രണ്ടോ മൂന്നോ വര്‍ഷം മുമ്പ് മലപ്പുറം- തൃശൂര്‍ അതിര്‍ത്തിയിലുള്ള ഒരു പ്രശസ്തമായ ആശുപത്രിയുടെ മാനസികാരോഗ്യ വിഭാഗത്തിനുമുന്നില്‍ ഡോക്ടറെയും കാത്ത് ഞങ്ങള്‍ മൂന്നുപേരിരുന്നു, ഞാനും ഉമ്മയും അനിയനും. ചെറുപ്പത്തിലെ ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന അനിയനെ കാണിക്കാത്ത ഡോക്ടര്‍മാരില്ല. പലരും പറയുന്നതുകേട്ട് പലയിടത്തും കൊണ്ടുപോവും.അങ്ങനെയാണ് പ്രശസ്തമായ ആ ആശുപത്രിയിലെത്തിയത്. 

രാവിലെത്തന്നെ നീണ്ട നിരയാണ് കണ്‍സള്‍ട്ടേഷന്‍ റുമിനുമുന്നില്‍.എന്റെ ഫോണിലാണെങ്കില്‍ ഡാറ്റയുമില്ല. ഗാലറിയിലെ ചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കി മടുത്തിരിക്കുമ്പോള്‍ അടുത്ത വിനോദത്തിലേക്ക് മനസുപാളി. ചുറ്റുമുള്ളവരെ സൂക്ഷ്മമായി നിരീക്ഷിക്കല്‍. സദാചാരപ്പണിയൊന്നുമല്ല, അടുത്തുള്ളയാളുടെ ഭാവങ്ങളെയും ചെറിയ ചെറിയ പ്രവൃത്തികളെയും അവര്‍ക്ക് അരോചകമുണ്ടാക്കാത്ത രീതിയില്‍ ആസ്വദിക്കല്‍. ചിലരിതിന് വായ്‌നോട്ടം എന്നുപറയാറുണ്ട്. സാംഗത്യപരമായി ഞാന്‍ ചെയ്യുന്നത് വായ്‌നോട്ടം തന്നെയാണോ എന്നറിയില്ലെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിനോദത്തിലേക്ക് കണ്ണും മനസും തിരിഞ്ഞു. 

അങ്ങനെയാണ് അവനെ കണ്ടത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ക്യൂട്ട് ആയ ഒരു ചെറിയ പയ്യന്‍. ചെറിയ പയ്യനെന്നുവെച്ചാല്‍ എന്റെയത്ര പ്രായം കാണുമായിരിക്കും. ചിലപ്പോള്‍ എന്നേക്കാള്‍ ഇളയതായിരിക്കും. മനോഹരമായി വേഷം ധരിച്ച നന്നായി ചിരിക്കുന്ന, തിളങ്ങുന്ന കണ്ണുകളുള്ള ഒരു യുവാവ്. ഞാനൊന്നു നോക്കി, പിന്നെയും നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കവന്‍ തിരിച്ചുനോക്കി. അവിടെ രോഗികള്‍ തിങ്ങി നിറഞ്ഞ ആ ആശുപത്രി ഹാളില്‍ ഒരു കുഞ്ഞു സൗഹൃദം മൊട്ടിടുകയായിരുന്നു. 
 
ഒരല്‍പം കഴിഞ്ഞപ്പോള്‍ അവന്‍ പതുക്കെ കണ്ണുകൊണ്ട് പുറത്തേക്കുവിളിച്ചു. എന്താ സംഭവമെന്നാലോചിച്ച് അമ്പരന്നുനില്‍ക്കെ,  അവന്‍ പുറത്തേക്കു നടക്കുന്നതുകണ്ടു. എന്തും വരട്ടെയെന്നുകരുതി നിമിഷങ്ങള്‍ കഴിഞ്ഞ് ഞാനും പുറത്തേക്കിറങ്ങി. പുറത്ത് ആശുപത്രിയുടെ ഒരുവശത്തെ വലിയൊരു മരച്ചോട്ടില്‍ അവനെന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പുഞ്ചിരിച്ചു, പരിചയപ്പെട്ടു. പേരു പറഞ്ഞു. വീട് പാലക്കാട് ടൗണിനടുത്ത്. ബാംഗ്ലൂരില്‍ മൊബൈല്‍ഷോപ്പ് നടത്തുന്നു. പിന്നെ, ആശുപത്രിയില്‍ വന്നതിെന്റ കാര്യം അവന്‍ പറഞ്ഞു; കൂടെയുള്ള ഉമ്മാക്ക് കുറച്ചുനാളായി ചെറിയൊരു ടെന്‍ഷനും ആശങ്കയുമൊക്കെയുണ്ട്. വെറുതെ ഓരോന്നാലോചിച്ചിരിക്കും, ടെന്‍ഷന്‍ വന്നാല്‍ ഭയങ്കര പ്രശ്‌നമാ. അങ്ങനെയങ്ങനെ ഓരോന്ന് പറഞ്ഞു. 

പിന്നെ ബാംഗ്ലൂരിലെ ഷോപ്പ് നടത്തുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞു. അതിനിടെ ഞാന്‍ എന്നെക്കുറിച്ചും സംസാരിച്ചു. ഇടയില്‍ നമ്പറുകള്‍ കൈമാറി, എപ്പോഴേലും വിളിക്കാമെന്ന ഉറപ്പില്‍. ഇടക്ക് അവന്റെ ഫോണിലേക്ക് അകത്തിരിക്കുന്ന ഉമ്മയുടെ ഫോണ്‍ വന്നു. ദാ ഉമ്മാ വരുന്നു എന്നു പറഞ്ഞ്, ഞങ്ങള്‍ അവിടെ പിരിഞ്ഞു.

തിരിച്ചുള്ള യാത്രയില്‍ എന്റെ ഉമ്മ അവനെക്കുറിച്ച് പറഞ്ഞു; നമ്മുടെ അടുത്തിരുന്ന ആ ചെക്കന് 'ഭയങ്കര ടെന്‍ഷന്‍' ആണത്രേ!'

'ങേ!' ഞാനൊന്നു ഞെട്ടി. 

'അവന്റെ ഉമ്മയാ പറഞ്ഞത്. ബാംഗ്ലൂരില്‍ മൊബൈല്‍ ഷോപ്പൊക്കെ നടത്തുകയായിരുന്നു, ഇടക്കെന്തോ പറ്റി. വല്യ പ്രശ്‌നമൊന്നൂല്യ. -ഉമ്മ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. 

എനിക്കാകെ വല്ലാതായി. അവനെക്കണ്ടാല്‍ ഒരു കുഴപ്പവും തോന്നില്ല. എന്നാലും എന്തിനായിരിക്കും എന്നോടങ്ങനെ പറഞ്ഞത്? എന്തിനായിരിക്കും എന്നെ പുറത്തേക്ക് വിളിച്ച് പരിചയപ്പെട്ടത്? എന്തുകൊണ്ടായിരിക്കും അവനങ്ങനെയൊരു ടെന്‍ഷനുണ്ടായത്? ഞാനാലോചിച്ചുകൊണ്ടിരുന്നു.അവന്റെ പ്രസരിപ്പും 
മുഖഭാവവുമെല്ലാം എന്നെ അക്കാര്യം അവിശ്വസിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.  

അന്ന് അവന്‍ വിളിച്ചില്ല. ഞാന്‍ അവനെ വിളിക്കാനും മെനക്കെട്ടില്ല.  പിറ്റേദിവസം അവനെന്നെ വിളിച്ചു, സൗഹൃദം പുതുക്കി. സംസാരത്തിനിടയില്‍ അവന്റെ 
ഉമ്മാക്കെങ്ങനെയുണ്ട് എന്നു ഞാന്‍ ചോദിച്ചു. പിന്നെയും ഏറെ സംസാരിച്ചു. അക്കൂട്ടത്തില്‍ അവനക്കാര്യം എന്നോടു തുറന്നുപറഞ്ഞു. 

'പ്രശ്‌നം ഉമ്മക്കല്ല, എനിക്ക് തന്നെയാണ്!'

ഒരുനിമിഷത്തെ ഇടവേളയില്‍ ഞാനവനോടു പറഞ്ഞു, ഇക്കാര്യം എനിക്കറിയാമായിരുന്നു, പക്ഷേ നി എന്തിനാണിക്കാര്യം മറച്ചുവെച്ചതെന്നറിയണം എന്നാഗ്രഹമുണ്ട്.

'ഒന്നുമില്ല, നിന്നെ കണ്ടപ്പോള്‍ ഒരു നല്ല സുഹൃത്താക്കാന്‍ പറ്റുമെന്നുതോന്നി. ഇക്കാര്യം പറഞ്ഞാ ഒരു പക്ഷേ നീ അകല്‍ച്ച കാണിച്ചെങ്കിലോ എന്നു കരുതിയിട്ടാ'-അവന്‍ മറുപടി പറഞ്ഞു. 

സത്യത്തില്‍ ഒരു നഷ്ട പ്രണയമായിരുന്നു അവന്റെ മാനസിക സംഘര്‍ഷത്തിനു കാരണം. ജീവനെപ്പോലെ സ്‌നേഹിച്ചൊരു പെണ്‍കുട്ടി അവനെ വിട്ടിട്ടുപോയി. അവളുടെ വീട്ടുകാര്‍ വേറെ വിവാഹമുറപ്പിച്ചുവത്രെ. ഇതാണവനെ തളര്‍ത്തിയത്.

മിടുക്കനായിരുന്ന ആ യുവാവിനെ തിരിച്ച് പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനാണ് ആ ഉമ്മ അവിടെയെത്തിയത്. ഞങ്ങള്‍ തമ്മിലെ സൗഹൃദം വളരാന്‍ അധികനാളൊന്നും വേണ്ടിവന്നില്ല.. എനിക്കവനോടും അവനെന്നോടും സംസാരിക്കാനും പങ്കുവെക്കാനും വിശേഷങ്ങളേറെയുണ്ടായിരുന്നു. ഞാന്‍ പാലക്കാടോ, അവന്‍ എന്റെ നാട്ടിലോ വരുമ്പോള്‍ കാണാമെന്നും പറഞ്ഞു. 

സൗഹൃദം പക്ഷേ വളര്‍ന്ന് വേറെ തലത്തിലേക്ക് പോവാതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിച്ചു. ഇടക്കെപ്പോഴോ അവന്‍ എന്റെ സംസാരവും വാക്കുകളും നല്ല പോസിറ്റിവ് എനര്‍ജി തരുന്നുണ്ടെന്ന് പറഞ്ഞത് കോംപ്ലിമെന്റിനേക്കാള്‍ ചെറിയൊരു സങ്കടമാണ് എനിക്ക് സമ്മാനിച്ചത്. 

ഒരു ദിവസം രാവിലെ അവന്‍ കുറേ വിളിച്ചു. ഫോണെടുക്കാന്‍ വിട്ടുപോയി. തിരിച്ചുവിളിച്ചപ്പോള്‍ അവന്റെ ശബ്ദത്തില്‍ ഏറെ ആശങ്ക കലര്‍ന്നിരുന്നു. 'എന്താ സംഭവം' എന്നന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു: 'ഉമ്മായുടെ ആങ്ങളമാര്‍ നമ്മുടെ ബന്ധത്തെക്കുറിച്ച് വേറെന്തൊക്കെയോ വിചാരിച്ചുവച്ചിട്ടുണ്ട്. നിന്നോട് എപ്പഴും സംസാരിക്കുന്നോണ്ടായിരിക്കും.അവര്‍ എന്റെ ഫോണീന്ന് നിന്റെ നമ്പര്‍ ഒക്കെ എടുത്തു. നിന്നെ വിളിക്കാന്‍ ചാന്‍സുണ്ട്. 

'അതിനെന്താ, ഞാന്‍ സംസാരിച്ചോളാം അവരോട്. അങ്ങനെയൊക്കെ വിചാരിച്ചിട്ടുണ്ടേല്‍ അത് തിരുത്തേണ്ടത് നമ്മളല്ലേ' എന്നായിരുന്നു എന്റെ മറുപടി. 

'നീ വിചാരിക്കുന്ന പോലൊന്നുമല്ല കാര്യങ്ങള്‍' എന്നായിരുന്നു അവന്‍ തിരിച്ചുപറഞ്ഞത്. 

കാര്യമെന്താണെന്നന്വേഷിച്ചപ്പോള്‍ അവന്‍ പഴയ കാര്യങ്ങള്‍ വീണ്ടും പറഞ്ഞു. ഇഷ്ടമുള്ള പെണ്‍കുട്ടി ഉപേക്ഷിച്ചുപോയതും, അത് അവനെ മാനസികമായി തളര്‍ത്തിയതുമെല്ലാം.അതില്‍ നിന്ന് മെല്ലെ മെല്ലെ റിക്കവര്‍ ആയി വരുന്നതേയുള്ളൂ അവന്‍. വീണ്ടും ഒരു പ്രണയത്തിന്റെ ട്രാക്കിലേക്ക് വഴുതിവീണാല്‍ ഒരുപക്ഷേ ഇതില്‍ കൂടുതല്‍ വല്ലതും സംഭവിച്ചെങ്കിലോ എന്ന ഭയമാണ് വീട്ടുകാര്‍ക്ക്. 

ഇതെല്ലാം അവന്‍ വിശദമായി പറഞ്ഞു. പക്ഷേ എനിക്ക് അവനെയും എന്നെയും അറിയാമായിരുന്നു. എന്റെ വെറും വര്‍ത്തമാനങ്ങള്‍ അവന് ചെറുതായിട്ടെങ്കിലും പോസിറ്റിവ് എനര്‍ജി നല്‍കുന്നുണ്ടെന്നത് അവന്‍ ആത്മാര്‍ഥമായിട്ടു പറഞ്ഞതായിരുന്നു എന്നെനിക്കറിയാം. പക്ഷേ, അവന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അവനെക്കുറിച്ചുള്ള ആശങ്കയില്‍ കാര്യമുണ്ടായിരുന്നു എന്നും ഞാന്‍ തിരിച്ചറിഞ്ഞു. 

എന്താണു ചെയ്യേണ്ടതെന്നെനിക്കറിയില്ല. 

ഇടക്കിടെ അവന്‍ പറഞ്ഞുകൊണ്ടിരുന്നു, 'അവര്‍ നിന്നെ വിളിക്കും. ആകെ പ്രശ്‌നമാവും'

ഞാനും ഇടക്കിടെ ആ വിളി പ്രതീക്ഷിച്ചുകൊണ്ടിരുന്നു.പക്ഷേ അങ്ങനെയാരും എന്നെ വിളിച്ചില്ല. 

ഇടക്ക് വിളിക്കുമായിരുന്ന അവനും പിന്നീടൊരുദിവസം വിളി നിര്‍ത്തി. ഞാനങ്ങോട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കണക്ട് ആയതേയില്ല. കുറേ തവണ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ഏറെ നാള്‍ക്കു ശേഷം അവന്റെ ഫോണില്‍ നിന്നും ഒരു കാള്‍ വന്നു. ഫോണെടുത്തെങ്കിലും അപ്പുറത്ത് മൗനമായിരുന്നു ഭാഷ. അവനൊന്നും പറഞ്ഞില്ല. കുറെതവണ 'ഹലോ' എന്നു പറഞ്ഞെങ്കിലും തിരിച്ചൊരക്ഷരവും അവന്‍ ഉരിയാടിയില്ല. ഇടക്ക് ആ കാള്‍ മുറിഞ്ഞുപോയി. തിരിച്ചുവിളിച്ചപ്പോള്‍ ആ ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. അതായിരുന്നു അവസാനത്തെ കാള്‍. 

പിന്നീടൊരിക്കലും അവനെന്നെ വിളിച്ചില്ല. ഞാനങ്ങോട്ട് ശ്രമിച്ചെങ്കിലും ഒരിക്കല്‍ പോലും കാള്‍ കണക്ട് ആയതുമില്ല. പക്ഷേ ആ ചിരിക്കുന്ന കണ്ണുകളും പ്രസന്നമായ മുഖവും എന്റെ മനസില്‍ നിന്നു പോയതേയില്ല. 

അവന്‍ പുറത്തേക്കു വിളിച്ച് പരിചയപ്പെട്ടത്, ഫോണിലൂടെ ഏറെ നാള്‍ സംസാരിച്ചത്, ഇടക്ക് ഒന്നും പറയാതെ എല്ലാം അവസാനിപ്പിച്ചു പോയത്. എല്ലാം ഇന്നലെ കഴിഞ്ഞപോലെ മനസില്‍ തെളിയുന്നു. 

പിന്നീടൊരിക്കലും ഞാന്‍ ആ ആശുപത്രിയിലേക്ക് പോയിട്ടില്ല. പാലക്കാട് പോയിരുന്നു. അന്നൊന്നും പക്ഷേ അവനെ വിളിച്ചതുമില്ല. വിളിച്ചാല്‍ എടുക്കാന്‍ അവനുണ്ടാവില്ല എന്നറിയാമായിരുന്നു. 'നീ എവിടെയാണ്' എന്ന പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ ആദ്യം മനസില്‍ തെളിഞ്ഞത് ചിരിക്കുന്ന 
കണ്ണുകളുള്ള, കുസൃതി നിറഞ്ഞ മുഖമുള്ള ആ പയ്യന്റെ മുഖമാണ്. അപ്പോള്‍ത്തന്നെ പഴയ ഫോണില്‍ത്തപ്പി നമ്പര്‍ എടുത്ത് വിളിച്ചെങ്കിലും ഈ നമ്പര്‍ നിലവിലില്ലെന്നായിരുന്നു പ്രതികരണം. അന്നും ഇന്നും അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ചോദ്യം മാത്രം മനസിലവശേഷിക്കുന്നു. എന്തിനായിരുന്നു നീ ഒന്നും പറയാതെ പോയിക്കളഞ്ഞത്? 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!