'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ'

ഹൃദയത്തെ തൊട്ടുകിടക്കുന്ന പാട്ടാണ് എനിക്കിത്. 2003ല്‍ പുറത്തിറങ്ങിയ 'സ്ഥിതി' എന്ന ചിത്രത്തില്‍ ഉണ്ണിമേനോന്‍ മനോഹരമായ തന്റെ സ്വരത്തിലേക്ക് വിവര്‍ത്തനം ചെയ്ത പാട്ട്. അതിമനോഹരമായ വരികള്‍. ഉള്ളു തൊടുന്ന ഈണം. ഓര്‍മകളെ വലിച്ചടുപ്പിക്കാന്‍ ശേഷിയുള്ള വരികള്‍ മനോഹരമായി, മാന്ത്രികമായി കോര്‍ത്തുവെച്ചിരിക്കുകയാണ്. 

പല രീതിയില്‍  വൈകാരികതകളെ ഉണര്‍ത്താനും തളര്‍ത്താനും കഴിയുന്നതാണ് ഉണ്ണി മേനോന്റെ പാട്ടുകള്‍.  'മരണമെത്തുന്ന നേരത്ത്' എന്നദ്ദേഹം പാടുമ്പോള്‍, ഉള്ളിലൊരു നിശ്ശൂന്യത പടരും. കണ്ണുകള്‍ ഈറനാകും. അതേ ഉണ്ണി മേനോന്റെ സ്വരം 'പുതു വെള്ളൈ മഴൈ' എന്നു പാടുമ്പോള്‍ പ്രണയം കിനിയും. ചെമ്പനീര്‍ പൂവും അതു പോലെ നമ്മുടെ ഓര്‍മ്മകളെ കുത്തിയിളക്കും. കണ്ണുകള്‍ മെല്ലെയടക്കുമ്പോള്‍ ഓര്‍മകളുടെ വഴിയില്‍ ഒരു പെണ്‍കുട്ടി തെളിയും. അവളുടെ കയ്യും പിടിച്ച് ഒരിക്കല്‍ ജീവിച്ച കാലത്തിലേക്ക് അത് നടത്തിക്കൊണ്ട് പോവും. 

എന്നിട്ടും 'ചെമ്പനീര്‍ പൂ' എന്റെ പ്രിയപ്പെട്ട പാട്ടാവുന്നത് ഏറ്റവും വ്യക്തിപരമായ ചില കാരണങ്ങളാല്‍ കൂടിയാണ്. 

പരിശുദ്ധമായ പ്രണയത്തിന്റെ നദി

പ്ലസ്ടൂ കാലഘട്ടം കഴിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുത്തിക്കുറിപ്പ് തുടങ്ങിയപ്പോഴാണ് ആ പ്രണയം സംഭവിക്കുന്നത്. '96' സിനിമയില്‍ കെ രാമചന്ദ്രന് ജാനകിദേവിയോട് തോന്നിയതു പോലൊരിഷ്ടം. പരിശുദ്ധമായ പ്രണയത്തിന്റെ നദി. 

പരസ്പരം തുറന്ന് പറയാതെ ഞങ്ങള്‍ പലപ്പോഴും കണ്ണുകള്‍ കൊണ്ട് മാത്രം സംസാരിച്ചിരുന്നു. കവിതയില്‍ മാത്രമല്ല ജീവിതത്തിലും കണ്ണുകള്‍ കൊണ്ട് സംസാരിക്കാമെന്ന് മനസ്സിലാക്കിയ നിമിഷങ്ങള്‍.

'എങ്കിലും നീയറിഞ്ഞൂ, 
എന്‍ മനമെന്നും 
നിന്‍ മനമറിയുന്നതായ് 
നിന്നെ പുണരുന്നതായ്'

എന്നു കേള്‍ക്കുമ്പോള്‍ അവളെത്തന്നെ ഓര്‍മ്മവരും. അവളുടെ ചുണ്ടുകളില്‍ നിന്നു പൊഴിഞ്ഞിരുന്ന വരികള്‍.  ഇത്ര മനോഹരമായി ഏതു വരികള്‍ക്കാണ് ഒരു മനുഷ്യനെ ഓര്‍മ്മകളില്‍ തളച്ചിടാനാവുക?

ഇന്നും ചെവിയിലതുണ്ട്

കാലങ്ങള്‍ക്കിപ്പുറം സാഹചര്യങ്ങള്‍ വിലക്കുകളായപ്പോഴും, പറയാനാവാതെ നാവിനിടയില്‍ കുടുങ്ങിക്കിടന്ന വാചകങ്ങള്‍ ഉറഞ്ഞുകൂടി ശ്വാസം മുട്ടിച്ചപ്പോഴും,  കണ്ടിട്ടും 'മനസിലായില്ല' എന്ന വാക്കിലേക്ക് എത്താവുന്നയത്ര ദൂരത്തിലേക്ക് പോയപ്പോഴും ബാക്കിയായത് ഈ വരികള്‍ മാത്രമാണ്.

ഇന്നും ചെവിയിലതുണ്ട്. ആ പാട്ട്. എന്നെ പാട്ടിലാക്കിയ ഈണവും വരികളും. 

'ഒരു ചെമ്പനീര്‍പൂവിറുത്തു 
ഞാനോമലേ...
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല'

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം