Asianet News MalayalamAsianet News Malayalam

ഇന്നും, അവളെ ഞാനോര്‍ക്കുന്നു, മഞ്ഞ മന്ദാരം പോലുള്ള ആ പെണ്‍കുട്ടിയെ

അവൾ ഒറ്റക്കുട്ടി മാത്രമാണ് അവൾ പഠിച്ച സ്കൂളിൽ നിന്നും നമ്മുടെ പ്ലസ് ടു ബാച്ചിൽ ഉണ്ടായിരുന്നത്  അതുകൊണ്ടു തന്നെ സ്വതവേ മിണ്ടാത്ത അവളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങളെ അറിയുമായിരുന്നുള്ളു. കൂടുതലറിയാൻ ആരും മിനക്കെട്ടിരുന്നുമില്ല.

my beloved song shyna rajesh
Author
Thiruvananthapuram, First Published Dec 23, 2018, 1:53 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song shyna rajesh

ഒരുമാസം മുമ്പ് അറിയാത്ത നമ്പറിൽ നിന്നും വന്ന ഐ.എസ്‌.ഡി  ഫോൺ കാൾ എന്നെ തെല്ലൊന്നമ്പരപ്പിക്കാതിരുന്നില്ല. മറുതലയ്ക്കൽ പുരുഷ ശബ്ദമാണ്. കോളേജിലെ പഴയ പാട്ടുകാരൻ ഷഫീഖിന്‍റെ കേട്ടുമറന്ന ശബ്ദം തിരിച്ചറിയാൻ ഏറെ പണിപ്പെടേണ്ടി വന്നില്ല. അവൻ നേരിട്ട് വിഷയത്തിലേക്ക് തന്നെ വന്നു. "ഇതളുകൾ 2019" എന്ന് പേരിട്ടിരിക്കുന്ന ഇവന്‍റിന് വേണ്ടി ഒരു പ്രൊമോഷണൽ സോങ് എഴുതിക്കൊടുക്കണം.''എനിക്ക് പാട്ടെഴുതാനറിയില്ല ഷഫീഖ്. ആകെയെഴുതിയത് രണ്ടു കവിതകളാണ്, പാട്ടാവുമ്പോൾ ഈണവും താളവും എല്ലാം വേണ്ടേ? എന്ന എന്‍റെ ചോദ്യത്തിന് ''ഈണവും താളവുമെല്ലാം നീയെനിക്കു വിട്ടേക്കൂ...'' എന്നവൻ പറഞ്ഞവസാനിപ്പിച്ചു.

സഹപാഠിയുടെ കവിതയെഴുത്തിൽ  അമിതാവേശം പൂണ്ട് ഇറങ്ങിപ്പുറപ്പെട്ട അവന്‍റെ ആത്മവിശ്വാസത്തെയും. വര്‍ഷങ്ങള്‍ക്കിപ്പുറത്തു നിന്ന് ഇന്നലെ നിർത്തിവച്ച സംസാരത്തിന്‍റെ ബാക്കിയെന്നോണം മിണ്ടാൻ പറ്റിയ സൗഹൃദത്തിന്‍റെ ഇഴയടുപ്പത്തെയും ബഹുമാനിക്കണമല്ലോ? ''ശ്രമിക്കാം. ഷഫീഖ് എനിക്കൊരു പത്തു ദിവസം തരൂ …" എന്നു പറഞ്ഞു. ആ ദിവസത്തെ ഉത്തരവാദിത്ത പട്ടികയുടെ അവസാനമൊരു അക്കമിട്ടു - 'ഷഫീഖിന്‍റെ പാട്ട്, ഇതളുകൾ 2019' എന്നെഴുതിവച്ചു.

ഒരു പാട്ടെഴുതണം എന്നത് എനിക്കൊരു ബാലികേറാമലയാകുമോ? എന്ന ആശങ്കയിൽ  ഇതളുകളുമായി ബന്ധപ്പെടുത്തി ആലോചിച്ചപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഒരു മന്ദാര പൂവാണ്, പിന്നെ അവളുടെ മുഖവും. സ്വന്തം ഇഷ്ടഗാനം കൊണ്ട് മറ്റൊരാളുടെ ഇഷ്ടങ്ങളെ എങ്ങനെ മാറ്റിമറിക്കാം എന്ന അനുഭവത്തിലൂടെ എന്നെ നടത്തിയ  എന്റെ പ്ലസ് ടു സഹപാഠി.  അവളെന്നെ ഓർക്കുന്നുണ്ടോ എന്നുപോലുമറിയില്ലെങ്കിലും കൂടെപ്പഠിച്ച ഈ പെൺകുട്ടിയെ അവൾക്ക് ഭാവനയിൽ കാണാവുന്നതിലും ഏറെ ആഴത്തിലാണ് ഞാൻ സ്നേഹിക്കുന്നത്, അവളുടെ പാട്ടിനെയും... അവൾ ഹൃദയം തൊട്ടു പാടിയതിനെ ഞാനെന്‍റെ ഹൃദയത്തിലേക്കെടുക്കയായിരുന്നു.

പക്ഷെ, അതിന്‍റെ കൃത്രിമ നാട്യങ്ങളൊന്നും അവളിലില്ലായിരുന്നു

വേറെ സ്കൂളിൽ നിന്ന് ഹയർസെക്കണ്ടറി വിഭാത്തിൽ വന്നു ചേർന്ന പെൺകുട്ടി. പതിനൊന്നാം ക്ലാസ്സുമുതൽ ഞങ്ങളൊന്നിച്ചായിരുന്നു പഠിച്ചത്. മിതഭാഷി, പത്താം തരത്തിൽ റാങ്കിനോടടുത്ത മാർക്ക് വാങ്ങിയവൾ. പക്ഷെ, അതിന്‍റെ കൃത്രിമ നാട്യങ്ങളൊന്നും അവളിലില്ലായിരുന്നു. ക്ലാസ്സിലെ എല്ലാ കണക്കുകളുടെയും ഉത്തരത്തിലേക്ക് ആദ്യമെത്തുന്നത് അവളായിരിക്കും. പക്ഷേ, ഒരിക്കലും അഭിമാനപുളകിതയായി കയ്യുയർത്തി പറഞ്ഞിട്ടില്ല ''എനിക്കുത്തരം കിട്ടീ..." എന്ന്.

ഒന്നാം വർഷം സാധാരണ പോലെ കടന്നു പോയി. രണ്ടാം വർഷത്തിലെ അധ്യാപക ദിനം വരെ എനിക്കവൾ ക്ലാസ്സിലെ പഠിത്തക്കാരിക്കുട്ടി മാത്രമായിരുന്നു. ആ അധ്യാപക ദിനത്തിൽ  പാട്ടുപാടാനിഷ്ടമുള്ളവർക്ക് ഒരവസരം കിട്ടി. സാധാരണയിൽ നിന്നും വ്യത്യസ്തമായി നല്ല കുട്ടി സങ്കൽപ്പങ്ങളുടെ പൂർണതയായ പെൺ രൂപം സ്വമേധയാ എഴുന്നേറ്റു. ബോർഡിനോട് ചേർന്നുനിന്നു… അവളാ പാട്ടുപാടി തുടങ്ങി. ''പൂവേ ഒരു മഴമുത്തം....'' എന്ന പാട്ടുപാടി ക്ലാസ്സിനെ കയ്യിലെടുത്ത സഹീറയുടെ പാട്ടിനേക്കാൾ ഒട്ടും മോശമല്ല പഠിപ്പിസ്റ്റു  പെൺകുട്ടിയുടെ പാട്ടിന്‍റെ നിലവാരവും.

പാട്ടിനിടയിൽ അവളുടെ ശബ്ദത്തിലെ ഇടർച്ച ശ്രദ്ധിച്ചത് കൊണ്ടാണ് ഞാനവളുടെ മുഖത്തു മാറിമറിയുന്ന ഭാവങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്, എന്‍റെ സംശയക്കണ്ണുകളെ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയോ എന്നറിയില്ല പിന്നെയവൾ പാടിയത് നമ്ര മുഖിയായ നവവധുവിനെപ്പോലെ സ്വന്തം കാൽ വിരലിലേക്ക് നോക്കിക്കൊണ്ടായിരുന്നു. ശബ്ദത്തിലെ ഇടർച്ച അപ്പോഴുമുണ്ടായിരുന്നു… പാട്ടുമുഴുമിപ്പിച്ചു കുനിഞ്ഞ ശിരസ്സോടുകൂടിത്തന്നെ അവൾ സ്വന്തം സീറ്റിൽ വന്ന് ഡെസ്കിൽ നെറ്റിചേർത്തിരുന്നു.

അവൾ ഒറ്റക്കുട്ടി മാത്രമാണ് അവൾ പഠിച്ച സ്കൂളിൽ നിന്നും നമ്മുടെ പ്ലസ് ടു ബാച്ചിൽ ഉണ്ടായിരുന്നത്  അതുകൊണ്ടു തന്നെ സ്വതവേ മിണ്ടാത്ത അവളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങളെ അറിയുമായിരുന്നുള്ളു. കൂടുതലറിയാൻ ആരും മിനക്കെട്ടിരുന്നുമില്ല.

അവളങ്ങനെ പാട്ടുപാടി കരയുന്ന ടൈപ്പൊന്നും അല്ല

ഇടവേള സമയത്തു ഞാനെന്‍റെ ഹൃദയം സൂക്ഷിപ്പുകാരിയോട് ചോദിച്ചു "പാട്ടിനിടയിൽ അപർണ കരഞ്ഞിരുന്നോ?" എന്ന്. അവൾ എനിക്കുള്ള മറുപടിയും തന്നു. "നിനക്കെല്ലത്തിലും സംശയമാണ് അവളങ്ങനെ പാട്ടുപാടി കരയുന്ന ടൈപ്പൊന്നും അല്ല'' എന്ന്. പക്ഷേ, എനിക്കുറപ്പായിരുന്നു,  ഞാൻ കണ്ടതാണ്... പിറ്റേദിവസം അവളോടുതന്നെ ചോദിച്ചു. "ഹേയ്  അങ്ങനെയൊന്നും ഇല്ല നിനക്ക് തോന്നിയതാ" അവളുടെ സ്വാഭാവികമായ ശൈലി. പിന്നെ, ഞാനും കുത്തി ചോദിച്ചില്ല.

അവളുടെ വിടർന്ന കണ്ണുകളിൽ തളം കെട്ടി നിൽക്കാൻ ഇടമില്ലാതെ താഴോട്ടു വീണ കരിമഷി കറുപ്പു പുരണ്ട കണ്ണീർ മണികൾ  ഞാൻ വ്യക്തമായി കണ്ടതാണ്. ആ സഹപാഠിയുടെ കണ്ണീരിന്‍റെ ഉറവിടം തേടി ഒരു ഗവേഷണം തന്നെ നടത്തി. ആ കാലങ്ങളിൽ എനിക്ക് പഠിപ്പിനേക്കാൾ താല്പര്യം ഈവക വിഷയങ്ങളിലായിരുന്നു.

അവൾ പഠിച്ച സ്കൂളിലെ ഒരു നോൺ ടീച്ചിങ് സ്റ്റാഫ് എന്‍റെ വളരെ അടുത്ത ഒരു ബന്ധുവായിരുന്നു. അവരെ തിരഞ്ഞു പിടിച്ചു ചോദിച്ചു. അപർണയെ അറിയുമോ എന്ന്. ''അറിയാം. സ്കൂളിൽ നിന്ന്  ഏറ്റവും കൂടുതൽ മാർക്കു വാങ്ങി പത്താം തരം പാസായ കുട്ടിയാണ്, കൂടുതലറിയില്ല." ഒരു കൗൺസിലറുടെ കാര്യഗൗരവത്തോടെ ഞാൻ പറഞ്ഞൂ ''അറിയാൻ ശ്രമിക്കണം ആന്‍റി, അവൾക്കെന്തോ കാര്യമായ പ്രശ്നമുണ്ട്. അവളുടെ ക്ലാസ് ടീച്ചറോടൊന്നു ചോദിക്കണം." ഏകദേശം ഒരുമാസത്തിനു ശേഷം എനിക്കുള്ള മറുപടി വന്നു.

ഞാനറിയുകയായിരുന്നു അവളുടെ സങ്കടങ്ങളെ. പക്ഷേ ആ പാട്ടിന്‍റെ വരികളെല്ലാം എന്‍റെ ഓര്‍മയിലുണ്ടായിരുന്നില്ല. ഞാൻ മനസ്സിലുറപ്പിച്ചു എനിക്കാ പാട്ടിന്‍റെ വരികൾ ഒരു തവണ കൂടിക്കേൾക്കണം. അന്ന് ഗൂഗിളും ഞാനും തമ്മിലുള്ള സൗഹൃദം ഇത്ര ആഴത്തിലല്ല. അറിയേണ്ടുന്ന കാര്യങ്ങളുടെ ഉത്തരത്തിനു വേണ്ടി കൈ വിരലിന്‍റെ വേഗതക്കും  ബ്രൗസറിന്‍റെ  ഗുണത്തിനും പകരം കാത്തിരിക്കാനുള്ള ക്ഷമ വേണ്ടിയിരുന്ന കാലം. വീട്ടിൽ അമ്മയെ ഏൽപ്പിച്ചു “ആ പാട്ട് റേഡിയോയിൽ വരുമ്പോൾ എന്നോടൊന്ന് പറയണം...”

അമ്മിക്കല്ലിൽ അരച്ച് പതം വരുത്തിയ മൈലാഞ്ചി കൈവെള്ളയിൽ വട്ടത്തിൽ കുത്തുകളായി ഇട്ടുകൊണ്ടിരുന്ന ഒരു ഉച്ചസമയം  അമ്മ വിളിച്ചു പറഞ്ഞു ''ഇതാ, നിന്‍റെ പാട്ട്." ദിവസങ്ങൾ കുറച്ചധികമായതിനാൽ ഞാനാ കാര്യം മറന്നു പോയിരുന്നു. "എന്‍റെ പാട്ടാ... അതേത്  പാട്ട്‌ ?"   "നീ പറഞ്ഞ, ആ കുട്ടി പാടിയ പാട്ട്" കയ്യിൽ പിടിച്ച മൈലാഞ്ചി പാത്രവും ഈർക്കിലിക്കോലും മറന്നുകൊണ്ട് ഞാനോടി... രണ്ടു കാസെറ്റിടാവുന്ന ടേപ്പ് റെക്കോർഡറും റേഡിയോയും ഒന്നിച്ചുള്ള റേഡിയോ വച്ച മേശക്കരികിൽ ഞാനൊരു കസേരയിട്ടിരുന്നു.

മകളുടെ പിറന്നാളാഘോഷത്തിനു അവധിക്കു വന്നതായിരുന്നു അച്ഛൻ

അപ്പോൾ എനിക്ക്  ഞാൻ അറിഞ്ഞ കഥയിലെ കുവൈറ്റിൽ എൻജിനീയറായിരുന്ന അച്ഛന്‍റെ നാലാം ക്ലാസ്സുകാരി മകളുടെ മനസ്സായിരുന്നു. ഞാൻ കേട്ട കഥയിലെ ഓര്‍മ്മപ്പെടുത്തലുകളാണോ സഹപാഠിയെ കരയിപ്പിച്ചതെന്നറിയാൻ. വരികൾക്കിടയിലൊളിപ്പിച്ച അർഥങ്ങൾ തേടുകയായിരുന്നു മനസ്സ്. പാട്ടിന്‍റെ അടുത്ത വരി വരാൻ അക്ഷമയോടെ ഞാൻ കാത്തിരുന്നു.

പാട്ടു തീർന്നപ്പോഴേക്കും എന്‍റെ ഇടംകയ്യിൽ കുത്തു കുത്തുകളായി വട്ടത്തിൽ ഇട്ട മൈലാഞ്ചി കുഴമ്പു പരുവത്തിലായിരുന്നു. അച്ഛന്‍റെ നെഞ്ചിലെ കിട്ടാതെ പോയ ചൂടോർത്ത്‌  അവൾ ഹൃദയം പൊള്ളിപ്പാടിയ പാട്ടിന്‍റെ വരികളുടെ ചൂട് എന്‍റെ കവിളിലൂടെ കണ്ണീരായി ഒലിച്ചിറങ്ങുകയായിരുന്നു.

രണ്ടാൺകുട്ടികൾക്ക് ശേഷമുണ്ടായ മകളുടെ പിറന്നാളാഘോഷത്തിനു അവധിക്കു വന്നതായിരുന്നു അച്ഛൻ, ഔദ്യോദികമായ ഏതോ കാരണത്തിന്  അത്യാവശ്യമായി തിരിച്ചു പോകേണ്ടി വന്നു. എയർപോർട്ടിലിറങ്ങി റൂമിലേക്കുള്ള യാത്രക്കിടയിലുണ്ടായ  ഒരു കാറപകടം...

ഓർമയുടെ വേരുകൾ  മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതിനു മുമ്പേ അകന്നു പോയ അച്ഛന്‍റെ ഓർമകളെ  പൂത്തുനിന്ന മഞ്ഞ മന്ദാരത്തോടുപമിച്ച മകളുടെ മനസ്സ് ഞാനറിയുകയായിരുന്നു ആ വരികളിലൂടെ...

"ആയിരം... കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ...'' എന്ന് തുടങ്ങുന്ന  പാട്ട്. ഇതേ പാട്ടിന്‍റെ വിഷ്വൽ അതിനു മുമ്പേ ഞാൻ കണ്ടിരുന്നു. പക്ഷേ, അതിൽ ശോക രംഗങ്ങളെക്കാൾ  തമാശ നിറഞ്ഞ ഓർമകളാണ് പങ്കുവെക്കുന്നത്. കണ്ണടച്ചിരുന്ന്  ശ്രദ്ധിച്ചാൽ, നികത്താനാവാത്ത നഷ്ടങ്ങളെന്നും നഷ്ടങ്ങളാണെന്ന് പറയാതെ പറയും ആ വരികൾ... പിന്നെയൊരിക്കലും അത്തരം നഷ്ടങ്ങൾ അടുത്തറിഞ്ഞവരോട് ഒരു വഴിയാത്രക്കാരന്‍റെ ലാഘവത്തോടെ ആശ്വാസവാക്കുകൾ പറയാൻ നമുക്കാവില്ല. 

ബാല്യത്തിലെ എന്‍റെ പാട്ടോർമകൾക്ക് പുതുമഴ നനഞ്ഞ മണ്ണിന്‍റെ മണമാണ്. നനഞ്ഞ മണ്ണിന്‍റെ മണത്തോടൊപ്പം ചേർന്ന് നിൽക്കുന്ന മുഹമ്മദ് റാഫിയുടെയും മുകേഷ്‌കുമാറിന്‍റെയും പാട്ടുകൾ, MCD ബോട്ടിലുകളോളം തന്നെ ആഴത്തിൽ അച്ഛൻ സ്നേഹിച്ചിരുന്ന പാട്ടുകൾ... അതിനുശേഷം  17 വയസ്സുവരെയുള്ള എന്‍റെ  കൗമാര പെൺമനസിലെ പാട്ടിന്‍റെ വരികൾക്ക് നഷ്ടസ്വപ്നങ്ങളുടെയും ഭഗ്നമോഹങ്ങളുടെയും ഗൃഹാതുരത്വമുണർത്തുന്ന പുകമറയുണ്ടായിട്ടില്ല. കവിതതുളുമ്പുന്ന കാല്പനിക വരികളേക്കാൾ എനിക്കിഷ്ടം ''രാപ്പാടീ പക്ഷിക്കൂട്ടം...'', ''ചിക് പുക് ചിക് പുക് റയിലെ..." തുടങ്ങിയ കുത്തു പാട്ടുകളായിരുന്നു. എന്‍റെ പാട്ടിഷ്ടങ്ങളിലേക്ക് മാന്ദാരപ്പൂവിന്‍റെ വിഷാദഛായ കലർന്ന മഞ്ഞനിറം പടർത്തിയത് അവളും അവളുടെ പാട്ടുമാണ്. അവിടുന്നിങ്ങോട്ട് കേൾക്കുന്ന പാട്ടുകളിലെല്ലാം വരികൾക്കിടയിൽ ഞാൻ തിരഞ്ഞത് ഹൃദയത്തിന്‍റെ ഭാഷ്യങ്ങളെയാണ്. അതുകൊണ്ടു തന്നെയാവണം എന്‍റെ മുന്നിഷ്ടങ്ങളോട് കൂടുതൽ അടുത്തു നിന്ന ലജ്ജാവതിയുടെ കടക്കണ്ണിൻ മുന കാലഘട്ടത്തിന്‍റെ തിരയിളക്കമായിരുന്നിട്ടു കൂടി എന്‍റെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറാതിരുന്നതും.

ഫേസ്ബുക്കിൽ എനിക്ക് കണ്ടെത്താൻ കഴിയാതിരുന്ന ചുരുക്കം ചിലരിൽ ഒരാൾ അവളാണ്

കാലപ്പഴക്കം കൊണ്ട് ദൃഢമാവുന്ന സൗഹൃദങ്ങൾ ഉണ്ടാവാം. പക്ഷേ ധൃതി പിടിച്ച  ജീവിതത്തിനിടയിൽ കൂടുന്ന ഉത്തരവാദിത്തങ്ങൾ  നമ്മളെ നമ്മിളിലേക്കു തന്നെ ഒതുക്കാറാണ്  പതിവ്. സൗഹൃദങ്ങൾ സൗഹാർദങ്ങളാക്കി നിലനിർത്താവുന്ന ഫേസ്ബുക്കിൽ എനിക്ക് കണ്ടെത്താൻ കഴിയാതിരുന്ന ചുരുക്കം ചിലരിൽ ഒരാൾ അവളാണ്, വേരുകൾ ചികഞ്ഞു പോക്കാനുള്ളത്ര ആത്മ ബന്ധം തമ്മിൽ ഇല്ലാതിരുന്നതു കൊണ്ടുതന്നെ അതിനു ശ്രമിച്ചിട്ടില്ല. അവളുടെ മുഖത്തിനുണ്ടായേക്കാവുന്ന സ്വാഭാവിക മാറ്റം എനിക്കൂഹിക്കാവുന്നതിലും മേലെയായിരിക്കാം. പക്ഷേ മന്ദാരപ്പൂവുകൾക്ക് എന്‍റെ മനസ്സിലിന്നും ശ്രീത്വവും സ്ത്രീത്വവും   ഒത്തിണങ്ങിയ  അവളുടെ സുന്ദര കൗമാര മുഖമാണ്!

അങ്ങനെ ഷഫീഖിന്‍റെ ഇതളുകൾ 2019 എന്ന ഇവന്‍റിനു  വേണ്ടി ആദ്യമായി ഞാനൊരു പാട്ടെഴുതി, 'എന്നിൽ നിന്നും പറന്നകന്നൊരു ജീവചൈതന്യമേ...' എന്ന് അച്ഛനെ വിളിച്ചു കരഞ്ഞ എന്‍റെ സഹപാഠിയുടെ മന്ദാര മുഖമോർത്തു കൊണ്ട്...

''ജന്മമൊരു മഞ്ഞ മന്ദാരമല്ലേ? ഓർമ്മകൾ മനസിന്നോളങ്ങളും...
മഴയോർമ്മകൾ... മൊഴിയോർമ്മകൾ.... ഓർമ്മകളോർമ്മകൾ മാത്രം !!''

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios