Asianet News MalayalamAsianet News Malayalam

മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍

  • ഐക്യസംഘത്തിന്റെ സ്ഥാപക നേതാവ്, മുസ്ലിം ലീഗും മുജാഹിദ് സംഘടനയും ഉള്‍പ്പെടെയുള്ള മതാത്മക സാമുദായിക സംഘടനകളുടെ ഭാഗമാകാതെ പോയത് എന്തുകൊണ്ട്? 
  • മുജീബ് റഹ്മാന്‍ കിനാലൂര്‍ എഴുതുന്നു
My Book Mujeeb Rahman Kinalur Manappad Kunjumuhammad haji

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

My Book Mujeeb Rahman Kinalur Manappad Kunjumuhammad haji

1922 ഏപ്രില്‍ 24 ന് രൂപം കൊണ്ട 'മുസ്ലിം ഐക്യസംഘം' കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏടാണ്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി, എന്നിവരടക്കം പ്രമുഖര്‍ പങ്കാളികളായ ആ കൂട്ടായ്മയ്ക്ക് മുന്‍കൈ എടുത്ത മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ജീവിതം അസാധാരണതകള്‍ നിറഞ്ഞതായിരുന്നു. സമുദായ നവോത്ഥാനത്തില്‍നിന്നും തുടങ്ങി അതിനപ്പുറത്തേക്ക് സഞ്ചരിച്ച അദ്ദേഹം ഒരു ഘട്ടത്തില്‍ ഐക്യസംഘം പിരിച്ചുവിട്ടു. അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ച ബാങ്ക് അന്ന് സമുദായത്തിനകത്ത് ഏറെ വിവാദമായിരുന്നു. പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ മുന്നണിയില്‍നിന്നു അദ്ദേഹം. 1925 ല്‍ എറിയാട് വില്ലേജില്‍ സ്ഥാപിച്ച 'കേരള വര്‍മ ഹയര്‍ സെക്കന്ററി സ്‌കൂള്‍'മുസ്ലിം/ മാപ്പിള സ്‌കൂള്‍ ആക്കുന്നതിനു പകരം പൊതു വിദ്യാലയമായി വളര്‍ത്തുകയായിരുന്നു അദ്ദേഹം. തന്റെ എസ്‌റ്റേറ്റില്‍ നിന്നാണ് എന്‍ എസ് എസ് ആസ്ഥാനത്തിനും എസ് എന്‍ഡി പിക്കും 25 ഏക്കര്‍ വീതം സംഭാവനയായി നല്‍കിയത്. ഫാറൂഖ് കോളജിന് മുണ്ടാര്‍ എസ്റ്റേറ്റില്‍ നിന്ന് 1948 ലാണ് 112 ഏക്കര്‍ ഭൂമി മണപ്പാടന്‍ നല്‍കിയത്. കൊല്ലം എസ്.എന്‍ കോളജ്, ചങ്ങനാശേരി എന്‍ എസ് എസ്, കാലടി ശ്രീശങ്കര കോളജുകള്‍ക്ക് 25 ഏക്കര്‍ വീതവും അദ്ദേഹം ദാനം നല്‍കി. വിദ്യാഭ്യാസം മതജാതിഭേദങ്ങള്‍ക്കതീതമായി സാര്‍വ്വത്രികമാകണം എന്ന ഉദാത്ത വീക്ഷണത്തിന്റെ ഫലമാണ് ഭൂദാനം. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ ഹാജി ശക്തമായി പ്രതിഷേധിച്ചിരുന്നു. മാടവന മുഹ്യുദ്ദീന്‍ പള്ളിയില്‍ ജുമുഅ ഖുതുബ മലയാളത്തിലാക്കി മാറ്റുകയും അതില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടാക്കുകയും ചെയ്തു. കൊച്ചി നിയമസഭയിലേക്ക് 1924 ല്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ മുസ്ലിം നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി സാമാജികനായി. 1925 ജൂലൈ 29 ന് നടന്ന പ്രഥമ ബജറ്റ് സമ്മേളനത്തില്‍ മുസ്ലിം സംവരണ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചുവന്നതെങ്കിലും തന്റെ യഥാര്‍ഥ മണ്ഡലം എല്ലാ മനുഷ്യരുടേതുമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  1933 ല്‍ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി  രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട് ജയില്‍വാസം.  ഭക്ഷണം (1951), ക്ഷേമഗ്രാമം (1954), മനുഷ്യന്‍ (1956) എന്നിവയും ഒട്ടേറെ ലഘു കൃതികളും രചിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് അദ്ദേഹം മുന്നോട്ടുവെച്ച സമുദായാതീതമായ മാനവിക ബോധമായിരുന്നു ആ പുസ്തകങ്ങളുടെ നിലപാടുതറ. 

കേരളം മറന്ന ആ നവോത്ഥാന നായകന്റെ ജീവിതമാണ്  'കേരളീയ നവോത്ഥാനവും മണപ്പാടനും' എന്ന പുസ്തകം. കാതിയാളം അബൂബര്‍ രചിച്ച ഈ പുസ്തകമാണ്, 'എന്റെ പുസ്തകം' പരമ്പരയില്‍ ഇത്തവണ. മുജീബ് റഹ്മാന്‍ കിനാലൂര്‍ ആ പുസ്തകത്തെക്കുറിച്ചും അസാധാരണമായ ആ ജീവിതത്തെക്കുറിച്ചും എഴുതുന്നു.

My Book Mujeeb Rahman Kinalur Manappad Kunjumuhammad haji
ചരിത്ര കൃതികള്‍ വായിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ അമ്പരപ്പ് തോന്നാറുള്ളത്. കല്‍പ്പനകളെ അതിജയിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് കാട്ടുന്ന ചരിത്ര കൃതികള്‍ക്ക് മുന്നില്‍ അന്ധാളിച്ച് പോകും. മഹാന്മാരുടെ ജീവ ചരിത്രങ്ങള്‍ വായിക്കുമ്പോഴാണ്  അമ്പരപ്പ് അധികവും. ഈ അമ്പരപ്പ് മുന്നില്‍ കണ്ട് കൊണ്ട് തന്നെയാവണം, 'ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വരും കാലം വിശ്വസിക്കില്ല' എന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതം നോക്കി ഐന്‍സ്റ്റീന്‍ പറഞ്ഞത്. ഗാന്ധിജിയുടെ ആശയങ്ങളും ജീവിത പരീക്ഷണങ്ങളും പുതുതലമുറക്ക് വിശ്വസിക്കാന്‍ സാധിക്കില്ലല്ലോ.

ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ നമ്മില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതും ചരിത്ര കൃതികളിലൂടെ കടന്ന് പോകുമ്പോഴാണ്. പില്‍ക്കാലത്ത് അവകാശികളായി എത്തുന്നവര്‍ തങ്ങളെ വിഗ്രഹവല്‍ക്കരിച്ച് മാപ്പുസാക്ഷികളാക്കുമെന്ന് മുന്‍കൂട്ടിക്കാണാന്‍ പ്രവാചക ദൃഷ്ടിയുള്ള ചരിത്ര പുരുഷന്മാര്‍ക്ക് കഴിഞ്ഞിരിക്കണം. എസ് എന്‍ ഡി പി യുമായി മേലില്‍ തനിക്ക് ഒരു ബന്ധവുമുണ്ടായിരിക്കില്ലെന്ന് ശ്രീ നാരായണ ഗുരു ജീവിച്ചിരിക്കുമ്പോള്‍ തന്നെ പറഞ്ഞ് വെച്ചത് ആ ദീര്‍ഘ വീക്ഷണം കൊണ്ടായിരുന്നു. അദ്ദേഹം ഭയപ്പെട്ടത് പിന്നീട് സംഭവിക്കുകയും ചെയ്തതിന് ചരിത്രവും വര്‍ത്തമാന അനുഭവങ്ങളും സാക്ഷി!. ഗുരു ഉണ്ടാക്കിയ സംഘടന ഒരു ജാതി സംഘടനയായിരുന്നില്ല; മറിച്ച് ജാതിക്കെതിരിലുള്ള മാനവിക പ്രസ്ഥാനമായിരുന്നു. അത് തിരിച്ചറിയാനുള്ള വകതിരിവ് അദ്ദേഹത്തിന്റെ സമുദായത്തിനു നഷ്ടപ്പെട്ടു പോയി. ഇത് നാരായണ ഗുരുവിന്റെ മാത്രം ഒരു സ്വകാര്യ സങ്കടമല്ല. നവോത്ഥാന നായകരില്‍ അധിക പേര്‍ക്കും ചരിത്രത്തില്‍ സംഭവിച്ചത് അത് തന്നെയാണ്. 

നാരായണഗുരുവിനെ വിഗ്രഹമാക്കി ചില്ലു കൂട്ടില്‍ അടച്ചതു പോലെ ചരിത്രത്തിന്റെ ചില്ലുകൂട്ടില്‍ അടയ്ക്കപ്പെട്ട ഒരു മഹാനാണ് മണപ്പാട് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാനായ നവോത്ഥാന ശില്‍പ്പി. കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അനിഷേധ്യമായ നാഴികക്കല്ലായി ഗണിക്കപ്പെടുന്ന 'ഐക്യസംഘ'ത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയും തന്റെ പ്രസ്ഥാനം ഉപേക്ഷിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. മണപ്പാടന്‍ സ്വപ്നം കണ്ട 'ഐക്യസംഘം' മഹത്തായ ഒരു മാനവിക പ്രസ്ഥാനമായിരുന്നു, പരിഷ്‌കരണ പ്രസ്ഥാനമായിരുന്നു.  ഒരു സാമുദായിക സംഘടന ആയിരുന്നില്ല. എന്നാല്‍ ഐക്യസംഘം ഒരു സമുദായ സംഘമായി ശോഷിക്കുകയും അതിന്റെ ചര്‍ച്ചകള്‍ സാമുഹികോന്മുഖമല്ലാതാവുകയും ചെയ്ത ഒരു ഘട്ടത്തില്‍ ഹാജി, സംഘം പിരിച്ചു വിടുകയും സ്വന്തമായ ഒരു വഴി വെട്ടി അതിലെ യാത്ര തുടരുകയുമായിരുന്നു. 

'ഐക്യസംഘം' സ്ഥാപക നേതാവായ മണപ്പാടനെ കുറിച്ച് ചെറുപ്പം മുതല്‍ ധാരാളം വായിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഐക്യസംഘം (1922-1934) പിരിച്ച് വിട്ട ശേഷം മണപ്പാടന്‍ എങ്ങനെയാണ് ജീവിച്ചത്, ഐക്യസംഘത്തിന്റെ തുടര്‍ച്ചയായി പറയുന്ന കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മുസ്ലിം പണ്ഡിത സഭയിലും അത് നടത്തിയ പ്രവര്‍ത്തങ്ങളിലും അദ്ദേഹം സജീവമാകാതിരുന്നത് എന്ത് കൊണ്ട് എന്ന അന്വേഷണത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു പുസ്തകവും കണ്ടിരുന്നില്ല. കാതിയാളം അബൂബര്‍ രചിച്ച 'കേരളീയ നവോത്ഥാനവും മണപ്പാടനും' എന്ന പുസ്തമാണ് ആ വഴിക്കുള്ള ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരമായി മാറിയത്.1934 ല്‍ ഐക്യസംഘം പിരിച്ച് വിടും മുമ്പ് തന്നെ മണപ്പാടന്‍ തന്റെ പ്രവര്‍ത്തന രംഗം കര്‍ഷക പ്രസ്ഥാനത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലവും രചിച്ച പുസ്തകങ്ങളുമെല്ലാം നല്‍കുന്ന സൂചന, അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പിന്നീട് വലിയ തോതില്‍ മാറ്റം വന്നിരുന്നു എന്നാണു. ഐക്യസംഘം പിരിച്ച് വിടാന്‍ ഇടയാക്കിയ തര്‍ക്കങ്ങളും അദ്ദേഹത്തിന്റെ മാറ്റത്തിനു കാരണമായിരിക്കാം.

ചരിത്രത്തിന്റെ ചില്ലുകൂട്ടില്‍ അടയ്ക്കപ്പെട്ട ഒരു മഹാനാണ് മണപ്പാട് കുഞ്ഞഹമ്മദ് ഹാജി

ആരാണ് മണപ്പാടന്‍?
കൊടുങ്ങല്ലൂരിലെ പുരാതനവും പ്രസിദ്ധവുമായ തറവാടുകളില്‍ ഒന്നായ പടിയത്ത് മണപ്പാട് കുടുംബത്തില്‍ 1890 മാര്‍ച്ച് 31 നാണ് കുഞ്ഞിമുഹമ്മദ് ജനിച്ചത്. പിതാവ് ഐദ്രോസ് ഹാജിയും മാതാവ് കറുകപ്പാടത്ത് അണ്ണാന്‍ ചാലില്‍ കൊച്ചാമിനുമ്മയും. കേരളത്തിന്റെ വീരപുത്രനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ തറവാടു കൂടിയാണ് കറുകപ്പാടം. കൊടുങ്ങല്ലൂരില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് അക്കാലത്ത് ദക്ഷിണേന്ത്യയിലെ മക്ക എന്നു വിശേഷിപ്പിക്കപ്പെട്ട പൊന്നാനിയില്‍ ഉപരിപഠനം നടത്തി ആഴത്തിലുള്ള വിജ്ഞാനം നേടിയതോടൊപ്പം അറബി, ഉര്‍ദു, മലയാളം, ഭാഷകളില്‍ വ്യുല്‍പ്പത്തി നേടി. വായനയുടെയും തെളിഞ്ഞ വിജ്ഞാനത്തിന്റെയും ശോഭ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുടനീളം ദൃശ്യമാണ്.

അക്കാലത്ത് കൊടുങ്ങല്ലൂരിലെ സമ്പന്ന കുടുംബങ്ങള്‍ പരസ്പരം കുടിപ്പകയിലും കക്ഷിവഴക്കുകളിലും അഭിരമിച്ചിരുന്നു. ഈ സ്ഥിതി കുഞ്ഞിമുഹമ്മദിനെ ഏറെ വേദനിപ്പിച്ചു. ഐക്യവും സമാധാനവുമില്ലാതെ ഒരു പരിഷ്‌ക്കരണവും സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, കക്ഷിത്വം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'നിഷ്പക്ഷ സംഘ'ത്തിനു രൂപം നല്‍കി. 1922 ജനുവരിയില്‍, ശൈഖ് ഹമദാനി തങ്ങള്‍ എന്ന ഉല്‍പ്പതിഷ്ണുവായ പണ്ഡിതന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയുമായാണ് 'നിഷ്പക്ഷ സംഘം' നിലവില്‍ വന്നത്. 'നിഷ്പക്ഷ സംഘ'ത്തിന്റെ വിവേക പൂര്‍ണമായ നീക്കങ്ങളിലൂടെ കേവലം മൂന്നു മാസങ്ങള്‍ കൊണ്ടുതന്നെ അതിന്റെ പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കാനായി. എന്നാല്‍ കക്ഷിത്വം അവസാനിപ്പിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മറിച്ച് സമഗ്ര മാനങ്ങളുള്ള സാമൂഹിക പരിഷ്‌കരണം ആയിരുന്നു.

വായനയുടെയും തെളിഞ്ഞ വിജ്ഞാനത്തിന്റെയും ശോഭ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുടനീളം ദൃശ്യമാണ്.

മുസ്ലിം ഐക്യസംഘം
1922 ഏപ്രില്‍ 24 ന് എറിയാട് ചന്ത മൈതാനിയില്‍ വിപുലമായ ഒരു യോഗം നടന്നു. നിഷ്പക്ഷ സംഘം എന്ന പ്രാദേശിക സംഘത്തെ വിപുലീകരിക്കുകയായിരുന്നു ലക്ഷ്യം. അതോടെ നിഷ്പക്ഷ സംഘം 'മുസ്ലിം ഐക്യസംഘം' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, പുത്തന്‍ വീട്ടില്‍ കെ എം കുഞ്ഞഹമ്മദ് സാഹിബ്, കെ എം മൗലവി, ഇ കെ മൗലവി, ടി കെ മുഹമ്മദ് മൗലവി, ഇ മൊയ്തു മൗലവി, അറബി ഷംനാട് (കാസര്‍ഗോഡ്) കെ എം സീതി സാഹിബ് എന്നിവര്‍ പ്രധാന പ്രവര്‍ത്തകരായിരുന്നു. ഐക്യസംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇവയാണ്: 'സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കുക, ആധുനിക ജീവിതത്തിനൊത്തവണ്ണം സമൂഹത്തെ വാര്‍ത്തെടുക്കുക, പെണ്‍കുട്ടികളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അയയ്ക്കുക, സാമൂഹ്യ ജീവിതത്തിന്റെ പൊതുധാരയില്‍ ചേര്‍ന്നു നില്ക്കാന്‍ സമുദായത്തെ സജ്ജമാക്കുക, നന്മ കല്പിക്കുക, തിന്മ വിരോധിക്കുക''(പേജ് 79).

1923 സപ്തംബറില്‍ ഐക്യ സംഘത്തിന്റെ പ്രഥമ വാര്‍ഷികം എറിയാട് നടന്നു. വക്കം മൗലവി എന്നറിയപ്പെടുന്ന വക്കം മുഹമ്മദ് അബ്ദുുല്‍ ഖാദര്‍ മൗലവി ആയിരുന്നു അധ്യക്ഷന്‍. ആ യോഗത്തില്‍ വക്കം മൗലവി നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍, ഐക്യസംഘത്തിന്റെ നവോത്ഥാന നിലപാടിന്റെ വിളംബരമുണ്ട്. 'ഇന്നലെകളുടെ കഥകള്‍ ഉരുവിട്ട് ആവേശം കൊള്ളുന്നതുകൊണ്ടുമാത്രം കാര്യമില്ല. അര്‍ഥഗര്‍ഭമായ ചരിത്രത്തിന്റെ ഭാഗമാകുക എന്നതാണ് അടിയന്തരാവശ്യം. അതിനു നാം തയ്യാറാണോ? തയ്യാറാണെങ്കില്‍ ഒരിളക്കി പ്രതിഷ്ഠ അനിവാര്യം. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും തീണ്ടാപ്പാട് അകന്ന് നിന്നേ മതിയാകൂ. ഇന്നലെ ചെയ്ത ഒരബദ്ധം ഇന്നത്തെ ആചാരമായിക്കൂടാ. ഇന്നലെകളില്‍ നിന്ന് നന്മ തിന്മകള്‍ വേര്‍തിരിച്ചെടുക്കുക. നന്മയുടെ അവകാശികളാകുക നാം.'' (വക്കം മൗലവി-ഹാജി  എം മുഹമ്മദ് കണ്ണ്). ഐക്യസംഘത്തിന്റെ സത്യവാങ്മൂലമായി വിശേഷിപ്പിക്കാവുന്നതാണ് വക്കം മൗലവിയുടെ വാക്കുകള്‍. 

ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷികം 1924 ലും മൂന്നാം വാര്‍ഷികം 1925 ല്‍ കോഴിക്കോട്ടും നാലാം വാര്‍ഷികം 1926 ല്‍ തലശ്ശേരിയിലും അഞ്ചാം വാര്‍ഷികം 1927 ല്‍ കണ്ണൂരും ആറാം വാര്‍ഷികം 1928 ല്‍ തിരൂരും നടന്നു. ഏഴാം വാര്‍ഷികം 1929 ല്‍ എറണാകുളം, എട്ടാം വാര്‍ഷികം തിരുവനന്തപുരം (1930), ഒമ്പതാം വാര്‍ഷികം (1931) മലപ്പുറം, പത്താം വാര്‍ഷികം കാസര്‍ഗോഡ് (1932) എന്നിവിടങ്ങളില്‍ നടന്നു. ഐക്യസംഘത്തിന്റെ ജന്മനാടായ എറിയാടുവെച്ചു തന്നെയാണ് പതിനൊന്നാം വാര്‍ഷികം സമ്മേളിച്ചത് (1933). അതിനോടനുബന്ധിച്ച് വിപുലമായ ഒരു കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഐക്യസംഘത്തിന്റെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ വാര്‍ഷിക സമ്മേളനം കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തില്‍ 1934-ലാണ് നടന്നത്. ചേരികള്‍ ഇല്ലാതാക്കാന്‍ രൂപീകരിച്ച 'ഐക്യ സംഘം', 'കേരള മുസ്ലിം മജ്ലിസ്' എന്ന പേരില്‍ സമാന ലക്ഷ്യത്തോടെ മറ്റൊരു സംഘടന രൂപീകരിച്ച സാഹചര്യത്തിലാണ് പ്രവര്‍ത്തനം മതിയാക്കിയത്. എന്നാല്‍ സാമൂഹിക പരിഷ്‌കരണ അജണ്ടകള്‍ പതുക്കെ നിഷ്പ്രഭമാകുകയും മതപരമായ വിഷയങ്ങളിലെ തര്‍ക്കങ്ങള്‍ മുഖ്യ കാര്യപരിപാടിയാവുകയും ചെയ്തത് ഐക്യസംഘത്തിന്റെ പ്രസക്തി ചോര്‍ത്തിയതായി മണപ്പാടന്‍ കരുതിയിരുന്നു. 

അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ച ബാങ്ക് ഏറെ വിവാദത്തിനു കാരണമായത് അതിനെ ബലപ്പെടുത്തുകയും ചെയ്തു. ഐക്യസംഘത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചതാണ് വിവാദ പശ്ചാത്തലം. ബാങ്ക് വിവാദമായ സന്ദര്‍ഭത്തില്‍ ബാങ്കിംഗിനെയും ഖുര്‍ആന്‍ നിഷിദ്ധമാക്കിയ പലിശയെയും ഗവേഷണാത്മകമായി വിശകലനം ചെയ്തുകൊണ്ട് കെ എം മൗലവി ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. 

മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയും കെ എം സീതി സാഹിബുമായിരുന്നു ബാങ്ക് സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഏറെ ശ്രദ്ധേയമായ ഒരു കാര്യം, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ആയിരുന്നു ബാങ്കിനെ എതിര്‍ത്തവരില്‍ പ്രമുഖന്‍ എന്നതാണ്! സാഹിബ്, അല്‍ അമീന്‍ പത്രത്തില്‍ ബാങ്ക് സ്ഥാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ പ്രസംഗങ്ങളും ലേഖനങ്ങളുമെഴുതി. വിവാദത്തിന്റെ ഒടുവില്‍, ബാങ്ക് നിര്‍ത്തിവെക്കുകയായിരുന്നു. 

മുസ്ലിം/ മാപ്പിള സ്‌കൂള്‍ ആക്കുന്നതിനു പകരം ഒരു പൊതു വിദ്യാലയമായി അതിനെ വളര്‍ത്തുകയായിരുന്നു

പൊതു വിദ്യാലയങ്ങള്‍
വ്യത്യസ്ഥ മത ജാതി വിഭാഗങ്ങള്‍ ഒന്നിച്ചിരുന്ന് പഠിക്കുമ്പോള്‍ അത് ബഹുസ്വരമായ ഒരു പൊതുമണ്ഡല രൂപീകരണത്തിനു നിമിത്തമാകും. കേരളത്തില്‍ മെച്ചപ്പെട്ട ഒരു പൊതുമണ്ഡലം രൂപപ്പെടുത്തിയത് പ്രധാനമായും പൊതുവിദ്യാലയങ്ങള്‍ തന്നെയാണ്. ഈ ആശയത്തിന്റെ ബീജാവാപം നല്‍കിയ മലയാളികളില്‍ പ്രമുഖനായ ഒരാള്‍ മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. 

മലബാറില്‍ ബ്രിട്ടീഷ് ഭരണകൂടം മുസ്ലിംകള്‍ക്കെതിരെ സ്വീകരിച്ച കഠിനമായ വിരോധവും ബ്രിട്ടീഷ് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള വിദ്യാലയങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതിനു കാരണമായിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് വിരോധം ഏറ്റവും ശക്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ, അത് സമുദായത്തിന്റെ വിജ്ഞാന പുരോഗതിക്ക് തടസ്സമായിക്കൂടെന്ന് മണപ്പാടന്‍ ഉള്‍പ്പെടെ ഐക്യസംഘ നേതാക്കള്‍ ദൃഢമായി വിശ്വസിച്ചു. മണപ്പാടന്റെ നേതൃത്വത്തില്‍ ഐക്യസംഘത്തിന്റെ ശ്രമഫലമായി 1947-ല്‍ എലിമെന്ററി മാപ്പിളസ്‌കൂളുകള്‍ മലബാറില്‍ സ്ഥാപിക്കപ്പെട്ടതായി 1931 ലെ സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  ആദ്യമായി മലപ്പുറത്ത് ഒരു ഹൈസ്‌ക്കൂള്‍ തുടങ്ങാനായതും ഐക്യസംഘം നേതാക്കളുടെ നിരന്തരമായ ശ്രമഫലമായാണ്. 

മതപഠനം കൂടി ഉള്‍പ്പെടുത്തി പൊതു വിദ്യാലയത്തിലേക്ക് സമുദായത്തെ ആകര്‍ഷിക്കുന്ന തന്ത്രമാണ് അവര്‍ പ്രയോഗിച്ചത്. മലപ്പുറം സ്‌കൂളിന്റെ ഉദ്ഘാടനം 1936 ജൂണില്‍ നടന്നത് ഒരുത്സവ പ്രതീതിയോടെയായിരുന്നു. കണ്ണൂര്‍ അറക്കല്‍ അബ്ദുറഹ്മാന്‍ അലി രാജ, ഖാന്‍ ബഹദൂര്‍ ഷംനാട്, കെ എം സീതി സാഹിബ്, മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവരെല്ലാം ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തന്റെ മക്കളായ പി കെ അബ്ദുല്‍ ഖാദര്‍, പി കെ മുഹമ്മദ് ഹൈദ്രോസ്, പി കെ മുഹമ്മദ് സഈദ് എന്നിവരെയും മറ്റു ബന്ധുക്കളെയും സുഹൃത്തുക്കളുടെ മക്കളെയും മലപ്പുറം സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ച മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, പൊതു വിദ്യാലയത്തോടുള്ള തന്റെ പ്രതിബദ്ധത പ്രകടമാക്കി.

എറിയാട് വില്ലേജില്‍ 'കേരള വര്‍മ ഹയര്‍ സെക്കന്ററി സ്‌കൂള്‍' 1925 ല്‍ മണപ്പാടന്‍ സ്ഥാപിച്ചതാണ്. തന്റെ ദേശീയ വീക്ഷണവും മതേതര കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ച്, മുസ്ലിം/ മാപ്പിള സ്‌കൂള്‍ ആക്കുന്നതിനു പകരം ഒരു പൊതു വിദ്യാലയമായി അതിനെ വളര്‍ത്തുകയായിരുന്നു അദ്ദേഹം. പ്രസ്തുത സ്‌കൂളില്‍, അക്കാലത്ത് ഏറെ അടിച്ചമര്‍ത്തപ്പെട്ട ഈഴവരുടെയും ഹരിജനങ്ങളുടെയും മക്കള്‍ക്ക് പ്രത്യേക പരിഗണന നല്കുകയും തന്റെ പണിക്കാരുടെ മക്കളെ നിര്‍ബന്ധിച്ച് സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. സ്വന്തം ഉത്തരവാദിത്തത്തില്‍ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഉച്ചഭക്ഷണവും ദളിതര്‍ക്കും സാധുക്കള്‍ക്കും പാഠപുസ്തകവും വസ്ത്രവും ഏര്‍പ്പെടുത്തി കുഞ്ഞിമുഹമ്മദ് സാഹിബ് കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ചു. ഐക്യസംഘത്തിന്റെ പ്രേരണയുടെ ഫലമായി 1924 ല്‍ കൊടുങ്ങല്ലൂരില്‍ ശിശുവിദ്യാപോഷിണി എന്ന പേരില്‍ പനപ്പറമ്പില്‍ കുഞ്ഞിപ്പോക്കര്‍ കുട്ടി സാഹിബും ഒരു സ്‌കൂള്‍ ആരംഭിച്ചിരുന്നു. ഇതിനും മുമ്പ് 1909 ല്‍ നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദാണ് ആദ്യമായി കൊടുങ്ങല്ലൂരില്‍ ഒരു പൊതു വിദ്യാലയം ആരംഭിച്ചത്. അത് പിന്നീട് സര്‍ക്കാറിന് കൊടുത്തു. ഐക്യസംഘത്തിന്റെ നേതൃത്വത്തില്‍ 1928-ല്‍ എറിയാടും ഒരു വിദ്യാലയം തുടങ്ങി. മണപ്പാടന്‍ ആയിരുന്നു പ്രഥമ മാനേജര്‍. ആ സ്ഥാപനത്തിന്റെ പേര്, ഐക്യസംഘത്തിന്റെ സ്മരണ ഉണര്‍ത്തിക്കൊണ്ടുള്ളതാണ് അല്‍മദ്റസത്തുല്‍ ഇത്തിഹാദ് (എ എം ഐ യു പി സ്‌കൂള്‍). കെ എം സീതി സാഹിബും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും പഠിച്ചത്, സീതി മുഹമ്മദ് സ്ഥാപിച്ച  പൊതു വിദ്യാലയത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ അധീനതയിലുണ്ടായിരുന്ന മുണ്ടാര്‍ എസ്‌റ്റേറ്റില്‍ നിന്നാണ് എന്‍ എസ് എസ് ആസ്ഥാനത്തിനും എസ് എന്‍ഡി പിക്കും 25 ഏക്കര്‍ വീതം സംഭാവനയായി നല്‍കിയത്. എറിയാട് വില്ലേജോഫിസ്, എറിയാട് കേരളവര്‍മ സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ എന്‍ ഇ എസ് ബ്ളോക്ക്, ചേരമാന്‍ മാലിക് മന്‍സില്‍ ഓര്‍ഫനേജ് തുടങ്ങി കൊടുങ്ങല്ലൂര്‍ മേഖലയില്‍ ഇന്നും നിലവിലുള്ള സ്ഥാപനങ്ങള്‍ക്കും മണപ്പാടന്‍ ഭൂമി നല്‍കിയിരുന്നു. ഫാറൂഖ് കോളജിന് മുണ്ടാര്‍ എസ്റ്റേറ്റില്‍ നിന്ന് 1948 ലാണ് 112 ഏക്കര്‍ ഭൂമി മണപ്പാടന്‍ നല്‍കിയത്. കൊല്ലം എസ്.എന്‍ കോളജ്, ചങ്ങനാശേരി എന്‍ എസ് എസ്, കാലടി ശ്രീശങ്കര കോളജുകള്‍ക്ക് 25 ഏക്കര്‍ വീതവും അദ്ദേഹം ദാനം നല്‍കി. വിദ്യാഭ്യാസം മതജാതിഭേദങ്ങള്‍ക്കതീതമായി സാര്‍വ്വത്രികമാകണം എന്ന ഉദാത്ത വീക്ഷണത്തിന്റെ ഫലമാണ് ഭൂദാനം. 

തന്റെ മൂത്തമകളുടെ കാതു കുത്താതെ അദ്ദേഹം മാതൃക കാട്ടുകയും ചെയ്തു.

സ്ത്രീ സമുദ്ധാരണം​
സ്ത്രീകളുടെ സമുദ്ധാരണം വലിയ ദൗത്യമായി മണപ്പാടന്‍ കരുതി. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി ശക്തമായി പ്രതിഷേധിച്ചിരുന്നു. തന്റെ പിതാമഹന്‍ സ്ഥാപിച്ച മാടവന മുഹ്യുദ്ദീന്‍ പള്ളിയില്‍ ജുമുഅ ഖുതുബ മലയാളത്തിലാക്കി മാറ്റുകയും അതില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടാക്കുകയും ചെയ്തു. 

കൊടുങ്ങല്ലൂര്‍ പ്രദേശത്തെ പെണ്‍കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാന്‍ മണപ്പാടനും ഐക്യസംഘവും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്, സംസ്ഥാനത്തു തന്നെ സ്ത്രീ വിദ്യാഭ്യാസത്തിലും സ്ത്രീ ഉണര്‍വിലും ഏറെ മുന്നിലെത്താന്‍ ആ പ്രദേശത്തിനു സാധിച്ചത്. കാച്ചിത്തുണിയും തട്ടവും അണിഞ്ഞ് വീട്ടില്‍ ഒതുങ്ങിക്കൂടിയ സ്ത്രീ സമൂഹത്തെ, വിദ്യാഭ്യാസത്തിലൂടെ തൊഴിലിലേക്കും പൊതുരംഗത്തേക്കും കടന്നുവരാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സാരിയുടുത്തു തുടങ്ങിയപ്പോള്‍ 'ചെട്ടിച്ചി' എന്നു പരിഹസിച്ച് സമൂഹം ബഹിഷ്‌ക്കരിച്ചു എന്നു പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പോലുമാകില്ല! മൂത്തമകള്‍ കൊച്ചാമിയുടെ വിവാഹത്തിന്, അവളെ സാരി ഉടുപ്പിക്കാന്‍ പ്രത്യേകം ആളെ തന്നെ ഏര്‍പ്പാടാക്കിയത്രെ! സ്ത്രീകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന കാതുകുത്ത് കല്യാണം, തെരണ്ടു കല്യാണം തുടങ്ങിയ അനാചാരങ്ങളെയും മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി എതിര്‍ത്തു. തന്റെ മൂത്തമകളുടെ കാതു കുത്താതെ അദ്ദേഹം മാതൃക കാട്ടുകയും ചെയ്തു.

ആ കേസില്‍, മണപ്പാടന്‍ അറസ്റ്റു ചെയ്യപ്പെട്ടു. രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടു.

സാമാജികന്‍, പരിഷ്‌ക്കര്‍ത്താവ്
കൊച്ചി നിയമസഭയിലേക്ക് 1924 ല്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ മുസ്ലിം നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി സാമാജികനായി. ഐക്യസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കേ തന്നെയായിരുന്നു സ്ഥാനാര്‍ഥിത്വവും സാമാജിക പ്രവര്‍ത്തനങ്ങളുമെല്ലാം. 1925 ജൂലൈ 29 ന് നടന്ന പ്രഥമ ബജറ്റ് സമ്മേളനത്തില്‍ മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി ചെയ്ത പ്രസംഗം, ചരിത്ര പ്രസിദ്ധമാണ്. മുസ്ലിം സംവരണ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചുവന്നതെങ്കിലും തന്റെ യഥാര്‍ഥ മണ്ഡലം എല്ലാ മനുഷ്യരുടേതുമാണെന്ന് പ്രഖ്യാപിക്കുന്നതായി ആ പ്രസംഗം. 

കൊടുങ്ങല്ലൂരിന് ബജറ്റ് വിഹിതം നിഷേധിക്കുന്നതും പട്ടിണിപ്പാവങ്ങളായ ഉദ്യോഗസ്ഥരുടെ വേതനവ്യവസ്ഥ പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയും വിദ്യാഭ്യാസത്തിന് ബജറ്റില്‍ നല്കേണ്ട പ്രാധാന്യവും കാര്‍ഷിക മേഖലയില്‍ ആവശ്യമായ പരിഷ്‌ക്കരണ നടപടികളുമൊക്കെയാണ് ആ പ്രസംഗത്തില്‍ മുഴച്ചു നില്ക്കുന്നത്. അതോടൊപ്പം മദ്യവില്പനയിലൂടെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. വെള്ളിയാഴ്ചകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജുമുഅയില്‍ പങ്കെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന നിര്‍ദേശം നിയമസഭയില്‍ അവതരിപ്പിച്ചത് കുഞ്ഞിമുഹമ്മദ് ഹാജിയാണ്. 

തന്റെ കാലാവധി തീര്‍ന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍, എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും മത്സരത്തില്‍ നിന്ന് പിന്മാറിയ അദ്ദേഹം പില്‍ക്കാലത്ത് കേരളത്തിന്റെ രാഷ്ട്രീയ നഭസ്സില്‍ പ്രോജ്വല താരമായി മാറിയ കെ എം സീതി സാഹിബിനെ മത്സരിപ്പിക്കുകയായിരുന്നു. അങ്ങനെ 1927 ല്‍ കൊച്ചി നിയമസഭയില്‍ കെ എം സീതി സാഹിബ് അംഗമായി.

കുഞ്ഞിമുഹമ്മദ് ഹാജി നാട്ടിലെ പ്രമാണിയും ഭൂവുടമയും സമ്പന്നനുമൊക്കെയായിരുന്നുവെങ്കിലും അദ്ദേഹം ദരിദ്രരും കൃഷിക്കാരുമായ കീഴാളരുടെ പക്ഷത്തു നിലകൊള്ളാനാണ് എന്നും ഇഷ്ടപ്പെട്ടത്. അനീതിക്കെതിരെ ശബ്ദിക്കാനുള്ള ധാര്‍മിക ശക്തിയാണ് അതിന്റെ പ്രചോദന ബിന്ദു. കടം കൊണ്ടു പൊറുതിമുട്ടുകയും വിലത്തകര്‍ച്ച കൊണ്ട് പശിയടയ്ക്കാന്‍ കഷ്ടപ്പെടുകയും ചെയ്ത പാവപ്പെട്ട കര്‍ഷകന്റെ കണ്ണുനീര്‍ ഭൂവുടമകള്‍ കണ്ടില്ല. കൃഷിക്ക് എന്തു സംഭവിച്ചാലും ജന്മിമാര്‍ കൃഷിക്കാരോട് ഒരു ദാക്ഷിണ്യവും കാട്ടിയില്ല. 1933 ല്‍ നാളികേരത്തിന്റെ വില പറ്റെ ഇടിഞ്ഞു. കര്‍ഷകര്‍ കടക്കെണിയില്‍ വലഞ്ഞു. ഈ ഘട്ടത്തില്‍ മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി, കര്‍ഷകരെ സംഘടിപ്പിച്ച് ഒരു മെമ്മോറാണ്ടം തയ്യാറാക്കി. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് താക്കീതു നല്കി. കര്‍ഷക സമിതി നേതാക്കളില്‍ പ്രമുഖനായ കെ എം ഇബ്റാഹീമിനോടൊപ്പമായിരുന്നു ആ നീക്കം. നികുതിക്കുടിശ്ശികക്കു വേണ്ടി പാവപ്പെട്ട കര്‍ഷകന്റെ ഭൂമി ജപ്തി ചെയ്യുന്നത് അവസാനിപ്പിക്കുക, കുടിശ്ശിക ഗഡുക്കളായി അടയ്ക്കാന്‍ അവസരമുണ്ടാക്കുക, കൊള്ള പലിശക്കാരില്‍ നിന്ന് കൃഷിക്കാരെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അവര്‍ സമരരംഗത്തിറങ്ങി. അതിന്റെ പേരില്‍ 1933 ല്‍ മണപ്പാടനും മറ്റു പ്രമുഖര്‍ക്കുമെതിരെ നിരോധനാജ്ഞ പാസ്സാക്കി. പൊതുയോഗം ചേരുന്നത് വിലക്കി. ആ വിലക്ക് ലംഘിച്ച്, ഐക്യസംഘം രൂപീകരിച്ച അതേ എറിയാട് ചന്ത മൈതാനത്ത് 1933 നവംബര്‍ 19 ന് അവര്‍ യോഗം ചേര്‍ന്നു. 

അവിടെ വെച്ച് കെ എം ഇബ്റാഹീമിനെ അറസ്റ്റ്‌ചെയ്തു കൊണ്ടുപോയി. തുടര്‍ന്ന് മണപ്പാടന്റെ നേതൃത്വത്തില്‍ സമരം ഊര്‍ജിതമാക്കി. ഒടുവില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നു. അതോടെ സമരം തല്ക്കാലം ശമിച്ചെങ്കിലും, ആ കരാറുകള്‍ സര്‍ക്കാര്‍ പാലിച്ചില്ല. അങ്ങനെ സര്‍ക്കാറിനോട് യുദ്ധം പ്രഖ്യാപിച്ച് രണ്ടു രേഖകള്‍ അദ്ദേഹം പുറത്തിറക്കി. അത് വിപ്ലവ രേഖ, രക്തരേഖ എന്നിങ്ങനെ അറിയപ്പെട്ടു. അതിരൂക്ഷമായ ഭാഷയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് രക്തരേഖ. സ്വന്തം പേരുവെച്ചാണ് അത് പ്രസിദ്ധീകരിച്ചത്. ആ കേസില്‍, മണപ്പാടന്‍ അറസ്റ്റു ചെയ്യപ്പെട്ടു. രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടു. ധീരനായ ആ പടയാളി 1935 ജൂണ്‍ 11 മുതല്‍ 1936 മാര്‍ച്ച് 9 വരെ ഒമ്പതു മാസം ജയിലിലടയ്ക്കപ്പെട്ടു. സര്‍വ സുഖങ്ങളുമുള്ള സമ്പന്ന തറവാട്ടില്‍ ജീവിച്ച ആ മഹാന്, പരുക്കന്‍  വസ്ത്രമണിഞ്ഞ് സിമന്റ്് തറയില്‍ കഴിഞ്ഞുകൂടിയ ആ കാലത്തെക്കുറിച്ച് ഒരു പരാതിയുമുണ്ടായിരുന്നില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന് അത്. സമുദായത്തിന്റെ നവോത്ഥാനവും സാമൂഹിക നീതിക്കു വേണ്ടിയുള്ള സമരവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. എന്നാല്‍ കാര്‍ഷിക സമരത്തില്‍ ഐക്യസംഘത്തില്‍ കൂടെ നിന്നുപ്രവര്‍ത്തിച്ചവര്‍ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. തുടര്‍ന്നങ്ങോട്ടുള്ള യാത്രയില്‍ മണപ്പാടന്‍ ഒറ്റക്കായിരുന്നു.

ചിന്തകളില്‍ സമുദായാതീതമായ ഒരു മാനവിക ബോധം പച്ച പിടിച്ച് കഴിഞ്ഞിരുന്നു.

എഴുത്ത്, കൃഷി,ഗ്രാമോദ്ധാരണം
ഭാവിയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളാണ് പരിഷ്‌ക്കര്‍ത്താക്കളെ സൃഷ്ടിക്കുന്നത്. മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയെ സംബന്ധിച്ചും അത് അക്ഷരം പ്രതി ശരിയാണ്. ഉദാത്തമായ സ്വപ്നങ്ങള്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ആ സ്വപ്നങ്ങള്‍ രേഖപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ രചനകള്‍. അമ്പതുകള്‍ ആയപ്പോഴേക്കും മണപ്പാടന്റെ ചിന്തകളില്‍ സമുദായാതീതമായ ഒരു മാനവിക ബോധം പച്ച പിടിച്ച് കഴിഞ്ഞിരുന്നു. മനുഷ്യരെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് പിന്നീട് അദ്ദേഹം കൂടുതലായി സംസാരിക്കുന്നത്. ആ ഘട്ടത്തില്‍ അദ്ദേഹം മൂന്നു കൃതികളാണ് മുഖ്യമായും രചിച്ചത്. ഭക്ഷണം (1951), ക്ഷേമഗ്രാമം (1954), മനുഷ്യന്‍ (1956) എന്നിവയാണവ. അതിനു പുറമെ ഒട്ടേറെ ലഘു കൃതികളും രചിച്ചിട്ടുണ്ട്. ഒരു മാതൃകാ പഞ്ചായത്തിനെക്കുറിച്ചുള്ള സങ്കല്പങ്ങളും രൂപരേഖയുമാണ് 'ഗ്രാമക്ഷേമം' എന്ന കൃതി. 

അത് എറിയാട് ഗ്രാമപഞ്ചായത്തിനെ മനസ്സില്‍ വെച്ച് ഒരു മാതൃകാ ഗ്രാമത്തിന്റെ കാര്‍ഷിക, വ്യാവസായിക, വാണിജ്യ വികസന സ്വപ്നങ്ങള്‍ അതില്‍ വിവരിക്കുന്നു. സ്വപ്നം കാണുക മാത്രമല്ല, തന്റെ വാസസ്ഥലത്തിനോട് ചേര്‍ന്ന പ്രദേശത്തെ 'ഐക്യപുരം' എന്നു പേരിട്ട് ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രയത്നിക്കുകയും ചെയ്തു. 'ഭക്ഷണം' എന്ന കൃതിയുടെ അവതാരിക എഴുതിയത് പുത്തേഴത്ത് രാമന്‍ മേനോനാണ്. മാനസികവും ആത്മീയവും സാമുദായികവും രാഷ്ട്രീയവുമായ ആരോഗ്യത്തിന് നല്ല ഭക്ഷണം അനിവാര്യമാണെന്ന കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ് ഈ കൃതി. 'മനുഷ്യന്‍' എന്ന കൃതി ദാര്‍ശനികവും ആധ്യാത്മികവുമായ ചിന്തയാണ്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിക്കുകയും ആത്മീയതയിലൂന്നിയ മാനവ സങ്കല്പം മുന്നോട്ടു വെക്കുകയും ചെയ്യുന്ന ഈ കൃതിക്ക് കാലടി അദ്വൈതാശ്രമത്തിലെ അഗമാനന്ദ സ്വാമികളാണ് അവതാരിക എഴുതിയത്.

കര്‍ഷകനോടുള്ള പ്രതിപത്തി പോലെ കൃഷിയും കുഞ്ഞിമുഹമ്മദ് ഹാജി നെഞ്ചേറ്റിയിരുന്നു. അരിയും പച്ചക്കറികളും മറ്റും സ്വന്തം കൃഷി ചെയ്തുണ്ടാക്കുകയും ജനങ്ങള്‍ക്ക് നല്ല ആഹാരം ലഭ്യമാക്കാന്‍ സ്വന്തം നിലയില്‍ ഒരു ഹോട്ടല്‍ ഐക്യപുരത്ത് ആരംഭിക്കുകയും ചെയ്തു. ഒരു കച്ചവടമായിരുന്നില്ല അത്, മറിച്ച് ആരോഗ്യകരവും ശുദ്ധവുമായ ആഹാരം ആവശ്യക്കാര്‍ക്ക് നല്കുന്ന സേവനമായിരുന്നു. 'ഐക്യ പുരത്ത്' അദ്ദേഹം ആരംഭിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള 'ദൈവ സഹായ പരിപാലന കേന്ദ്രം' അദ്ദേഹത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയാണ്. വിദ്യാഭ്യാസത്തോടൊപ്പം വിനോദവും കളിയും കൃഷിപരിശീലനവും സമ്പാദ്യ ശീലവുമൊക്കെ ഉള്‍പ്പെടുത്തിയുള്ള ഒരു വിദ്യാഭ്യാസ പരീക്ഷണമായിരുന്നു അത്.

മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി 1959 സപ്തംബര്‍ 7-നാണ് ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ജീവിതം സൂക്ഷ്മമായി വായിച്ചാല്‍ സാമുദായികമായ പരിഷ്‌കരണത്തില്‍ നിന്ന് വിശാലമായ മാനവികതയിലേക്കുള്ള ഒരു വളര്‍ച്ച കാണാനാകും. കേരളത്തിലെ പ്രഥമ സംഘടിത നവോത്ഥാന പ്രസ്ഥാനമായി കരുതപ്പെടുന്ന ഐക്യസംഘത്തിന്റെ സ്ഥാപക നേതാവ്, മുസ്ലിം ലീഗും മുജാഹിദ് സംഘടനയും ഉള്‍പ്പെടെയുള്ള മാതാത്മക സാമുദായിക സംഘടനകളുടെ ഭാഗമാകാതെ പോയത് എന്തുകൊണ്ട് എന്ന ചിന്ത, ചരിത്ര വിദ്യാര്‍ത്ഥികളില്‍ കൗതുകം ഉണര്‍ത്തുന്നു. മണപ്പാടന്റെ ജീവചരിത്രം മടക്കി വെക്കുമ്പോള്‍ മനസ്സില്‍ ബാക്കിയാവുന്നതും ആ ചോദ്യമാണ്.


(മുജീബ് റഹ്മാന്‍ കിനാലൂര്‍. എഴുത്തുകാരന്‍, അധ്യാപകന്‍. 'പൗരോഹിത്യം വേണ്ട', 'അമേരിക്കന്‍ യാത്ര', 'മുസ്ലിം നവോത്ഥാനവും ആധുനികതയും' തുടങ്ങി 12 പുസ്തകങ്ങള്‍. ആനുകാലികങ്ങളില്‍ എഴുതുന്നു)

................

 

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

Follow Us:
Download App:
  • android
  • ios