പീഡിപ്പിക്കുക എന്നത് ചിലരുടെ അവകാശവും, സൂക്ഷിക്കുക എന്നത് പെണ്ണിന്റെ കടമയും എന്ന് നമ്മള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. സൗമ്യയും ജിഷയും നിര്‍ഭയയും അല്ലാതെ അറിയപ്പെടാതെ പോകുന്ന എത്ര നിലവിളികള്‍, എത്ര നിസഹായതകള്‍. അല്ലെങ്കിലും, ഇരയേക്കാള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനാണ് എന്നും സമൂഹത്തിനിഷ്ടം. 


ദിലീപിന്റെ അറസ്റ്റ് ഒരു പ്രതീക്ഷയായിരുന്നു. നീതി വ്യവസ്ഥകള്‍ പണം കൊണ്ടും അധികാര ദുര്‍വിനിയോഗം കൊണ്ടും തനിക്കനുകൂലമാക്കി സ്ഥാപിത താത്പര്യക്കാര്‍ വളച്ചും തിരിച്ചും വികൃതമാക്കിക്കൊണ്ടിരിക്കുന്നു എന്ന സാധാരണക്കാരന്റെ വേവലാതിക്ക് മേല്‍ ഒരു തിരിവെട്ടം.വീട്ടിലും, റോഡിലും, ട്രെയിനിലും, ബസിലും, സ്‌കൂളിലും തൊഴിലിടങ്ങളിലും പെണ്ണിന് രക്ഷയില്ല എന്ന ആകുലതകളിലേക്ക് ഒരു നേര്‍ത്ത പ്രതീക്ഷയ്ക്ക് വക നല്‍കുന്നു ഈ അറസ്റ്റ്. 

ഡല്‍ഹിയില്‍ ബസിനുള്ളില്‍ ഒരു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോള്‍, നഗ്‌നയാക്കി മരിക്കാന്‍ വഴിയിലെറിയുമ്പോള്‍ നമ്മള്‍ നെടുവീര്‍പ്പിട്ടു ഓ,അതങ്ങു ഡെല്‍ഹിയിലല്ലേ. അക്രമികള്‍ അറസ്റ്റിലായപ്പോള്‍, പ്രായപൂര്‍ത്തിയാകാത്തവന്‍ വിട്ടയക്കപ്പെട്ടപ്പോള്‍ നമ്മള്‍ ആശ്വാസം കൊള്ളുകയും ആശങ്കപ്പെടുകയും ചെയ്തു.അത് നമ്മുടെ പെണ്‍കുട്ടി ആയിരുന്നില്ലലോ. 

ട്രെയിനില്‍ പീഡിപ്പിക്കപ്പെട്ടു, മെയ്യും മനസും തകര്‍ന്ന് സൗമ്യ കൊല്ലപ്പെട്ടപ്പോള്‍, അവള്‍ ഒറ്റയ്ക്ക് സഞ്ചരിച്ചതും രാത്രിയാത്രയും, പെണ്‍കുട്ടികള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും ന്യായവാദങ്ങള്‍ നിരത്തി നാം ഇരുട്ടില്‍ തപ്പി. ഗോവിന്ദചാമിക്ക് വേണ്ടി ആളൂര്‍ വന്നപ്പോള്‍ ആളും അര്‍ത്ഥവുമില്ലെന്നു നമ്മള്‍ കരുതിയ ഗോവിന്ദചാമി സ്വന്തം തടി രക്ഷിച്ചത് കണ്ടു നമ്മള്‍ മൂക്കത്തു വിരല്‍ ചേര്‍ത്തു. 

ജിഷയാകട്ടെ സ്വന്തം വീടിനുള്ളില്‍ വേദനിച്ചും അക്രമിക്കപ്പെട്ടും അതിക്രൂരമാം വണ്ണം കൊല്ലപ്പെട്ടപ്പോള്‍ അവളുടെ ഭൂതകാലവും സ്വഭാവശുദ്ധിയും തിരക്കാനായിരുന്നു നമുക്ക് വ്യഗ്രത. 

എല്ലാത്തിനും നമുക്ക് ന്യായീകരണങ്ങളുണ്ട്. ഇരുട്ടത്ത് ഇറങ്ങി നടന്നിട്ടല്ലേ, വസ്ത്രധാരണം സഭ്യമായിരുന്നില്ല, ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടല്ലേ എന്നിങ്ങനെ.

പീഡിപ്പിക്കുക എന്നത് ചിലരുടെ അവകാശവും, സൂക്ഷിക്കുക എന്നത് പെണ്ണിന്റെ കടമയും എന്ന് നമ്മള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. സൗമ്യയും ജിഷയും നിര്‍ഭയയും അല്ലാതെ അറിയപ്പെടാതെ പോകുന്ന എത്ര നിലവിളികള്‍, എത്ര നിസഹായതകള്‍. അല്ലെങ്കിലും, ഇരയേക്കാള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനാണ് എന്നും സമൂഹത്തിനിഷ്ടം. 

പിഞ്ചുകുഞ്ഞിനെ പോലും ഭോഗിക്കാന്‍ മടിക്കാത്തവരുള്ള, അതിനെ പിന്താങ്ങാന്‍ ആളുകള്‍ ഹാഷ് ടാഗുകള്‍ തൂക്കുന്ന വികലമായ മനസ്സുള്ള വലിയ ഒരു കൂട്ടം ആളുകള്‍ കൂടി നമുക്കൊപ്പം ജീവിക്കുന്നു എന്നത് ഭയപ്പാടോടെയെ ചിന്തിക്കാന്‍ പോലുമാകുന്നുള്ളൂ. ..!

സമൂഹത്തിലും സിനിമയിലും സംഘടനയിലും മാന്യമായ സ്ഥാനമുള്ള സകല സൗഭാഗ്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി അതിക്രൂരവും നിന്ദ്യവുമായ തരത്തില്‍ സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുകയും അതിനു പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേസ്. ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും അത് വെച്ച് വിലപേശല്‍ നടത്താന്‍ തീരുമാനിക്കുകയും, നടപ്പാക്കുകയും ചെയ്യുക.കൊലപാതകത്തേക്കാളും വലിയ തെറ്റാണത്. പതിനേഴ് വയസുള്ള മകളുടെ അച്ഛന് എങ്ങനെയാണ് ഇങ്ങനെ ഇത്ര നിഷ്ഠൂരമായി പെരുമാറാന്‍ സാധിക്കുന്നത്.അയാളുടെ മാനസിക നിലയെന്താവും?

സിനിമയില്‍ നമ്മള്‍ കാണുന്ന സ്‌നേഹസമ്പന്നനായ, അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന,വികാരം കൊള്ളുന്ന നന്മ നിറഞ്ഞ നായകന്‍ യഥാര്‍ഥ ജീവിതത്തില്‍ വില്ലനാണ് എന്ന് സാക്ഷരകേരളം വേദനയോടെ തിരിച്ചറിയുന്നു. കൂറ്റന്‍ ഫ്‌ലക്‌സുകള്‍ക്കും കട്ടൗട്ടുകള്‍ക്കും പാലഭിഷേകം നടത്തുകയും, മറ്റു സിനിമകള്‍ കൂവിത്തോല്പിക്കുകയും താരാരാധന മൂത്തു തെരുവില്‍ യുദ്ധം ചെയ്യുകയും താരപ്രമുഖരുടെ സിനിമ മോശമെന്ന ഒരു റിവ്യൂ കണ്ടാല്‍ പൊങ്കാലയിടുകയും ചെയ്യുന്ന ഫാന്‍സ്‌കാര്‍ ഇനിയെങ്കിലും മാറിചിന്തിച്ചെങ്കില്‍.

ശാരീരികമായി ആക്രമിച്ചാല്‍ പെണ്ണ് മിണ്ടാതിരുന്നു കൊള്ളുമെന്ന വൃത്തികെട്ട ആ ചിന്തയാണല്ലോ ആ 'മഹാനടനെ' ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചത്. എങ്കില്‍ താങ്കള്‍ക്ക് തെറ്റി മിസ്റ്റര്‍ ദിലീപ്, മാനം നഷ്ടപ്പെട്ടെന്നു കരഞ്ഞു വിളിച്ചു ആത്മഹത്യ ചെയ്യുന്ന പൈങ്കിളി സിനിമകളിലെ നായികമാരെ കണ്ടു ശീലിച്ചതിന്റെ കുഴപ്പമാണ് അത്

അക്രമിക്കപ്പെടുമ്പോള്‍ മുറിവേറ്റ പുലിയെ പോലെ മുരണ്ടു കൊണ്ട് പ്രതികരിക്കാന്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു.നിങ്ങള്‍ക്ക് കവര്‍ന്നെടുക്കാന്‍ ഞങ്ങള്‍ക്ക് മാത്രമായി ഒരു മാനമില്ല. മാധവിക്കുട്ടി പറയുന്നത് പോലെ ഡെറ്റോളുപയോഗിച്ചു കഴുകി കളയേണ്ട ഒന്ന് എന്നതിനപ്പുറം ഒരു തരത്തിലുള്ള ശാരീരികാക്രമണവും ഞങ്ങളെ ഒന്നുലയ്ക്കുക പോലുമില്ല.

അവള്‍ക്ക് ഒപ്പം നിന്ന പ്രതിശ്രുത വരന്, കൂടെ നിന്ന കൂട്ടുകാര്‍ക്ക്, കുടുംബത്തിന് ഒക്കെയാണ് അഭിനന്ദനങ്ങള്‍.എല്ലാവരും വലിയ മാതൃകകളാണ്. ജയിലില്‍ കിടക്കുന്ന നടന്‍ വലിയൊരു പ്രതീകമാണ്. നഷ്ടപ്പെടുന്നത് പെണ്ണിന് മാത്രമല്ലെന്നും,പെണ്ണിന് മാത്രമായി അങ്ങനെ ഒന്നില്ലെന്നും.

പഴുതുകള്‍ എല്ലാം അടച്ചു കോടതിയില്‍ എത്തണം. അവിടെ ശിക്ഷിക്കപ്പെടണം. അപ്പോള്‍ മാത്രമേ ഇത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകൂ.