Asianet News MalayalamAsianet News Malayalam

സമുദായമേ, ആ പെണ്‍കുട്ടികള്‍  എങ്ങോട്ടാണ് പോവുന്നത്?

Naseem Pallikkara on girls space in kerala muslim community
Author
Thiruvananthapuram, First Published Dec 9, 2017, 3:17 PM IST

ആസിഫ് അലിയുടെ ഭാര്യയുടെ തട്ടം കുറഞ്ഞു പോയതും ഇര്‍ഫാന്‍ പത്താന്റെ ഭാര്യയുടെ കൈ കാണിച്ചു ഫോട്ടോ എടുത്തതെല്ലാമാണെല്ലോ നമ്മളെ ബാധിക്കുന്ന പ്രശ്ങ്ങള്‍? നിങ്ങള്‍ക്ക്  ഇഷ്ടപ്പെടാത്തത്  ആരെങ്കിലും ചെയ്താല്‍  അവരെ പുലഭ്യം പറഞ്ഞും  കൂവി തോല്പിച്ചും അടിച്ചമര്‍ത്താന്‍ കാണിക്കുന്ന ആവേശം മനുഷ്യത്വത്തിന് ചേര്‍ന്നതല്ല.  അസഹിഷ്ണത ഒരു മതവും പഠിപ്പിക്കുന്നില്ല. മതത്തെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു പല കഷ്ണങ്ങളായി വിഭജിച്ചവരുടെ  വാലാവരുത് ആരും. മറ്റുള്ളവര്‍   വിശ്വസിക്കുന്നത് എന്തുമാവട്ടെ.. അവരുടെ സ്വാതന്ത്ര്യത്തിനെ മാനിക്കേണ്ടതുണ്ട്. ആരെങ്കിലും ഒരു പാട്ടുപാടിയാലോ അല്ലെങ്കില്‍ ഡാന്‍സ് കളിച്ചാലോ ഇല്ലാതായി പോവുന്നതാണോ നിങ്ങളുടെ വിശ്വാസം? അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഹാലിളക്കം? അതെന്താ പെണ്ണുങ്ങള്‍ക്ക് ഇതൊന്നും പാടില്ലേ?  ഡാന്‍സ് മാത്രമല്ല കലാരംഗത്തും സമര രംഗത്തും അങ്ങനെ എല്ലായിടത്തും അവര്‍ കടന്നു വരുക തന്നെ ചെയ്യും.. 

Naseem Pallikkara on girls space in kerala muslim community
രസ്‌നയെ പരിചപ്പെടാം. എന്റെ കസിനാണ്. പ്ലസ് വണ്ണില്‍ എടപ്പലം സ്‌കൂളില്‍ ചേര്‍ന്ന ആദ്യ ദിവസം  ക്ലാസ് ടീച്ചറോട് അഭിമാനത്തോടെ രസ്‌നയുടെ കസിനാണെന്നു  പറഞ്ഞപ്പോള്‍ എന്നെ പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു-'ഇവിടെ ആദ്യ  പ്ലസ് ടു  ബാച്ചില്‍  ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ രണ്ടു കുട്ടികള്‍. ഒന്ന് ഇസ്ഹാഖ് പിന്നെ രസ്‌ന. ഇസ്ഹാഖ് ഇപ്പോള്‍ അമേരിക്കയിലാണ്. രസ്‌നയെ നിങ്ങളെല്ലാവരും തോല്‍പ്പിച്ചു കളഞ്ഞെല്ലോ..!'
 
അല്‍പനേരം ടീച്ചര്‍ സൈലന്റ് ആയി. എന്നിട്ട് പറഞ്ഞു: 'അവള്‍  പഠിച്ചു എല്ലാവരും അറിയപ്പെടുന്ന  ഒരാളായി മാറുമെന്നും ഉയര്‍ന്ന ജോലികള്‍ അവളെ തേടിയെത്തുമെന്നും ഞങ്ങളൊക്കെ സ്വപ്നം കണ്ടിരുന്നു. പക്ഷെ അവള്‍ ചെയ്തു പോയ ഒരേ ഒരു തെറ്റ്  നമ്മുടെ സമുദായത്തില്‍ ജനിച്ചു എന്നതാണ്. എങ്ങനെയെങ്കിലും  പെട്ടന്ന് കെട്ടിച്ചയക്കാന്‍ മാത്രമായിരുന്നെല്ലോ പഠിപ്പിച്ചത്.. ബാധ്യത തീര്‍ക്കണം..കെട്ടുന്നവന്‍  പഠിപ്പിക്കുകയോ അല്ലാതെയോ ഇരിക്കട്ടെ..അതൊന്നും നിങ്ങള്‍ക്കറിയേണ്ട'-    പറഞ്ഞു നിര്‍ത്തുമ്പോള്‍ കണ്ണിലെ രോഷവും കണ്ണീരും ഞാന്‍ കണ്ടു.

കല്യാണം കഴിഞ്ഞ ശേഷം രസ്‌നയെ പഠിപ്പിക്കാന്‍ അയച്ചില്ല. കുറച്ച്  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡിവോഴ്‌സായി. വീട്ടുകാരെ ബുദ്ധി മുട്ടിക്കാതെ ഇരിക്കുവാന്‍  ടൗണിലെ ഒരു ചെറിയ സ്ഥാപനത്തില്‍ ജോലി ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞു. രസ്‌നയുടെ കല്യാണം  വീണ്ടും കഴിഞ്ഞു. ഇന്ന് നിറം മങ്ങിയ  കിനാക്കള്‍ തലക്ക് വെച്ച് തന്റെ തന്റെ വിധിയെ പഴിച്ചു കിടപ്പുണ്ട് അവള്‍.

ഇനി ആയിഷയെ പറ്റി പറയാം. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  ഞങ്ങളുടെ ക്ലാസ് ലീഡറായിരുന്നു. കണക്കിനും ഇംഗ്ലീഷിനും ഫുള്‍ മാര്‍ക്കായിരുന്നു.  മനോഹരമായി മാപ്പിള പാട്ടുകള്‍ പാടിയിരുന്ന മിടുമിടുക്കി കുട്ടി.

കഴിഞ്ഞ സമ്മര്‍ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍  ബന്ധുവിനെ കാണാന്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലില്‍ പോയിരുന്നു. ഒപി കൗണ്ടറുകള്‍ നിറഞ്ഞ ഇടവഴിയിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ആരോ എന്നെ വിളിച്ചു. എനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല.

ഞാന്‍ ചോദിച്ചു: 'ആയിഷ അല്ലേ? നീ എന്താ ഇവിടെ ?'

എന്നെ നോക്കി ചിരിച്ച് അവള്‍ പതിയെ പറഞ്ഞു: 'എന്റെ കുട്ടി ഇവിടെ അഡിമിറ്റാണ്...'

ഉച്ചക്ക് ശേഷം അവരുടെ റൂമില്‍ പോയി. 

'കുട്ടിക്ക് എല്ലു തേയ്മാനമാണ്. എന്നെ പിന്നെ പഠിപ്പിച്ചില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ ഒരു ഗള്‍ഫുകാരന് കെട്ടിച്ചു കൊടുത്തു. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍   ഇനി പ്രവാസ ജീവിതംവയ്യാന്നു  പറഞ്ഞു നാട്ടിലേയ്ക്ക്  വന്ന്. ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. ആങ്ങളമാരുടെ തണലിലാണ് ജീവിക്കുന്നത്. ഓരോ തവണയും സഹായത്തിന് കൈ നീട്ടുമ്പോള്‍ സങ്കടമാണ്'

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പണ്ടാരോ പറഞ്ഞത്  എത്രത്തോളം  ശരിയാണെന്ന് അവളുടെ മുഖത്ത് നോക്കിയപ്പോള്‍ മനസിലായി.

ഇസ്ഹാഖ് ഇപ്പോള്‍ അമേരിക്കയിലാണ്. രസ്‌നയെ നിങ്ങളെല്ലാവരും തോല്‍പ്പിച്ചു കളഞ്ഞെല്ലോ..!'

ആയിഷ അല്ലെങ്കില്‍ രസ്‌ന. അങ്ങനെ നിങ്ങള്‍ക്കും കാണില്ലേ പറയുവാന്‍, കഴിവുണ്ടായിട്ടും  ജീവിതത്തില്‍ എവിടെയും എത്താന്‍ കഴിയാതെ പോയ,  ഒരു  കല്യാണത്തോടെ  നിശ്ശബ്ദമാക്കപ്പെട്ട   നൂറുകണക്കിന് മിടുക്കി കുട്ടികളുടെ കഥ?

ക്ലാസിലും സ്‌കൂളിലും  പഠനത്തിലും മറ്റും മികച്ചു നിന്നവര്‍. ഉറക്കമൊഴിച്ചു  പഠിച്ചു വാശിയോടെ മാര്‍ക്കുകള്‍ വാരികൂട്ടിയവര്‍. കുടുംബത്തിനും, നാടിനും, രാജ്യത്തിനും,  വെളിച്ചമാവേണ്ടവര്‍. നാളെയുടെ  ഡോക്‌ടേഴ്‌സ്, എഞ്ചിനീയേഴ്‌സ്, ടീച്ചേര്‍സ് അങ്ങനെ പലതും ആവേണ്ടവര്‍. അവരൊക്കെ ഇന്ന്  എവിടെപ്പോയെന്ന് നിങ്ങള്‍ അനേഷിച്ചിട്ടുണ്ടോ? അറിഞ്ഞിട്ടുണ്ടോ? 

വിരലില്‍ എണ്ണാവുന്നവര്‍ മാത്രമല്ലേ  ലക്ഷ്യത്തിലെത്തിയത് ? 

നിങ്ങളെ സ്വാര്‍ഥരാക്കിയ ഏതു മതബോധമാണ് ആരും കാണാതെ  പോയ അവരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും,  തല്ലികെടുത്തിയത്?  ജിന്ന് പാര്‍ട്ടിക്കാരും, തുപ്പിയ വെള്ളം കുടിക്കാന്‍  കൊടുക്കുന്നവരും തമ്മിലുള്ള  വാദ പ്രതിവാദ പരിപാടികളില്‍ ഒന്നും ആരും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്നത് കണ്ടില്ല! പകരം അവളെ എങ്ങനെ ഭര്‍ത്താവിനെ 'അനുസരിക്കുന്നവളാക്കി'  മാറ്റാം എന്നതിനെ കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍  കേട്ടു.. അവര്‍ പറയുന്നതെല്ലാം   അനുസരിക്കേണ്ടത്, സഹിക്കേണ്ടത് പെണ്ണായി പിറന്ന നിന്റെ  ബാധ്യതയാണെന്ന് പറഞ്ഞു പഠിച്ചു സമൂഹവും സമുദായവും. ആര്‍ക്കും ഒരു ആവലാതിയിയുമില്ല! പുരുഷന്മാര്‍ നിറഞ്ഞ വേദിയുടെ ബാനറില്‍ 'സ്ത്രീപക്ഷ' സമ്മേളനമെന്നും ചിലയിടങ്ങളില്‍ കാണാം.. 

ആസിഫ് അലിയുടെ ഭാര്യയുടെ തട്ടം കുറഞ്ഞു പോയതും ഇര്‍ഫാന്‍ പത്താന്റെ ഭാര്യയുടെ കൈ കാണിച്ചു ഫോട്ടോ എടുത്തതെല്ലാമാണെല്ലോ നമ്മളെ ബാധിക്കുന്ന പ്രശ്ങ്ങള്‍? നിങ്ങള്‍ക്ക്  ഇഷ്ടപ്പെടാത്തത്  ആരെങ്കിലും ചെയ്താല്‍  അവരെ പുലഭ്യം പറഞ്ഞും  കൂവി തോല്പിച്ചും അടിച്ചമര്‍ത്താന്‍ കാണിക്കുന്ന ആവേശം മനുഷ്യത്വത്തിന് ചേര്‍ന്നതല്ല.  അസഹിഷ്ണത ഒരു മതവും പഠിപ്പിക്കുന്നില്ല. മതത്തെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു പല കഷ്ണങ്ങളായി വിഭജിച്ചവരുടെ  വാലാവരുത് ആരും. മറ്റുള്ളവര്‍   വിശ്വസിക്കുന്നത് എന്തുമാവട്ടെ.. അവരുടെ സ്വാതന്ത്ര്യത്തിനെ മാനിക്കേണ്ടതുണ്ട്. ആരെങ്കിലും ഒരു പാട്ടുപാടിയാലോ അല്ലെങ്കില്‍ ഡാന്‍സ് കളിച്ചാലോ ഇല്ലാതായി പോവുന്നതാണോ നിങ്ങളുടെ വിശ്വാസം? അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഹാലിളക്കം? അതെന്താ പെണ്ണുങ്ങള്‍ക്ക് ഇതൊന്നും പാടില്ലേ?  ഡാന്‍സ് മാത്രമല്ല കലാരംഗത്തും സമര രംഗത്തും അങ്ങനെ എല്ലായിടത്തും അവര്‍ കടന്നു വരുക തന്നെ ചെയ്യും.. 

മാറേണ്ടത് അവരല്ല. മഞ്ഞ ബാധിച്ച നമ്മളുടെ കണ്ണുകളാണ്.

മലബാറില്‍ ഇപ്പോള്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ വലിയ ഒരു മാറ്റം വന്നിട്ടുണ്ട്. അതിന്റെ കാരണം മറ്റൊന്നുമല്ല രക്ഷിതാക്കള്‍  വിദേശത്ത് ജോലി ചെയ്യുമ്പോള്‍ കിട്ടിയ അറിവാണ്. മക്കള്‍ നല്ല രീതിയില്‍ പഠിച്ചു  വളരണമെന്ന് വലിയ ഒരു വിഭാഗം ആഗ്രഹിച്ചു  തുടങ്ങിയിരിക്കുന്നു. പെണ്‍കുട്ടികളെ എന്ത് വില കൊടുത്തും പഠിപ്പിക്കാന്‍ തയ്യാറായതിന്റെ പോസിറ്റീവായ  മാറ്റം  സമൂഹത്തില്‍ കാണാം. പഠിച്ചു വളരണം. വിശേഷ ബുദ്ധി ഒരുത്തനും പണയം വെക്കാതെ ഉറച്ച നിലപാടുള്ള  പെണ്ണായി  തന്നെ വളരണം.. 

ഒരു കുടുംബത്തില്‍ എല്ലാവരും  ജോലിയുള്ളവരെങ്കില്‍ അതിലും വലിയ ആശ്വാസം ഇന്നത്തെ കാലത്ത് വേറെ ഒന്നിനുമില്ല. മറ്റൊരു രസ്‌നയും അയിഷയും ഇനിയും ഉണ്ടായി കൂടാ.. 

തീവ്ര മൗലിക വാദികള്‍ ഇനിയും വെളിച്ചം ചെന്നെത്താത്ത  ഇടങ്ങളില്‍ കൂടുതല്‍ പിടി മുറുക്കുന്നു. സോഷ്യല്‍ മീഡിയയിലെ ആങ്ങളമാരുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, അക്കാര്യം ബോധ്യപ്പെടാന്‍. മറുവശത്ത്, അന്ധ വിശ്വാസങ്ങള്‍ കാലം പുരോഗമിക്കും തോറും കൂടി വരുന്നു. മനസ്സിനും ബുദ്ധിക്കും ഇരുട്ട് ബാധിച്ചാല്‍ പിന്നെ കണ്ണ് ഉണ്ടായിട്ടും കാര്യമൊന്നുമില്ല.

Follow Us:
Download App:
  • android
  • ios