'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

അന്നും ഇന്നും എന്‍റേതായിട്ട് ഒന്നേയുള്ളൂ. കാലത്തിനനുസരിച്ച് മ്യൂസിക് ട്രെൻഡുകൾ മാറി മാറി വന്നിട്ടും, ഞാൻ മാറിയിട്ടും, പ്രിയപ്പെട്ട പാട്ട് ഇപ്പോഴും പ്രിയപ്പെട്ടതാണ്. പുതിയ പാട്ടുകൾക്കനുസരിച്ച് പ്ലേലിസ്റ്റുകൾ മാറി മാറി വരാറുണ്ടെങ്കിലും, മൂഡുകൾക്കനുസരിച്ച് ചില പാട്ടുകളിൽ കുരുങ്ങി കിടക്കാറുണ്ടെങ്കിലും, എല്ലാ മൂഡിലും പിടിച്ചു നിർത്തുന്ന ഒരു പാട്ടുണ്ട് വീഴാതെ താങ്ങി നിർത്തുന്ന ഏട്ടനെയെന്നോണം പ്രിയപ്പെട്ട പാട്ട്.

എപ്പോഴാണ് ആദ്യമായി കേട്ടതെന്നു എനിക്കോർമ്മയില്ല. കേട്ടപ്പോൾ മുതൽ പ്രിയപ്പെട്ടതാണ്. ഏതവസ്ഥയിലായിരുന്നാലും കണ്ണു നിറയാതെ എനിക്ക് കേട്ടിരിക്കാൻ പറ്റാറില്ല. കേൾക്കുമ്പോഴൊക്കെ കൂടെ ഏട്ടനുണ്ടെന്നു തോന്നിക്കുന്ന ഒരു മായാജാലമുണ്ട് അതിന്. പ്രിയപ്പെട്ടതിൽ വെച്ച് അത്രമേൽ പ്രിയപ്പെട്ട എന്‍റെ പാട്ട്,

"വെണ്ണിലാ കൊമ്പിലെ രാപ്പാടി
ഇന്നു നീ ഏട്ടന്‍റെ ചിങ്കാരി..."

എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കുന്നൊരു പാട്ടാണിത്. ഭൂതകാലത്തിലേക്കു മാത്രമല്ല ഭാവിയിലേക്കും കൊണ്ടു പോകുന്നൊരു പാട്ട്. ഏട്ടനോളം പ്രിയപ്പെട്ടതായി വേറെ ആരുമില്ലാത്ത ഒരനിയത്തിക്ക് ഇതിൽപ്പരം പ്രിയപ്പെട്ട വേറെ പാട്ടുണ്ടാകുമോ??

ഏട്ടനു പത്തു വയസുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്

"കാർത്തിക നാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ"

ഏട്ടനു പത്തു വയസുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. അത്ര സുഖകരമായ സാമ്പത്തിക സ്ഥിതിയായിരുന്നില്ല വീട്ടിലേത്. അതിനിടയിൽ നവോദയയിലേക്ക് പഠിക്കാൻ പോയ ഏട്ടന്‍റെ ഹോസ്റ്റൽ ജീവിതത്തിനിടയിൽ വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന അവധി ദിവസങ്ങളേ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. ഒരുമിച്ചു കളിക്കാനോ കൂട്ടു കൂടാനോ കഴിഞ്ഞിട്ടില്ല. എങ്കിലും അവധിക്കാലങ്ങളിൽ മാത്രം വരുന്ന ഏട്ടൻ എന്‍റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. അവനോടു പറയാൻ വേണ്ടി മാത്രം സ്വരുക്കൂട്ടി വച്ചിരുന്ന വിശേഷങ്ങളുണ്ടായിരുന്നു എനിക്ക്. അവൻ മാത്രം അറിയേണ്ട സ്വകാര്യങ്ങളുണ്ടായിരുന്നു. ജീവിതത്തിലെ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ട് അവനായിരുന്നു.

ഏട്ടനില്ലാത്ത സമയങ്ങളിൽ വല്ലാതങ്ങ് ഒറ്റപ്പെട്ടു എന്നു തോന്നുമ്പോൾ ഈ പാട്ട് റീവൈൻഡ് അടിച്ചു കേട്ട എത്രയോ ദിവസങ്ങൾ. ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടായിരുന്നപ്പോഴൊക്കെ ഏട്ടനു വേണ്ടി ജയിക്കണമെന്നു തോന്നിച്ച പാട്ട്. മറ്റൊരാളോടും ഏട്ടനൽപ്പം സ്നേഹക്കൂടുതൽ കാണിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കുശുമ്പിയായ അനിയത്തി എപ്പോഴും പരിഗണിക്കപ്പെടാൻ എനിക്കിഷ്ടമായികുന്നു. അച്ഛനും അമ്മയും അറിയുന്നതിനേക്കാൾ എന്നെയറിഞ്ഞത്/അറിയുന്നത് ഏട്ടനാണ്.

ഈ വരികളിൽ ഞാൻ കരുതലിന്റെ ചിരി കണ്ടെത്താറുണ്ട്

അച്ഛനോളം പോന്ന ചേട്ടനായിരുന്നു. ഞാനവനു മകളോളം പോന്ന അനിയത്തിയായിരുന്നു. കുറച്ച് വലുതായതിനു ശേഷം ഒരിക്കലാണ് ഞങ്ങൾ ഒരുമിച്ചിരുന്ന് ഉസ്താദ് സിനിമ കാണുന്നത്. അതിനും എത്രയോ മുമ്പ് ഞങ്ങളാ സ്നേഹത്തിന്‍റെ, സംരക്ഷണത്തിന്‍റെ മാന്ത്രികതയറിഞ്ഞിരുന്നു. ആ സിനിമയ്ക്കു ശേഷം പിന്നീടെപ്പോഴും ഏട്ടനില്ലാതെ പോകുന്ന ജീവിതത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ പേടിയായിരുന്നു.

"ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ..."

കേൾക്കുമ്പോഴൊക്കെ തൊണ്ടയിൽ കുരുങ്ങി കിടക്കുന്ന ഒരു വിങ്ങലുണ്ട് എപ്പോഴും. പിന്നീട്, ഏട്ടൻ വിദേശത്ത് പോയപ്പോഴും അവനെ മിസ് ചെയ്യുമ്പോഴൊക്കെ ഈ പാട്ട് കേക്കാറുണ്ട്. കരഞ്ഞു കലങ്ങിയ ദിവസങ്ങളിൽ,

"മഞ്ഞുനീർതുള്ളി പോൽ നിൻ
ഓമൽ കുഞ്ഞു കണ്പീലിയിൽ കണ്ണീരോ..."

ഈ വരികളിൽ ഞാൻ കരുതലിന്റെ ചിരി കണ്ടെത്താറുണ്ട്. ഇത്ര മുതിർന്നിട്ടും ഏട്ടൻ വരുമ്പോഴൊക്കെ അവന്‍റെ ചുമലിൽ തൂങ്ങുന്ന, നിർത്താതെ കൊഞ്ചുന്ന, വാശിപിടിക്കുന്ന, അനിയത്തിക്കുട്ടിക്ക് ഈ പാട്ടല്ലാതെ വേറെ ഏത് പാട്ടാണ് എന്‍റേത് എന്ന് തോന്നുക, പ്രിയപ്പെട്ടതാവുക?    

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം