ഉത്തര കൊറിയ കൊറോണ വൈറസ് മുക്തമായെന്ന് കിം ജോങ് ഉൻ അവകാശവാദങ്ങൾ ഉയർത്തുമ്പോഴും, മാരകമായ അസുഖത്തിന് ഇരയായവരെ രഹസ്യ ക്വാറന്‍റൈന്‍ ക്യാമ്പുകളിൽ പാർപ്പിക്കുകയും പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്നുവെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. വൈറസിന്റെ ലക്ഷണങ്ങളുള്ള ആളുകളെ ഭക്ഷണമില്ലാതെ വീടുകളിൽ ഒറ്റപ്പെടുത്തുന്നുവെന്നും കൊവിഡ് ഇരകളുടെ മൃതദേഹങ്ങൾ അധികൃതർ കത്തിച്ചുവെന്നും ആക്ടിവിസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ട്.

തനിക്ക് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ചൈനീസ് അതിർത്തിക്കടുത്തുള്ള ക്യാമ്പുകളിൽ രോഗികൾ ദുരിതമനുഭവിക്കുന്നുവെന്നാണ് സിയോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാൻഡ്‍സ് കൊറിയ എന്ന ലാഭരഹിത സംഘടന നടത്തുന്ന ആക്ടിവിസ്റ്റ് ടിം പീറ്റേഴ്‌സ്, സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞത്. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടവർ വൈദ്യസഹായം ലഭിക്കാതെയും, ഭക്ഷണം കിട്ടാതെയും കഷ്ടപ്പെടുന്നതായി അദ്ദേഹം പറയുന്നു. ''ഞങ്ങൾക്ക് ലഭിച്ച ഭയപ്പെടുത്തുന്ന വിവരങ്ങളിലൊന്ന്, അവിടെ കിടക്കുന്നവർക്ക് ഡിപിആർകെ സർക്കാർ ആവശ്യത്തിന് ഭക്ഷണമോ, മരുന്നോ നൽകുന്നില്ല എന്നതാണ്" ദ സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് അദ്ദേഹം പറഞ്ഞു. 

അതിനാൽ, രോഗികളുടെ കുടുംബങ്ങളാണ് തങ്ങളുടെ ബന്ധുക്കൾ മരിക്കാതിരിക്കാൻ രഹസ്യക്യാമ്പുകളുടെ അരികിലെത്തി ആവശ്യമായ ഭക്ഷണവും, മരുന്നുകളും അവർക്ക് എത്തിച്ചുകൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മരുന്നുകൾ ഒന്നുകിൽ jangmadang മാർ‌ക്കറ്റുകളിൽ‌ വിൽ‌ക്കുന്നവയോ അല്ലെങ്കിൽ പർവതപ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഔഷധമരുന്നുകളോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ചവ്യാധികൾ വഴി മാത്രമല്ല, പട്ടിണിയും അനുബന്ധ കാരണങ്ങൾ മൂലവും ഈ ക്യാമ്പുകളിൽ പലരും മരിക്കുന്നുവെന്നാണ് ഉത്തര കൊറിയയിലേക്ക് മരുന്നും, മറ്റ് സാധനങ്ങളും എത്തിക്കുന്ന ഈ എൻ‌ജി‌ഒ പറയുന്നത്. ഉത്തരകൊറിയയിലെ ജയിൽക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ടവർ പുറത്തുവിട്ട വിവരങ്ങൾ ഇതുമായി പൊരുത്തപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.    

കൊറോണ വൈറസിനെ ഭരണകൂടം 'പ്രേതരോഗം' എന്നാണ് വിളിക്കുന്നതെന്ന് സിയോളിലെ ഉത്തരകൊറിയൻ ഡിഫെക്ടേഴ്സിനുവേണ്ടി പ്രവർത്തിക്കുന്ന പാസ്റ്റർ ഡേവിഡ് ലീ സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് പറഞ്ഞു. കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ആളുകളെ ഒറ്റപ്പെടുത്തുവെന്നും, ഭക്ഷണമോ മറ്റ് സഹായങ്ങളോ ഇല്ലാതെ വീടുകളിൽ മരിക്കാൻ വിടുന്നുവെന്നും അഭയാർഥികൾ റിപ്പോർട്ട് ചെയ്യുന്നതായും അദ്ദേഹം പറയുന്നുണ്ട്. വൈറസിന്റെ വ്യാപനം ട്രാക്കുചെയ്യുന്നതിനോ തടയുന്നതിനോ സഹായിക്കുന്ന 'ശരിയായ പരിശോധനാ കിറ്റുകൾ' അവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

രോഗം ബാധിച്ച്  മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ അധികൃതർ കത്തിച്ചുവെന്നാണ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള മറ്റൊരു മനുഷ്യാവകാശ പ്രവർത്തകൻ പറയുന്നത്. 'കേന്ദ്ര പരിശോധനാ അധികൃതർ എല്ലാ മൃതദേഹങ്ങളും കത്തിച്ചു. താമസക്കാർ വളരെ ആശങ്കയിലാണ്' എന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് രാജ്യം കൊറോണ വൈറസ് രഹിതമാണെന്ന് കിം ജോംഗ് ഉൻ പറഞ്ഞത്.