Asianet News MalayalamAsianet News Malayalam

അങ്ങനെ 'ചെല്ലക്കാറ്റ്' എനിക്ക് പ്രിയപ്പെട്ടതായി

ഷാളിൽ ഒളിപ്പിച്ച മുഖത്തെ വൈകുന്നേരത്തെ തണുത്ത കാറ്റിലേക്ക് വിടർത്തികൊണ്ട് അവളും കൂടെ പാടി, "മായക്കാറ്റേ നില്ല് നില്ല് ചിത്തിര കയ്യിലെന്തുണ്ട്.." വാത്സല്യം നിറഞ്ഞ ആ രാത്രിയാത്രയുടെ ഓർമ്മയോളം വരില്ലിനിയൊന്നും! പിന്നീട്, ബേക്കലം കോട്ടയിൽ പോയ നാൾ ഉള്ളിൽ തിങ്ങി തിങ്ങി വന്നതും കണ്ണിൽ മാറി മാറി കണ്ടതും ചെല്ലക്കാറ്റിന്റെ വരികളും പാട്ടിലെ ദൃശ്യങ്ങളുമായിരുന്നു.

my beloved song athira unni karuthedath
Author
Thiruvananthapuram, First Published Jan 18, 2019, 4:04 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song athira unni karuthedath

പാട്ടുകൾ ചുണ്ടിൽ പുഞ്ചിരി വിതരാറുണ്ട്. കണ്ണിൽ നനവ് പടർത്താറുണ്ട്. ചിലപ്പോൾ, രണ്ടും ഒരേസമയം നൽകാറുമുണ്ട്. അതിമധുരമായ ഓർമകൾ നൽകുന്ന ചില പാട്ടുകൾ അങ്ങനെയാണ്.

കുട്ടിക്കാലത്തെ ഞായറാഴ്ചകളിലെ നാലുമണികളിൽ ദൂരദർശൻ തനിക്കു സമ്മാനിച്ച 'കൊച്ചു കൊച്ചു സന്തോഷങ്ങളി'ലെ 'ചെല്ലക്കാറ്റിന്' ബാല്യത്തിലും കൗമാരത്തിലും പലപ്പോഴായി ഓർമ്മകൾ നൽകാൻ കഴിഞ്ഞു. കടല് കാണാൻ പോയെന്നും ചോക്കോബാർ കഴിച്ചുവെന്നുമുള്ള തോന്നലിനായി പിന്നെയും പിന്നെയും കാണാൻ കൊതിപ്പിച്ച പാട്ട്. കുഞ്ഞിലെ ഏറ്റവും ഹൃദയംഗമമായ പാട്ട്.

ശത്രുവും മിത്രവും അച്ഛനും അമ്മയും  ഉറ്റചങ്ങാതിയും എല്ലാം ബാല്യത്തിൽ എനിക്ക് ഒരേ ഒരാളായിരുന്നു

വാത്സല്യം നിറഞ്ഞു തുളുമ്പിയ പാട്ടിലെ സ്വരം ചിത്രഗീതങ്ങളിലൂടെ എന്നിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും ഗാനഗന്ധർവനായ ആ ഗായകൻ തന്റെയുള്ളിൽ ഒരുപാടുകാലം ജയറാം തന്നെയായിരുന്നു. ശത്രുവും മിത്രവും അച്ഛനും അമ്മയും  ഉറ്റചങ്ങാതിയും എല്ലാം ബാല്യത്തിൽ എനിക്ക് ഒരേ ഒരാളായിരുന്നു. ഊണിലും ഉറക്കത്തിലും കൂടെയുണ്ടായുന്ന ഏട്ടൻ. തന്റെ ചിരിക്കും കരച്ചിലിനും ഒരുപോലെ കാരണക്കാരനായിരുന്ന വല്യേട്ടൻ.

തന്റെ വഴക്കാളി അനിയത്തികുട്ടി ചിണുങ്ങുമ്പോഴും പങ്കുവെട്ടി പോകുമ്പോഴും
"ഇളമാൻ കുഞ്ഞായ് നൃത്തം വക്കും
എന്റെ മുന്നിലോടി വരും
പറയാൻ കഥ പോലെ.. 
പാടാൻ ചിന്തു പോലെ  
നിന്നെ കണ്ടു കണ്ട് 

മഴവില്ല് കണ്ണിൽ വിടരും.." 

എന്ന് പാടി പിണങ്ങിയ ചുണ്ടുകളിൽ ചിരി വിടർത്താൻ ഏട്ടന് കഴിഞ്ഞു. 'ചെല്ലക്കാറ്റ്' അങ്ങനെയും പ്രിയപ്പെട്ടതായി മാറി. ഒരിക്കൽ ബസ്സപകടം നേരിട്ടതിന്റെ നടുക്കത്തെ മറക്കാന്‍ വേണ്ടി കറങ്ങാൻ കൊണ്ടുപോയപ്പോൾ പിറകിൽ ഇറുക്കിപ്പിടിച്ചിരുന്ന തന്റെ കൈകൾ തലോടി ഏട്ടൻ പാടിയതും ചെല്ലക്കാറ്റിലെ വരികളായിരുന്നു.

ഷാളിൽ ഒളിപ്പിച്ച മുഖത്തെ വൈകുന്നേരത്തെ തണുത്ത കാറ്റിലേക്ക് വിടർത്തികൊണ്ട് അവളും കൂടെ പാടി, "മായക്കാറ്റേ നില്ല് നില്ല് ചിത്തിര കയ്യിലെന്തുണ്ട്.." വാത്സല്യം നിറഞ്ഞ ആ രാത്രിയാത്രയുടെ ഓർമ്മയോളം വരില്ലിനിയൊന്നും! പിന്നീട്, ബേക്കലം കോട്ടയിൽ പോയ നാൾ ഉള്ളിൽ തിങ്ങി തിങ്ങി വന്നതും കണ്ണിൽ മാറി മാറി കണ്ടതും ചെല്ലക്കാറ്റിന്റെ വരികളും പാട്ടിലെ ദൃശ്യങ്ങളുമായിരുന്നു.

പ്രിയ നിമിഷങ്ങളെ ഇനിയും ഓർമ്മിപ്പിക്കുന്ന പാട്ട്

"ചിറകിൽ.. വെൺചിറകിൽ.. പറക്കാനൊരു മോഹം.."എന്ന വരികൾ കൈതപ്രം തനിക്ക് സമ്മാനിച്ചതോ എന്ന് തോന്നിപ്പിച്ച നിമിഷം. അവിടെ എന്നെ തഴുകിയ കടൽകാറ്റിനും ഏട്ടനോടൊത്ത യാത്രയിലെ തണുത്ത കാറ്റിനും സാമ്യങ്ങളൊരുപാടായിരുന്നു. പ്രവാസിയായി മാറിയ ഏട്ടൻ, ദേ അരികിലുണ്ടല്ലോ എന്ന് തോന്നിയപ്പോൾ മിഴികൾ നനഞ്ഞുവോ? ആ തോന്നലിനു മുമ്പേ നനവിനെ കാറ്റെടുത്തു കൊണ്ട് പോയിരുന്നു.

ഓർമ്മകൾ നെയ്തെടുക്കുന്ന പാട്ട്... പ്രിയ നിമിഷങ്ങളെ ഇനിയും ഓർമ്മിപ്പിക്കുന്ന പാട്ട്... ആത്മബന്ധം നിലനിർത്തുന്ന പാട്ട്... ചില മാജിക്കൽ മെലഡികൾ അങ്ങനെയാണ്, വെറുമൊരു പാട്ടല്ല, പ്രിയപ്പെട്ട പാട്ടോർമ്മയാണ്.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

 

Follow Us:
Download App:
  • android
  • ios