'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

90 -കളിലെ ഒരു നട്ടുച്ച. മുചുകുന്ന് എന്ന ഗ്രാമത്തിലെ കൊയിലോത്തുംപടിയില്‍ മൂന്നു പീടികകള്‍ മാത്രമായിരുന്നു അന്ന്. 

ഉച്ചയില്‍ മയങ്ങിക്കിടക്കുകയാണ് പീടികയും പരിസരവും. മുചുകുന്ന് ആറാട്ടു കഴിഞ്ഞതിന്‍റെ പന്തലും കൊടിയുമൊന്നും ഇനിയും അഴിച്ചിട്ടില്ല. റോഡില്‍ ഉണങ്ങിയ ആനപ്പിണ്ഡങ്ങള്‍. ആറാട്ടു കഴിഞ്ഞുപോയല്ലോ എന്ന സങ്കടം കൊണ്ടാണെന്നു തോന്നുന്നു കൊയിലോത്തുംപടിയിലെ അരയാലിലെ ഇലകള്‍ പോലും ഒന്നു പതുക്കെയാണ് അനങ്ങുന്നത്. വത്തക്ക തോടുകളും പൊട്ടിയ ബലൂണുകളും എല്ലാം റോഡരികില്‍ ചിതറിക്കിടക്കുന്നു.

പീഠത്തിലിരുന്ന് ഉറഞ്ഞു തലയാട്ടിയുള്ള കളം മായ്ക്കലും വീണ്ടും തെളിഞ്ഞു

ആ നട്ടുച്ചയ്ക്കാണ് സഞ്ചിയും തൂക്കി എന്തൊക്കെയോ സാധനങ്ങള്‍ മേടിക്കാനുള്ളതെഴുതിയ കടലാസുമായി അങ്ങോട്ടു ചെല്ലുന്നത്. പീടികയില്‍ കടലാസ് കൊടുത്ത് സങ്കടത്തോടെ ഉത്സവപ്പറമ്പു നോക്കി നില്‍ക്കുന്ന നേരത്താണ് അടുത്തുള്ള മറ്റേ പീടികയിലെ റേഡിയോയില്‍ ചലച്ചിത്രഗാനങ്ങള്‍ തുടങ്ങുന്നത്.

'ഒ എന്‍ വി രചിച്ച് ജോണ്‍സണ്‍ ഈണം പകര്‍ന്ന ഒരു ഗാനം. ചിത്രം മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം.' അനൗണ്‍സര്‍ പറഞ്ഞു. ഗാനം തുടങ്ങി.

'പൂ വേണം പൂപ്പട വേണം പൂവിളി വേണം...'

മൂന്നു ദിവസം മുമ്പ് ആര്‍പ്പുവിളിയും കോമരവും ചെണ്ടയും മേളവുമൊക്കെയായി ഭഗവതിയും വാതില്‍കാപ്പവരും എഴുന്നള്ളിവന്ന വഴിയിലേക്ക് പാട്ട് പതുക്കെ ഒഴുകിപ്പരന്നു. കാക്ക പാറാത്ത നട്ടുച്ചയിലേക്ക് ആ പാട്ടിന്‍റെ ചുവടൊപ്പിച്ച് തിരുവായുധമേന്തിയ കോമരങ്ങളും തിടമ്പേറ്റിയ ആനകളും ഇരുവശത്തേക്കും താളത്തില്‍ തലയാട്ടി മേളം കൊട്ടിക്കയറുന്ന വാദ്യക്കാരും നടന്നു. പന്തലിലെ ഇടിഞ്ഞില്‍ കത്തിയ എണ്ണ മണം, പന്തക്കുറ്റികളില്‍ കൊപ്പര കത്തിയ മണം, ചെമ്പട്ടുടുത്ത്  മഞ്ഞപ്പൊടിയണിഞ്ഞ വാഴയില്‍ അമ്പലത്തിലെ കോമരങ്ങള്‍ വാളും ചിലമ്പും കലമ്പി എഴുന്നള്ളത്തിനപ്പുറത്തു നിരന്നു നിന്നു. നിലവിളക്കിനടുത്തു വച്ച നാക്കിലയും അതില്‍ കൂമ്പാരം കൂട്ടിയ ഉണങ്ങലരിയും അതിനു നടുവില്‍ വച്ച തേങ്ങയും തേങ്ങയ്ക്കു മുകളില്‍ കത്തിച്ചു വച്ച നെയ്ത്തിരിയും കുറുപ്പിന്‍റെ കളവും തോറ്റം പാട്ടും, ഒടുവില്‍ പീഠത്തിലിരുന്ന് ഉറഞ്ഞു തലയാട്ടിയുള്ള കളം മായ്ക്കലും വീണ്ടും തെളിഞ്ഞു.

സാധനവും വാങ്ങി മടങ്ങവേ ആരോടെങ്കിലും ഒന്നു പറയാന്‍ തോന്നിപ്പോയി. 'മ്മക്ക് ഒന്നുംകൂടി ആറാട്ട് കയിക്ക്യാ...'

പിന്നെയും കുറേക്കൊല്ലം കഴിഞ്ഞാണ് ആ സിനിമ ടിവിയില്‍ കണ്ടത്.  ഒരു പുഴയ്ക്കരികിലെ അതിമനോഹരമായ ഒരു വീടും അവിടത്തെ മാഷും ടീച്ചറും അവരുടെ അടുത്തു താമസിക്കാന്‍ വരുന്ന പെണ്‍കുട്ടിയും. കഥയില്‍ ലയിച്ചിരുന്നു കണ്ടു. അതിനിടയിലെപ്പോഴോ ഈ പാട്ടു വന്നു.

'ഇല്ല... ആ പാട്ട് എന്‍റെ ഗ്രാമത്തിന്‍റേതാണ്. ഞങ്ങള്‍ക്കു വേണ്ടി എഴുതിയതാണ്. അതാ സിനിമയുമായി ചേരുന്നില്ല'

ആ പാട്ട് പിന്നീടെപ്പോള്‍ കേട്ടാലും സിനിമയിലെ ഒരു ഷോട്ടുപോലും മനസ്സില്‍ വരാതായി. വരുന്നത് മുചുകുന്ന് ആറാട്ടും തെയ്യത്തുംകാവിലെ തിറയും പാപ്പാരിവെള്ളാട്ടും പിഷാരികാവിലെ കളിയാട്ടവുമൊക്കെയാണ്. പിന്നെപ്പിന്നെ അതൊരു പതിവായി.

ഒ എന്‍ വി അതെഴുതിയതും ജോണ്‍സണ്‍ അതിന് ഈണം പകര്‍ന്നതും ആ സിനിമയ്ക്ക് വേണ്ടിയല്ല

ജോലിയ്ക്കു വേണ്ടി നാട്ടില്‍ നിന്നു മാറിനിന്നപ്പോള്‍ പല തിറയും ഉത്സവങ്ങളും കാണാന്‍ കഴിയാതായി.

അവിലിനും മലരിനും വേണ്ടി ഒരു കൊല്ലം വെയിലും മഴയുമേറ്റു കാത്തിരിക്കുന്ന പല ദൈവങ്ങളും നിറപ്പകിട്ടാര്‍ന്ന വേഷങ്ങളണിഞ്ഞ് തിറയായി ആടുന്നത്  ദൂരെയിരുന്ന് മനക്കണ്ണില്‍ കണ്ടു. ചുണ്ടില്‍ അറിയാതെ ആ പാട്ടും കടന്നുവരും.

ഒ എന്‍ വി അതെഴുതിയതും ജോണ്‍സണ്‍ അതിന് ഈണം പകര്‍ന്നതും ആ സിനിമയ്ക്ക് വേണ്ടിയല്ല, ഊടുവഴികളും ആര്‍പ്പുവിളികളും കോമരങ്ങളും ഗുളികനും പൊട്ടന്‍ദൈവവും കുട്ടിച്ചാത്തനും ഭഗവതിയുമൊക്കെയുള്ള ഓരോ ഗ്രാമത്തിനും വേണ്ടിയാണ്.

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം