'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

ചില  നേരങ്ങളുണ്ട്, ഇത്രകാലം ജീവിച്ചിരുന്നതൊക്കെയും  ആ നിമിഷത്തിനു വേണ്ടിയായിരുന്നെന്നു തോന്നിപ്പിക്കുന്ന ഒന്ന്. ഇനി വരാനുള്ള നിമിഷങ്ങളൊക്കെയും ആ  ഒരു നിമിഷത്തിന്റെ ധ്യാനത്തിലേക്ക് ഒതുക്കി വെക്കാമെന്നു കൊതിപ്പിച്ചേക്കാവുന്ന ചിലത്.. അസ്വാഭാവികതകളൊന്നും തന്നെ ഇല്ലാത്ത, ഒരിടി  മുഴക്കത്തിന്റെ പോലും അകമ്പടിയില്ലാത്ത ഒരു പക്ഷെ, ഒരില പൊഴിയുന്നത്ര ലാഘവത്തോടെ, അങ്ങനെ ആയിരിക്കണം അതു കടന്നു വരിക.

കരുതി വെക്കാമെന്നു നിനച്ചു സ്നേഹത്തെ പൊതിഞ്ഞു വെക്കരുത്

മഞ്ഞിൽ നനഞ്ഞ വയനാടൻ രാത്രികളിൽ ഒന്നിൽ  ചുരമിറങ്ങുന്ന വാഹനത്തിന്റെ  തണുത്ത വിന്‍ഡോ ഗ്ലാസ്സിൽ മുഖമമർത്തി കിടക്കുമ്പോഴാണ് "വോ കോൻ ഥി "യിലെ  ശബ്ദത്തിൽ" ലഗ്‌ ജാ ഗലെ "ആദ്യമായി കേൾക്കുന്നത്. ആ രാത്രിയെ, പിന്നീടുള്ള രാത്രികളെ അത്രത്തോളം വിഷാദ മധുരമാക്കിയ മറ്റൊരു ഗാനം ഏതാണ്?

ഇനി വരുമെന്നുറപ്പില്ലാത്ത ഒരു കാലത്തിന്റെ തൊട്ടു മുൻപിൽ വെച്ച് 'വേണ്ട കാത്തിരിക്കേണ്ടതില്ല എന്നു പറയാതെ പറയുന്ന, ജീവിച്ചിരിക്കുന്ന നിമിഷം സ്നേഹത്തിന്റെ കൊടുമുടികൾ കീഴടക്കൂ, അല്ലാതെ  കരുതി വെക്കാമെന്നു നിനച്ചു സ്നേഹത്തെ പൊതിഞ്ഞു വെക്കരുത്, സ്നേഹമേ, നീ ഈ നിമിഷത്തിന്റെ ഉറപ്പിൽ ജീവിച്ചു മരിച്ചു പോവൂ" എന്നു പാടുന്ന,  നഷ്‌ടബോധത്തിന്റെ പറുദീസയായി മാറുന്ന അവസ്ഥ, 'ശായദ് ഫിർ ഇസ് ജനം മുലാകാത് ഹോ ന ഹോ' ഇനിയൊരു കൂടി കാഴ്ച ഉണ്ടായാലുമില്ലെങ്കിലും അതങ്ങനെ ആണ്.. അതു കൊണ്ടാണ് ഓർമയുടെ റീലുകളിൽ  വേദനയുടെ, സന്തോഷത്തിന്റെ, പേരറിയാത്ത അനേകം അവസ്ഥകളുടെ ആകൃതിയൊത്ത മുഖങ്ങളായി ആരൊക്കെയോ എന്തൊക്കെയോ കടന്നു പോവുന്നത്. 

ഏതൊക്കെയോ കാപ്പിക്കപ്പുകളിൽ, കടൽ വക്കുകളിൽ, പുസ്തകങ്ങളിൽ, ആള്‍കൂട്ടങ്ങളിൽ, അടർന്നു പോവുന്ന നിറങ്ങളുള്ള ചുമരുകളിൽ എഴുതി വെച്ച, മാഞ്ഞു പോയ എത്ര പേരുകളാണ്... സ്നേഹത്തിന്റെ, നഷ്ട ബോധത്തിന്റെ ഓരോ ഹെയർപിന്‍ വളവുകളിലും 'ആഖോ സെ ഫിർ യെ പ്യാർ കി ബർസാത് ഹോ ന ഹോ ' എന്ന് രാജ മെഹ്ദി അലി ഖാൻ പറഞ്ഞു വെക്കുമ്പോൾ നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ആയിരം വർഷങ്ങളെ ആരാണ് നെഞ്ചോടു ചേർത്ത് പിടിക്കാൻ ആഗ്രഹിക്കാതിരിക്കുക!

ഓർമയുടെ പെരുക്ക പട്ടികയിൽ ആലില പോലെ വിറച്ചു നിൽക്കുന്ന സാധാരണ മനുഷ്യരോടാണ് ചോദിക്കുന്നത്

അത്രമേൽ ഏകാകികളായിരിക്കുന്ന, ഓരോ നഷ്ടങ്ങളെയും ഏറ്റവും സൂക്ഷ്മമായി, അയുക്തിയുടെ ഭാഷയിൽ ഉള്ളിലടക്കി പിടിക്കുന്ന മനുഷ്യരാണ്, ഓർമ വന്നു തൊടുമ്പോഴേക്ക് ഒറ്റ മാത്രയിൽ പൂക്കുന്ന മരങ്ങളോടാണ്, ആൾക്കൂട്ടത്തിന്റെ സിംഫണികളിൽ നിന്ന് ഒഴിഞ്ഞു മാറി  ലഗ്‌ ജാ ഗലെ എന്നു പറയുമ്പോൾ , ഒരാലിംഗനത്തിന്റെ, ലോകത്തിലെ ഏറ്റവും വിലപ്പെട്ട കരുതലിന്റെ സാധ്യതയിൽ നിന്ന് ഓർമയുടെ പെരുക്ക പട്ടികയിൽ ആലില പോലെ വിറച്ചു നിൽക്കുന്ന സാധാരണ മനുഷ്യരോടാണ് ചോദിക്കുന്നത് നഷ്ടബോധത്തിന്റെ മേൽ സ്നേഹത്തിന്റെ ഉപ്പു പുരട്ടി ഉണക്കിയെടുത്ത ആ മനുഷ്യൻ(ർ) ആരായിരുന്നു?
May be in this life we may or may not meet again...