Asianet News MalayalamAsianet News Malayalam

ഗാനം തീര്‍ന്നയുടനെ ഞാനിറങ്ങിയോടി...

സഭാകമ്പവും കാല്‍ വിറയലും സ്‌റ്റേജില്‍ കയറും മുന്‍പേ തുടങ്ങിയിരുന്നു. ഇതു കൂടിയായായപ്പോള്‍ ആകെ ഭയന്നു. ഓര്‍മകളില്‍ വേറെ ഒരു പാട്ട് പോലും തെളിയുന്നില്ല. പാട്ട് പാടാതെ അവിടെ നിന്നു മുങ്ങാനായി ഞാന്‍ ശ്രമിച്ചു.-സായ് ശങ്കര്‍ മുതുവറ എഴുതുന്നു

my beloved song by Sai Sankar Muthuvara
Author
Thiruvananthapuram, First Published Nov 27, 2018, 6:48 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song by Sai Sankar Muthuvara

ചെറുപ്പം മുതലേ പാടാന്‍ വലിയ ഇഷ്ടമായിരുന്നു. 

വീട്ടിലെ പഴയ മോഡല്‍ മര്‍ഫി റേഡിയോയാണ് പാട്ടുകളുടെ ലോകത്തേക്ക് ആകര്‍ഷിച്ചത്. പാടത്തെ പണി കഴിഞ്ഞു വരുന്ന അച്ഛന്‍ എന്നും പാട്ട് കേള്‍ക്കാന്‍ ഇരിക്കുമായിരുന്നു. അന്ന് ഒന്നര  മണിക്കൂറാണ് ആകാശവാണിയുടെ ചലച്ചിത്ര ഗാനങ്ങളുടെ ദൈര്‍ഘ്യം. 

ആ സമയം കഴിഞ്ഞാല്‍ വയലും വീടും എന്ന പരിപാടിയാണ്. അപ്പോള്‍ റേഡിയോ ഓഫ് ചെയ്യും. പിന്നെ ഞാന്‍ പാടിത്തുടങ്ങും. അത് പലപ്പോഴും ഒന്നര മണിക്കൂറിനെക്കാള്‍ നീണ്ടു പോകാറുണ്ടായിരുന്നു. 

വീട്ടിലെ എല്ലാവരെയും പാടി ഉറക്കിയാലും ഞാന്‍ ഉറങ്ങില്ല. അന്ന് കേട്ട പാട്ടുകളും അവ ഏതു സിനിമയിലേതാണ് എന്നും എഴുതി വെച്ചിട്ടേ ഞാന്‍ ഉറങ്ങുമായിരുന്നുള്ളൂ. 

അടുത്ത വീട്ടിലെ ചേട്ടന്മാരും ചേച്ചിമാരും ഇടയ്ക്കു വീട്ടില്‍ വരാറുണ്ട്, എന്റെ ഗാനമേള കേള്‍ക്കാന്‍.  കുട്ടിയായ എന്നെ നിരാശപ്പെടുത്താതിരിക്കാനാവണം അവര്‍ പറയാറുണ്ടായിരുന്നു, ഞാന്‍ നന്നായി പാടുന്നുണ്ടെന്ന്. അക്കൂട്ടത്തില്‍ ഒരാളാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എന്നെ ആദ്യമായി പ്രേരിപ്പിച്ചത്. സഹപാഠികളും നിര്‍ബന്ധിച്ചപ്പോള്‍ ഞാനും അതിനു തയ്യാറെടുത്തു. 

എന്റെ കാല്‍ മുട്ടുകള്‍ വിറച്ചില്ല. ഒട്ടും ഭയവും തോന്നിയില്ല. സദസ്സ് നിശ്ശബ്ദമായിരുന്നു

സ്‌കൂള്‍ യുവജേനോല്‍സവം വന്നെത്തി. ലളിതഗാന മത്സരത്തിന്  പേര് രജിസ്റ്റര്‍ ചെയ്തു. ആദ്യമായാണ് സ്‌റ്റേജില്‍ കയറുന്നത്. സഭാ കമ്പം കലശലായുണ്ടായിരുന്നു. 

അങ്ങനെ, പാടേണ്ട സമയമായി. 

എന്റെ പേര് അനൗണ്‍സ് ചെയ്യുന്നതിന് കുറച്ച് മുമ്പത്തെ പാട്ട് ഗായത്രിയുടെയായിരുന്നു. 

പാട്ട് ടീച്ചറുടെ ഏക മകള്‍. സ്‌കൂളിലെ അറിയപ്പെടുന്ന ഗാന കോകിലം.

നിര്‍ഭാഗ്യവശാല്‍ ഞാന്‍ പഠിച്ചു വന്നിരുന്ന അതേ പാട്ടായിരുന്നു ആ കുട്ടി പാടിയത്. 

സഭാകമ്പവും കാല്‍ വിറയലും സ്‌റ്റേജില്‍ കയറും മുന്‍പേ തുടങ്ങിയിരുന്നു. ഇതു കൂടിയായായപ്പോള്‍ ആകെ ഭയന്നു. ഓര്‍മകളില്‍ വേറെ ഒരു പാട്ട് പോലും തെളിയുന്നില്ല. 

പാട്ട് പാടാതെ അവിടെ നിന്നു മുങ്ങാനായി ഞാന്‍ ശ്രമിച്ചു. 

സ്‌കൂള്‍ മുറ്റത്ത് അല്പം അകലെ നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ ഞാന്‍  ഒളിച്ചു നിന്നു. 

അവിടെ നിന്നുകൊണ്ട് പരിസരം വീക്ഷിക്കുന്നതിനിടയില്‍ മാവിന്റെ മുകളിലേക്ക് വെറുതെ ഒന്നു  നോക്കി.

രണ്ട് അണ്ണാറക്കണ്ണന്മാര്‍ അടുത്തടുത്തു ഇരിക്കുന്നു.അവര്‍ തമ്മില്‍ സംസാരിക്കുകയാണോ? എന്താണ് സംസാരിക്കുന്നത്? ഒരു പക്ഷെ അവര്‍ പ്രണയിക്കുകയാണെങ്കിലോ? 

അതെ അവര്‍ പ്രണയിക്കുകയാണ്. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

അതെ...അണ്ണാറക്കണ്ണന്‍ പാടുകയാണ്, പ്രിയതമക്ക്  വേണ്ടി. 

എന്തായിരിക്കും ആ പാട്ട്?

അതേകുറിച്ചു അഞ്ചാറ് വരികള്‍ ഞാന്‍ ഉണ്ടാക്കി. മനസ്സിലിട്ടു പാടി. എനിക്കു തന്നെ ഇഷ്ടമായി ആ വരികള്‍.

വീട്ടിലേക്കു മുങ്ങാന്‍ തയ്യാറെടുത്തു നിന്ന ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നു. 

അടുത്തത് ഞാനാണ്. അനൗണ്‍സ്‌മെന്റ് വന്നു. 

ഞാന്‍ പാടി:
 
'തേന്മാവിലുണ്ടേ ഒരു പ്രണയം 
തേന്‍ പോലെ മധുരം ഈ പ്രണയം...'

പരമാവധി നല്ല സ്വരത്തില്‍ പാടി. എന്റെ കാല്‍ മുട്ടുകള്‍ വിറച്ചില്ല. ഒട്ടും ഭയവും തോന്നിയില്ല. സദസ്സ് നിശ്ശബ്ദമായിരുന്നു...
 
ഗാനം തീര്‍ന്നയുടനെ ഞാനിറങ്ങിയോടി.

വേദിയില്‍ കരഘോഷം കനത്തതായിരുന്നു. പക്ഷെ ഞാന്‍ ഒന്നും കേട്ടില്ല. അറിഞ്ഞില്ല. എനിക്കു അമ്മയെ കാണണം. ഇപ്പോള്‍ തന്നെ. അമ്മയെ കേള്‍പ്പിക്കണം ഈ പുതിയ പാട്ട്. അച്ഛന്‍ പാടത്തു നിന്നും വന്നിട്ടുണ്ടാകില്ല. അച്ഛന്‍ വന്നാല്‍ വീണ്ടും പാടണം.. 

പിറ്റേന്ന് സ്‌കൂളില്‍ എത്തിയപ്പോള്‍ അടുത്ത സുഹൃത്തായ നാസര്‍ അടക്കം പറഞ്ഞു. 

'ഇന്നു നിനക്ക് ക്ലാസ്സ് ടീച്ചറുടെ അടി കിട്ടും' 

'അടിയോ?  എന്തിന്?'
 
'നീ പ്രേമത്തെ കുറിച്ച് പാടി'.

അന്ന് പ്രേമം എന്ന വാക്ക് ഉച്ചരിക്കുന്നത് തന്നെ കുറ്റമായിരുന്നു. 

ക്ലാസ്സ് കൂട്ടുന്നതിനുള്ള മണി മുഴങ്ങി. 

മാലതി ടീച്ചര്‍ വന്നു. വന്ന പാടെ എന്നെ അരികിലേക്ക് വിളിച്ചു. 

ഞാന്‍ ഭയന്നുപോയി. എന്നാല്‍, ടീച്ചര്‍ എന്നെ കെട്ടിപ്പിടിച്ചു. 

'ലളിത ഗാനത്തില്‍ ഒന്നാം സമ്മാനം സായിക്കാണല്ലോ... അറിഞ്ഞില്ലേ..'-ചീത്ത പറയല്‍ പ്രതീക്ഷിച്ചു നിന്നിരുന്ന എനിക്ക് ആ  വാക്കുകള്‍ വ്യക്തമായില്ല.

'ആരും കൂവിയില്ലത്രെ. അതു തന്നെ ഭാഗ്യം...'-അതായിരുന്നു എന്റെ മനസ്സില്‍.  

'സായി ആ പാട്ട് മുന്‍പ് കേട്ടിട്ടില്ലല്ലോ. ഏത് പാട്ട് ബുക്കിലെയാ'

'അത് ഞാന്‍ ഉണ്ടാക്കിയതാണ് ടീച്ചറേ'
  
ക്ലാസ്സ് നിശ്ശബ്ദമായി.
 
'ഓ... സായി പാട്ട് എഴുതുമോ? '

'ആ പാട്ട്  ഇതുവരെ കടലാസില്‍ എഴുതിയിട്ടില്ല ടീച്ചറേ. മനസ്സില്‍ പാടിയതാണ്.'

അപ്പോഴാണ് ഞാനും തിരിച്ചറിയുന്നത്; എനിക്ക് പാട്ട് എഴുതാന്‍ അറിയാമെന്ന്.

 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios