Asianet News MalayalamAsianet News Malayalam

അച്ഛനെയല്ലാതെ ആരെയാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ഓര്‍ക്കുക?

മണല്‍ വിരിച്ച വല്യ ഒരു മുറ്റ‍ം, മുറ്റത്തൊരു ചെമ്പക മരം,  അതില്‍ അച്ഛന്‍  കെട്ടിത്തന്ന ഒരു ഊഞ്ഞാല്‍.  ഊഞ്ഞാലില്‍ ഇരുന്നാല്‍ മുറിക്കുള്ളില്‍ നിന്നും പാട്ട് കേള്‍ക്കാം.

my beloved song reshma suresh
Author
Thiruvananthapuram, First Published Feb 2, 2019, 3:52 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song reshma suresh

ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ
ആകാശത്താവണി തിങ്കൾ
പഴകിയൊരോര്‍മ്മയാൽ മിഴിനീരു വാർക്കും
പാഴിരുൾ തറവാടെൻ മുന്നിൽ
ഒരിക്കൽ കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും
ഈ ഓണനിലാവും ഞാനും


മനസ്സിന്‍റെ ഓരോ അണുവിലും ആ‍ഴത്തില്‍ കുത്തിനോവിക്കാറുണ്ട് ഈ പാട്ടിന്‍റെ വരികളും, ഈണവും. ഓരോ തവണ കേള്‍ക്കുമ്പോ‍ഴും  പോയ കാലത്തിന്‍റെ മണം വീണ്ടും എന്നെ തേടി എത്താറുണ്ട്. ഉറക്കമില്ലാത്ത എത്രയോ  രാത്രികളില്‍,  വീട്ടില്‍ നിന്നുമുള്ള മടക്കയാത്രകളില്‍, ഒരിറ്റ് കണ്ണീര്‍ മാത്രം തരുന്ന അച്ഛനോര്‍മ്മകള്‍.  തനിച്ചിരിക്കാറുള്ള, ഹോസ്റ്റല്‍ മുറികളിലെ വൈകുന്നേരങ്ങളില്‍ ഞരമ്പുകൾ വലിച്ചു മുറുക്കിയതും,  ഭൂത കാലത്തെ തൊണ്ടയില്‍ കുരുക്കി നിര്‍ത്തിയതും ഇതേ ഈണം ആയിരുന്നു. 

അങ്ങനെ നഷ്ടപ്പെട്ടതെല്ലാം ഒരിത്തിരി നേരത്തേക്കെങ്കിലും  വീണ്ടെടുക്കാറുണ്ട്

അച്ഛന്‍റെ ചൂടേറ്റ്, നെഞ്ചില്‍ കിടന്ന് ഉറങ്ങിയത് മുതല്‍ മുറ്റത്ത് ആംബുലന്‍സ് വന്ന് നിര്‍ത്തിയപ്പോ‍ഴുള്ള അമ്മയുടെ നിലവിളിവരെ വീണ്ടും ഹെഡ്സെറ്റിന്‍ തുമ്പിലൂടെ എന്നിലേക്ക് ഒ‍ഴുകി പടരാറുണ്ട്. അങ്ങനെ നഷ്ടപ്പെട്ടതെല്ലാം ഒരിത്തിരി നേരത്തേക്കെങ്കിലും  വീണ്ടെടുക്കാറുണ്ട്. ഒരു ഓണക്കാലത്ത് അച്ഛന്‍ സമ്മാനമായി വാങ്ങി തന്ന ഓഡിയോ കാസറ്റില്‍ ആദ്യമുണ്ടായിരുന്ന പാട്ട്,  ടേപ്പ് റെക്കോര്‍ഡറില്‍ റിവൈന്‍ഡ് അടിച്ച് കേട്ടുകൊണ്ടിരുന്ന ഓണക്കാലങ്ങള്‍. കേടായിപോയ ടേപ്പ് റെക്കോര്‍ഡര്‍ പൊടി പിടിച്ച് എവിടെയോ ഉണ്ട് എന്നത് ഒ‍ഴിച്ചാല്‍ ബാക്കിയുള്ളത്   നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തില്‍ എ‍ഴുതി ചേര്‍ത്ത ചില നല്ലോര്‍മ്മകള്‍ മാത്രം. 

അതിലെ  വലിയ അദ്ധ്യായമായി അച്ഛനും ഉണ്ട്.  ഓട് മേഞ്ഞ കുഞ്ഞുവീട്ടിലെ മുറികളിലെല്ലാം കുട്ടികൂറാ പൗഡര്‍ മണത്തിരുന്നു. അച്ഛന്  സിന്തോള്‍ സോപ്പിന്‍റെ മണമായിരുന്നു. ആ വീട്ടില്‍ സദാ സമയവും  ടേപ്പ് റെക്കോര്‍ഡര്‍  പാടിക്കൊണ്ടിരുന്നു. മണല്‍ വിരിച്ച വല്യ ഒരു മുറ്റ‍ം, മുറ്റത്തൊരു ചെമ്പക മരം,  അതില്‍ അച്ഛന്‍  കെട്ടിത്തന്ന ഒരു ഊഞ്ഞാല്‍.  ഊഞ്ഞാലില്‍ ഇരുന്നാല്‍ മുറിക്കുള്ളില്‍ നിന്നും പാട്ട് കേള്‍ക്കാം. പാട്ട് കേട്ട് ഊഞ്ഞാലാടി  മനോരാജ്യങ്ങള്‍ പടുത്തുയര്‍ത്തി  ഞാന്‍ അങ്ങനെ പറക്കും. വലുതായി തീരുന്ന സ്വപ്നങ്ങള്‍ കാണും. പാട്ട് തീര്‍ന്ന് ക‍ഴിഞ്ഞാല്‍ റിവൈന്‍ഡ് അടിക്കാന്‍ മുറിക്കുള്ളിലേക്ക് പായും. പിന്നെയും  പിന്നെയും ആ പാട്ട്  കേള്‍ക്കും. 

അച്ഛന്‍ സമ്മാനമായി വാങ്ങി തന്ന ഓഡിയോ കാസറ്റില്‍ ആദ്യമുണ്ടായിരുന്ന പാട്ട്

ഇന്ന് ആ വീടില്ല, മണല്‍ വിരിച്ച വലിയ മുറ്റമില്ല, ചെമ്പക മരമില്ല, അച്ഛനും ഇല്ല. അച്ഛനോര്‍മ്മകള്‍ക്ക്  പശ്ചാത്തലം എന്ന പോലെ  ഈ പാട്ടിങ്ങനെ  മു‍ഴങ്ങിക്കൊണ്ടേയിരിക്കുന്നു.  ദാസേട്ടന്റെ ശബ്ദം ഇല്ലായിരുന്നെങ്കില്‍,  രവീന്ദ്രൻ മാഷിന്‍റെ സംഗീതം ഇല്ലായിരുന്നു എങ്കില്‍, എന്നെ എ‍ഴുതിയ  പുത്തഞ്ചേരി  ഇല്ലായിരുന്നെങ്കില്‍  എന്‍റെ ഓര്‍മ്മകള്‍ മണമില്ലാതെ ദ്രവിച്ച് പോയേനെ.   

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

Follow Us:
Download App:
  • android
  • ios