്ചില്ലേ. പഠിച്ചിട്ട് എന്താക്കാൻ. പെണ്ണ് എത്ര പഠിച്ചിട്ടും കാര്യമില്ല. അവളവസാനം അടുക്കളയിൽ തന്നെ എത്തിച്ചേരും. പഠിത്തത്തേക്കാൾ വലുതല്ലേ കുട്ടികൾ. എന്തിനാണ് നിങ്ങൾക്ക് രണ്ടാൾക്കും ഇത്ര വാശി.. ഇങ്ങനെ പോയി ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും.. ഡെലിവറി ഓപ്പറേഷനിലൂടെ ആയത് കൊണ്ട് രണ്ടാഴ്ചത്തെ റെസ്റ്റ് വേണമെന്ന് മാത്രമേ ഡോക്ടർ നിർദ്ദേശിച്ചുള്ളൂ. പക്ഷേ.. ഈ ഡോക്ടറൊക്കെ ആരാ.. അവരങ്ങിനെ പലതും പറയും.. ശരിക്കും 3 മാസം റെസ്റ്റ് വേണം ഇല്ലെങ്കിൽ ശരിയാവില്ലെന്ന് ഡോക്ടറേക്കാൾ വിവരമുള്ള ആൾക്കാർ വിധിയെഴുതി.

പന്ത് എന്റെ കോർട്ടിൽ വെച്ച് തന്ന് കുട്ടികൾ നിങ്ങളുടേതാണ് എന്ന പതിവു ഉപദേശത്തിനൊപ്പം തീരുമാനം എനിക്ക് വിട്ടു തന്നു. ചെറുതിലേ ഫുട്ബോൾ നന്നായി കളിച്ച് ശീലമുള്ളത് കൊണ്ട് ഞാൻ ആ ബോളുമായി നേരെ സ്ട്രൈക്കറുടെ അടുത്ത് പോയി ഒറ്റച്ചോദ്യം, നിന്നെക്കൊണ്ട് പറ്റുമോന്ന്.. മറുപടി പ്രതീക്ഷിച്ചത് തന്നെ.. എനിക്ക് പോണം.. കംപ്ലീറ്റ് ചെയ്തേ പറ്റൂയെന്ന്.. ഞാൻ ത്രൂ ബോൾ പാസ് നൽകി.. അവൾ ഒന്നാന്തരം ഗോളടിച്ചു.( ഹൃദയത്തിൽ ഒരു ബൂംചിക്ക വാവ മൊമന്റ്റ് )മക്കളെ നോക്കിത്തന്നെ അവൾ എൻജിനീറിങ് ബിരുദാനന്തര ബിരുദം ഫിനിഷാക്കി ശേഷം പ്രൊജക്ടിന് വേണ്ടി ദിവസേന കോളേജിൽ പോവും , കുട്ടികൾ കരഞ്ഞാൽ കോളേജിൽ നിന്നും നല്ല സ്പീഡിൽ സ്കൂട്ടറിൽ വീട്ടിലേക്ക്. മക്കളെ പാലൂട്ടിക്കഴിഞ്ഞ് വീണ്ടും കോളേജിലേക്ക്. ഇതായിരുന്നു കുറച്ച് കാലത്തെ പതിവ്. ഒരു സ്ത്രീ എന്താണെന്നും ഒരു സ്ത്രീ എപ്പോഴാണ് പുരുഷനേക്കാൾ ആയിരം ഇരട്ടി ഉയരത്തിൽ എത്തുന്നതെന്നും അവളിലൂടെ ഞാൻ മനസ്സിലാക്കി. കല്യാണം പെണ്ണിന്റെ ആഗ്രഹങ്ങൾക്കും വളർച്ചക്കുമുളള ലോക്ക് അല്ലെന്നു ചുരുക്കിപ്പറഞ്ഞാൽ ഞാനുൾപ്പെടുന്ന വലിയ സമൂഹത്തിനു മുൻപിൽ തെളിയിച്ചു.

"Every individual have their own dreams......
We need to value their dreams......
Be a partner... never ever be a boss.."

LIFE lS BEAUTIFUL

ഇത്രയും പറഞ്ഞത് പൊങ്ങച്ചത്തിന് വേണ്ടിയല്ല. സമൂഹത്തില് നിലനില്ക്കുന്ന ബാലിശമായ ചില യഥാസ്ഥിതിക മനോഭാവവും പുരുഷന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങളും പാരമ്പര്യത്തിന്റെ ചങ്ങലക്കെട്ടുകളുമെല്ലാം സ്ത്രീവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്ന നമ്മുടെ സമൂഹത്തിൽ ആർക്കെങ്കിലും റോഷൻ ജെബീൻ എന്ന എന്റെ പ്രിയപ്പെട്ട ഭാര്യയുടെ M tech കഥ ഒരു പ്രചോദനം ആവുമെന്നുള്ള എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ ഉപദേശം ഒന്ന് കൊണ്ട് മാത്രമാണ്.

 


 

Follow Us:
Download App:
  • android
  • ios