സൂറത്തിലെ ഒരു ബിസിനസുകാരൻ മകന്റെ ജന്മദിനം ആഘോഷിക്കാൻ തിരക്കേറിയ റോഡ് തടഞ്ഞു. പടക്കം പൊട്ടിച്ചും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും നടത്തിയ ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. താനൊരു സെലിബ്രിറ്റിയാണെന്നായിരുന്നു ഇയാളുടെ വാദം.
അച്ഛനമ്മമാർക്ക് തൻകുഞ്ഞി പൊൻകുഞ്ഞാകാം. പക്ഷേ, നാട്ടുകാർക്കെല്ലാം അങ്ങനയാകണമെന്ന് വാശിപിടിച്ചാല്ലോ. അതായിരുന്നു കഴിഞ്ഞ ദിവസം സൂറത്തിൽ സംഭവിച്ചത്. സൂറത്തിലെ ഒരു ബിസിനസുകാരൻ മകന്റെ ജന്മദിനം ആഘോഷിക്കാൻ തിരക്കേറിയ റോഡാണ് തെരഞ്ഞെടുത്തത്. റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പടക്കം പൊട്ടിച്ചും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും അയാൾ മകന്‍റെ ജന്മദിനം ആഘോഷിച്ചു. ചോദ്യം ചെയ്തവരോട് തനിക്ക് അതിന് അവകാശമുണ്ടെന്ന തരത്തിലായിരുന്നു അയാൾ സംസാരിച്ചത്. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആൾ ലോക്കപ്പിലായെന്ന് റിപ്പോര്‍ട്ട്.
ഞാനൊരു സെലിബ്രിറ്റി
സൂറത്തിലെ ഡുമാസ് പ്രദേശത്താണ് സംഭവം നടന്നത്, ദീപക് ഇജാർദാർ എന്ന ബിസിനസുകാരനാണ് മകന്‍റെ ജന്മദിനാഘോഷത്തിന് റോഡ് തെരഞ്ഞെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ റോഡ് തടഞ്ഞ് വാഹനങ്ങൾക്ക് മുന്നിൽ നിന്ന് ആകാശത്തേക്ക് സ്പാർക്ലറുകൾ പിടിച്ച് നൽക്കുന്ന ദീപക് ഇജാർദാറിനെ കാണാം. ഇടയ്ക്ക് ഒരു കാർ ഡ്രൈവർ ഹോണ്‍ മുഴക്കുന്നു. ഇതോടെ ദേഷ്യത്തോടെ തന്‍റെ കൈയിൽ കത്തിച്ച് പിടിച്ച സ്പാർക്ലറുകൾ കാറിന് നേരെ പിടിക്കുന്ന ദീപകിനെ കാണാം. ആഘോഷം അവസാനിക്കുന്നത് വരെ ഇയാൾ ഗതാഗതം തടഞ്ഞെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അറസ്റ്റ്, കേസ്
വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 പ്രകാരം ഇജാർദാറിനെതിരെ സൂറത്ത് പോലീസ് ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ചതിനുമാണ് കേസ്. ഇത്തരം പ്രവൃത്തികൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നുമെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസിനോട് "ഞാൻ ഒരു സെലിബ്രിറ്റിയാണ്. അഞ്ച് മിനിറ്റ് നിങ്ങളെ തടഞ്ഞാൽ ഞാൻ എന്ത് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത്?" എന്ന് ദീപക് ചോദിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം ആളുകളെ ഒരു പൊതുശല്യമായി കണ്ട് അറസ്റ്റ് ചെയ്ത് ജയിലിലയക്കണമെന്ന് നെറ്റിസെന്‍സ് ആവശ്യപ്പെട്ടു.


