ഓരോ നിമിഷോം നമ്മൾ എന്തൊക്കെയാ സ്വപ്നം കാണുന്നത്... എത്രയാ പ്രതീക്ഷകൾ... പക്ഷെ, അപ്രതീക്ഷിതമായി സംഭവിക്കുന്ന ചിലതില്ലേ. സകല പ്രതീക്ഷകൾക്കും മേലെ വരുന്നത്. ആളായോ, ആംഗ്യമായിട്ടൊ ഒക്കെ ഒരിറ്റ് നേരം കൊണ്ട് ഉള്ളിലേക്ക് വേരാഴ്ത്തി പോണത്.. 

അത് പോലൊരാൾ... ഒരിക്കൽ പാടി തന്നൊരു പാട്ടുണ്ട്... വായനാട്ടിലേക്കൊരു യാത്രക്കിടയിൽ, ഹെഡ്സെറ്റ് ഉപയോഗിക്കാൻ സമ്മതിക്കാതിരുന്നതിന്റെ വാശിക്ക് കാറിന്റെ ചില്ല് താഴ്ത്തി കാഴ്ച കണ്ടിരിക്കുന്നതിനിടക്കാണ് 'ഫിർ ഭി തുംകൊ ചാഹൂoഗാ' എന്ന പാട്ട് ഇത്രേം രസമായിട്ട് ചെവിയിലെത്തിയത്... 

ആ പാട്ട് പാടി കേൾക്കാൻ വേണ്ടി അയാളോട് എത്ര തവണ അടി കൂടിയിട്ടുണ്ടെന്നോ

അർജിത് സിങ് പാടിയ 'ഹാഫ് ഗേൾ ഫ്രണ്ടിലെ' ആ പാട്ടിന് അത്രയും ഭംഗി അത് അന്നേരമായിരുന്നു.. ഞാൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു എന്നാണ് അതിനർത്ഥം എന്ന് പോലും അതിനു ശേഷമാണ് ഞാൻ അറിഞ്ഞത്.  പിന്നീട്, ആ പാട്ട് പാടി കേൾക്കാൻ വേണ്ടി അയാളോട് എത്ര തവണ അടി കൂടിയിട്ടുണ്ടെന്നോ. അതെന്തു കൊണ്ടാണെന്ന് ആലോചിച്ചു നോക്കിയിട്ടില്ല. എപ്പോഴും ചിരിക്കാൻ പറഞ്ഞത് കൊണ്ടാണോ, എന്ത് പറഞ്ഞാലും കേട്ടിരിക്കുന്നുണ്ടാണോ, അറിയില്ല.. ആ പാട്ട് അയാൾ പാടുമ്പോ അതിന്റെ ഒറിജിനലിനേക്കാൾ മനോഹരമാണ്... അയാൾക്കെന്നോടോ എനിക്കയാളോടോ ഒരുപാട് ഇഷ്ടമാണെന്ന തോന്നല് പോലെ... 

വീട്ടിൽ വഴക്ക് കേട്ടാലും, സങ്കടം വന്നാലും സന്തോഷം വന്നാലും ഒക്കെ ഈ പാട്ട് ഒരു ശീലമായിരിക്കുന്നു. എത്ര വലിയ സങ്കടമാണെങ്കിലും, അതിന് കാരണമായവരെ സ്നേഹിച്ചു നോക്കിയിട്ടുണ്ടോ? ഒറ്റക്കായെന്നു തോന്നുമ്പോൾ തന്നോട് തന്നെ സ്നേഹിക്കുന്നെന്ന് പറഞ്ഞു വെക്കണം.  അല്ലെങ്കിലും എത്ര കാലമാണ് സ്നേഹമില്ലാതെ കഴിയുന്നത്. അയാളെനിക്ക് വേണ്ടി പാടി വെച്ച, ഞാനിന്നും കേട്ടിരിക്കുന്ന ആ ശബ്ദത്തെ ഒഴിഞ്ഞുകൂടാത്തതാക്കും പോലെ... 

ഈ വരികൾ എനിക്ക് അയാളുടെ സാമീപ്യം കൊണ്ട് തരുന്ന പോലെ

നാളെ എന്താകുമെന്ന് ഉറപ്പില്ലെങ്കിലും സ്നേഹിക്കണം. സമ്മതം കാത്തു നിന്ന് സമയം കളയണ്ട. ഒരുപക്ഷെ, നാളെ അറിയുന്നവർ പോലും അപരിചിതമായാലും ഒരോർമ കൊണ്ട് ശക്തി പകരാനാവുന്നതാണല്ലോ സ്നേഹം. അതെ, ഈ വരികൾ എനിക്ക് അയാളുടെ സാമീപ്യം കൊണ്ട് തരുന്ന പോലെ. എവിടേയോ എല്ലാവർക്കും എന്തെങ്കിലും ഒക്കെയായി ലഭിക്കുന്നുണ്ടാവണം.

ഒരിക്കലും നിർവചിക്കാനാവാത്ത  മനസിന്റെ ചില ഇഷ്ടങ്ങളെ, സ്നേഹിച്ചു കൊണ്ടേയിരിക്കുകയാണ്. എനിക്കുറങ്ങാൻ, എന്റെ വാശിയൊതുക്കാൻ, ചിരിക്കാൻ അയാളിനിയും പാടുമെന്ന വിശ്വാസത്തിൽ ഓരോ നിമിഷത്തിലും.