'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

'പാട്ട് കേള്‍ക്കണ്ടേ...'

പാടത്ത് തോട്ടിറമ്പിലേക്ക് ചാഞ്ഞ തെങ്ങില്‍ ചാരിയിരുന്ന, കയ്യിലെ കൊച്ചു ടേപ്പ് റെക്കോര്‍ഡര്‍ ഉയര്‍ത്തിക്കാണിച്ച് കാളിയമ്മയോട് ഞാന്‍ ചോദിച്ചു. ഉച്ചയൂണ് കഴിഞ്ഞ ഉടനെ ഒട്ടും വിശ്രമിക്കാതെ വീണ്ടും പാടത്തെ ചളിയിലേക്കിറങ്ങിയതായിരുന്നു അവര്‍. അവര്‍ക്കുചുറ്റും തോട്ടിറമ്പില്‍ നിന്ന പത്തോ പന്ത്രണ്ടോ പണിക്കാര്‍ എന്നെ നോക്കി. 

അന്നേരം ടേപ്പ് റെക്കോര്‍ഡര്‍ പാടി. 

'മറഞ്ഞിരുന്നാലും 
മനസ്സിന്റെ കണ്ണില്‍ 
മലരായ് വിടരും നീ..
ഒളിഞ്ഞിരുന്നാലും 
കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ...'

പാടത്തെ മുഴുവന്‍ കാതുകളും അതോടെ ആ പാട്ടിലേക്ക് തിരിഞ്ഞു. അവര്‍ക്കിടയിലൂടെ പാട്ട് ചിറകിളക്കി പറന്നു.  

എന്നാല്‍, കാളിയമ്മയുടെ മുഖത്ത് സന്തോഷമില്ല. പകരം ഈര്‍ഷ്യ പോലെ. പാട്ടുപെട്ടിയും കൊണ്ട് പാടത്ത് ചെന്നതാവും. അവരെന്നെ എന്തിനോ ദേഷ്യത്തോടെ നോക്കി. എനിക്കാകെ സങ്കടമായി.

മതി പാട്ട്. ഞാന്‍ ടേപ്പ്‌റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് ഞാന്‍ വരമ്പു കയറി കവുങ്ങിന്‍ തോപ്പിലൂടെ ഇടവഴിയിലേക്കിറങ്ങി. കാളിയമ്മയും പണിക്കാരും നോക്കിക്കൊണ്ടിരിക്കെ തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്നു. 

വീട്ടിലേക്കുള്ള വഴിയില്‍ ടേപ്പ് റെക്കോര്‍ഡര്‍ വീണ്ടുമനങ്ങി. അതിനുള്ളില്‍നിന്നും പാട്ടുകിളി ചിറകുവീശി. ആ പാട്ടു വീണ്ടും ചുറ്റിലാകെ നിറഞ്ഞു. 

എന്റെ ഹൃദയമെന്തിനാണ് ആപാട്ട് കേള്‍ക്കുമ്പോള്‍ നിറഞ്ഞിരുന്നത്

കുഞ്ഞോക്ക ഗള്‍ഫില്‍ നിന്ന് വന്ന വകയില്‍ എനിക്ക് കിട്ടിയതാണ് ആ പാട്ടുപെട്ടി. കുറ്റ്യാടിയില്‍ പോയി വന്നത് മുതല്‍ അതും തുറന്നു വെച്ച് ഒരേ ഇരിപ്പാണ്. അതിനിടയിലാണ് കാളിയമ്മയെക്കൂടി പാട്ട് കേള്‍പ്പിച്ചാലോ എന്നു തോന്നിയത്. 

അതവര്‍ക്ക് ഇഷ്ടപ്പെട്ടു കാണില്ല. അല്ലെങ്കിലും അവരൊരു മൂശേട്ട തന്നെയാണ്.  ഒരിക്കല്‍ പോലും ഒന്ന് പുഞ്ചിരിച്ചു കണ്ടിട്ടില്ല അവരെ. എന്നാലും എനിക്കവരെ ഇഷ്ടമാണ്. 

ആ കാസറ്റില്‍ പിന്നെയും കുറെ പാട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും 'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍' എന്ന പാട്ടിനോളും മറ്റൊന്നും എന്നെ തൊട്ടില്ല. അതു കേട്ടു തീരുമ്പോഴെല്ലാം എന്റെ കണ്ണും നിറയും'.

രാത്രി പതിഞ്ഞ ശബ്ദത്തില്‍ ആ പാട്ട് റീ വൈന്‍ഡ് ചെയ്ത് വീണ്ടും വീണ്ടും കേള്‍ക്കും. 

എനിക്കന്ന് ലോകത്ത് ഏറ്റവും നന്ദിയും സ്‌നേഹവും തോന്നിയിരുന്നത് കുഞ്ഞോക്കയോട് ആയിരുന്നു. അതുപോലെ ഒരമ്മാവന്‍ ഇല്ലാത്ത എല്ലാവരോടും എനിക്ക് സഹതാപം തോന്നി. എന്റെ ഭാഗ്യത്തില്‍ അതിയായി സന്തോഷിച്ചു. ഉറക്കമകന്ന കണ്ണിന് കൂട്ടായി പാട്ടു കേട്ടിരിക്കുന്ന എന്റെ കാതുകള്‍. എനിക്ക് ഞാന്‍ മാത്രമേയുള്ളൂ എന്ന തോന്നല്‍ കലശലായ കാലത്തിലേക്ക് മറ്റൊരാളായി വന്നു ആ പാട്ടും പാട്ടുപെട്ടിയും. 

ആരും മറഞ്ഞിരിക്കാനില്ലായിരുന്നിട്ടും എന്റെ ഹൃദയമെന്തിനാണ് ആപാട്ട് കേള്‍ക്കുമ്പോള്‍ നിറഞ്ഞിരുന്നത് എന്ന് പില്‍ക്കാലത്ത് ഞാനതിശയിച്ചിട്ടുണ്ട്. എന്തിനാണ് അതെന്നെ കരയിച്ചിരുന്നത്? എന്താണ് ആ പാട്ടുമാത്രം ഉള്ളിലെ ആരും കാണാത്ത വഴികളിലൂടെ എന്നെ നടത്തിച്ചത്? 

അതെനിക്ക് വെറും പാട്ടല്ല. കരളില്‍ പ്രതീക്ഷയുടെ തിരിനാളം തെളിയിച്ചോരോര്‍മ്മ.

ഞാനാ കേട്ടത് ദാസേട്ടന്റെ സ്വരമായിരുന്നു. ആ സ്വരത്തില്‍ അതെന്റെ ഉള്ളിലെ സങ്കടങ്ങളുടെ നിലവറകളാണ് തുറന്നു വന്നത്. 

പിന്നെ, വാണി ജയറാം പാടിയ അതേ പാട്ടു ഞാന്‍ കേട്ടു. അത്ഭുതം. അതെന്നെ കരയിച്ചില്ല, അപ്പോള്‍. പകരം പ്രണയത്തിന്റെ തൂവലാല്‍ അതെന്റെ മോഹങ്ങളുടെ ജാലകങ്ങള്‍ പതിയെത്തുറന്നു. എന്നെ സന്തോഷിപ്പിച്ചു 
.
മാറ്റി വെക്കാന്‍ കഴിയാത്ത ഇഷ്ടങ്ങളിലേക്ക് ഞാനാ പാട്ടും എടുത്തു വെച്ചു...

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു.  കൂടെ മൂളാന്‍ ദാസേട്ടനിപ്പോഴും പാടിക്കൊണ്ടിരിക്കുന്നു. എന്റെ രാപ്പകലുകളില്‍ അതേ സ്വരം. ഒരേ സമയം സങ്കടവും സന്തോഷവും പകര്‍ന്ന് ആത്മാവിലെ അഗാധമായ ഇടങ്ങളെ വികാരത്തള്ളിച്ചകളാല്‍ നിറയ്ക്കുന്നു. 

'മൃതസഞ്ജീവനി 
നീയെനിക്കരുളി 
ജീവനിലുണര്‍ന്നു 
സായൂജ്യം...'

അതെനിക്ക് വെറും പാട്ടല്ല. കരളില്‍ പ്രതീക്ഷയുടെ തിരിനാളം തെളിയിച്ചോരോര്‍മ്മ. ഉള്ളു നുറുക്കിയ സ്വരം. ആനന്ദവും നോവും മാറിമാറി കൂടു വെച്ച ചില്ല. പ്രണയം എന്ന വികാരം അറിയാത്തൊരു കാലത്ത്, പ്രണയത്തെയും ആണിനും പെണ്ണിനും മാത്രം സൃഷ്ടിക്കാനാവുന്ന സ്വപ്‌നങ്ങളുടെ നീലാകാശങ്ങളെയും കുറിച്ച് പറഞ്ഞുതന്ന വരികള്‍. ഉള്ളിനുള്ളില്‍ പൂര്‍ണ്ണമാവാന്‍ കാത്തിരിക്കുന്ന ഒരുവളുണ്ടെന്ന് ബോധ്യപ്പെടുത്തിയ സ്വരം. ഒരേ പാട്ട്, ആണ് പാടുമ്പോള്‍ വിഷാദവും പെണ്ണ് പാടുമ്പോള്‍ ആനന്ദവുമാവുന്നതിന്റെ മാജിക് അത്ര തീവ്രമായി അനുഭവിപ്പിച്ച സംഗീതം. 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം