Asianet News MalayalamAsianet News Malayalam

പ്രേമിക്കുന്നവര്‍ക്ക് ഒരു മാനിഫെസ്‌റ്റോ

Nazeer Hussain Kizhakedathu column on love after marriage
Author
Thiruvananthapuram, First Published May 19, 2017, 5:19 AM IST

Nazeer Hussain Kizhakedathu column on love after marriage

വര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്രാസിലെ എഗ്മൂറിലുള്ള അറ്റ് ലാന്റിസ്  റെസ്‌റ്റോറന്റില്‍ ഒരു കാപ്പിയും തക്കാളി ജ്യൂസും കഴിച്ചു കൊണ്ട് ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും ചര്‍ച്ച ചെയ്യുകയായിരുന്നു. അവര്‍ മിലന്‍ കുന്ദേരയെ വായിക്കുന്നവര്‍ ആയിരുന്നില്ല, ഒരുമിച്ച് മഴ നനയാന്‍ മദ്രാസില്‍ അന്ന് മഴയും ഉണ്ടായിരുന്നില്ല. 

യുവാവ് കൊച്ചിയില്‍ ജനിച്ച്, ബീഫ് ഫ്രൈയും ദോശയും ദേശീയ ഭക്ഷണമായ തിരുവനന്തപുരത്തു പഠിച്ച് മദ്രാസില്‍ ജോലിനോക്കുന്ന ഒരു മുസ്‌ലിം  മലയാളി യുവാവും, യുവതി തെങ്കാശിയില്‍ ജനിച്ചു കോവില്‍പ്പട്ടി  എന്ന ഗ്രാമത്തില്‍ പഠിച്ച  ഒരു ശുദ്ധ വെജിറ്റേറിയന്‍ തമിഴ് അയ്യര്‍ പെണ്ണും ആയിരുന്നു. ഇത്രയും വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വന്ന തങ്ങള്‍ കല്യാണം കഴിക്കേണ്ട എന്ന് തീരുമാനിച്ചു അന്ന് അവര്‍ പിരിഞ്ഞു. പക്ഷെ പിരിഞ്ഞിരിക്കുമ്പോള്‍ പ്രണയം ആയിരം ഇരട്ടിയായി വര്‍ധിക്കുന്നു, എന്ന് അവര്‍ക്കറിയില്ലായിരുന്നു. അങ്ങിനെ ആ വര്‍ഷം തന്നെ അവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു കുടുംബ ജീവിതം ആരംഭിച്ചു. 

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം, എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഇവര്‍ക്കിടയില്‍ പലപ്പോഴായി വന്ന ഒരു വിഷയം ആയിരുന്നു, പ്രണയ കാലവും വിവാഹ ശേഷവും ഉള്ള ജീവിതത്തിലെ വ്യത്യാസം. പലപ്പോഴായി ചര്‍ച്ച ചെയ്തു ക്രോഡീകരിച്ച ചില കാര്യങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി താഴെ കൊടുക്കുന്നു, ഇപ്പോള്‍ പ്രേമിക്കുന്നവര്‍ക്കു ഒരു പക്ഷെ സഹായം ആയേക്കാം എന്ന പ്രതീക്ഷയോടെ.

Nazeer Hussain Kizhakedathu column on love after marriage ഗോമതിയും നസീറും.

മത ജാതി ഭാഷ വ്യത്യാസങ്ങള്‍ വിവാഹ ജീവിതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല

മതം ജാതി ഭാഷ വ്യത്യാസങ്ങള്‍: പ്രണയ വിവാഹത്തിന്റെ സന്തോഷങ്ങള്‍.

വിവാഹത്തിന് മുമ്പ് ഞങ്ങളെ ഏറ്റവും കൂടുതല്‍ പേടിപ്പിച്ച മത ജാതി ഭാഷ വ്യത്യാസങ്ങള്‍ വിവാഹ ജീവിതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല എന്നതാണ് ഒന്നാം പാഠം. മാത്രമല്ല ഈ വ്യത്യാസങ്ങള്‍ കൊണ്ടുവരുന്ന സന്തോഷം വളരെ വലുതാണ്. ഒന്നാമത് നമുക്ക് ആഘോഷിക്കാന്‍ ഇരട്ടി ഉത്സവങ്ങള്‍ കിട്ടുന്നു, ഭാഷയുടെ ചെറിയ നുറുങ്ങു തമാശകളും, വ്യത്യസ്ത ആചാരങ്ങളും ജീവിതത്തെ വേറൊരു കാഴ്ചപ്പാടില്‍ കാണാന്‍ നമ്മെ പ്രാപ്തരാക്കുന്നു. 

ഒരു ചെറിയ ഉദാഹരണം, ഞാന്‍ താമസിക്കുന്ന പള്ളുരുത്തിയില്‍, നമ്മള്‍ എവിടെയെങ്കിലും പോകാന്‍  ഇറങ്ങിയാല്‍, നീ എവിടെ പോകുന്നു എന്ന് എതിരെ വരുന്ന പരിചയക്കാരെല്ലാം ചോദിക്കുന്ന ഒരു പരിപാടി ഉണ്ട്, എന്നാല്‍ എന്റെ ഭാര്യയുടെ നാട്ടില്‍ അതൊരു അപശകുനം ആയിട്ടാണ് കണക്കാക്കുന്നത്. ചിലര്‍ ഇത്തരം ചോദ്യം കേട്ടാല്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചു വീട്ടില്‍ പോവും. നമ്മള്‍ എവിടെ എങ്കിലും പോയാല്‍ ഇവര്‍ക്കെന്താണ് എന്ന് ഇപ്പോഴും അവള്‍ ചോദിക്കാറുണ്ട് :)

പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടേയിരിക്കും

പ്രണയം എന്ന പുഴ 
ഒരേ പുഴയില്‍ രണ്ടു പ്രാവശ്യം ഇറങ്ങാന്‍ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. കാരണം പുഴ മാറിക്കൊണ്ടേയിരിക്കും. പ്രണയവും അത് പോലെ തന്നെയാണ്. നമ്മുടെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടേയിരിക്കും. ഒരുമിച്ചു ഒരു കുടക്കീഴില്‍ ഇരുന്നു ചറ പറ വര്‍ത്തമാനം പറയുന്ന പ്രണയം ആ കാലത്തേ ശരി ആണെങ്കില്‍, അടുക്കളയില്‍ ഒരുമിച്ചു ദോശയും വെള്ളയപ്പവും ചുടുന്ന പ്രണയം വിവാഹ ശേഷമുള്ള ശരി ആണ്. 

നമ്മളും മാറും. സയന്‍സും കമ്പ്യൂട്ടര്‍ സയന്‍സും ഇഷ്ടപെട്ട, പെട്ടെന്ന് ദേഷ്യം വരുന്ന, താന്തോന്നിയും വായാടിയും ആയി നടന്ന ഞാന്‍ തത്വ ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവും സൈക്കോളജിയും ഇഷ്ടപ്പെടുന്ന പലപ്പോഴും ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാള്‍ ആയി മാറി. പ്രേമിക്കുന്ന സമയത്തു രാഷ്ട്രീയവും വായനയും ഒന്നും ഇല്ലാതിരുന്ന ഗോമതി സാപിയന്‍സ് എന്ന ബുക്ക്  വായിക്കാന്‍ തുടങ്ങി എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക്  മാറ്റം ഊഹിക്കാമല്ലോ. 

പതിനേഴു വര്‍ഷം കഴിഞ്ഞു നോക്കുമ്പോള്‍ പുതിയ രണ്ടു പേര്‍ തമ്മിലുള്ള പ്രണയം ആണ് ഇപ്പോള്‍ നടക്കുന്നത്. മാറ്റം പതുക്കെയായതു കൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നെ ഉള്ളൂ.  എല്ലാ ദിവസവും നിങ്ങള്‍ പ്രണയിക്കുന്നത് പുതിയ ഒരാളെ ആണ്.

വിവാഹം ഒരു പുതിയ കാര്‍ വാങ്ങിക്കുന്ന പോലെയാണ്

പ്രണയമാകുന്ന കാര്‍. 
പണ്ട്  കാണുന്‌പോള്‍ പ്രണയത്തെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരുന്ന കാമുകീ കാമുകന്‍മാരില്‍ നിന്നും ഭാര്യയും ഭര്‍ത്താവും ആയി മാറുമ്പോള്‍ കുട്ടികളുടെ സ്‌കൂള്‍ കാര്യങ്ങള്‍ മുതല്‍ കറന്റ് ബില്‍ അടക്കേണ്ട കാര്യങ്ങള്‍ സംസാരിക്കുന്ന രണ്ടു പേരായി മാറും. വിവാഹ ശേഷം കുറെ പേരുടെ പ്രേമം കരിഞ്ഞു പോകുന്നതിവിടെയാണ്. 

വിവാഹം ഒരു പുതിയ കാര്‍ വാങ്ങിക്കുന്ന പോലെയാണ് എന്നെനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്, ആദ്യത്തെ അയ്യായിരം കിലോമീറ്റര്‍ ഒരു പക്ഷെ ഒരു കുഴപ്പം ഇല്ലാതെ പോയേക്കാം, പക്ഷെ അത് കഴിഞ്ഞു ഓയില്‍ മാറ്റുകയോ പുതിയ പെയിന്റ് അടിക്കുകയോ ചെയ്തില്ലെങ്കില്‍ ഈ കാര്‍ അധികം താമസിയാതെ നിന്ന് പോകും. പറഞ്ഞു വരുന്നത് നമ്മുടെ ഭാഗത്തു നിന്ന് ബോധപൂര്‍വമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രണയം അധിക നാള്‍ നിലനില്‍ക്കില്ല. ഒരു പൂവ്, ഒരു ഉമ്മ, ഒരു കെട്ടിപ്പിടുത്തം.. പ്രണയം ഒട്ടും വിലപിടിപ്പുള്ളതല്ല. പക്ഷെ പലരും മറന്നു പോകുന്ന കാര്യങ്ങള്‍ ആണിത്.

ഞങ്ങളുടെ കാര്യത്തിലും ഇത് പോലെ ഉള്ള പ്രണയ വരള്‍ച്ചകള്‍ സംഭവിച്ചിട്ടുണ്ട്, അത് മറി കടക്കാന്‍ ഞങ്ങള്‍ കണ്ടു പിടിച്ച വഴി ദിവസം ഒരു അര മണിക്കൂര്‍ ഞങ്ങള്‍ക്ക് മാത്രമായി മാറ്റി വയ്ക്കുകയാണ്. വീടിനു അടുത്തുള്ള പാര്‍ക്കില്‍ ഒരു നടത്തം, അല്ലെങ്കില്‍ ഉറങ്ങുന്നതിനു മുന്‍പ് ഒരു ചെറിയ ചര്‍ച്ച. അന്ന് നടന്ന കാര്യങ്ങള്‍, പണ്ട് നടന്ന തമാശകള്‍. നീ സന്തുഷ്ടയാണോ, സന്തുഷ്ടനാണോ എന്നൊരു ചോദ്യം മാസത്തില്‍ ഒരിക്കല്‍...  

പ്രശ്‌നം നമുക്ക് നമ്മുടെ പങ്കാളിയുടെ പ്രണയ ഭാഷ മിക്കപ്പോഴും അറിയില്ല എന്നുള്ളതാണ്

പ്രണയത്തിന്റെ ഭാഷ 

അഞ്ചു പ്രധാന പ്രണയ ഭാഷകള്‍ ഉണ്ടെന്നാണ് ഗാരി ചാപ്മാന്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്. 
എ)  Words of affirmation: പങ്കാളിയെ പുകഴ്ത്തി സംസാരിക്കുക
ബി) Qualtiy time: പങ്കാളിക്കു മാത്രം ആയി സെല്‍ ഫോണ്‍ എല്ലാം താഴെ വച്ച് സമയം ചിലവഴിക്കുക
സി) Acts of service: അടുക്കളയില്‍ പാത്രം കഴുകി കൊടുക്കുന്നതു മുതല്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ പങ്കാളിയെ സഹായിക്കല്‍ വരെ 
ഡി) Gift giving : സമ്മാനം കൊടുക്കല്‍, നേരത്ത പറഞ്ഞ പോലെ ഒരു പൂവോ, പുസ്തകമോ പോലെ ഒരു ചെറിയ ഗിഫ്റ്റ്, ഓര്‍ക്കാപുറത്തു കൊടുക്കുന്നത് 
ഇ) Physical touch : കൈകള്‍ കോര്‍ത്ത് പിടിക്കുന്നത് വിവാഹ ശേഷം നിര്‍ത്തുന്നവരാണ് പലരും. ചുംബനം കിടക്കറയില്‍ മാത്രം ഒതുക്കേണ്ട, അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍, പുറകിലൂടെ വന്നു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കുന്നത് സിനിമയില്‍ മാത്രമായി ഒതുക്കേണ്ട സീന്‍ അല്ല.

പ്രശ്‌നം നമുക്ക് നമ്മുടെ പങ്കാളിയുടെ പ്രണയ ഭാഷ മിക്കപ്പോഴും അറിയില്ല എന്നുള്ളതാണ്. വര്‍ഷങ്ങളോളം അടുക്കളയില്‍ പാത്രം കഴുകിയ എന്നോട് physical touch ആണ് തന്റെ പ്രണയ ഭാഷ എന്ന് ഭാര്യ പറഞ്ഞപ്പോള്‍ ആണ് അത് വരെ കഴുകിയ പാത്രമെല്ലാം വെറുതെയായി പോയല്ലോ ദൈവമേ എന്ന് തോന്നിയത്. ഈ ചോദ്യം എന്റെ സുഹൃത്തുക്കള്‍ ആയ പല ദമ്പതികളോടും ചോദിച്ച് ഒരു ചെറിയ സാമ്പിള്‍ സൈസ് സര്‍വ്വേ നടത്തിയതില്‍ നിന്ന് എനിക്ക് മനസിലായത് പല സ്ത്രീകള്‍ക്കും physical touch ആണ് പ്രണയ ഭാഷ എന്നാണ്, അതെനിക്കൊരു പുതിയ അറിവായിരുന്നു.

പല ഇന്ത്യന്‍ ആണുങ്ങളും പ്രണയം പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍ ആണ്, അത് കൊണ്ട് തന്നെ മിക്ക ഭാര്യമാരും ഇതും ആയി പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്റെ ഉപദേശ പ്രകാരം ഭാര്യയ്കു പൂ വാങ്ങി കൊടുത്ത ഒരു ഭര്‍ത്താവിനോട് ഭാര്യ ചോദിച്ചതു അവനു ആള് മാറി പോയോ എന്നാണ് :)

സ്ത്രീ സാമ്പത്തിക സ്വാതന്ത്ര്യം എല്ലാ വിവാഹ ബന്ധങ്ങളിലും പ്രധാനമാണ്.

പ്രണയത്തിന്റെ സാമ്പത്തിക ശാസ്ത്രം. 
ഭാര്യയും ഭര്‍ത്താവും ജോലി ചെയ്തു സമ്പാദിക്കുന്നതു കൊണ്ടുള്ള ഒരു കാര്യം, സ്വതന്ത്രമായി ഒരു അഭിപ്രായം പറയുമ്പോള്‍ ഒരു സാമ്പത്തിക അടിത്തറ നല്‍കുന്ന സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളതാണ്. പരസ്പരം യോജിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇട്ടിട്ടു പോവാന്‍ ഉള്ള ഒരു സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തവര്‍ വിവാഹം കഴിക്കരുത് എന്ന അഭിപ്രായക്കാരാണ് ആണ് ഞാന്‍, അത് ഇന്നത്തെ ഇന്ത്യയില്‍ എത്ര പ്രായോഗികം ആണെന്ന് എനിക്കറിയില്ല.

സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതെ പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും ഒരു പ്രണയ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഈ ബന്ധം വിജയിച്ചില്ലെങ്കില്‍ എന്ത് ചെയ്യും എന്നോര്‍ക്കുന്നതു നല്ലത്. സ്ത്രീ സാമ്പത്തിക സ്വാതന്ത്ര്യം പ്രണയ വിവാഹത്തില്‍ മാത്രമല്ല എല്ലാ വിവാഹ ബന്ധങ്ങളിലും പ്രധാനമാണ്.

കാലം കടന്നു പോകുമ്പോള്‍ പങ്കാളികളുടെ ഇഷ്ടങ്ങള്‍ നമ്മുടെ ഇഷ്ടമായി മാറുന്നതും സംഭവിക്കും

പ്രണയത്തിന്റെ വെന്‍ ഡയഗ്രം.
കല്യാണം കഴിച്ചു കഴിയുമ്പോള്‍ പെട്ടെന്ന് നമ്മള്‍ തിരിച്ചറിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേതാണ്, അത് വരെ നമ്മള്‍ നമുക്ക് ഇഷ്ടപെട്ട കാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നത് എന്ന്. പക്ഷെ ലോകത്തിലെ മറ്റു എല്ലാ മനുഷ്യരെയും പോലെ നമ്മള്‍ തീര്‍ത്തും വ്യത്യസ്തരായ, വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന വളരെ അധികം വ്യത്യാസങ്ങള്‍ ഉള്ള രണ്ടു പേരാണ്. ഗോമതി കര്‍ണാടക സംഗീതം പഠിച്ചു അരങ്ങേറ്റം നടത്തിയ ഒരാള്‍ ആണെങ്കില്‍ ഞാന്‍ ആലപ്പുഴ സ്‌റ്റേഷനില്‍ ശാസ്ത്രീയ സംഗീതം വരുന്‌പോള്‍ തൃശൂര്‍ സ്‌റ്റേഷനിലേക്ക് സിനിമാ പാട്ടു കേള്‍ക്കാന്‍ വേണ്ടി റേഡിയോ നോബ് തിരിച്ചിരുന്ന മനുഷ്യന്‍ ആണ്. പിന്നീട്  ഞങ്ങളുടെ രണ്ടു പേരുടെ അഭിരുചിയും മാറിയെങ്കിലും അടിസ്ഥാനപരം ആയി വളരെ വ്യത്യാസങ്ങള്‍ ഉള്ളവരാണ് ഞങ്ങള്‍.

സ്‌കൂളില്‍ പഠിച്ച  വെന്‍ ഡയഗ്രം വരക്കുകയാണെങ്കില്‍ മൂന്നു വ്യത്യസ്ത ഭാഗങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഭാര്യയ്ക്ക് ഇഷ്ടപെട്ട കാര്യങ്ങള്‍, ഭര്‍ത്താവിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍, രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ട കാര്യങ്ങള്‍. ഞങ്ങളുടെ കാര്യത്തില്‍ രണ്ടു പേര്‍ക്കും ഇഷ്ടപെട്ട വളരെ ഏറെ കാര്യങ്ങള്‍ ഉണ്ട്, യാത്ര പോകുന്നത് മുതല്‍, പാചകവും, സംഗീതവും വരെ. പക്ഷെ നൃത്തം, പടം വര തുടങ്ങി അവള്‍ക്കു മാത്രം ഇഷ്ടപെട്ട കാര്യങ്ങളും, എഴുത്ത് രാഷ്ട്രീയം തുടങ്ങി എനിക്ക് മാത്രം ഇഷ്ടപ്പെട്ട കാര്യങ്ങളും ഉണ്ട്. 

വിവാഹ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമുക്ക് രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് മാത്രം അല്ല, മറിച്ച് രണ്ടു പേര്‍ക്കും സ്വതന്ത്രമായ ഇടം കൊടുക്കല്‍ കൂടി ആണ്. അവരവരുടെ സ്വന്തം ഇടം നഷ്ടപ്പെടുത്തല്‍ അല്ല വിവാഹം. വിവാഹ ശേഷം ഒറ്റയ്ക്ക് യാത്ര പോകുന്നതും, അവരവര്‍ക്കു ഇഷ്ടപെട്ട കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്നതും, പ്രണയം വളര്‍ത്തുകയേ ഉള്ളു. 

കാലം കടന്നു പോകുമ്പോള്‍ നമ്മുടെ പങ്കാളികളുടെ ഇഷ്ടങ്ങള്‍ നമ്മുടെ ഇഷ്ടമായി മാറുന്നതും സംഭവിക്കും.  ഞാന്‍ പാചകം ഇഷ്ടപ്പെട്ടു തുടങ്ങിയത് അങ്ങിനെ ആണ്. 

വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ ബഹുമാനിക്കലാണ്. നമ്മള്‍ സമ്മതിക്കുന്നതോ എതിര്‍ക്കുന്നതോ ആയ കാര്യങ്ങളില്‍ സ്വന്തമായി ഒരു അഭിപ്രായം ഉണ്ടാവാന്‍ എല്ലാ സ്വാതന്ത്ര്യങ്ങളും ഉള്ള ഒരു വ്യക്തി ആണ് പങ്കാളി എന്നോര്‍ക്കുക.

പ്രണയ വിവാഹത്തില്‍ അത്യാവശ്യം ആയ ഒന്നാണ് പരസ്പരം വേദനിപ്പിക്കാതെ വഴക്കിടാന്‍ പഠിക്കുന്നത്. 

എങ്ങിനെ വഴക്കിടണം 
എന്റെ ഏറ്റവും വീക്ക് പോയിന്റ് ആയിരുന്നു ഇത്. ഇഷ്ടപ്പെടാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ ഇരിക്കുക, വഴക്കിട്ടാല്‍ മിണ്ടാതിരിക്കുക തുടങ്ങിയ ബാലിശമായ കാര്യങ്ങള്‍ ആയിരുന്നു തുടക്കത്തില്‍ എന്റെ ആയുധങ്ങള്‍. പക്ഷെ ഈ കാര്യത്തില്‍ ഗോമതിക്കു കൂടുതല്‍ ബുദ്ധി ഉണ്ടായിരുന്നു. എന്ത് വന്നാലും സംസാരിച്ചു തീര്‍ക്കണം എന്ന് പറഞ്ഞു തന്നത് അവളാണ്. അങ്ങിനെ ആണ് രണ്ടു മൂന്നു തീരുമാനങ്ങള്‍ എടുത്തത്. ഒന്ന്, കുട്ടികളുടെ മുമ്പില്‍ വഴക്കിടരുത്, രണ്ട് എന്ത് പ്രശ്‌നം ആണെങ്കിലും ഉറങ്ങുന്നതിനു മുമ്പ് പറഞ്ഞു തീര്‍ക്കണം. ഇപ്പോഴും വഴക്കിടുമ്പോള്‍, ആണുങ്ങള്‍ പലരും ചെയ്യുന്ന, തങ്ങളുടെ ആര്‍ക്കും തുറക്കാന്‍ പറ്റാത്ത ഗുഹയില്‍ പോയിരിക്കല്‍ എല്ലാം ഞാന്‍ ചെയ്യാറുണ്ടെങ്കിലും ഭൂരിപക്ഷ വ്യത്യാസങ്ങളും തുറന്നു പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്നുണ്ട്. അത് കൊണ്ട് പ്രണയ വിവാഹത്തില്‍ അത്യാവശ്യം ആയ ഒന്നാണ് പരസ്പരം വേദനിപ്പിക്കാതെ വഴക്കിടാന്‍ പഠിക്കുന്നത്. 

ഒന്ന് ഉറപ്പാണ്

പറഞ്ഞു വരുമ്പോള്‍ ഒരു പുസ്തകം എഴുതുവാന്‍ മാത്രമുള്ള കാര്യങ്ങള്‍ ഉണ്ട്, ഒരു പോസ്റ്റില്‍ ഒതുക്കാന്‍ ബുദ്ധിമുട്ടാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ ഇനി എന്തൊക്കെ പഠിക്കാന്‍ കിടക്കുന്നു...!

പക്ഷെ ഒന്ന് ഉറപ്പാണ് പരസ്പരം സ്‌നേഹിക്കുന്ന രണ്ടു പേര്‍ മരണം വരെ കൂടെ നടക്കാം എന്ന് പറഞ്ഞു തുടങ്ങുന്ന ഈ യാത്ര തന്നെയാണ് ജീവിതം ധന്യമാക്കുന്നത്. ഇതെല്ലം പ്രണയിച്ചു വിവാഹം കഴിച്ചവരുടെ മാത്രം കാര്യമല്ല, വിവാഹശേഷം പ്രണയിച്ചു തുടങ്ങിയ ഭൂരിപക്ഷത്തിന്റെ കാര്യം കൂടിയാണ്.

ദിവ്യയ്ക്കും ശബരിക്കും, ഈ വഴികളില്‍  മുന്നേ നടന്ന രണ്ടു പേരുടെ ആശംസകള്‍. വൈവിധ്യങ്ങളുടെ ആഘോഷമാവട്ടെ ജീവിതം!

Follow Us:
Download App:
  • android
  • ios