Asianet News MalayalamAsianet News Malayalam

കണ്ണുപൊത്തി കളിച്ച പാട്ടുകള്‍ !

മുറപ്പെണ്ണിന്റെ സംവിധായകൻ വിൻസെന്റ് ഈ രംഗം ചിത്രീകരിച്ചിരിക്കന്നത് മുറപ്പെണ്ണിന്റെ ദുരന്ത കഥയുടെ തന്നെ ഒരു വ്യാഖ്യാനമായിട്ടാണ്. തറവാട് ഭാഗം വെച്ച് മാറുന്നത് വരെ കഥയിലെ ബാലനും, അനിയനും, കേശുവും, കൊച്ചമ്മിണിയും, ഭാഗിയുമൊക്കെ ഇതുപോലെ ഒരേ പായിൽ കിടന്നുറങ്ങി കണ്ണടച്ച് കളിച്ചു വളർന്നവരാണല്ലോ. 

my beloved song gayathri
Author
Thiruvananthapuram, First Published Jan 3, 2019, 4:56 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song gayathri

ഒരേ വർഷം രണ്ടു വ്യത്യസ്ത സിനിമകൾക്ക് വേണ്ടി ഒരേ പോലെ തുടങ്ങുന്ന രണ്ട് തികച്ചും വ്യത്യസ്ത ഗാനങ്ങൾ എഴുതിയ ഒരേ ഒരു ഗാനരചയിതാവ് ഒരു പക്ഷെ പി. ഭാസ്കരൻ മാത്രമേ ആകാൻ വഴിയുള്ളൂ. 1965 ഓഗസ്റ്റിൽ ഇറങ്ങിയ മായാവി എന്ന ചിത്രത്തിന് വേണ്ടിയും അതേ വർഷം ഡിസംബറിൽ റിലീസ് ചെയ്ത മുറപ്പെണ്ണ് എന്ന ചിത്രത്തിന് വേണ്ടിയും പി. ഭാസ്കരൻ എഴുതിയ രണ്ടു വ്യത്യസ്ത ഗാനങ്ങൾ രണ്ടും തുടങ്ങുന്നത് "കണ്ണാരം പൊത്തി പൊത്തി" എന്ന പ്രയോഗം കൊണ്ടാണ്.

മുറപ്പെണ്ണിലെ "കണ്ണാരം പൊത്തി പൊത്തി" എന്ന ഗാനം മലയാള സിനിമ സ്നേഹികളുടെ ഇടയിൽ വളരെ പ്രശസ്തമാണ്.

കണ്ണാരം പൊത്തി പൊത്തി കടക്കാടം കടന്നു കടന്ന്
കാണാപ്പൂപിള്ളരൊക്കെ കണ്ടും കൊണ്ടോടി വായോ
അക്കരെ നിക്കണ ചക്കി പെണ്ണിന്റെ കയ്യോ കാലോ തൊട്ടു വായോ...

ഒരു പക്ഷെ "കണ്ണാരം പൊത്തി പൊത്തി" എന്നത് ഒരു നാടൻ ചൊല്ലൊ നാടൻ പാട്ടുകളിലെ ആവിഷ്കാരശൈലിയോ തന്നെ ആയിരിക്കാം. എന്നാൽ, ഇപ്പോഴീ നാടൻ ശൈലി മലയാളികളുടെ മനസ്സിൽ എവിടെയും " മുറപ്പെണ്ണ്" എന്ന സിനിമയും, അതിലെ ഗാനവുമായി എന്നെന്നേക്കുമായി കൊരുത്തു ചേർക്കപ്പെട്ടിരിക്കുന്നു.

"മുറപ്പെണ്ണ് "സിനിമ തുടങ്ങുന്നത് തന്നെ ഈ പാട്ടിന്റെ അകമ്പടിയോടുകൂടിയാണല്ലോ. സിനിമയുടെ ടൈറ്റിൽസ് നമ്മുടെ മുന്നിലേക്കോടി വരുന്നത് ഉടുക്കുപാട്ടിന്റെ താളത്തിനോടൊപ്പം ഈ പാട്ടും പാടി ഭാരതപ്പുഴയുടെ ഓരത്തിലും അടുത്തുള്ള പാടത്തുമൊക്കെ ഓടിക്കളിക്കുന്ന കൊച്ചുകുട്ടികളുടെ മധുര സ്വരത്തിലാണ്. കണ്ണടച്ച് തൊട്ടുകളിക്കുന്ന കുട്ടികൾ പാടുന്ന പാട്ടാണിത്. ഓടിക്കളിക്കുന്ന കുട്ടികളും ഭാരതപ്പുഴയും തോണിയും വിടർന്ന ആകാശവും പാടങ്ങളും നമ്മുടെ കണ്ണുകൾക്ക് കുളിർമയേകുന്നു.

മാഞ്ഞുപോകാത്ത ഒരു മാറ്റൊലിയായി നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു

മുറപ്പെണ്ണിലൂടെ സംഗീത സംവിധായകനായി പ്രശസ്തി നേടിയ ബി. എ. ചിദംബരനാഥും ലത രാജുവും ആണ് സിനിമയിൽ ഈ പാട്ടു പാടിയിരിക്കുന്നത്. ആദ്യം സിനിമയുടെ പേര്, പിന്നെ കഥ- സംഭാഷണം, എം. ടി. വാസുദേവൻ നായർ, അത് കഴിഞ്ഞു ഗാനങ്ങൾ പി. ഭാസ്കരൻ, പിന്നെ ഗായകർ, അഭിനേതാക്കൾ, ഛായാഗ്രാഹകൻ, നിർമ്മാതാവ്, സംവിധായകൻ, സഹായികൾ, തുടങ്ങി സിനിമയുടെ മുൻപിലും പിന്നിലും പ്രവർത്തിച്ചവരുടെയൊക്കെ പേര് അവതരിപ്പിച്ചുകൊണ്ട് ഈ പാട്ട് മൂന്നര മിനിറ്റിൽ മറക്കാൻ പറ്റാത്ത, മാഞ്ഞുപോകാത്ത ഒരു മാറ്റൊലിയായി നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. 

"കണ്ണാരം പൊത്തി പൊത്തി" എന്ന് പാടിക്കൊണ്ട് ഒരു കൂട്ടം കുട്ടികൾ തീവണ്ടി മാതിരി ഒന്നിനു പുറകെ വരിവരിയായി നടക്കുന്നു. പെട്ടെന്ന് അതിലൊരു കുട്ടി മറ്റുള്ളവരിൽ നിന്നും പൊട്ടിച്ചു മാറി മുൻപോട്ടോടുന്നു. ബാക്കി കുഞ്ഞുങ്ങൾ മുൻപോട്ടോടിയ കുട്ടിയെ -- അക്കരെ നിക്കണ ചക്കി പെണ്ണിനെ - പിടിക്കാൻ പുറകെ ഓടുന്നു. അക്കരെ നിക്കണ ചക്കി പെണ്ണിന്റെ കയ്യോ കാലോ തൊട്ടു വായോ. ഇതാണ് കണ്ണുപൊത്തി കളിച്ച പാട്ട്.

കുട്ടികൾ വളർന്നു വലുതായപ്പോൾ ബന്ധങ്ങളുടെ ചങ്ങല മുറിഞ്ഞു

മുറപ്പെണ്ണിന്റെ സംവിധായകൻ വിൻസെന്റ് ഈ രംഗം ചിത്രീകരിച്ചിരിക്കന്നത് മുറപ്പെണ്ണിന്റെ ദുരന്ത കഥയുടെ തന്നെ ഒരു വ്യാഖ്യാനമായിട്ടാണ്. തറവാട് ഭാഗം വെച്ച് മാറുന്നത് വരെ കഥയിലെ ബാലനും, അനിയനും, കേശുവും, കൊച്ചമ്മിണിയും, ഭാഗിയുമൊക്കെ ഇതുപോലെ ഒരേ പായിൽ കിടന്നുറങ്ങി കണ്ണടച്ച് കളിച്ചു വളർന്നവരാണല്ലോ. കുട്ടികൾ വളർന്നു വലുതായപ്പോൾ ബന്ധങ്ങളുടെ ചങ്ങല മുറിഞ്ഞു; അവർ ചിതറിപ്പോകുന്നു. ഇതേ ആശയമാണ് മുറപ്പെണ്ണിലെ തന്നെ "കരയുന്നോ പുഴ പുഴ ചിരിക്കുന്നോ" എന്ന ഗാനത്തിലും പി. ഭാസ്കരൻ വർണിക്കുന്നത്‌:

കരയുന്നോ പുഴ
ചിരിക്കുന്നോ
കരയുന്നോ പുഴ
ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു
കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ
ചിരിക്കുന്നോ

ഉത്തരം പ്രതീക്ഷിച്ചു ചോദിക്കുന്ന ചോദ്യമല്ലിത്; "റെറ്റോറിക്കൽ" എന്നൊക്കെ പറയുന്ന പോലത്തെ ഒരു ചോദ്യം. പ്രക്ഷുബ്ധമായ മനുഷ്യജീവിതവും കാലത്തിന്റെ, പ്രകൃതിയുടെ, പുഴയുടെ സ്വസ്ഥമായ വിശ്രാന്തിയും തമ്മിലുള്ള അകലം ഉദ്ബോധിപ്പിക്കുന്ന ഒരു പ്രസ്താവനയാണീ ചോദ്യങ്ങൾ.

പ്രധാന കഥയുടെ പുറത്തു നിന്നുകൊണ്ട് ഈ ദുഃഖപര്യവസായിയായ നാടകത്തിന്റെ ഒരു വിലയിരുത്തൽ കൂടിയാണ് "കണ്ണാരം പൊത്തി പൊത്തി" എന്ന കുട്ടികളുടെ കളിപ്പാട്ട്. ഒരു സമൂഹത്തിന്റെ മൂല്യങ്ങളുടെ അടിവേരുകൾ പിഴുതു മാറ്റി നടുമ്പോൾ ആ സ്വാർത്ഥപരതയിൽ നഷ്ടപെടുന്ന ബാല്യത്തിന്റെ നിഷ്കളങ്കതയുടെ മുൻകൂട്ടിയുള്ള ഉപസംഹാരമായിട്ടാണ് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ വിൻസെന്റും പി. ഭാസ്കരനും ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകനും ഗാനരചയിതാവും ഒരേ മനസ്സോടു കൂടി കഥ പറയുന്ന ശ്രദ്ധേയമായൊരു രംഗമാണിത്.

1965 മലയാള ചലച്ചിത്രത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വർഷമാണ്

പക്ഷെ, പ്രമേയത്തിലും സംഗീതാവിഷ്കാരത്തിലും മായാവിയിലെ "കണ്ണാരം പൊത്തി പൊത്തി" തികച്ചും വ്യത്യസ്തതയുള്ള ഒരു ഗാനമാണ്.

കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നു ദൂരെ കളിയാടുന്നു
കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി
കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നു അതാ വിളയാടുന്നു

ശരാശരി ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത തികച്ചും കഥ പറയാൻ വേണ്ടി മാത്രം കൃത്രിമമായി ചമച്ചുണ്ടാക്കിയ കഥാവസ്തുവാണ് മായാവിയിൽ കാണുന്നത്. പ്രേം നസീർ, മധു, ഷീല, ശാന്തി, ആറൻമുള പൊന്നമ്മ, അടൂർ ഭാസി, എസ് . പി. പിള്ള, ഭരതൻ, കൊട്ടാരക്കര, തിക്കുറിശ്ശി എന്നിങ്ങനെ അറുപതുകളിലെ അറിയപ്പെട്ട താരങ്ങളൊക്കെ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് പി. സുബ്രമണ്യവും സംവിധാനം ചെയ്തത് ജി.കെ.രാമുവുമാണ്. എഴുപതുകളിലും എൺപതുകളുടെ ആദ്യത്തിലും മലയാള സിനിമയിൽ സ്ഥിരം കണ്ടു പരിചയിച്ച കള്ളക്കടത്തുകാരും, ഭൂമിക്കടിയിലെ ഗുദാമുകളിൽ സ്വർണ്ണബിസ്ക്കറ്റ് ഉരുക്കി വയ്ക്കുന്ന ഗുണ്ടകളും, നല്ലവനായ വലിയ വീട്ടിലെ മുതലാളിയും, അയാളെ ചതിക്കുന്ന നീചനും സ്ത്രീലമ്പടനുമായ എസ്റ്റേറ്റ്മാനേജരും, എല്ലാ അക്രമങ്ങളും അതിജീവിച്ചു കള്ളന്മാരെയെല്ലാം കയ്യോടെ പിടിച്ചു പോലീസിനെ ഏല്പിക്കുന്ന നായകനും, അയാളുടെ മണ്ടൻ ശിങ്കിടികളും, അയാളെ പ്രേമിക്കുന്ന സുന്ദരിയും ഒക്കെയാണ് മായാവിയിലെയും കഥാപാത്രങ്ങൾ.

ആ പഴയ ഗാനങ്ങളുടെ സ്വാധീനം ഇന്നും അവസാനിച്ചിട്ടില്ല

പക്ഷെ, 1965 മലയാള ചലച്ചിത്രത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വർഷമാണ്. മലയാള സിനിമയുടെ ക്രമാതീതമായുള്ള വിപുലീകരണത്തിനു സാക്ഷിയെന്ന വണ്ണം 30 ചലച്ചിത്രങ്ങളാണ് 1965 -ൽ കേരളത്തിൽ നിർമ്മിച്ചത്. 1964 -ൽ വെറും 19 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. പ്രദർശനത്തിന് തീയേറ്ററുകളിൽ എത്തിയത് 1966 -ൽ ആണെങ്കിലും, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന ദേശീയ അവാർഡ് രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീൻ' എന്ന ചിത്രത്തിന് ലഭിക്കുന്നത് 1965-ലെ ഒരു പ്രധാന സംഭവം തന്നെയാണ്. ഈ കാലഘട്ടത്തിലെ ഓടയിൽ നിന്ന്, കാവ്യമേള, തൊമ്മന്റെ മക്കൾ, മുറപ്പെണ്ണ്, ശകുന്തള, പോർട്ടർ കുഞ്ഞാലി, കാട്ടുതുളസി തുടങ്ങിയ നല്ല ചിത്രങ്ങളും, പിന്നെ മുട്ടത്തു വർക്കിയുടെ ഫോർമുല പടങ്ങളായ ഇണപ്രാവും പട്ടുതൂവാലയും, മായാവി പോലെത്തെ അയഥാർഥമായ അതിമാനുഷന്മാരുടെ സിനിമകളുമൊക്കെ പി. ഭാസ്കരൻ, വയലാർ, യൂസഫ് അലി കേച്ചേരി, അഭയദേവ് തുടങ്ങിയ എഴുത്തുകാരുടെ മറക്കാനാകാത്ത ഗാനങ്ങൾ കൊണ്ട് അനുഗ്രഹീതമായവയാണ്.

"കണ്ണാരം പൊത്തി പൊത്തി" എന്ന പ്രയോഗം തന്നെ 1985 -ൽ ഒരു മലയാള ചലച്ചിത്രത്തിന്റെ പേരായി പുനരവതരിച്ചു. പി. ഭാസ്കരൻ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ എഴുതുകയും ചെയ്തു. 2010-ഇൽ റിലീസ് ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ മുറപ്പെണ്ണിലെ "കണ്ണാരം പൊത്തി പൊത്തി" ഒരു മോഡേൺ ഫോക് സോങ് (modern Folk song ) ആയി പരിണമിക്കുന്നുണ്ട്. ആ പഴയ ഗാനങ്ങളുടെ സ്വാധീനം ഇന്നും അവസാനിച്ചിട്ടില്ല.

എന്നാൽ എം. എസ്. ബാബുരാജ് ഹൃദ്യമായി ഈണം പകർന്നിട്ടു പോലും നമ്മുടെ പലരുടെയും ഓർമകളിൽ തങ്ങി നിൽക്കാത്ത ഗാനമാണ് മായാവിക്ക്‌ വേണ്ടി പി. ഭാസ്കരൻ രചിച്ച "കണ്ണാരം പൊത്തി പൊത്തി" എന്ന ഗാനം. വില്ലനായ എസ്റ്റേറ്റ് മാനേജർ പ്രതാപന്റെ (കൊട്ടാരക്കര ശ്രീധരൻ നായർ) കുതന്ത്രങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു അയാളെ പരാജയപ്പെടുത്താൻ മനോരോഗിയാണെന്ന് അഭിനയിക്കുകയാണ് നായകൻ രഘു (പ്രേംനസീർ). ഈ അഭിനയത്തിനിടയിൽ രഘു മനോരോഗിയുടെ മുഖംമൂടി മാറ്റി വെച്ച് കളിത്തോഴിയും കാമുകിയുമായ വാസന്തിയോടൊപ്പം (ഷീല) പാടുന്ന പാട്ടാണിത്. കമുകറ പുരുഷോത്തമനും പി. ലീലയും പാടുന്ന ഈ ഗാനത്തിൽ പി. ഭാസ്കരന്റെ പ്രേമസങ്കല്പം നായകനെയും നായികയെയും ചന്ദ്രനും നക്ഷത്രങ്ങളും മിന്നാമിനുങ്ങുകളും നിലാവുമുള്ള ഒരു രാത്രിയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ സംവിധായകനാകട്ടെ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് പട്ടാപ്പകൽ നട്ടുച്ചനേരത്താണ്.

കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നു ദൂരെ കളിയാടുന്നു
കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നു അതാ വിളയാടുന്നു

"അമ്പിളിയും വെണ്മുകിലും കളിയാടുന്നു ദൂരെ കളിയാടുന്നു" എന്ന് പാടി രഘു ആകാശത്തിലേക്കു കൈയുയർത്തുമ്പോൾ നമ്മൾ കാണുന്നത് നല്ല തെളിഞ്ഞ ആകാശവും ഒന്ന് രണ്ടു പഞ്ഞി പോലത്തെ മേഘങ്ങളുമാണ്. നായകൻ മിന്നാമിനുങ്ങിനെ ആവാഹിക്കുന്നതും സൂര്യപ്രകാശത്തിന്റെ ശോഭയിൽ നിന്നുകൊണ്ടാണ്. നായിക കനകതാരത്തിനെയും പാതിരാക്കുയിലിനെയും വിളിക്കുന്നതും നല്ല വെളുത്തു തെളിഞ്ഞ ആകാശത്തിന്റെ സംരക്ഷണയിൽ നിന്ന് കൊണ്ടാണ്. പാട്ടു കേട്ടിട്ട് തന്നെയാണോ സംവിധായകൻ രംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന് നമ്മൾ ശങ്കിച്ചുപോകും.

ഒരു സിനിമാപ്പാട്ട് ശാസ്ത്രീയസംഗീതത്തിൽ നിന്നും കവിതയിൽ നിന്നും വളരെ വ്യത്യാസമുള്ള ഒരു കലാരൂപമാണ്. ചലച്ചിത്രഗാനം ഒരു പ്രകടനകലയാണ്. രംഗ ചിത്രീകരണം, ഗാനത്തിന്റെ വരികൾ, സംഗീതാവിഷ്കാരം, അഭിനയം, അവതരണം ഇവയെല്ലാം ഒത്തൊരുമിച്ചു പരസ്പരം സംയോജിപ്പിച്ചാൽ മാത്രമേ മറക്കാനാകാത്ത ഒരു സിനിമാപ്പാട്ടിന് രൂപം കൊടുക്കുവാൻ സാധിക്കുകയുള്ളു. സിനിമാപാട്ട് കഥക്കും കഥാപാത്രത്തിനും ചേർന്നതായിരിക്കണം. ദൃശ്യാവിഷ്കാരത്തിന്ടെ പൊരുത്തക്കേട് കൊണ്ടാണോ അതോ ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പുന്ന വാക്കുകൾ ഒരു പ്രേമഗാനത്തിൽ കേൾക്കുന്നത് കൊണ്ടാണോ, മായാവിയിലെ "കണ്ണാരം പൊത്തി പൊത്തി" എന്ന ഗാനം എന്തു കൊണ്ടോ ഔചിത്യപൂർവ്വമായ മനോവികാരങ്ങൾ നമ്മിൽ ഉണർത്താൻ മടിക്കുന്നു. മായാവിയിലെ തന്നെ മറ്റൊരു ഗാനത്തിൽ മനോരോഗം നടിക്കുന്ന നായകന്റെ ഓർമകൾ തട്ടിയുണർത്താൻ നായിക കുട്ടികാലത്തെ അവരുടെ കൂട്ടുകെട്ടിന്റെ കഥ പറയുന്നുണ്ട്. ഈ ഗാനത്തിൽ പി. ഭാസ്കരന്റെ വരികൾ നാട്ടിൻപുറത്തെ കുട്ടിക്കാലത്തെ മനോഹരമായ വര്‍ണനകളാൽ ചൊല്ലി ഉണർത്തുന്നുണ്ട്.

പണ്ടൊരിക്കൽ ആറ്റുവക്കിൽ പന്തലിച്ച മാഞ്ചുവട്ടിൽ
കൊച്ചു കൊച്ചു കൊമ്പുകൾ കൊണ്ടൊരു കൊട്ടാരം കെട്ടി നമ്മൾ കൊട്ടാരം കെട്ടി
രാജാവായ് നീയിരുന്നു റാണിയായ് ഞാനിരുന്നു
കാണാക്കിനാക്കൾ കണ്ടതോർമ്മയുണ്ടൊ ഭവാനോർമ്മയുണ്ടോ
തൊട്ടടുത്ത മാവിൽ നിന്നും കട്ടെടുത്ത മാമ്പഴങ്ങൾ
കാട്ടുകിളി കാഴ്ചവെച്ചതോർമ്മയുണ്ടോ
പച്ചമണൽ പായസമായ് പച്ചയില പപ്പടമായ്
അത്താഴം നാം വിളമ്പിയതോര്മയുണ്ടോ ഭവാനോർമ്മയുണ്ടോ

നമ്മുടെ ഒക്കെ ഭാഗ്യത്തിന് മായാവിയിൽ പി. ഭാസ്കരൻ എഴുതി ബാബുരാജ് ഈണം പകർന്ന വളരെ മനോഹരമായ മറ്റൊരു ഗാനവും കൂടിയുണ്ട്. കെ. പി. ഉദയഭാനുവും എസ്. ജാനകിയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് അൻപത്തിശിഷ്ടം വർഷങ്ങൾക്കു ശേഷവും ശ്രോതാക്കളെ വശീകരിക്കാനുള്ള ശക്തിയുണ്ട്.

വള കിലുക്കും വാനമ്പാടി വഴി തെളിക്കാനാരാണ്?
വഴി തെളിക്കാൻ വാനിലൊരു മണിവിളക്കുണ്ട് മണിവിളക്കുണ്ട്
കുസൃതിക്കാരി, കുസൃതിക്കാരി, കൂരിരുട്ടിൽ കൂടെ വരാൻ ആരുണ്ട് ?
കൂടെ വരാൻ കാട് ചുറ്റും കുഞ്ഞികാറ്റുണ്ട് കുഞ്ഞികാറ്റുണ്ട്
കാട്ടിനുള്ളിൽ കാൽ തളർന്നാൽ കൈ പിടിക്കാനാരുണ്ട്?
കാട്ടുമര തണ്ടൊടിച്ചാൽ കൈവടിയാകും
കുഴിയിൽ വീണാലോ?
ഞാൻ കരകയറ്റീടും
കള്ളൻ വന്നാലോ?
ഞാൻ കാവലിരുന്നീടും
വഞ്ചകനാണെങ്കിൽ?
ഞാൻ വാളെടുത്തീടും

ചോദ്യങ്ങൾ ചോദിക്കുന്നത് പുരുഷനും ഉത്തരം പറയുന്നത് സ്ത്രീയുമാണ്. ഡബിൾ നായികാ-നായകന്മാരുള്ള മായാവിയിലെ നേരത്തെ പറഞ്ഞ രഘുവിന്റെ സുഹൃത്തും രഘുവിന്റെ മനോരോഗ നാടകത്തിൽ സഹായിയുമായ മധുവും (മധു) പ്രണയിനിയായ ജയന്തിയും (കെ. വി. ശാന്തി) ചേർന്ന് പാടുന്ന പാട്ടാണിത്. 1965 -ലെ ഈ ഗാനത്തിൽ പി. ഭാസ്കരന്റെ സ്ത്രീസങ്കൽപം പ്രതീക്ഷിക്കാത്തവണ്ണം പുരോഗമനോന്മുഖമാണ്. സത്യം മറച്ചു പിടിച്ചു വ്യാജപ്പേരിൽ എസ്റ്റേറ്റിൽ കഴിയുന്ന മധുവിനെ വിവിധ അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നത് ജയന്തിയാണ്. ഈ ഗാനത്തിലും നായികാനായകന്മാർ രാത്രിയിൽ ആൾപ്പാർപ്പില്ലാത്ത ദേശത്തുകൂടി സഞ്ചരിക്കുന്നു. രംഗം ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ്, മുകളിൽ ചന്ദ്രനുമുണ്ട്. ചോദ്യോത്തര മാതൃകയിൽ മുൻപോട്ടു പോകുന്ന ഈ പാട്ടിൽ മധുവിന്റെ ഓരോ സംശയത്തിനും ചോദ്യത്തിനും ജയന്തി തികച്ചും ആത്മവിശ്വാസമുള്ള ഉത്തരങ്ങളാണ് കൊടുക്കുന്നത്. ജയന്തിക്ക് ചന്ദ്രനുണ്ട് കൂട്ടിന്. കുഞ്ഞിക്കാറ്റുണ്ട്. കാട്ടുമരത്തിന്റെ തണ്ടുണ്ട് കൈവടിയായിട്ട്. കുഴിയിൽ വീണ മധുവിനെ കരകയറ്റാൻ കഴിവുണ്ട്. കാവലിരിക്കും. വേണ്ടി വന്നാൽ വാളെടുക്കും.

1965 -ൽ നായികയുടെ ആത്മവിശ്വാസം അവിശ്വസനീയമാണ് നായകന്

സ്ത്രീ സഹജമെന്നു പറയുന്ന ഭയം അല്പം പോലും ഇല്ലാത്ത കുസൃതിക്കാരിയാണ് ജയന്തിയുടെ കഥാപാത്രം. എന്നാൽ പി. ഭാസ്കരന്റെ പ്രേമസങ്കല്പത്തിൽ 1965 -ൽ അത്തരമൊരു പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിവുള്ള ഒരു പുരുഷനുമുണ്ട്. പ്രേമഗാനത്തിന്റെ രൂപവും രീതിയും കാല്പനികമായ സത്യത്തെ സാധൂകരിക്കുന്നു. തന്റെ ചോദ്യങ്ങൾക്കു നായിക നൽകിയ ഉത്തരങ്ങൾ കേട്ടിട്ട് നായകന് ഒരു ചോദ്യവും കൂടിയേ ബാക്കി ഉള്ളൂ: "വിശ്വസിക്കാമോ?" നായികയുടെ ഉത്തരം: "ഓഹോ, വിശ്വസിക്കാ മെ." 1965 -ൽ നായികയുടെ ആത്മവിശ്വാസം അവിശ്വസനീയമാണ് നായകന്.

മുറപ്പെണ്ണിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ധൈര്യമാണ് മായാവി എന്ന സാഹസിക കഥയിലെ നായികക്ക് പി. ഭാസ്കരന്റെ വരികൾ നൽകിയിരിക്കുന്നത്. ജീവിതത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്നും ഒളിച്ചോടി പോകുന്ന മായാവി പോലെയുള്ള സിനിമാക്കഥകൾ ഒരുപക്ഷെ ഇത് പോലുള്ള സാങ്കല്പികവും അഭിലഷണീയവുമായ സ്ത്രീപുരുഷ ബന്ധങ്ങൾ ചിത്രീകരിക്കാനുള്ള ഒരവസരമായി കണ്ടാൽ അവയുടെ കൃത്രിമത്വം നമുക്ക് ക്ഷമിക്കാവുന്നതേ ഉള്ളൂ.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

 

Follow Us:
Download App:
  • android
  • ios