ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

ആദ്യമായൊരു വിദേശ യാത്ര പോകുന്നതിന്റെ  പൊലിവില്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടയിലാണ് സുഹൃത്തു വായിക്കാന്‍ തന്ന പുസ്തകത്തെ  കുറിച്ചു ഓര്‍മ്മ വന്നത്. ഇനീപ്പോ അത് വായിക്കാന്‍ സമയമില്ല. തിരിച്ചു കൊടുക്കാന്‍ ആണെങ്കില്‍ മനസ്സൊട്ട് അനുവദിക്കുന്നുമില്ല.പൊതുവെ വായിക്കാന്‍ മടിച്ചിയായ എന്നെ അവളാണ് ഓരോ പുസ്തകത്തെ കുറിച്ചു പറഞ്ഞു പ്രലോഭിപ്പിച്ചു  വായിക്കാന്‍ പ്രേരിപ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ പുസ്തകം കൂടെ കൊണ്ട് പോവാന്‍ അവളോട് സമ്മതം വാങ്ങിച്ചു. പക്ഷെ അനുവദിച്ച ലഗ്ഗജ് വെയിറ്റ് 30 കിലോ കടന്ന് മുന്നോട്ടുള്ള യാത്ര അനിശ്ചിതാവസ്ഥയില്‍ ചെന്നെത്തിയപ്പോള്‍ മറ്റു സാധങ്ങള്‍ക്കൊപ്പം ആ പുസ്തകവുമൊരു വിനയായി മാറി. ഒന്നുകില്‍ പിഴ അടക്കുക. അല്ലേല്‍ എന്തേലും സാധനങ്ങള്‍ ഒഴിവാക്കുക എന്ന അവസ്ഥ എത്തിയപ്പോള്‍ ഉമ്മ തന്ന് വിട്ട ചൂട് കല്ലുമ്മക്കായും അച്ചാറും അവള്‍ തന്ന് വിട്ട പുസ്തകവും ഒഴികെ എന്ത് വേണേലും എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു പോകാം എന്ന് ഉറപ്പിച്ചിരിക്കെ കൂടെ ഉണ്ടായിരുന്ന ആളിന്റെ ഹാന്‍ഡ് ബാഗില്‍ സാധനങ്ങള്‍ തിരുകി.   

ഒടുക്കം ഒരു വിധത്തില്‍ വെയിറ്റ് അഡ്ജസ്റ്റ് ചെയ്ത് എമിഗ്രേഷന്‍ ക്ലിയര്‍ ചെയ്തു. പിറ്റേ ദിവസം യാത്ര ക്ഷീണം ഒരുവിധം അവസാനിച്ചപ്പോള്‍ വായന ആരംഭിച്ചു.

വായന തുടങ്ങുമ്പോള്‍ ആദ്യം തോന്നിയത് ഇതൊരു ഹിന്ദി പുസ്തകം മലയാളത്തില്‍ തര്‍ജ്ജുമ ചെയ്തതാകുമോ എന്നായിരുന്നു. അല്ല എന്നുറപ്പിക്കാന്‍ എഴുത്തുകാരിയുടെ പേര് ഒരിക്കല്‍ കൂടെ ഉറപ്പിച്ചു വായന തുടര്‍ന്ന്. അതിശയിപ്പിക്കുന്ന ഭാഷയും  പശ്ചാത്തലവും.

ഒരിക്കല്‍ പോലും കൊല്‍ക്കത്ത കാണാത്ത എന്നിലേക്ക് സ്ട്രാന്‍ഡ് റോഡിലെ ആരാച്ചാരുടെ ആ വീടിന് മുന്‍പിലെ അഴുക്ക് ചാലിന്റെയും ശ്മാശാനത്തിലേക്ക് ഇടയ്ക്കിടെ കടന്ന് പോകുന്ന ശവമഞ്ചങ്ങള്‍  ദഹിപ്പിക്കുന്നതിന്റെയും, സോനാഗച്ചിക്ക് സമാന്തരമായ വഴിയോര കച്ചവടക്കാരുടെ അത്തറിന്റെയും പാന്‍പരാഗിന്റെയും പൂക്കളുടെയും ഒക്കെ ഇടകലര്‍ന്ന സുഗന്ധവും ദുര്‍ഗന്ധവും  വേര്‍തിരിച്ചറിയാം വണ്ണം മീരയുടെ അക്ഷരങ്ങള്‍ എന്റെ നാസേന്ദ്രിയത്തെ പ്രാപ്തയാക്കി കഴിഞ്ഞിരുന്നു.

ഒരു ജീവനെ തൂക്കിലേറ്റാന്‍  ഇത്രയേറെ ആഹ്ലാദം കാണിക്കുന്ന  ആ കുടുംബത്തോട് ഉള്ള അമര്‍ഷം ഉള്ളിലൊതുക്കിയാണ് വായന തുടങ്ങിയത്. പരസ്പരം കലഹിക്കുന്ന ഗൃന്താ മല്ലിക്കും കൂടപ്പിറപ്പും. കുടുംബ മഹിമയെ  കുറിച്ചു വാതോരാതെ സംസാരിക്കുന്ന ഥാക്കുമാ. ചുവന്ന തെരുവില്‍  മാത്രം അച്ഛന് വിലയുണ്ടെന്ന് മകളോട് ചൊല്ലിക്കൊടുക്കുന്ന അമ്മ.. ശരീരം തളര്‍ന്ന് കിടക്കുന്ന രാമുദാ. കളിപ്പാട്ടങ്ങളാല്‍ കളിച്ചു വളരേണ്ട പ്രായത്തില്‍ കുരുക്കിട്ട് കളിക്കുന്ന കുഞ്ഞുങ്ങള്‍. അതിനിടയില്‍ നിര്‍ത്താതെ ചരിത്രം പറയുമൊരു പൊട്ടിപെണ്ണ് ചേതന. വല്ലാത്തൊരു വിരോധാഭാസം തന്നെ.

പിന്നീടുള്ള ഓരോ വരിയിലും അടക്കിപ്പിടിച്ച അമര്‍ഷം മാഞ്ഞു പോയതെങ്ങനെയാണെന്ന് അറിഞ്ഞില്ല ഞാന്‍.ആകാംക്ഷയും ആരാധനയും കൊണ്ട് പുസ്തകത്തില്‍ നിന്ന് കണ്ണുകളെ തിരിച്ചെടുക്കാന്‍ വയ്യാതെ വായനക്കാരനെയും പുസ്തകത്തെയും കൂട്ടിക്കെട്ടാനൊരു അഴിക്കാന്‍ വയ്യാത്ത ഒരു കുടുക്കിട്ട് കഴിഞ്ഞിരുന്നു എഴുത്തുകാരി. ചേതനയ്ക്കൊപ്പം എന്നിലുമൊരു ആരാച്ചാര്‍ മുളപൊട്ടുന്നത് കൊണ്ടാണോ എന്തോ യതീന്ദ്ര നാഥിന്റെ മരണം പിന്നീട് എന്റെ കൂടെ ആവശ്യം ആയി മാറിയിരുന്നു.

ചേതനയുടെ മനസ്സ് കീഴടക്കിയ സഞ്ജീവ് കുമാര്‍ മിത്രയോട് അസൂയ തോന്നിയെങ്കില്‍ പിന്നീട് അവളുടെ കൈകളില്‍ പെടുന്ന വസ്ത്ര തലപ്പോ കയറോ ആവാന്‍ കൊതിച്ചു പോയി ഞാന്‍. കാരണം അവളുടെ സൗന്ദര്യം മുഴുവന്‍ പ്രതിഫലിച്ചത് അവള്‍ ബോധത്തോടെയും അല്ലാതെയും നിര്‍മ്മിച്ച ആ  കുടുക്കുകളിലായിരുന്നു.

പാരമ്പര്യമായി ആരാച്ചാരുടെ കുലത്തൊഴില്‍ ചെയ്ത് വന്ന ഒരു കുടുംബത്തിലെ ഒരു പെണ്ണ് ആരാച്ചാര്‍ ആവുകയെന്നത് സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ യാതൊരു ഭീതിയുമില്ലാതെ അതേറ്റെടുക്കുന്ന ചേതന എന്ന ഇരുപത്തിരണ്ടുകാരി  പൊട്ടിപ്പെണ്ണ് പിന്നീടങ്ങോട്ട് ദൃഢനിശ്ചയം കൊണ്ടും പ്രായത്തേക്കാള്‍ പക്വമായ പ്രവര്‍ത്തികള്‍ കൊണ്ടും വായനക്കാരെ  അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.

മനുഷ്യന്റെ തൂക്കവും തൊണ്ടക്കുഴിയിലെ ഞരമ്പുകളെയും ഒറ്റനോട്ടത്തില്‍ അളന്ന് തിട്ടപ്പെടുത്തി അതിനനുസരിച്ച കുടുക്കിടാന്‍  ഒരു ആരാച്ചാര്‍ക്ക് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും. മനസ്സാന്നിധ്യമാണ് ആരാച്ചാര്‍ക്ക് പ്രധാനമായും വേണ്ടത്. പിന്നെ തൂക്കുമരത്തിന് ആണെന്നും പെണ്ണെന്നും ഉള്ള വ്യത്യാസമെന്തിരിക്കുന്നു. മരിക്കുന്നവന് ലിവര്‍ വലിക്കുന്നത് ആരായാലെന്താ?

ഈ ചോദ്യം മരണത്തിന്റെ അനിശ്ചിതാവസ്ഥയെ എന്റെ തൊണ്ടക്കുഴിയിലും വിഴുങ്ങാനും തുപ്പാനും വയ്യാതെ ചിന്തകളാല്‍ അലട്ടിക്കൊണ്ടിരുന്നു.

ശരിയാണ് മരണം കാത്തുകിടക്കുന്നവന് മരണത്തെ മുന്നില്‍ കണ്ട് ജീവിക്കുക എന്നതെത്ര ദുസ്സഹം ആയിരിക്കും..

ചേതനയെ ആക്രമിക്കാന്‍ വന്ന മാരുതി പ്രസാദിന് മേല്‍ അവള്‍ ചാര്‍ത്തിയ കുടുക്കും, സഞ്ജീവ് കുമാറിന് മേല്‍ ഇരുട്ടില്‍ ചാര്‍ത്തിയ കുടുക്കും ,എല്ലാത്തിനുമൊടുക്കം ഒരു പാവം പെണ്ണിനെ പിച്ചിചീന്തി കൊലപ്പെടുത്തിയ യതീന്ദ്ര നാഥിനെ കൊല്ലാന്‍ സര്‍ക്കാരിന്  വേണ്ടി അവള്‍ ഉണ്ടാക്കിയ കുടുക്കുമെല്ലാം എന്റെ ചങ്കിടിപ്പിലൂടെ കടന്ന് പോയ ആഹ്ലാദത്തിന്റെ പട്ടുനൂലിനാല്‍ തീര്‍ത്ത കുടുക്കുകളാണെന്ന് തോന്നി എനിക്ക്. 

സ്വാര്‍ത്ഥനും മോഷ്ടാവുമായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കച്ചവട തന്ത്രത്തിന് കീഴ്പ്പെട്ടുപോയ ആ കുടുംബം അതിശയിപ്പിക്കുന്ന തന്ത്രങ്ങളോടെ സ്വതന്ത്രമായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ആരാച്ചാര്‍ എന്നത് കൊലയാളികള്‍ അല്ല മറിച്ചു സര്‍ക്കാരിന്റെ ഉപകരണങ്ങള്‍ മാത്രമാണെന്നും കാട്ടിത്തരുന്നുണ്ട്. മരണത്തെ സ്വന്തം കൂടപ്പിറപ്പായി  കാണാന്‍ സമൂഹത്തെ പഠിപ്പിക്കുമൊരു  കുടുംബവും അതില്‍ ഭീതിയെന്തെന്നറിയാത്ത ഒരു പറ്റം മനുഷ്യരും മറ്റൊരത്ഭുതമാണ്.

നിരന്തരമായ ബാഹ്യ ഇടപെടലുകളാല്‍ വധശിക്ഷ മുടങ്ങിയിട്ടും  ഒടുക്കം ചേതനയിലേക്കെത്തി നിന്ന അയാളുടെ മരണത്തിനു മുന്‍പുള്ള നിമിഷങ്ങളെ അവള്‍ നേരിട്ടത്  ഏതൊരു പെണ്ണിന്റെയും രോമം എഴുന്നു നില്‍ക്കുന്ന അവസ്ഥയുണ്ടാകും.

വായന അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ വിങ്ങി നില്‍ക്കുന്നത്  അവസാനമായി അച്ഛന്‍ തൂക്കിലേറ്റിയ പ്രതിയുടെ പിതാവിനാല്‍  കൈകാലുകള്‍ വെട്ടി മാറ്റപ്പെട്ട്  വര്‍ഷങ്ങളോളം വെറും മാംസപിണ്ഡമായ്  ഞെരുങ്ങി തീര്‍ന്ന രാമുദായുടെ മായാത്ത മുഖമാണ്. അയാളുടെ ഞരക്കങ്ങള്‍ മരണത്തിന് ശേഷവും ചായക്കടയിലെ റേഡിയോ ശബ്ദങ്ങള്‍ക്ക് പിന്നില്‍ മുഴങ്ങി കേട്ടു കൊണ്ടിരുന്നു. ഇടയ്ക്കിടെ വരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ കണ്ണുകള്‍ പോലെ എന്റെ കണ്ണുകളും  കൈകാലുകള്‍ ഭേദിച്ച രാമുദായെ എന്തിനെന്നില്ലാതെ തിരയാറുണ്ടായിരുന്നു.

ഈ പുസ്തകം നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ പെണ്‍കരുത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്.

മൂത്തമകനാല്‍ ഇളയമകന്‍ വധിക്കപ്പെട്ടിട്ടും മരണത്തെ തടുക്കാന്‍ ആരെക്കൊണ്ടും സാധ്യമല്ലെന്ന് ചങ്കുറപ്പോടെ പറയുന്ന ഥാക്കുമാ എന്ന സ്ത്രീയുടെ, ഭര്‍ത്താവിന്റെ അടിച്ചമര്‍ത്തലുകളെ തരണം ചെയ്തും ആദ്യം മകന്റെ  കൈകാലുകള്‍ ഛേദിക്കുന്നത് കണ്ടുനിന്നും ഒടുക്കം ഭര്‍ത്താവിന്റെ ക്രൂരതയില്‍ ജീവനറ്റ മകന്റെ തണുത്ത ശരീരം ഏറ്റുവാങ്ങിയ മായുടെ, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് ശരീരം വില്‍ക്കേണ്ടി വരികയും ആ കാരണത്താല്‍ മരണം വരിക്കേണ്ടി വന്ന ശ്യാമളദീയുടെ, ചുവന്ന തെരുവില്‍ മകനെ വളര്‍ത്തേണ്ടി വരികയും ആ മകന്‍ അമ്മയെ മനസ്സില്‍ നിന്നും എന്നേ കൊന്നിരുന്നുവെന്നും  തിരിച്ചറിയേണ്ടി വന്ന സഞ്ജീവ് കുമാറിന്റെ  അമ്മയുടെ, നിരപരാധിയായ മകനെ നിയമകൂടം തൂക്കിലേറ്റിയതിന്റെ പേരില്‍ പട്ടിണിയിലായ പൊതിമാദ്രി എന്ന സ്ത്രീയുടെ, വര്‍ഷങ്ങളായി തൂക്കുമരം കാത്തു കിടക്കുന്ന യതീന്ദ്രനാഥിന്റെ ഭാര്യയുടെ, ചേതനയുടെ ചരിത്രങ്ങളിലെ ഒരുപറ്റം വീര സ്ത്രീ കഥാപാത്രങ്ങളുടെ, പിന്നെ ദൃഢനിശ്ചയത്തിന്റെ യും സ്വതന്ത്ര വ്യക്തിത്വത്തിന്റെയും പ്രതീകമായ പെണ്‍ ആരാച്ചാര്‍ ചേതനയുടെ, എല്ലാത്തിനുമൊടുക്കം സാങ്കല്പികമായ ലോകത്തു നിന്ന് ഇത്രയേറെ ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവരെ ചരിത്രങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ത്ത്  അക്ഷരങ്ങളാല്‍ മനോഹരമാക്കിയ കെ.ആര്‍ മീരയുടെയും.