ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പാണ്. ഉന്നത വിദ്യാഭ്യാസം നേടാന്‍ ഏറെ മോഹം ഉണ്ടായിട്ടും ദാരിദ്ര്യം അതിന് ഒരു തടസ്സം നിന്ന കാലം.

ഒടുവില്‍ സഹൃദയനായ, അകാലത്തില്‍ വിട്ടു പോയ, ആ മഹല്‍ വ്യക്തിയുടെ വ്യക്തി ബന്ധത്തിന്റെ പേരില്‍, നഗരത്തിലെ പ്രധാന ആശുപത്രിയില്‍ പഠനവും ജോലിയും ഒരുമിച്ചു കിട്ടിയ നാളുകള്‍. 

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന ഭാഗമായ ഹൃദയം കീറി മുറിക്കുന്ന കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഓപ്പറേഷന്‍ തിയേറ്റര്‍. അവിടെ നിന്ന് തുടങ്ങുന്നു ജീവിതത്തിന്റെ രണ്ടാ ഘട്ട യാത്ര.

രാപ്പകലുകള്‍ മാറി മാറി വരുന്ന ജോലി ദിവസങ്ങള്‍ .

പകലുകള്‍ പൂര്‍ണ്ണ ജോലിയാണെങ്കില്‍ രാത്രികള്‍ അത്ര തിരക്കില്ലാതെ കഴിഞ്ഞു പോയി. പക്ഷെ ഉറക്കം അനുവദനീയമായിരുന്നില്ല. അതിനാല്‍ തന്നെ  തൊട്ടടുത്തുള്ള കാര്‍ഡിയാക് കൊറോണറി യൂണിറ്റില്‍ രാത്രികാല നിത്യ സന്ദര്‍ശകനായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് മുമ്പ് രോഗികള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിഞ്ഞു പോകുന്ന ഇടം.

പല തരം യന്ത്രങ്ങള്‍, പല നാട്ടുകാരായ മനുഷ്യര്‍, പല പല അപ ശബ്ദങ്ങള്‍. ഡോക്ടര്‍, നഴ്‌സ്, ടെക്‌നീഷ്യന്‍സ്, ഇവര്‍  പതുക്കെ മാത്രമേ സംസാരിക്കാറുള്ളൂ. മൗനം മരുന്നായി തീരുന്നിടം. പലപ്പോഴും ആശയ വിനിമയം നടത്തുന്നത് ആംഗ്യ ഭാഷയിലായിരുന്നു..

അവിടെ ജോലിക്കാരായ ഞങ്ങള്‍ എല്ലാം ആത്മ സുഹൃത്തുക്കള്‍. മരണം കാത്തു കിടക്കുന്നവരുടെയും ബന്ധുക്കളുടെയും ഏക ആശ്രയമായവര്‍,

ലോകം ഉറങ്ങുമ്പോള്‍ സ്വന്തക്കാര്‍ മയങ്ങുമ്പോള്‍, ഉറക്കമൊഴിച്ചു കാത്തിരിക്കുന്ന മാലാഖമാര്‍. അവരാണ് ആശുപത്രിയുടെ കണ്ണ്. പല മനുഷ്യരും ആദ്യമായും അവസാനമായും സംസാരിക്കുന്നത് ഈ മാലാഖമാരോടാണ്. 

ലോകം ഉറങ്ങുമ്പോള്‍ സ്വന്തക്കാര്‍ മയങ്ങുമ്പോള്‍, ഉറക്കമൊഴിച്ചു കാത്തിരിക്കുന്ന മാലാഖമാര്‍.

അവരില്‍ ഒരാളായിരുന്നു ലിസി. അകത്തും പുറത്തും സൗന്ദര്യമുള്ള പെണ്‍കുട്ടി. സദാ നിറ പുഞ്ചിരി. 

ഒരു രോഗിക്ക് ഒരു നഴ്‌സ് എന്ന ലോക നിലവാരത്തിലുള്ള സംവിധാനത്തില്‍ ഒരുക്കിയ കൊറോണറി കെയര്‍ യൂണിറ്റില്‍ ലിസി തിരഞ്ഞെടുക്കുന്നത് ഏറ്റവും വേദന സഹിക്കുന്ന രോഗിയെ ആയിരിക്കും.  അത്തരം രോഗിയെ പരിചരിക്കുക എന്നത് അവള്‍ക്ക് ഒരു ഹോബിയായിരുന്നു. പല രോഗികള്‍ക്കും അമ്മയായും, പെങ്ങളായും, അനിയത്തിയും, ലിസി മാറുന്നത്  നേരില്‍ കാണാനുള്ള ഭാഗ്യം ഉള്ളത് കൊണ്ടാണ് ആ മാലാഖയുടെ  അകത്തെ സൗന്ദര്യം കൂടി എനിക്ക് കാണാന്‍ സാധിച്ചത്.

തന്റെ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക എന്നതു ഒരു ലഹരി പോലെ കൊണ്ട് നടന്നവരായിരുന്നു ലിസി. പല രോഗികളും അസുഖം മാറി പോകുമ്പോള്‍ സന്തോഷിക്കുന്ന മുഖവും, മരണം പുല്‍കുമ്പോള്‍ സങ്കടപ്പെടുന്ന മുഖവും ഞാന്‍ കണ്ടിട്ടുണ്ട്.

ആയിടക്കാണ് ഒരു ദിവസം ലിസി ഒരു സ്വകാര്യവുമായി എന്റെ അരികെ വന്നത്.

'ഇന്ന് രാത്രി നിന്റെ കൂടെ എന്റെ ഒരു സുഹൃത്തിനെ കൂടി താമസിപ്പിക്കണം. അല്ലെങ്കില്‍ അവന്‍ ഹോട്ടല്‍ റൂം എടുക്കും. നീ കൂടെ അവിടെ താമസിച്ചാല്‍ മതി'.

പല പേടിപ്പിക്കുന്ന വാര്‍ത്തകളും കേള്‍ക്കുന്ന അക്കാലത്ത് യാതൊരു പരിചയവുമില്ലാത്ത ഒരാളുടെ കൂടെ ഹോട്ടലില്‍ താമസിക്കുക എന്നത് ഭയം  ഉളവാക്കുന്നതായിരുന്നു. എങ്കിലും, പറയുന്നത് ലിസിയാണ്. സ്‌നേഹത്തോടെ ഞാനത് സ്വീകരിച്ചു.

ആയിടക്കാണ് ഒരു ദിവസം ലിസി ഒരു സ്വകാര്യവുമായി എന്റെ അരികെ വന്നത്.

എന്റെ കൊച്ചു റൂമിലേക്ക് അതിഥിക്ക് ഞാന്‍ സ്വാഗതം ഓതി. മരത്തില്‍ പണിത കോണിപ്പടി കയറി നാലാം നിലയിലെ കൊച്ചു മുറിയില്‍ ഞങ്ങള്‍ അന്യരായ രണ്ട് പേര്‍. 

റൂമിലെ കൂട്ടാളി മൂസ അന്ന് രാത്രി ഡ്യൂട്ടിയാണ്. ആ കട്ടിലില്‍ മനു സ്ഥാനം പിടിച്ചു.

മുന്‍പരിചയം ഇല്ലാത്ത രണ്ടു പേര്‍. സംസാരിക്കാന്‍ വിഷയം ഇല്ലാതെ മുഖാമുഖം നോക്കി. 

മൗനത്തിനു വിരാമം കുറിച്ച് കൊണ്ട് ആദ്യ  ഊഴം എന്റേതായിരുന്നു. 

പതിയെ, നാട്, വീട്, കുടുംബം എല്ലാം ഞാന്‍ പങ്കു വെച്ചു.

ആകാംക്ഷയോടെ എന്നെ കേട്ട്  സന്തോഷത്തോടെ മനു തന്റെ ജീവിത കഥ പറയാന്‍ തുടങ്ങി.

പേര് കേട്ട തറവാട്ടില്‍ പിറന്ന, വലിയ സമ്പത്തിനുടമയായ അച്ഛന്റെ മകന്‍. സഹോദരങ്ങള്‍ എല്ലാവരും ഉന്നത നിലയില്‍. അച്ഛനും അമ്മയും നേരത്തെ പരലോകം പൂകി. 

മാതാപിതാക്കള്‍ ഉള്ള കാലത്ത് അവരുടെ ഇഷ്ടപ്രകാരം പണവും പ്രതാപവും ഉള്ള ഒരു കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചു. ബിസിനസും തിരക്കും ഒക്കെയായി ജീവിതയാത്ര തുടരുന്നതിനിടെ ഒരു നാള്‍ അപ്രതീക്ഷിതമായി അത് സംഭവിച്ചു   ശരീര മാസകലം അസഹ്യവേദന. കൂടെ വായിലും മൂക്കിലും ചെവിയിലും നിന്ന് രക്തം ഒഴുകി വന്നു.

ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രി. പിന്നീട് നഗരത്തിലെ പ്രധാന സ്‌പെഷ്യലിറ്റി ആശുപത്രി. ചികിത്സകള്‍ മാറി  മാറി തുടര്‍ന്ന് കൊണ്ടിരുന്നു. 

വേദനയുടെ നിമിഷങ്ങളില്‍ എല്ലാം മറന്നു കരയുമ്പോള്‍ വായിലും മൂക്കിലും കാതിലും രക്തം വന്നു നിറയും. ഇതൊരു പതിവ് കാഴ്ച.

ഒടുവില്‍ മദിരാശി നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ അഭയം പ്രാപിച്ചു. രോഗം എന്താണ് എന്ന് അവര്‍ കണ്ടു പിടിച്ചു. ചികിത്സ ആരംഭിച്ചു. ദിവസങ്ങള്‍ മാസങ്ങള്‍ കറങ്ങി ഓടി ഒളിച്ചു. രണ്ടു വര്‍ഷം  തുടര്‍ ചികില്‍സ.

അതിനിടയില്‍ കൂടെ ഉണ്ടായിരുന്ന സഹായികള്‍ ഓരോരുത്തരായി കൊഴിഞ്ഞു പോയി. ഉള്ളതൊക്കെ വിറ്റു പെറുക്കി ചികിത്സ തുടര്‍ന്നു. 

ഒരുനാള്‍ എന്റെ ഭാര്യ  ഉപേക്ഷിച്ചു  പോയി. പൂര്‍ണ്ണമായും ഒറ്റയ്ക്കായി. 

പറഞ്ഞുകൊണ്ടിരിക്കെ, അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു..

ആശുപത്രി കിടക്കയില്‍ വെച്ചാണ് ലിസിയെ പരിചയപ്പെടുന്നത്. ഏതാണ്ട് ഒന്നര വര്‍ഷമായി നിഴലായി അവളുണ്ട്. 
 
'എനിക്ക് ലഭിക്കാതെ പോയ സൗഭാഗ്യം'-അയാള്‍ ചിരിക്കുമ്പോള്‍ ചുണ്ടുകളില്‍ സങ്കടം നിറഞ്ഞു. ഒപ്പം, നിര്‍ത്താത്ത ചുമ. വായിലൂടെ രക്തം കഫമായി പുറത്തേക്ക്.ഉറവ പൊട്ടും പോലെ മൂക്കിലൂടെ,  ചെവിയിലൂടെ ചുവന്ന രക്തം ചാലിട്ടൊഴുകി.

എനിക്ക് പേടിയായി.

'ഭയപ്പെടേണ്ട'-ഇത് സാധാരണ സംഭവം മാത്രം അയാള്‍ ചിരിയോടെ പറഞ്ഞു.

ദുഃഖവും ഭയവും കൊണ്ട് ഞാന്‍ ആകെ പതറി.ഒടുവില്‍ അയാള്‍ തന്നെ എണീറ്റ് വാഷ് റൂമിലേക്ക് പോയി.

റൂമിലും കട്ടിലിലും തലയിണയിലും രക്തം. ദൈവമേ മൂസയോട് ഞാന്‍ എന്ത് പറയും?

മറ്റൊരു വാഷ്‌റൂം ലക്ഷ്യമാക്കി ഞാനും നടന്നു.

ഒരുനാള്‍ എന്റെ ഭാര്യ  ഉപേക്ഷിച്ചു  പോയി. പൂര്‍ണ്ണമായും ഒറ്റയ്ക്കായി. 

ദൂരെ ഇടയ്ക്കിടെ പോകുന്ന വാഹങ്ങളുടെ എയര്‍ ഹോണ്‍ ശബ്ദം മാത്രം. മറ്റൊന്നും കേള്‍ക്കാത്ത ഒരു പേടിപ്പെടുത്തുന്ന രാത്രി.

സമയം നോക്കി. പുലര്‍ച്ചെ, 2:45

മനു ഉറങ്ങിയിരിക്കുന്നു. ഞാനും മെല്ലെ മയക്കത്തിലേക്ക്.

പള്ളിയില്‍ നിന്ന് സുബഹി ബാങ്ക് മുഴങ്ങി.മനു എന്നെ വിളിച്ചു, പള്ളിയില്‍ പോകാന്‍ പറഞ്ഞു. ഞാന്‍ തിരികെ എത്തുമ്പോളേക്കും അയാള്‍ കുളിച്ചു ഒരുങ്ങി നില്‍ക്കുന്നു.  ഒരു യാത്രക്കുള്ള പുറപ്പാട്.

എങ്ങോട്ടാ? 

'നീ റെഡി ആകൂ സുബൈര്‍ ഇന്ന് സണ്‍ഡേ അല്ലെ.

എങ്ങോട്ടാകും എന്ന ചിന്തയില്‍ ഞാന്‍ കൂടെ ഇറങ്ങി. നേരെ പോയത് കോഴിക്കോട് ബീച്ചില്‍

പാതി പൊളിഞ്ഞ കടല്‍പ്പാലത്തിന്റെ തുടക്കത്തില്‍ കാണുന്ന കാടു പിടിച്ച ബെഞ്ചില്‍ ഞങ്ങളിരുന്നു. 

'ഇന്നലെ രാത്രി പേടിച്ചോ സുബൈര്‍?' 

'ഹേയ്, ഇല്ല'. പറഞ്ഞൊപ്പിച്ചു.

'ലിസി ചോദിച്ചാല്‍ അതൊന്നും പറയരുത് കേട്ടോ..'

'ഇല്ല'-ഞാന്‍ തലയാട്ടി.

സൂര്യന്‍ അല്‍പ്പം ചൂടോടു കൂടി തലക്ക് മുകളില്‍ വന്നു. 

എന്തിനായിരിക്കും ഇവിടെ ഞങ്ങള്‍ വന്നതെന്ന് എന്റെ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു.

മറുപടിയെന്നോണം  മുമ്പില്‍ ഒരു ഓട്ടോ റിക്ഷ വന്നു നിന്നു.

ലിസി അതില്‍ നിന്നിറങ്ങി. നിറ പുഞ്ചിരിയില്‍ ഞങ്ങളെ വരവേറ്റു.

മര ബെഞ്ചില്‍ ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം.
 
എങ്ങനെയോ എന്തൊക്കയോ പറഞ്ഞു ഞാന്‍ അവിടന്ന് തടിതപ്പി.

പിന്നീട് അങ്ങോട്ട് അനാവശ്യ ചോദ്യങ്ങളുടെ ശരങ്ങള്‍ എന്റെ മനസ്സില്‍ കിടന്നു പിടഞ്ഞു.

അവര്‍ തമ്മില്‍ എന്തായിരിക്കും?

പ്രണയമാണോ? അവിഹിത ബന്ധമാണോ? കല്യാണം കഴിക്കുമോ ?

ഒന്നും ചോദിക്കാനുള്ള ചങ്കൂറ്റം എനിക്ക് ഉണ്ടായിരുന്നില്ല.

നാളുകള്‍ പതിയെ കൊഴിഞ്ഞു പോയി.

പ്രണയമാണോ? അവിഹിത ബന്ധമാണോ? കല്യാണം കഴിക്കുമോ ?

മനുവിന്റെ കാര്യം ഇടക്കൊക്കെ ഞാന്‍ ലിസിയോട് ചോദിക്കുമായിരുന്നു. മറുപടിയും തിരികെ കിട്ടും.

ഒരു നാള്‍ ലിസി മറ്റൊരു സ്വകാര്യവുമായി വന്നു. 'ഞാന്‍ ഇവിടെ നിന്ന് പിരിഞ്ഞു പോകുവാ'.

ഒന്നും പറയാനാവാതെ വിങ്ങിപ്പോയ നിമിഷങ്ങള്‍. 

ആ ദിവസം വന്നണഞ്ഞു. വിട പറയല്‍ വേള. 

സമ്മാനങ്ങളുമായി സുഹൃത്തുക്കള്‍ ലിസിയെ പൊതിഞ്ഞു. ആ രംഗം കണ്ടു നില്‍ക്കാനുള്ള ശേഷി പോലും എനിക്കില്ലായിരുന്നു.

ദൂരെ മാറി നിന്ന് എന്റെ അരികിലേക്ക് അവള്‍ വന്നു. 'ഇന്ന് രാത്രി കാന്റീനില്‍ വരണം, ഭക്ഷണം എന്റെ കൂടെ'. ചെവിയില്‍ മന്ത്രിച്ചു കൊണ്ടവള്‍ നടന്നു നീങ്ങി.

അവസാനത്തെ കൂടിക്കാഴ്ച. അവസാനത്തെ അത്താഴം.

ഞങ്ങള്‍ കുറെ നേരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അറിയാതെ എന്റെ മിഴികള്‍ നിറഞ്ഞു.

'അയ്യേ.... '-അവള്‍ കളിയാക്കി.

'എടാ ചെറുക്കാ, ഇതൊക്കയാ ജീവിതം. നീ ചെറുപ്പമാ. ഇനിയും ഒരു പാട് യാത്ര ചെയ്യാനുണ്ട' ്.

'എന്റെ കാര്യം തന്നെ നോക്ക്. മദ്രാസില്‍ വെച്ച് ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാ, മാസത്തില്‍ ഒരിക്കല്‍ ഒരിടത്ത് വെച്ച് സ്വതന്ത്രമായി  സംസാരിക്കാന്‍ മനു എന്നെ കാണാന്‍ വരുന്നത്.ആത്മഹത്യ ചെയ്യാന്‍ വരെ പോയ ആളായിരുന്നു, നമ്മള്‍ ഒരാളുടെ സാമീപ്യം അവനെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. നമ്മള്‍ നല്‍കുന്ന സ്‌നേഹമാണ് അയാളുടെ ഇപ്പോഴുള്ള  ഊര്‍ജം. ഞാന്‍ മറ്റൊരാളുടെ ഭാര്യയാണ് എന്നത് പോലും അവന്‍ മറക്കുന്നു. എന്റെ മനസ്സിനെ മാത്രമാണ് അയാള്‍ ഇഷ്ടപ്പെട്ടത്. മറ്റൊരിഷ്ടം  അയാള്‍ക്കില്ല, ആ ബലഹീനതയായിരിക്കാം ഒരു പക്ഷെ, സ്വന്തം ഭാര്യ അയാളെ വിട്ടു പോയത് എന്ന് തോന്നുന്നു.

ഒന്നും പറയാനാകാതെ,  നല്ലൊരു കേള്‍വിക്കാരനായി ഞാന്‍ ഇരുന്നു. അതിനിടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നു.

അതായിരുന്നു അവസാനത്തെ ചിരി. നിലാവ് പോലൊരു ചിരി.

'ഇനി എങ്ങോട്ടാ യാത്ര?' ഇനി എപ്പോ കാണും? മനുവിനെ ഇനി കാണാന്‍ പറ്റുമോ?

ചോദ്യങ്ങള്‍ എന്നില്‍ നിന്നും വന്നു കൊണ്ടിരുന്നതിനാലാകാം, ഒരു ചെറു പുഞ്ചിരിയാല്‍ ബാഗില്‍ നിന്നും പേനയെടുത്ത്  അയാളുടെ നമ്പര്‍ കുറിച്ച് തന്നു.

'സുബൈര്‍ ഇടക്ക് വിളിക്കണം, പോയി കാണണം.'

ഞാന്‍  നാളത്തെ ചെന്നൈ മെയിലിനു മദ്രാസിലേക്ക്  യാത്രയാകും. ശേഷം കൊറോണറി കെയര്‍ യൂണിറ്റ് ഇല്ലാത്ത ഒരു വീട്ടിലേക്ക്.  ഭര്‍ത്താവിന്റെ അടുക്കലേക്ക്.  മനുവും ഞാനുമായി അവിഹിതം ഉള്ളതായി അദ്ദേഹത്തോട് ആരോ പറഞ്ഞത്രേ'-അവള്‍ സങ്കടത്തോടെ മൊഴിഞ്ഞു. പിന്നെ എന്നെ നോക്കി ചിരിച്ചു

അതായിരുന്നു അവസാനത്തെ ചിരി. നിലാവ് പോലൊരു ചിരി.

തെളിഞ്ഞ നിലാവുള്ള  ആ രാത്രിയില്‍ ലിസിയോട് യാത്ര പറഞ്ഞു നഗര വീഥിയിലൂടെ ഞാന്‍ നടന്നു.

എത്ര രോഗികള്‍ക്ക് സ്വാന്തനമായിരുന്നു, എത്ര കൂട്ടുകാര്‍ക്ക് സ്‌നേഹിതയായിരുന്നു, എത്ര വേദനകള്‍ക്ക് മരുന്നായിരുന്നു  ഈ മാലാഖ.

ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും,  ആള്‍ക്കൂട്ടത്തിലും, ഫേസ്ബുക്കിലും, യാത്രക്കാര്‍ക്കിടയിലും, ഞാന്‍  തിരയുന്ന മുഖങ്ങള്‍ അവരുടേതാണ്. .
 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!