മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടാണ് ഓൾഡ് ട്രാഫോർഡ്.  ട്രാഫോര്‍ഡ് സ്റ്റേഡിയത്തിന്റെ കിഴക്കേ ഗാലറിക്ക് സമീപത്തായി നിശ്ചലമായ ഒരു ക്ലോക്കുണ്ട്. ചുവട്ടിൽ മ്യൂണിക്ക് എന്നെഴുതിയിരിക്കുന്ന ക്ലോക്കിന്റെ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി, ഫെബ്രുവരി 6,1958 - സമയം ഉച്ചയ്ക്ക് മൂന്നു മണി കഴിഞ്ഞ് നാലുമിനിട്ട്. അമ്പതുകളിൽ സോക്കർ ലോകത്തിന്റെ ഹൃദയമിടിപ്പുതന്നെ നിലച്ചുപോയ അഭിശപ്തനിമിഷം. 

അന്നത്തെ യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ നിന്നും റെഡ്സ്റ്റാർ ബെൽഗ്രേഡിനെ തോൽപ്പിച്ച്  യൂറോപ്യൻ കപ്പിന്റെ സെമി ഫൈനലിലേക്ക് കടന്ന 'ബസ്ബി ബേബ്സ്' എന്നറിയപ്പെട്ടിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫുട്ബാൾ ടീമുമായി പറന്നുയരാൻ ശ്രമിച്ച ബ്രിട്ടീഷ് എയർവേയ്‌സ് 609 ചാർട്ടേഡ് വിമാനം  അതിന്റെ മൂന്നാമത്തെ ടേക്ക് ഓഫ് ശ്രമത്തിനിടെ റൺവേയിലെ മഞ്ഞിൽ തെന്നി എയർപോർട്ടിന്റെ കമ്പിവേലിക്കു മുകളിലൂടെ തകർന്നുവീണു. അന്ന് വിമാനത്തിലുണ്ടായിരുന്ന 44 പേരിൽ 23  പേർ മരണമടഞ്ഞു. 19  പേർക്ക് പരിക്കേറ്റെങ്കിലും അവർ ആ അപകടത്തെ അതിജീവിച്ചു. 

ക്ലബ് താരങ്ങളോടൊപ്പം മറ്റ് ഒഫീഷ്യൽസും ചില ഫാൻസും പത്രപ്രവർത്തകരും ഒക്കെ ആ വിമാനത്തിലുണ്ടായിരുന്നു. ക്ലബ്ബിന്റെ സൂപ്പർ താരമായിരുന്ന ഡങ്കൻ എഡ്വേഡ്‌സ് അടക്കം എട്ടുകളിക്കാരെയാണ് അന്നൊരൊറ്റ ദിവസം കൊണ്ട് മാഞ്ചസ്റ്ററിന് നഷ്ടമായത്. ക്ലബ്ബിന്റെ ഇതിഹാസ താരം  സർ ബോബി ചാൾട്ടന് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റു. അദ്ദേഹം ദീർഘകാലം ചികിത്സയിലായിരുന്നു. ടീം മാനേജർ  മാറ്റ് ബസ്ബിക്കും അന്ന് കാര്യമായ പരിക്കുപറ്റി. എട്ടു കളിക്കാർക്ക് പുറമെ ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളുടെ എട്ടു റിപ്പോർട്ടർമാരും, മൂന്ന് യുണൈറ്റഡ് സ്റ്റാഫും, വിമാനത്തിന്റെ സഹപൈലറ്റും,  ഒരു എയർ സ്റ്റീവാർഡും,മറ്റു രണ്ടുപേരും അന്ന് മരണപ്പെട്ടു. 

സംഭവം നടക്കുന്ന ദിവസം ഡിക്ക് ഫോളോസ് എന്ന പത്തുവയസ്സുകാരൻ തന്റെ മുടിവെട്ടാനായി വീടിനടുത്തുള്ള സലൂണിൽ പോയിരിക്കുകയായിരുന്നു. ഡെയ്‌ലി ഹെറാൾഡ്  എന്ന പ്രശസ്ത ബ്രിട്ടീഷ് പത്രത്തിന്റെ ലേഖകനായിരുന്നു  ഡിക്കിന്റെ അച്ഛൻ ജോർജ് ഫോളോസ്. തന്റെ ഊഴത്തിനായി ജനലിലൂടെ പുറത്തുള്ള കാഴ്ചകളും കണ്ടുകൊണ്ട് കാത്തിരിക്കുകയായിരുന്നു കുഞ്ഞു ഡിക്ക്. പെട്ടെന്ന് റേഡിയോയിൽ ഒരു ഫ്‌ളാഷ് ന്യൂസ് കേട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സഞ്ചരിച്ച ബ്രിട്ടീഷ് എയർ വിമാനം ജർമ്മനിയിലെ മ്യൂണിക്കിൽ തകർന്നുവീണു. പയ്യൻ ഒരു നിമിഷനേരം ആകെ പകച്ചുപോയി. എന്തുചെയ്യണം എന്നവനറിയില്ലായിരുന്നു. ഉറക്കെ കരയണോ..? അവിടുള്ളവരോട് വിളിച്ചുപറയണോ, 'എന്റച്ഛൻ ആ വിമാനത്തിലുണ്ടായിരുന്നു..' എന്ന്. അതോ തന്റെ ഊഴമെത്തും വരെ കാത്തിരുന്ന് മുടിവെട്ടിക്കണോ..? ഒടുവിൽ അവൻ സങ്കടമടക്കിപ്പിടിച്ച് തന്റെ ഊഴമെത്തും വരെ കാത്തിരിക്കുകയും മുടി വെട്ടിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയുമാണുണ്ടായത്. ആ നിമിഷത്തെക്കുറിച്ചുള്ള ഓർമ്മകൾ ബിബിസിയോട് പങ്കുവെക്കുന്നുണ്ട് ഡിക്ക് ഫോളോസ് പിന്നീട്. 

തങ്ങളുടെ യൂറോപ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനായി ബെൽഗ്രേഡിലേക്ക് പറന്നപ്പോൾ ബസ്ബിയുടെ പിള്ളേർ ലീഗിലെ മിന്നും താരങ്ങളായിരുന്നു. 56 -ലും 57 -ലും ഫസ്റ്റ് ഡിവിഷൻ ടൈറ്റിൽ നേടി അവർ. ഫെബ്രുവരി ഒന്നിന് അവർ ആഴ്‌സനലിനെ തോല്പിച്ചിരുന്നു. റെഡ് സ്റ്റാർ ബെൽഗ്രേഡുമായുള്ള അവരുടെ 'എവേ' മത്സരമായിരുന്നു ബെൽഗ്രേഡിൽ നടന്നത്. മത്സരം 3-3 ന് സമനിലയിൽ അവസാനിച്ചുവെങ്കിലും, ഓൾഡ് ട്രഫോർഡിൽ അതിനുമുമ്പു നടന്ന 'ഹോം' മത്സരത്തിൽ  2-1 ന് വിജയിച്ചിരുന്നതിനാൽ യുണൈറ്റഡ് സെമിയിലേക്ക് യോഗ്യത നേടി. 

ബെൽഗ്രേഡിലെ ആകാശം തെളിവുറ്റതായിരുന്നു. യുണൈറ്റഡ് സംഘത്തെയും വഹിച്ചുകൊണ്ടുള്ള എലിസബത്തൻ ക്ലാസ്സ്  'എയർ സ്പീഡ് അംബാസഡർ' ചാർട്ടർ വിമാനം യാതൊരു പ്രയാസവും കൂടാതെ പറന്നുപൊങ്ങി. മാഞ്ചസ്റ്ററിലേക്കുള്ള നീണ്ട പ്രയാണത്തിന് വിമാനത്തിലെ ഇന്ധനം തികയാതെ പോവും എന്നതുകൊണ്ട് മാത്രമാണ് അവർക്ക് റീ-ഫ്യുവലിങ്ങിനായി മഞ്ഞുമൂടിയ മ്യൂണിക്കിൽ ഇറങ്ങേണ്ടി വന്നത്. നീണ്ട യാത്രയ്ക്കിടെ കിട്ടിയ ബ്രേക്കിൽ യാത്രക്കാർക്ക് സന്തോഷം തോന്നി. വിമാനത്തിൽ നിന്നും താഴെയിറങ്ങിയ അവർ നിലത്തുവീണുകിടന്ന മഞ്ഞുരുട്ടി പരസ്പരം എറിഞ്ഞു കളിച്ചു. ഇന്ധനം നിറയ്ക്കൽ പൂർത്തിയായ ശേഷം വിമാനം വീണ്ടും പറന്നുയരാൻ തയ്യാറെടുത്തു. 

മുൻ റോയൽ എയർ ഫോഴ്‌സ് പൈലറ്റ് ജെയിംസ് തെയ്ൻ ആയിരുന്നു വിമാനത്തിന്റെ പൈലറ്റ്. കെന്നത്ത് റെയ്‌മെന്റ് സഹ പൈലറ്റും. എഞ്ചിനിൽ നിന്നും ഉയർന്ന മുരൾച്ച കാരണം രണ്ടുവട്ടം ടേക്ക് ഓഫ് ശ്രമം ഉപേക്ഷിച്ചെങ്കിലും, ടീമിന്റെ ഷെഡ്യൂളിന് മുടക്കം വരേണ്ട എന്നുകരുതി മൂന്നാമതും ഒരു പരിശ്രമം നടത്താൻ തെയ്ൻ തീരുമാനമെടുത്തു. വിമാനത്തിലിരുന്ന് മാഞ്ചസ്റ്റർ കളിക്കാരൻ ലിയാം വേലൻ പരിഭ്രാന്തനായി പറഞ്ഞ വാക്കുകൾ അറം പറ്റുകയായിരുന്നു , "ചെലപ്പോൾ ചാവുമായിരിക്കും, ഞാൻ അതിനും തയ്യാർ.. " നാലഞ്ചുകളിക്കാർ കൂടുതൽ സുരക്ഷിതമെന്ന് കരുതി വിമാനത്തിന്റെ പിൻ സീറ്റുകളിലേക്ക് മാറിയിരിക്കുകയുണ്ടായി. എന്തായാലും,  മൂന്നാമത്തെ ശ്രമത്തിൽ റൺവേയിലൂടെ പരമാവധി വേഗമാർജ്ജിക്കാനായി കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന വിമാനം ടേക്ക് ഓഫ് പോയന്റിന് തൊട്ടുമുമ്പ് കുമിഞ്ഞുകൂടിക്കിടന്ന മഞ്ഞുപാളിയിൽ തട്ടി ദിശതെറ്റി വിമാനത്താവളത്തിന്റെ കമ്പിവേലികൾക്കു മുകളിലൂടെ അടുത്തുള്ള ഒരു വീടിനുമുകളിലേക്ക് തകർന്നു വീണു. 

വിമാനത്തിന്റെ ഇടതുചിറക് മറിഞ്ഞുവീണു. തകർന്നു വീണ വിമാനത്തിൽ നിന്നും ഒരുവിധം ഇഴഞ്ഞു പുറത്തിറങ്ങിയ   ടീം ഗോൾ കീപ്പർ ഹാരി ഗ്രെഗ്ഗ് കണ്ടത് ഒരു ഫയർ എക്സ്റ്റിങ്ക്വിഷറുമായി നിൽക്കുന്ന പൈലറ്റ് തെയ്‌നിനെയാണ്. തെയ്ൻ ഗ്രെഗിനോട് അലറി, "റൺ, യു സ്റ്റുപ്പിഡ് ബാസ്റ്റഡ്, ഇറ്റ് ഈസ് ഗോയിങ് റ്റു എക്സ്പ്ലോഡ്.."  പരിക്കേറ്റ പലരും വിമാനത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ നോക്കുന്നത് ഗ്രെഗ് കണ്ടു. വിമാനത്തിനുള്ളിൽ നിന്നും അപ്പോഴും ഞരക്കങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. " പോവരുത്.. ഇതിനകത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്.. " അദ്ദേഹത്തിന്റെ വാക്കുകൾ ആരും ചെവിക്കൊണ്ടില്ല. ഒരു കുഞ്ഞിന്റെ കരച്ചിൽ പിന്തുടർന്ന് ഗ്രെഗ്ഗ് വീണ്ടും തകർന്നുകിടന്നുന്ന വിമാനത്തിനുള്ളിലേക്ക് കേറിച്ചെന്നു. തകരും മുമ്പ് തന്റെ തൊട്ടു മുന്നിലെ സീറ്റിൽ ഇരുന്നു കൊഞ്ചിക്കൊണ്ടിരുന്ന പിഞ്ചുബാലന്റെ മുഖം ഗ്രെഗ്ഗിന് ഓർമ്മയുണ്ടായിരുന്നു. ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല. അകത്തുചെന്ന് അവശിഷ്ടങ്ങൾക്കിടയിൽ അമർന്നുകിടന്ന ആ കുഞ്ഞിനെ ഗ്രെഗ്ഗ് വലിച്ചുപുറത്തെടുത്തു. രക്ഷപ്പെട്ട് പുറത്തേക്ക് പോവുകയായിരുന്ന ഒരു യാത്രക്കാരന്റെ കയ്യിൽ കുഞ്ഞിനെക്കൊടുത്ത് അദ്ദേഹം വിമാനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടർന്നു. മാറ്റ് ബസ്ബി അടക്കം പത്തുപേരെയാണ് അന്ന് ഗ്രെഗ്ഗ് രക്ഷിച്ചത്.. ഒരുപക്ഷേ അതായിരുന്നിരിക്കും അദ്ദേഹത്തിന്റെ ഗോൾ കീപ്പിങ്ങ് കരിയറിലെ ഏറ്റവും മികച്ച സേവ്.. 

എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ 

അന്വേഷണത്തിന്റെ തുടക്കത്തിൽ പൈലറ്റ് തെയ്നിനു നേരെ 'പൈലറ്റ് എറർ' ആരോപണങ്ങൾ ഉയർന്നെങ്കിലും പിന്നീട് അപകടകാരണം മഞ്ഞുകട്ടയിൽ തെന്നി വിമാനത്തിന്റെ ദിശ മാറിയതായിരുന്നു എന്ന് തെളിയുകയുണ്ടായി. അപകടത്തിൽ നിന്നും രക്ഷപ്പെട്ട പലർക്കും ദീർഘകാലം ഗുരുതരമായ പരിക്കുകളുടെ പരിചരണത്തിനായി ആസ്പത്രിയിൽ ചെലവിടേണ്ടി വന്നു. സാരമായി പരിക്കേറ്റ് ദീർഘകാലം കോമയിലായിരുന്ന മാറ്റ് ബസ്ബിയ്ക്ക്  രണ്ടുവട്ടം അന്ത്യകൂദാശ പോലും നൽകുകയുണ്ടായി. അദ്ദേഹം പിന്നീട് അപകടാവസ്ഥ തരണം ചെയ്ത് കുറേക്കാലം കൂടി ജീവിച്ചിരുന്നു എങ്കിലും. 

1960 -ൽ ഓൾഡ് ട്രഫോർഡിൽ, മ്യൂണിക്ക് അപകടത്തിൽ മരിച്ചവർക്കായി സോക്കർ സ്റ്റേഡിയത്തിന്റെ ആകൃതിയിൽ ഒരു സ്മരണ ലേഖം അനാവരണം ചെയ്യുകയുണ്ടായി. അതിൽ അന്നു മരണപ്പെട്ടവരുടെ പേരുകൾ തങ്കലിപികളിൽ ആലേഖനം ചെയ്തിരുന്നു. ആ അപകടമേൽപ്പിച്ച മാനസികാഘാതത്തിൽ നിന്നും കരകേറാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് പത്തു വർഷത്തിലധികമെടുത്തു.  മ്യൂണിക്കിന് പത്തുവർഷങ്ങൾക്കു ശേഷം ബോബി ചാൾട്ടന്റെ 'മാൻ യു' ടീം വീണ്ടും യൂറോപ്യൻ ചാമ്പ്യന്മാരായി. അന്ന് വെംബ്ലിയിൽ വെച്ച്, വിയർത്തൊട്ടിയ ജഴ്സിയണിഞ്ഞ് ചാൾട്ടൻ കപ്പ് ഏറ്റുവാങ്ങവേ മരണപ്പെട്ട എട്ടു കളിക്കാരുടെയും അച്ഛനമ്മമാരും ആ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ക്ലബ്ബ് ഫുട്ബാളിന്റെ ചരിത്രത്തിൽ ഒരു തലമുറയുടെ പ്രതീക്ഷകളെത്തന്നെ ഒരു നിമിഷം കൊണ്ട് തകർത്തു തരിപ്പണമാക്കിയ ആ വിമാനാപകടത്തിൽ ഓർമകൾക്ക് ഇന്ന് അറുപത്തൊന്നാം വർഷം.