ഓഫീസിലെ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ രാത്രി ഒരുമണി കഴിഞ്ഞിരുന്നു. മഞ്ഞുവീണു കിടക്കുകയാണ്, ഞങ്ങളുടെ ദേശം, കാണ്‍പൂര്‍. ആദ്യമായാണ്, തണുത്തു വിറയ്ക്കുന്ന കാണ്‍പൂരിനെ കാണുന്നത്. വീട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ മഞ്ജന്‍ പെട്ടെന്ന് ചോദിച്ചു, 'സിറ്റി വരെ പോയാലോ, അവിടെ ന്യൂ ഇയര്‍ ആഘോഷം എങ്ങിനെ എന്ന് നോക്കാം'. ശരി എന്ന് പറഞ്ഞതും വണ്ടി കുതിച്ചു. ഒരു കിലോമീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ അടുത്ത അഭിപ്രായം എത്തി ' നമുക്ക്, ചുമ്മാ വിട്ട് പോയാലോ?' 

'എങ്ങോട്ട്?' 

'ചുമ്മാ' പോകാം' എന്ന് മറുപടി.

കൈയ്യില്‍ ഒരു യാത്രയ്ക്ക് വേണ്ട പൈസ ഇല്ല. വണ്ടിയില്‍ മുന്നൂറ് കിലോമീറ്റര്‍ പോകാനുള്ള പെട്രോള്‍ ഉണ്ട്.ഏതെങ്കിലും എടിഎമ്മില്‍നിന്നും പൈസ എടുക്കാന്‍ കഴിഞ്ഞാല്‍ യാത്ര തുടരാം. എന്തായാലും വണ്ടി ലക്‌നൗ റോഡിലേക്ക് തിരിച്ചു.

കാണ്‍പൂരില്‍നിന്നും ഏകദേശം 70 കിലോമീറ്റര്‍ ദൂരമുണ്ട്, ലക്‌നോയിലേക്ക്. സമയം അപ്പോള്‍ ഒന്നര. പത്തു അടിയ്ക്കപ്പുറം ഒന്നും കാണാന്‍ ആവാത്ത വിധം മഞ്ഞു മൂടിയിരിക്കുന്നു.തണുപ്പ് അഞ്ചു ഡിഗ്രിക്ക് താഴെ. ഇട്ടിരിക്കുന്ന ഉടുപ്പല്ലാതെ മറ്റൊന്നും എടുത്തിട്ടില്ല. യുക്തിഭദ്രമായി ആലോചിച്ചാല്‍, അവസ്ഥ അത്ര നല്ലതല്ല. 

എന്നാല്‍, യുക്തി എപ്പോഴും ശരിയാവണമെന്നില്ല. ചില കാര്യങ്ങള്‍ അധികം ആലോചിക്കുന്നത് നല്ലതല്ല. ഒന്നും ആലോചിക്കാതെ ചെയ്യണം.ആലോചിച്ചാല്‍ ധൈര്യം പോകും,പിന്മാറും.

വീട്ടിലേയ്ക്കല്ല പോകുന്നത് എന്ന് മനസ്സിലായതോടെ മകള്‍ സീറ്റില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങി.

അങ്ങനെ യാത്ര. അനിശ്ചിതത്വങ്ങളുടെ പാത. നാഷണല്‍ ഹൈവേയിലൂടെ വണ്ടിനീങ്ങുമ്പോള്‍ ഇടയ്ക്കിടെ പോകുന്ന ട്രക്കുകള്‍ മാത്രമായിരുന്നു കൂട്ട്. മഞ്ഞുപുതഞ്ഞ വഴി കാര്യമായി കാണാനാവുന്നില്ല. ഏതെങ്കിലും ട്രക്കിനെ പിന്തുടര്‍ന്ന് മഞ്ജന്‍ യാത്ര സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അത്രമേല്‍ ഭയപെടുത്തുന്ന അപകട വാര്‍ത്തകള്‍ ആണ് ശൈത്യം തുടങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നത്.

വഴിയാക തണുത്തിരുണ്ട് കിടന്നു. മഞ്ഞുപാട വെളിച്ചങ്ങളെ വിഴുങ്ങിക്കൊണ്ടിരുന്നു. കൂടുതല്‍ ഭീതിതമായ ഏകാന്തത മുന്നില്‍ നീണ്ടു നിവര്‍ന്നു. പെട്ടെന്ന് വന്നു, വണ്‍വെ തെറ്റിച്ച് ഒരു ലോറി. മഞ്ഞിനെ കീറി മുറിച്ചു പാഞ്ഞു വന്ന ലോറി ചങ്കിടിപ്പ് വല്ലാതെ കൂട്ടി കടന്നു പോയി.

എവിടെ എത്തിയെന്നോ എത്ര കിലോമീറ്റര്‍ ബാക്കിയുണ്ടെന്നോ അറിയാന്‍ ഒരു വഴിയുമില്ല. ബോര്‍ഡ് പോലും കാണാന്‍ കഴിയാത്ത വിധം മഞ്ഞ് മൂടി നിന്നിരുന്നു .രണ്ടു പേരുടെയും ഫോണ്‍ ചാര്‍ജ് തീര്‍ന്നു സ്വിച്ച് ഓഫ് ആകാവുന്ന അവസ്ഥയില്‍ ആയതിനാല്‍ ഗൂഗിള്‍ മാപ് എന്ന ഓപ്ഷനും അപ്രാപ്യം.

ലക്ഷ്യമാണ് എല്ലാ യാത്രകളുടെയും ജീവന്‍ എന്നു പറയാറുണ്ട്. എന്നാല്‍, ലക്ഷ്യമില്ലാത്ത യാത്രകള്‍ അപാരമായ മറ്റ് സാദ്ധ്യതകളാണ് തുറന്നിടുന്നത്. വഴി തെറ്റി അലഞ്ഞ ആ 150 കിലോമീറ്റര്‍ ആയിരുന്നു സത്യത്തില്‍ യഥാര്‍ത്ഥ യാത്ര

ലക്‌നൗ ഏറെ മാറി!
പതിയെ വെളിച്ചവും ചില കെട്ടിടങ്ങളും കണ്ടു തുടങ്ങി. ലക്‌നൗ അടുക്കുന്നു. സമാധാനം തോന്നി.എപ്പോള്‍ കാണുമ്പോഴും കൊതിപ്പിക്കുന്ന ഒരു ഭംഗി ഉണ്ട് ഈ നഗരത്തിന്. നഗരങ്ങളോടുള്ള ലഹരി കൊണ്ട് എനിക്ക് മാത്രം തോന്നുന്നതാവാം. നമ്മള്‍ ഇവിടെ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് പറയാതെ ഒരു നഗരവും ഞാന്‍ പിന്നിട്ടിട്ടില്ല. 

ഇതിനിടയില്‍ മോള്‍ ഉണര്‍ന്നു. അവധ് രാജ്യത്തിന്റെ ഭരണ കേന്ദ്രം ആയിരുന്നതിന്റെ ഓര്‍മ്മകളെ ഉള്ളില്‍ ഒളിപ്പിച്ചു കൊണ്ട് ഇപ്പോഴും അവിടുത്തെ മിക്ക സ്ഥാപനങ്ങളുടെയും പേര് അവധ് എന്നാണ്. മെട്രോയുടെ ജോലികള്‍ പുരോഗമിക്കുന്നു. അതിനാല്‍ വഴികള്‍ എല്ലാം അലങ്കോലം. വഴികള്‍ തടഞ്ഞും അരികുകള്‍ തീര്‍ത്തും LMRC എന്നെഴുതിയ ബോര്‍ഡ് കാണാം.

'ലക്‌നൗ ആകെ മാറിയല്ലോ അമ്മേ!'

മോളുടെ പെട്ടന്നുള്ള ചോദ്യം കേട്ടപ്പോള്‍ 'ഇവളും ചതിക്കാത്ത ചന്തു ട്രോളുകള്‍'  തുടങ്ങിയോ എന്ന് ആദ്യം സംശയം തോന്നിയെങ്കിലും സ്വാഭാവികമായൊരു ചോദ്യമാണ് എന്ന് പിന്നീട് മനസ്സില്‍ ആയി. കാരണം ലക്‌നൗ ഏറെ മാറിയിട്ടുണ്ട്. മെട്രോ വരുത്തുന്ന മാറ്റം ആണ്. പുതിയ സ്റ്റേഡിയത്തിന്റെ പണികള്‍ നഗരത്തോട് ചേര്‍ന്ന് തന്നെ പുരോഗമിക്കുന്നു.അതിനോട് ചേര്‍ന്ന് ഫ്‌ലാറ്റ് സമുച്ചയങ്ങളും അനുബന്ധ സംരംഭങ്ങളും.

മകന്‍ യാദവ് -അച്ഛന്‍ യാദവ് കലഹത്തിന്റെ രണ്ടാം ദിവസം ആണ് ഈ യാത്ര. ലക്‌നൗ വലിയ കലഹങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും വേദിയാവാന്‍ കാത്തിരിക്കുന്നു എന്ന് മനസ്സ് പറഞ്ഞു.

ന്യൂ ഇയര്‍ രാവിന്റെ ഒരടയാളവും ശേഷിപ്പിക്കാതെ നഗരം ഉറങ്ങുകയായിരുന്നു. ഞങ്ങള്‍ മൂന്നു ജീവനുകള്‍ ലക്ഷ്യമില്ലായ്മ നല്‍കുന്ന ചെറുചിരിയോടെ നഗര കവാടത്തില്‍ കാത്ത് കിടന്നു. പിന്നെ, അല്‍പ്പം മുന്നോട്ടു നീങ്ങി. ആദ്യം കണ്ട എടിഎം തന്നെ സന്തോഷിപ്പിച്ചു. പൈസ കിട്ടി. യാത്ര തുടരാന്‍ ഉള്ള തീരുമാനത്തെ അത് ഉറപ്പിച്ചു. എവിടേയ്ക്ക് പോവണം എന്ന തീരുമാനം മാത്രം എങ്ങുമെത്താതെ നിന്നു. 

കാശിക്കു പോയാലോ? അതായിരുന്നു ആദ്യ ചോദ്യം.

കാണ്‍പൂരില്‍ എത്തിയ കാലത്ത് ഒരിക്കല്‍ പോയിട്ടുണ്ട്.കേരളത്തിന്റെ ഹാങ് ഓവറുമായി നടന്ന അക്കാലത്ത് അവിടം ആസ്വദിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞിരുന്നില്ല.അന്നൊക്കെ നോര്‍ത്ത് ഇന്ത്യന്‍ ജീവിതവും ആഹാരവും വരെ പുച്ഛം ആയിരുന്നു. എന്ത് കണ്ടാലും കേരളവുമായി താരതമ്യം ചെയ്യുന്ന ഒരുതരം അഹന്ത ഉണ്ടായിരുന്നു. ഇന്നത് മാറി.ജീവിതത്തെ ജീവിതമായി കാണാന്‍ ഒരു പരിധി വരെ പഠിച്ചിരിക്കുന്നു.

പോയ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ഒരിക്കല്‍ കൂടി പോകണം എന്നത് ഒരു ആഗ്രഹം ആണ്. ആ നിലയ്ക്ക് കാശി നല്ല ഓപ്ഷനാണ്. എങ്കിലും നേരം വെളുക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ, കാശി എന്ന തീരുമാനത്തില്‍നിന്നും മാറി. പല പേരുകള്‍ മുന്നില്‍ വന്നു. ഒന്നിലും ഉറച്ചില്ല. എങ്കില്‍, 'താണ്ട' യില്‍ ഉള്ള പെങ്ങളുടെ വീട്ടില്‍ പോകാം എന്ന് മഞ്ജന്‍ പറഞ്ഞു. ലക്ഷ്യം ഇല്ലാത്ത ഈ യാത്രയ്ക്ക് ചെന്നു നില്‍ക്കാന്‍ പറ്റിയ ഇടം അതു തന്നെയെന്ന് എനിക്കും തോന്നി. 

അക്ബര്‍പൂര്‍ ജില്ലയുടെ ഭാഗമായ ഉള്‍നാടന്‍ പ്രദേശമാണ് 'താണ്ട'. തുണി നെയ്യുന്ന തറികളുടെ ടക് ടക് താളത്തിനൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഒരു ചെറു പ്രദേശം. 

മായാവതി നിര്‍മ്മിച്ച, നഗരം നിറഞ്ഞു കിടക്കുന്ന പാര്‍ക്കിനു സമീപത്ത് പല ദേശങ്ങളിലേക്ക് തിരിയുന്ന വഴികളാണ്. അതിലൊന്ന് ഫൈസാബാദിലേക്ക് ഉള്ളതാണ്.അവിടെ നിന്നാണ് താണ്ടയക്ക് പോകേണ്ടത്. അങ്ങിനെ വണ്ടി ഫൈസാബാദ് റോഡിലേക്ക് തിരിച്ചു. 

ന്യൂ ഇയര്‍ രാവിന്റെ ഒരടയാളവും ശേഷിപ്പിക്കാതെ നഗരം ഉറങ്ങുകയായിരുന്നു. ഞങ്ങള്‍ മൂന്നു ജീവനുകള്‍ ലക്ഷ്യമില്ലായ്മ നല്‍കുന്ന ചെറുചിരിയോടെ നഗര കവാടത്തില്‍ കാത്ത് കിടന്നു.

ഫൈസാബാദിലേക്കുള്ള പാട്ടുകള്‍
വണ്ടിയിലപ്പോള്‍ പാട്ടുകള്‍ നിറയുകയായിരുന്നു. സന്തോഷവും പ്രണയവും ഉള്ളില്‍ നിറയ്ക്കുന്ന പാട്ടുകള്‍. പാട്ടുകളുടെ കൈ പിടിച്ച് പുതിയ ഒരു വര്‍ഷത്തിലേക്ക് പോവുകയാണ് എന്ന തോന്നല്‍. 2017ലെ ആദ്യ ഫേസ് ബുക്ക് പോസ്റ്റ് ഒരു പാട്ട് തന്നെ ആവാം എന്നു കരുതി. വഴിയില്‍ മറ്റൊരു വണ്ടി പോയിട്ട് ഒരു നിഴല്‍ പോലും കൂട്ടിനില്ല. ഹൈവേയാണ്. നേരെ പോവുക എന്നതല്ലാതെ ആലോചിക്കാന്‍ ഒന്നും ഇല്ല. പാട്ടുകളെ കുറിച്ച് മാത്രം സംസാരിച്ചു പോകുമ്പോള്‍ ഒരു ദിവസം ഒരു പോള ഉറങ്ങാതെ കടന്നു പോയെന്നു ഞങ്ങള്‍ അത്ഭുതപെട്ടു. ഉറക്കം ഒരു സങ്കല്‍പ്പമല്ലേ, എന്ന് പറയുന്ന ചങ്ങാതിയെ ഓര്‍ത്തു.അതെ, ഉറക്കം ചിലപ്പോള്‍ ഒരു സങ്കല്‍പം മാത്രമാണ്. പ്രിയപ്പെട്ട നിമിഷങ്ങള്‍ക്ക് വേണ്ടിയും അത്രമേല്‍ തീവ്രതയോടെ വേദനിക്കുന്ന നിമിഷങ്ങള്‍ക്ക് വേണ്ടിയും സ്വയം വഴിമാറിപോകുന്ന ഒരു സുന്ദര സങ്കല്പം.

ഒരു മണിക്കൂര്‍ പിന്നിട്ടിരിക്കണം. അപ്പോഴാണ് വഴിയ്ക്ക് കുറുകെ ഉള്ള ബോര്‍ഡ് ശ്രദ്ധിക്കുന്നത്. അലഹബാദ്, റായിബറേലി, സുല്‍ത്താന്‍പൂര്‍. അതെ, വഴി തെറ്റിയിരിക്കുന്നു. പാര്‍ക്കിനു അരികില്‍ കൂടി തിരിയുന്ന പലവഴികളില്‍ ഒന്ന് ഫൈസാബാദിലേയ്ക്കും മറ്റൊന്ന് അലഹബാദിലേയ്ക്കും. വന്നത് അലഹബാദ് വഴിയേ ആണ്. മഞ്ജന്‍ യാതൊരു ഭാവഭേദവും ഇല്ലാതെ വണ്ടി മുന്നോട്ട് ഓടിച്ചു. എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍, അലഹബാദ് എങ്കില്‍ അലഹബാദ് എന്ന് മറുപടി.

കഴിഞ്ഞ വര്‍ഷം 400 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് അലഹബാദ് കറങ്ങിയതാണ്. വീണ്ടും അവിടെ വേണ്ട എന്ന് പറഞ്ഞപ്പോള്‍, എങ്കില്‍ സോണിയ ഗാന്ധിയുടെ റായി ബറേലിയില്‍ പോയാലോ എന്നായി ആലോചന.അതു വേണോ എന്ന് വര്‍ണ്യത്തിലാശങ്ക അന്നേരം തന്നെ തോന്നി. തീരെ പരിചയം ഇല്ലാത്ത ഒരു നാടാണ് എന്നതു മാത്രമല്ല, അവിടെ ഒന്നും കാണാന്‍ ഉണ്ടാവില്ല എന്ന ആശങ്കയും ഒപ്പം വന്നു. പോയ അത്രയും പിന്നിലേക്കോടി വീണ്ടും 'താണ്ടാ' യാത്ര ആരംഭിക്കുക എന്നത് അസാദ്ധ്യവും ആയിരുന്നു. എങ്ങോട്ട് പോകണം എന്ന ചര്‍ച്ചയോടെ വണ്ടി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. കുറച്ചുമുമ്പില്‍ എത്തിയപ്പോള്‍ കുറച്ചു ആളുകള്‍ ഒരു ചെറിയ പെട്ടിക്കടയ്ക്ക് മുന്‍പില്‍ തീ കൂട്ടി ഇരിക്കുന്നത് കണ്ടു.വണ്ടി നിര്‍ത്തി അവരോടു ഫൈസാബാദ് പോകാന്‍ വഴി ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഒരു ആക്ഷന്‍ സിനിമയുടെ ത്രില്ലിംഗ് ആയ ഒരു സീനില്‍ ആണ് ഞങ്ങള്‍ എന്ന് വെറുതെ തോന്നി. എന്നാല്‍ തീകാഞ്ഞ് ഇരുന്ന ആ പാവങ്ങള്‍ 'ജീവിതം' എന്ന കഥ പറയുന്ന സിനിമയിലെ  നിസ്സഹായരായ കഥാപാത്രങ്ങള്‍ മാത്രമായിരുന്നു.20 കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയാല്‍ ഒരു ബൈപാസ് ഉണ്ടെന്നും അത് ഫൈസാബാദിലേക്കാണെന്നും അനുകമ്പയോടെ അവര്‍ പറഞ്ഞു തന്നു.മഞ്ജന്‍ വീണ്ടും വണ്ടി മുന്നോട്ട് എടുക്കുമ്പോള്‍, അവര്‍ വെറുതെ പറഞ്ഞതാവാമെന്നും അങ്ങിനെ ഒരു ബൈ പാസ് ഉണ്ടാവില്ല എന്നും എനിക്ക് തോന്നി. ആലോചിച്ചാലോചിച്ച് എന്റെ കണ്ണുകള്‍ എല്ലാ നിയന്ത്രണങ്ങളെയും അവഗണിച്ചു അടഞ്ഞു പോയി. മഞ്ജന്റെ വിളിയാണ് ഉണര്‍ത്തിയത്.

അപ്പോളൊരു പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്നു. സമയം രാവിലെ 5.30.

പമ്പില്‍ പരിചയപെട്ട രണ്ടു ചെറുപ്പക്കാര്‍ അവരുടെ വണ്ടിയുടെ പിന്നാലെ ചെന്നാല്‍ ബൈ പാസ് കാണിച്ചു തരാം എന്ന് പറഞ്ഞു.അവരുടെ പിന്നാലെ കുറച്ചു ദൂരം പോയപ്പോഴേക്കും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന, അലെങ്കില്‍ തന്നെ മോഷന്‍ സിക്‌നെസ്സ് ഉള്ള, എനിക്ക് ഛര്‍ദി അടക്കാന്‍ കഴിയാതെ വണ്ടി നിര്‍ത്തേണ്ടി വന്നു. അസ്ഥി മരയ്ക്കുന്ന തണുപ്പില്‍ വഴി കാണിച്ചു തരാം എന്നേറ്റ ആ വെളുത്ത കാര്‍ മറഞ്ഞു പോകുന്നത് നോക്കി നിന്ന് ഞാന്‍ ഛര്‍ദിച്ച് തളര്‍ന്നു. വീണ്ടും വണ്ടി എടുത്തു മുന്നോട്ടുപോയി.അവിടവിടെ ആളുകളെ കണ്ടു തുടങ്ങി.വെളുക്കുന്നതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൂര്യന് ഉണരാന്‍ കഴിയാത്ത വിധം മഞ്ഞു മൂടിയിരുന്നു.

മൂന്നു കിലോമീറ്റര്‍ കൂടി പിന്നിട്ടപ്പോള്‍ വഴി രണ്ടായി തിരിയുന്നിടത്ത് കണ്ടു. അതില്‍ ഒരു വഴി ഫൈസാബാദിലേക്കായിരുന്നു. ഒടുവില്‍ 150 കിലോമീറ്റര്‍ വഴി തെറ്റി ഓടിയ ശേഷം ഫൈസാബാദ് എത്തുന്നു. സമയം ഏഴു മണി കഴിഞ്ഞിരുന്നു. ശരീരത്തിലും കൂടുതല്‍ ക്ഷീണം മനസ്സിനാണെന്ന് തോന്നി. 'ഇനി താണ്ട യാത്ര വേണ്ട, എന്തെങ്കിലും കഴിച്ചു ഫ്രഷ് ആയി മടങ്ങി പോകാം'-മഞ്ജന്‍ പറഞ്ഞു. 

അയോധ്യയിലേക്കുള്ള പാത
അപ്പോള്‍ ഏറ്റവും അത്യാവശ്യം ഒരു വാഷ് റൂം ഉള്ള ഹോട്ടല്‍ ആയിരുന്നു.ഒരു ചായക്കട പോലും തുറകാത്ത ഫൈസാബാദ് എന്ന നഗരം ഞങ്ങളെ കോമാളികളെ പോലെ കൈകാര്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് അടുത്ത ബോര്‍ഡ് കണ്ണില്‍ പെടുന്നത്. അയോധ്യ ഏഴു കിലോമീറ്റര്‍. അയോധ്യയിലും ഒരിക്കല്‍ പോയതാണ്. ഒരു സൗകര്യവും ഇല്ലാത്ത ഒരു കുഗ്രാമം. എങ്കിലും ഇവിടെ വരെ വന്ന സ്ഥിതിയ്ക്ക് അയോധ്യക്ക് പോകാം എന്നും ഫ്രഷ് ആയി കുറച്ചു നേരം വണ്ടിയിലെങ്കിലും ഉറങ്ങിയിട്ട് മടങ്ങി പോകാം എന്നും തീരുമാനിച്ചു അയോധ്യയിലേക്കുള്ള വഴിയിലേയ്ക്കു തിരിഞ്ഞു. അമ്പലങ്ങളും ആരാധനാലയങ്ങളും കലാപങ്ങള്‍ക്കും സ്പര്‍ധയ്ക്കും വഴിമരുന്നു ആകുമ്പോഴും, അയോധ്യ എന്ന പേര് തന്നെ വലിയൊരു ആശങ്ക ആയി മാറുമ്പോഴും, ആ നാട് പുലര്‍ത്തുന്ന നിശ്ശബ്ദതയില്‍ ഒരു വലിയ പൊട്ടിത്തെറിക്കുള്ള ഊര്‍ജം ഒളിച്ചിരിപ്പുണ്ട്. ഇക്കാര്യം, ആദ്യ യാത്രയില്‍ തന്നെ അനുഭവപ്പെട്ടതാണ്. എന്തായാലും ഇത്തവണ അയോധ്യയിലേക്ക് തിരിക്കുമ്പോള്‍ മറ്റൊരു തോന്നലുമല്ല ഉള്ളില്‍ നിറഞ്ഞത്, നല്ലൊരു ഹോട്ടല്‍ കിട്ടണേ എന്ന ആഗ്രഹം മാത്രം!

വീണ്ടും ട്വിസ്റ്റ്!
കഥ തീരുന്നില്ല, വീണ്ടും ട്വിസ്റ്റ്. യാത്രയുടെ ഗതി മാറ്റി അടുത്ത ബോര്‍ഡ് കണ്ണില്‍ പെട്ടു. താണ്ട  59 കിലോമീറ്റര്‍! അക്ബര്‍പൂര്‍ പോകാതെ നേരെ താണ്ടയില്‍ എത്താനുള്ള ഷോര്‍ട്ട് കട്ട് ആണ്. ഇത്ര അടുത്ത് എത്തിയിട്ട് താണ്ടയില്‍ പോവാതിരിക്കന്‍ പറ്റില്ല. വണ്ടി പുതിയ വഴിയിലേയ്ക്കു തിരിഞ്ഞു. അയോദ്ധ്യ എന്ന ബോര്‍ഡ് പിന്നില്‍ അകന്നു പോയിക്കൊണ്ടിരുന്നു.

ആ വഴിക്കിരുവശവും ഇടതൂര്‍ന്ന മരങ്ങളായിരുന്നു. തമിഴ്‌നാടന്‍ ഗ്രാമത്തെ ഓര്‍മിപ്പിക്കുന്ന ആ വഴിയിലൂടെ ആവുന്നത്ര വേഗത്തില്‍ മഞ്ജന്‍ വണ്ടി ഓടിച്ചു.മഞ്ഞിന്റെ പുതപ്പ് അവിടെയും നീങ്ങാതെ കിടന്നു. ഇപ്പോഴിതാ, ഒരു ലക്ഷ്യം ഉണ്ടായിരിക്കുന്നു. അതിനോളം ആശ്വാസം അത്തരം ഒരവസ്ഥയില്‍ മറ്റൊന്നും തരില്ല. വഴി പിന്നിടും തോറുംആഹ്ലാദം മനസ്സില്‍ നിറഞ്ഞു. ഒമ്പതു മണിയോടെ പെങ്ങളും കുടുംബവും താമസിക്കുന്ന വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി. അമ്പരപ്പോടെ വന്നു വാതില്‍ തുറന്ന അവരുടെ മുഖത്തെ ആശ്ചര്യം കാണ്‍കെ എല്ലാം ഒരു സ്വപ്‌നമോ എന്ന് ഞങ്ങള്‍ തന്നെ അന്തംവിട്ടു!

കഥ തീരുന്നില്ല, വീണ്ടും ട്വിസ്റ്റ്. യാത്രയുടെ ഗതി മാറ്റി അടുത്ത ബോര്‍ഡ് കണ്ണില്‍ പെട്ടു. താണ്ട  59 കിലോമീറ്റര്‍! അക്ബര്‍പൂര്‍ പോകാതെ നേരെ താണ്ടയില്‍ എത്താനുള്ള ഷോര്‍ട്ട് കട്ട് ആണ്.

യാത്ര തന്നെ മാര്‍ഗം, ലക്ഷ്യവും!
അവിടെ തീര്‍ന്നില്ല, അതിശയങ്ങള്‍. താണ്ടയില്‍ ഞങ്ങളെ തേടി ഒരാള്‍ കൂടി കാത്തുനിന്നിരുന്നു. ഫേസ്ബുക്കിലൂടെ കിട്ടിയ ഒരു ചങ്ങാതി. താണ്ട എന്‍ടിപിസിയില്‍ ജോലി ചെയ്യുന്ന (National thermal power corporation ) ചങ്ങാതിയെ കണ്ടുമുട്ടി. 

സരയൂ നദിയുടെ കുറുകെ പണിത മൂന്ന് കിലോമീറ്റര്‍ നീളമുള്ള പാലത്തില്‍ നിന്ന് നദിയുടെ മാറില്‍ സൂര്യന്‍ മറഞ്ഞു പോകുന്നത് കണ്ടു. മഞ്ഞ പുതച്ച കടുക് പാടങ്ങള്‍ കണ്ടു. അങ്ങിനെ ചെറിയ വലിയ സന്തോഷങ്ങളുടെ പകല്‍. ഒന്നുറങ്ങി ഉണര്‍ന്നത് പിറ്റേന്ന് രാവിലെ നാല് മണിക്ക്. അഞ്ചു മണിയോടെ കാണ്‍പൂരിലേക്കുള്ള മടക്കയാത്ര. വഴി തെറ്റാന്‍ ഇനി ഒരിക്കലും സാദ്ധ്യത ഇല്ലാത്ത വിധം ആ വഴികള്‍ പരിചിതം ആയിരുന്നു. 2016 ഡിസംബര്‍ 31ന് രാത്രി എട്ടു മണിക്ക് ഇറങ്ങിയ ഞങ്ങള്‍ 2017 ജനുവരി 2ന് ഉച്ചയോടെ തിരിച്ച് എത്തുമ്പോള്‍ വീട് സ്വതസിദ്ധമായ നിസ്സംഗതയോടെ ഞങ്ങളെ സ്വീകരിച്ചു. 

ലക്ഷ്യമാണ് എല്ലാ യാത്രകളുടെയും ജീവന്‍ എന്നു പറയാറുണ്ട്. എന്നാല്‍, ലക്ഷ്യമില്ലാത്ത യാത്രകള്‍ അപാരമായ മറ്റ് സാദ്ധ്യതകളാണ് തുറന്നിടുന്നത്. വഴി തെറ്റി അലഞ്ഞ ആ 150 കിലോമീറ്റര്‍ ആയിരുന്നു സത്യത്തില്‍ യഥാര്‍ത്ഥ യാത്ര. മഞ്ഞുപുലിയെ തേടിപ്പോയ പീറ്റര്‍ മാത്തിസണ്‍ എന്ന മഹാനായ സഞ്ചാരി ഒടുക്കം തിരിച്ചറിഞ്ഞതുപോലെ, യാത്രയ്ക്ക് മറ്റ് ലക്ഷ്യങ്ങള്‍ വേണ്ട. യാത്ര തന്നെയാണ് ലക്ഷ്യവും.