Asianet News MalayalamAsianet News Malayalam

പൊറ്റാളിലെ ഇടവഴികള്‍

  • നോവല്‍ ഭാഗം
  • അഭിലാഷ് മേലേതില്‍ എഴുതിയ 'പൊറ്റാളിലെ ഇടവഴികള്‍' എന്ന നോവലിലെ ആദ്യ അധ്യായം
Novel excerpts Pottalile idavazhikal Abhilash melethil
Author
First Published Jun 22, 2018, 3:04 PM IST

ബാബരി മസ്ജിദ് പൊളിച്ചുമാറ്റപ്പെടുന്നതോടുകൂടി ഒരു കൊച്ചു ഗ്രാമത്തിലുണ്ടാകുന്ന രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന നോവലാണ് അഭിലാഷ് മേലേതില്‍ എഴുതിയ 'പൊറ്റാളിലെ ഇടവഴികള്‍'. ഒരു ദേശത്തിന്റെ കഥ രാജ്യത്തിന്റെ, ഒരു കാലത്തിന്റെ തന്നെ കഥയായി മാറുന്ന അനുഭവമാണത്. നാലു ഭാഗങ്ങളുള്ള നോവല്‍ പരമ്പരയിലെ ആദ്യ ഭാഗമാണ് 'പൊറ്റാളിലെ ഇടവഴികള്‍'. ആ നോവലിലെ ആദ്യ അധ്യായമാണിത്. Novel excerpts Pottalile idavazhikal Abhilash melethil
രാജേഷ്‌: റിയാസ് ആദ്യമായി പൊറ്റാളിൽ കളിക്കാൻ വരുന്ന സമയത്ത്‌ അവനെ ഞങ്ങൾക്ക് അറിയില്ലായിരുന്നു എന്നൊന്നും പറഞ്ഞു കൂടാ. എന്റെ രണ്ടു ക്‌ളാസ് മേലെയാണ് സ്‌കൂളിൽ പഠിച്ചത് എന്നതല്ലാതെ അക്കാലംവരെ ഞങ്ങളുടെ കൂട്ടത്തിലൊന്നും അവൻ കൂടിയിട്ടില്ല, അതിന്റെ ഒരു കൗതുകം ആ വരവിനുണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് പൊറ്റാൾ പാടത്തിന്റെ അതിരിലെ തെങ്ങിൻ തോട്ടത്തിൽ ഞങ്ങൾ അവിടവിടെയായി ഇരിക്കുകയാണ്. ഓരോരുത്തരായി  വന്ന്, അവനവനു പിടിച്ച കൂട്ടത്തിൽ പോയി കൂടിക്കൊണ്ടിരിക്കുന്നു. ഇടക്ക് ദിലീപ് വന്നപ്പോൾ തലേക്കൊല്ലം വേനൽമഴക്കുശേഷം ഞങ്ങൾ കളിക്കുന്ന കണ്ടത്തിൽ നുരിയിട്ടിട്ടുണ്ടോ എന്ന് നോക്കാൻ പോയി തിരികെവന്ന്, നരിയിട്ടിട്ടുണ്ട് എന്നവൻ തെറ്റിപ്പറഞ്ഞത് ആരോ അപ്പോളോർത്തു - പലരും ഉറക്കെത്തന്നെ ചിരിച്ചു. ചാലിയുടെ അപ്പുറവും ഇപ്പുറവുമായിത്തിരിഞ്ഞു ഞങ്ങൾ കളി നടത്തുന്ന സമയം കൂടിയായിരുന്നു അത് -   ഒരു പരമ്പര പോലെ. ഈ കളിയാക്കലൊക്കെ  ഓരോരോ കണക്കിൽ വകവെക്കുന്നുണ്ടാകും എന്നെനിക്കറിയാമായിരുന്നു. ഓരോ കളി കഴിയുന്തോറും വാശി കൂടിവന്നു. ചിലരെങ്കിലും അത് വ്യക്തിപരമായി എടുക്കാൻ തുടങ്ങി. ഞങ്ങളുടെ ഒപ്പം കൂടാത്ത റിയാ ബസാറുകാരും മേലെ അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ കളിക്കുന്നവരിൽ ചിലരുമൊക്കെ പൊറ്റാളിൽ കളിക്കാൻ വരാൻ തുടങ്ങി. ഉച്ച കഴിഞ്ഞാൽ കടയിൽ വന്നിരുന്ന് ഇവർ ഓരോരുത്തർ തുടങ്ങുന്ന ചർച്ചകൾ ഞാൻ നിരുത്സാഹപ്പെടുത്താനൊന്നും പോയില്ല. സുനിലിന്റെ അച്ഛൻ കട നടത്തിയിരുന്ന കാലത്തായിരുന്നെങ്കിൽ ഒരാളുപോലും ആ  പരിസരത്തു കൂടുമായിരുന്നില്ല.    

റിയാസ് വന്നത് ഒരിടത്തരം വീട്ടിൽ നിന്നാണ്. മാളികയും പറമ്പുമുണ്ടെങ്കിലും അവന്റെ ഉപ്പയുടെ പെൻഷൻ മാത്രമാണ്  അന്ന് അവരുടെ വരുമാനം, അതെനിക്കറിയാം. അച്ഛനായിരുന്നു അവന്റെ വീട്ടിൽ നിന്നും തേങ്ങയെടുത്തിരുന്നത് - കണക്കെഴുതുന്നത് ഞാനും. എന്നാലും അവന്റെ സ്ഥിതി ഞങ്ങളിൽ പലരുടേതിൽനിന്നും ഭേദമായിരുന്നു. അജിത്തിന്റെ ഒപ്പം അൽപ്പം കുനിഞ്ഞ്, മുഖത്തേക്ക് നോക്കാതെ വന്ന വെളുത്തു നീണ്ട ചെറുക്കൻ സ്റ്റാൻസ് എടുക്കുന്നതും, സാദിഖിന്റെ ആദ്യ പന്തും രണ്ടാം പന്തും അനായാസമായി തട്ടിയിടുന്നതും താഴേ പൊറ്റാളുകാരിൽ ചിലർ ചിരിയോടെ, മറ്റു ചിലർ ഇതെന്തു പുതുമ എന്ന മട്ടിൽ നോക്കിനിന്നു. 

ചെങ്കൊടി പിടിച്ച ആദ്യ പൊറ്റാളുകാരനായിരുന്നു അവന്റെ ഉപ്പ, മണ്ണിൽ മുഹമ്മദ്‌. പണ്ടൊരു ദിവസം വൈകുന്നേരത്ത്, ഒറ്റക്ക്, നാട്ടുവിളക്കുകളുടെ തെളിയില്ലാവെട്ടത്തിൽ അയാൾ പഞ്ചായത്ത് റോട്ടിലൂടെ പോയി - അയാളുടെ ഉരുക്കുപോലെയുള്ള ആറടിക്കുമേലെ, നീണ്ട കൈകളിൽ പിടിച്ച ഒരു ചെങ്കൊടി പാറി. അതിൽ വെള്ളയിൽ ഒരു ചിഹ്നം. പൊറ്റാളിലെ ഇടവഴികളും, തെരുവുകളും, വയലുകളും എല്ലാം അന്നേരം നിശബ്ദമായിരുന്നു എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് - പലപ്പോഴും വാറ്റിന്റെ ലഹരിയിൽ, "മമ്മദാക്ക, ഇന്റെ മമ്മദാക്ക, ഇമ്മളെ മമ്മദാക്ക..." അച്ഛൻ ഉമ്മറമ്പടിയിൽ ഇരുന്നു കൊണ്ട് തുടരും.    

ചെങ്കൊടി പിടിച്ച ആദ്യ പൊറ്റാളുകാരനായിരുന്നു അവന്റെ ഉപ്പ,                        

സാദിഖ് : റിയാസിന്റെ പരിഹാസം മുഴുവൻ ജാതിപ്പേര് വച്ചായിരുന്നു. "ന്ത് മണ്ണാനാടാ യ്യ്", "ഈ ചെർമന് ഒന്ന് മെനങ്ങി പാഞ്ഞൂടെ" എന്നൊക്കെ അവൻ ഇടക്കിടക്കു ഒച്ചവെക്കും. സംഗതി വലിയ പുതുമയൊന്നുമില്ല. സാധാരണ വർത്തമാനം പറയുമ്പോൾ വേറൊരാളെ താഴ്‌ത്തിക്കെട്ടാൻ എല്ലാവരും അങ്ങനെ ചെയ്യാറുണ്ടല്ലോ. ശരിക്കുമാലോചിച്ചാൽ  ജാതി നോക്കിയല്ല, ഒരാൾ മോശക്കാരനാണ് എന്ന്  കാണിക്കാനാണ് അങ്ങനെയൊക്കെ പറയുന്നത്. എന്നാൽ റിയാസിന് ഇന്ന ആളെന്നു നോട്ടമുണ്ടായിരുന്നില്ല. ചിലപ്പോൾ തെറിയും വിളിക്കും- പലപ്പോഴും  കുട്ടികളെപ്പോലും, അവരുടെ വീട്ടിലെ മുതിർന്നവർ ഉള്ളപ്പോഴും. ഈയൊരു കാര്യത്തിൽ എനിക്കവനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. ആരോ പ്രദീപിന്റെ കടയിൽ ചെന്ന് കാര്യമായിട്ട്  പറയുകയും ചെയ്തത്രെ, -പൊറ്റാൾ പാടത്തുക്കൂടി വരുന്ന സമയത്തു നല്ല ഒന്നാന്തരം തെറിവിളി കേട്ട് നോക്ക്മ്പോ മയമ്മദാക്കാന്റെ മോൻ. അയാൾക്ക്‌ ഭയങ്കര അത്ഭുതം. ഒരിക്കൽ മൺവിള മുഹ്‌സിന്റെ അമ്മാവൻ ഹുസൈൻ അവനെ അടിക്കാൻ ചെന്നു - ഒരു റൺ ഓടാത്തതിന് "മയിരേ യ്യൊക്കെ ഏതടുപ്പ്ന്ന് വന്നതാ.." എന്ന് റിയാസ് ആ ചെറുക്കനോട് പറഞ്ഞതായിരുന്നു വിഷയം. ഓൻ കളീന്റെ സ്പിരിറ്റില് പറീണ്ടതാടാ” എന്നു  പറഞ്ഞ്  ഞാൻ ഹുസൈനെ തടഞ്ഞു.  അത് ശരിയായിരുന്നു താനും. കളിക്കളത്തിന് പുറത്ത് പൊതുവെ ശാന്തനായ, ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അവന്റെ ഈയൊരു സ്വഭാവം എവിടെനിന്നു വരുന്നു എന്ന് ഞാൻ അക്കാലത്ത് ആലോച്ചിട്ടുണ്ട്‌. 

സംഗതി റിയാസിന്  ഉപ്പയുടെ രാഷ്ട്രീയത്തിൽ വിശ്വാസമില്ലായിരുന്നിരിക്കണം. മിക്കപ്പോഴും ഞാൻ ഞങ്ങളുടെ സംഭാഷണങ്ങൾ ആ വഴിക്കു തിരിച്ചുവിടാൻ ശ്രമിച്ചിട്ടുണ്ട്‌. ചില വൈകുന്നേരങ്ങളിൽ കളി തുടങ്ങുന്നതിനു മുന്നെ ഞാൻ തിരക്കിട്ട് ബാപ്പുവിന്റെ തോട്ടം നനക്കുന്നതിനിടയിലൊക്കെ. പോകുന്ന വഴി അവൻ ചിലപ്പോളെന്നെ കാത്തുനിൽക്കും. വീട്ടിലെത്താൻ അവനു മൂന്നു കിലോമീറ്ററോളം തിരിയെ നടക്കാനുണ്ട്. ദിവസവും ഇത്ര ദൂരം നടന്നു പോയി കളിക്കുന്നതു തന്നെ കളിയോടുള്ള ആത്മാർത്ഥതയാണല്ലോ കാണിക്കുന്നത്. റിയാസിന് കളിയിലെ കണക്കുകളിലും അക്കങ്ങളിലുമായിരുന്നു താൽപ്പര്യം മുഴുവൻ. തീരെച്ചെറിയ കാര്യങ്ങൾപോലും അവനോർത്തുവച്ചു. ആ ആവേശം പക്ഷെ മറ്റു പൊതുകാര്യങ്ങളിൽ ഉണ്ടായിരുന്നില്ല. എന്റെ ഉപ്പ അടക്കാപണിക്കാരനായിരുന്നു. ഓരോ സീസണിലും വയനാട്ടിൽ പോവും. അവിടെ തൊഴിലാളികൾക്കിടയിൽ സംഘടനാ പ്രവർത്തങ്ങളിൽ ആദ്യ കാലത്ത്  റിയാസിന്റെ ഉപ്പയും എന്റെ ഉപ്പയും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.  പക്ഷെ അയാൾ പിന്നെ വഴി പിരിഞ്ഞു. സംഗതി ഒരു സമുദായ സംഘടനയിൽനിന്ന്  ഇത്തരമൊരു വഴിപിരിയൽ അന്നൊക്കെ പ്രയാസമാണ്. എന്നാൽ അതിനുശേഷവും ആ മനുഷ്യനെ ഉപ്പ ബഹുമാനിച്ചു. ഇതിന്റെയൊക്കെ ഒരു ആനുകൂല്യം ഞാൻ റിയാസിന് കൊടുത്തിരുന്നു. 

എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയം ഒരു തെരെഞ്ഞെടുപ്പായിരുന്നില്ല. വീട്ടിലും നാട്ടിലും  എന്താണോ നടപ്പ് അതായിരുന്നു ഞങ്ങളുടെയൊക്കെ  രാഷ്ട്രീയം. അക്കാര്യത്തിൽ അതിനപ്പുറത്തേക്ക് ചിന്തിക്കേണ്ട ഒരു സംഗതിയുണ്ടെന്ന് അന്ന് തോന്നിയതുമില്ല. രാവിലെ അളിയന്റെ കടയിലെ ചായ, അവിടെ വരുന്ന പത്രം, തൊട്ടുമേലെ പാർട്ടി ഓഫീസിൽനിന്നു ഞങ്ങളുടേത്, പിന്നെ രാജേഷിന്റെയോ അല്ലെങ്കിൽ ടെയിലർ പ്രദീപിന്റെയോ കടയിൽ നിന്ന്  അവരുടെ പാർട്ടി പത്രം. നുണകൾ താരതമ്യം ചെയ്യുക എന്ന് പൂവാഞ്ചേരി ഇണ്ണീരിയേട്ടന്റെ മകൻ ശശി  പറയും. എന്തോ, എനിക്ക് പത്രം മുടക്കാൻ പറ്റില്ലായിരുന്നു. ഓന് കക്കൂസ് പോയ്ട്ട് ല്ലെങ്കിലും മാണ്ടീല എന്ന് പറയും, വല്ലിമ്മ. ചർച്ചകൾ ഒക്കെ ചില  ദിവസം പൊടിപാറും. ക്രിക്കറ്റ് അല്ലാത്തതും ആരെങ്കിലുമൊക്കെ പറയണമല്ലോ.

എന്നാലും താൽക്കാലിക ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്ന എന്റെ സമുദായത്തിലെ ചില പുത്തൻ സംഘടനകളോട് അക്കാലത്ത് എനിക്ക് കടുത്ത അഭിപ്രായവ്യത്യാസമായിരുന്നു. അവരുമായി ഇതുപോലത്തെ ചർച്ചയും സംവാദമൊന്നും നടക്കില്ല, അത്തരം ഇടങ്ങളിലായിരുന്നില്ല അവരുടെ പ്രവർത്തനം. ചുറ്റും കാണുന്ന സകലതിന്റെയും ഉള്ളിൽ പലതും കത്തിനിൽക്കുകയായിരുന്നുവെന്നത് സത്യം. ഒറ്റനോട്ടത്തിൽ ഒന്നും  പുറത്തേക്കു കാണാൻ കഴിയില്ല. എന്നാൽ എല്ലാവർക്കും അതറിയാമായിരുന്നു. അക്കാലത്തെ പല സംഭവങ്ങൾക്കു ശേഷമുള്ള, സമുദായത്തിന്റെയുള്ളിൽ  പുകഞ്ഞുകൊണ്ടിരുന്ന വേദനയും അതൃപ്‍തിയായിരുന്നു സംഗതി. -അതൊക്കെ എവിടെ, ആരോട് കാണിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയവും. ഇപ്പറഞ്ഞ സംഘടനകളുടെ വളം മറ്റൊന്നായിരുന്നില്ല. കുണ്ടന്മാരെ ഒര് കാര്യം എന്ന് പറഞ്ഞ് ഉപ്പയും അയല്പക്കത്തെ ആലിയാക്കയും ഒക്കെ അതെല്ലാം തള്ളുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. നമ്മൾ ചെവി കൊടുക്കാതിരുന്നാൽ ഇതൊക്കെ ഒതുങ്ങിക്കോളും എന്ന് അവർക്കുമാത്രമല്ല തോന്നിയിരുന്നത്, അനുഭവ സമ്പത്തുള്ള നേതാക്കന്മാർക്കും അങ്ങനത്തെ ചിന്തയുണ്ടായിരുന്നു. അറബിയുടെയും ഒട്ടകത്തിന്റെയും കഥപോലെ ഇതുപോലെയുള്ള  ശുഭാപ്‌തിക്കാരൊക്കെ പതിയെ പുറത്താകാൻ തുടങ്ങിയിരുന്നു  എന്നതാണ് നേര്.   

റിയാസിന്റെ പരിഹാസം മുഴുവൻ ജാതിപ്പേര് വച്ചായിരുന്നു.

Novel excerpts Pottalile idavazhikal Abhilash melethil

ഹമീദ് : ഞങ്ങൾ ഏഴെട്ടു കുടുംബങ്ങൾ താമസിച്ചിരുന്നത് പൊറ്റാൾ പാടത്തേക്കുള്ള വഴിയിൽ ഒരിടവഴിയുടെ രണ്ടു വശത്തുമായിരുന്നു. തെങ്ങുകളും കമുകുകളും, പിന്നെ അവയിലും മറ്റു മരങ്ങളിലും പടർത്തിയിരുന്ന വെറ്റിലക്കൊടികളും  കുരുമുളക് വള്ളികളും, പൊടെയിനികളും മാവും ജാതിയും ഒക്കെച്ചേർന്ന് വെളിച്ചം താഴെ വീഴാത്തപോലെയുള്ള ഒരു സ്ഥലം. കുണ്ട് എന്നാണ് ഇപ്പോൾ പേര്. പണ്ട് ഒസ്സാൻകുണ്ടായിരുന്നു, ഒസ്സാന്മാരായിരുന്നു എല്ലാം. അതിൽ ഞങ്ങളുടെയും തൊട്ടപ്പുറത്തെ എളാമ്മയുടെയും വീടുകൾ മാത്രം. ഞാനടക്കം പലരും മുടിവെട്ടൊക്കെ വിട്ടു കൂലിപ്പണിക്ക് പോകാൻ തുടങ്ങി. ബാക്കിയുള്ളവര് വേറെയോരോ  വഴിക്ക് പോയി. ദാരിദ്ര്യമൊക്കെ സാധാരണം. എന്നാൽ എളാമ്മയുടെ വീട്ടിൽ ഞങ്ങളുടേതിനെക്കാളും കഷ്ടം. പലപ്രായത്തിലുള്ള ആറേഴുകുട്ടികൾ ഉണ്ടായിരുന്നു അവർക്ക്. അയാളാണെങ്കിൽ അവരെ തിരിഞ്ഞു നോക്കാറില്ലായിരുന്നു. വീട്ടിൽ ചേമ്പോ പൂളയോ പറിച്ചാൽ ഒരു പങ്ക് ഉമ്മ അപ്പോൾ തന്നെ അവിടെ എത്തിക്കും. ഉപ്പയുള്ള കാലത്ത് അവരുമായി തീരെ സുഖത്തിലായിരുന്നില്ല. പക്ഷെ അതൊക്കെ ഇപ്പോൾ ആരോർക്കുന്നു? കൂട്ടത്തിൽ, അതിന്റിടക്ക് ഒരു ദിവസം മജീദാക്കയുടെ പച്ചക്കറിക്കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങുന്ന വഴിയിൽ ഇരുട്ടത്ത് ആരോ അവരുടെ മൂത്ത മകളെക്കുറിച്ച്  എന്തോ പറഞ്ഞ പോലെ തോന്നിയതിനു ശേഷം എനിക്ക് വലിയ പൊറുതികേടായിരുന്നു. സാധാരണ അങ്ങനത്തെ സമയത്ത് എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ലായിരുന്നു, അന്ന് പക്ഷെ പേടിയാണ് തോന്നിയത്. ഒന്നു ടോർച്ച് അടിച്ചു നോക്കിയാൽമതി ആളെയറിയാൻ, എന്നാൽ ഞാനതിനു നിന്നില്ല. ഒസ്സാൻ ഹമീദോ, ഓന് തല്ല് ണ്ടാക്കലന്നെല്ലെ പണി ന്നാവും വർത്താനം. ഇങ്ങ്ണ്ട് കാട്ടീതും പറഞ്ഞതും ആരും കൊളർക്കൂല. 

ഉപ്പ ഫുട്‍ബോൾ പ്രാന്തനായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം കൂടി പൊറ്റാൾപ്പാടത്ത് ഓടിക്കളിച്ചതാണ്. എനിക്കും ഫുട്ബാളിനോടായിരുന്നു ക്രിക്കറ്റിനേക്കാളും ഇഷ്ടം. എന്നാൽ എന്തെങ്കിലും കളി വൈകുന്നേരത്തു വേണം എന്നതായിരുന്നു പ്രധാനം. കരോളെ കളി അടീമ്മിലേ കയ്യൂ എന്ന് ഞാൻ ബാപ്പുവിനോട് പറഞ്ഞു. അയാൾ ഉച്ചയുറക്കം കഴിഞ്ഞ്, തോട്ടം നനയും കഴിഞ്ഞ്, അപ്പോഴും വിട്ടിട്ടില്ലാത്ത ഉറക്കത്തിന്റെ ചെറിയ ആലസ്യത്തോടെ എന്നെ നോക്കി. എന്നിട്ടു സ്ഥിരമുള്ള വഷളൻ ചിരി ചിരിച്ചു. തെങ്ങിൻ തടത്തിൽ പച്ചയോലക്കു മേലെ തോർത്തു വിരിച്ചാണ്‌ ബാപ്പുവിന്റെ കിടപ്പ്. ഷർട്ടിടാത്ത മേല് ഓലക്കൊടിയുടെ അടയാളം പതിഞ്ഞിരുന്നു. “അനക്ക് അണ്ടിയൊറപ്പ് ല്ലേ അമീദേ” എന്നയാൾ ചോദിച്ചു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഉത്സവത്തിനുണ്ടായ ഒരു കച്ചറയുടെ ബാക്കി പലരുടെയും മനസ്സിൽ പുകയുന്നുണ്ടായിരുന്നു. അതെനിക്കറിയാം. ഞങ്ങൾ നാലുകളി നിരത്തി തോറ്റതോർത്ത് ഞാനും മിണ്ടാതിരുന്നു. മോട്ടോർ പെരയുടെ അപ്പുറത്ത്  ജാതിയുടെ മറവിൽ ചെറിയ വരമ്പിലൂടെ  കുണ്ടൻ ഫൈസൽ അങ്ങോട്ടു വരുന്നത്  ഞാൻ കണ്ടു. ബാപ്പു അവനെ കാത്തിരിക്കുകയാണ്. അയാൾക്കുള്ള പനാമയും മുറുക്കാനും അവന്റെ കയ്യിൽ കാണും. സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത ഒരറപ്പു തോന്നി. പിന്നെ ഇതൊക്കെ ഇങ്ങനെ നടക്കും. നമ്മള് നമ്മളെ കാര്യം നോക്കുക തന്നെ. 

“അനക്ക് അണ്ടിയൊറപ്പ് ല്ലേ അമീദേ” എന്നയാൾ ചോദിച്ചു.

അജിത് : കുണ്ട് എന്ന് ഞങ്ങൾ വിളിച്ചിരുന്ന ആ സ്ഥലം വേറെയേതോ ഒരിടം പോലെ തോന്നിച്ചിരുന്നു. ആ വഴിക്ക് കളിക്കാനൊക്കെ പോകുമ്പോൾ ശരിക്കും തോന്നും. സൂര്യുനുദിക്കാത്ത നാട് എന്ന് പലരും തമാശയാക്കും. അവിടെ നിന്നൊക്കെ സ്‌കൂളിൽ വന്നിരുന്ന കുട്ടികൾ പഠിത്തം പെട്ടെന്ന് നിറുത്തി കൂലിപ്പണിക്കോ ഒക്കെ പോകും. ചിലർ മദ്രാസിലേക്കോ ആന്ധ്രയിലേക്കോ വണ്ടി കയറും. മിക്കവാറും ഏതെങ്കിലും ബേക്കറിയിൽ  അല്ലെങ്കിൽ ഹോട്ടലുകളിൽ. സീസണായാൽ അടയ്ക്കാ പണിക്ക് വയനാട്ടിലേക്ക്. നാട്ടിലാണെങ്കിൽ പൈക്കളും ആടുകളും. അവയെ തീറ്റിയ്ക്കാൻ കൊണ്ട് പോകുന്നു, കൊണ്ട് വരുന്നു. അവക്ക് വേണ്ടി പുല്ലരിയുന്നു, കുടിക്കാൻ കാടിവെള്ളം  വീടുകളിൽ നിന്ന് ശേഖരിക്കുന്നു. എന്റെ  അച്ഛന്റെ സ്‌കൂളിലെ ചെറുതെങ്കിലും കൃത്യമായ വരുമാനത്തിൽ കഴിഞ്ഞു പോന്ന എനിക്ക് ഇങ്ങനത്തെ ചിന്തകളോ കരുതലുകളോ വേണ്ടി വന്നിരുന്നില്ല എന്നത് ഞാൻ സമ്മതിക്കുന്നു. പലതിലും കൗതുകം എന്നതിനപ്പുറം എനിക്കൊന്നുമില്ലായിരുന്നു. ഞങ്ങളുടെ തൊട്ടപ്പുറത്തു ദിലീപിന്റെ വീട്, അതിനപ്പുറത്തു റോട്ടിൽ നിന്ന് താഴെയുള്ള പുരയിടങ്ങളിലേക്ക് ചെത്തിക്കോരിയ ഒരു വഴി, പിന്നെ അച്ഛന്റെ അനിയത്തിയുടെ വീട്. കൊച്ചപ്പൻ പട്ടാളത്തിലായിരുന്നു. അവരുടെ രണ്ടു പെണ്മക്കൾ - ഇത്രയും ചെറുതായിരുന്നു ആദ്യമൊക്കെ എന്റെ ലോകം. ഹൈസ്‌കൂൾ ഒക്കെ എത്തിയതിൽ പിന്നെയാണ് കളിക്കാൻപോകാനുള്ള സ്വാതന്ത്ര്യം കിട്ടിയതും ഇക്കണ്ട ആളുകളെയൊക്കെ പരിചയപ്പെടുന്നതും. എല്ലാവർക്കും അധ്യാപകന്റെ മകനെന്ന രീതിയിൽ എന്നെയറിയാം, എനിക്കാണ് അവരെ അറിയാതിരുന്നത്. എന്തായാലൂം വൈകുന്നേരത്തെ കളി ഞാൻ മുടക്കിയിരുന്നില്ല, കുറഞ്ഞ പക്ഷം അവധിക്കാലത്തെങ്കിലും. എന്റെ പഠനത്തിലെ മേൽക്കൈ കളിക്കളത്തിലും ഉണ്ടാകാൻ ഞാൻ ശ്രദ്ധ വച്ചു. അത്ര വലിയ കാര്യമല്ലെന്നൊക്കെ നിങ്ങൾക്ക് തോന്നും, പക്ഷെ അതുമെനിക്ക് പ്രധാനമായിരുന്നു. 

റിയാസിനെ അവിടെ കൊണ്ട് വന്നത് ഞാനായിരുന്നു. അവൻ പഠനത്തിൽ എന്റെ  എതിരാളിയായിരുന്നു. അച്ഛനാകട്ടെ അവനെപ്പോലെ അവനെപ്പോലെ എന്നെന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് അവന്റെയടുത്തുണ്ടായിരുന്ന ഏക മേൽക്കൈ അച്ഛൻ പഠിപ്പിച്ചിരുന്ന വിഷയത്തിലായിരുന്നു - കണക്കിൽ. അച്ഛന് ആ ഒരുകാര്യത്തിൽ  സന്തോഷമുണ്ടായിരുന്നു എന്നെനിയ്ക്കറിയാം, അച്ഛൻ പറഞ്ഞില്ലെങ്കിലും. മറ്റെല്ലാറ്റിലും പക്ഷെ, അവനെന്നെ അച്ഛന്റെ ചീത്ത കേൾപ്പിച്ചു കൊണ്ടിരുന്നു. കോളേജിലും അത് തന്നെ നടന്നു. ഡിഗ്രി പരീക്ഷ കഴിഞ്ഞുള്ള ആ വേനൽക്കാലത്തു പൊറ്റാളിൽ കളിക്കാൻ വന്നപ്പോൾ അവൻ എന്റെ എതിർച്ചേരിയിലായി. എന്റെ സ്പിൻ ബൗളിംഗ് നേരിടാൻ തക്ക ആരും ആ ടീമിൽ ഉണ്ടായിരുന്നില്ല. പൊറ്റാളിൽ വച്ച് ഒരു ടീം പോലും ഞങ്ങളെ തോൽപ്പിച്ചിട്ടില്ല എന്നോർക്കണം. അവിടത്തെ പിച്ചിൽ മാത്രമല്ല മിനി സ്റ്റേഡിയത്തിലും എന്നെ കീഴടക്കിയ ഒരു ബാറ്റ്സ്മാൻ ഉണ്ടായിരുന്നില്ല. റിയാസ് എന്നെ കടന്നാക്രമിച്ചു, അത്  സ്പിന്നർ എന്ന നിലയിലല്ല ഇങ്ങേക്കരയുടെ ക്യാപ്റ്റൻ എന്നു കരുതിയുമായിരുന്നു. സത്യത്തിൽ  ഒരു ദിവസം ഞാൻ സ്പിൻ നിറുത്തി ഫാസ്റ്റ് ബൗളിംഗ് വരെ ചെയ്തു നോക്കി. അവൻ എന്നെ അത്രയ്ക്ക് തളർത്തിക്കഴിഞ്ഞിരുന്നു. 

സത്യത്തിൽ  ഒരു ദിവസം ഞാൻ സ്പിൻ നിറുത്തി ഫാസ്റ്റ് ബൗളിംഗ് വരെ ചെയ്തു നോക്കി.

രാജീവ് : ഞാനും "സംഗതി" സാദിഖുമാണ് ആദ്യമായി ആന്ധ്രയിൽ പോകുന്നത്. സാദിഖിന് വീട്ടിൽ അങ്ങനെ ഒരു അത്യാവശ്യമൊന്നും  ഇല്ലായിരുന്നു, എന്നാൽ എൻറെ സ്ഥിതി അതായിരുന്നില്ല. പട്ടിണി തന്നെയായിരുന്നു. അച്ഛൻ മരിച്ചത് പെട്ടെന്നായിരുന്നു. പിന്നെ ഹൈസ്‌കൂൾ വരെ, ടാക്സി ഓടിച്ചിരുന്ന അമ്മാവൻ ഞങ്ങളുടെ കാര്യങ്ങൾ നോക്കി, പഠിപ്പിച്ചു. എന്നാൽ അദ്ദേഹവും മരിച്ചപ്പോൾ ഞങ്ങൾ -  മൂപ്പരാളുടെ രണ്ടു പെൺമക്കൾ, ഞാൻ, ഏട്ടൻ, അമ്മ - ദുരിതത്തിലായി. ഏട്ടന് ഞാൻ പോകുന്നതിൽ താല്പര്യമില്ലായിരുന്നു. എന്നാലും കൊണ്ട് പോകുന്നത് അയൽക്കാരനായ കരീമാക്ക ആയതുകൊണ്ടും സാദിഖ് കൂടെ ഉള്ളത് കൊണ്ടും എന്നെ വിട്ടു. അവിടത്തെ കഷ്ടപ്പാട് ഭയങ്കരമായിരുന്നു. ഉറക്കമില്ലാത്ത പണി. ഭക്ഷണം പിടിക്കായ്ക. രാത്രിയും പകലും അറിയാത്ത ദിവസങ്ങൾ. തെറി മുഴുവൻ മനസ്സിലാകാത്തതു കൊണ്ട് അത്രയും സമാധാനം. അതൊക്കെ കഴിഞ്ഞ് ഒരു ദിവസം തൂറാൻ ഇറങ്ങിയപ്പോൾ എന്തോ  ചന്തിയിൽ മുഖമമർത്തുന്നു, പന്നികൾ.  തീട്ടം തിന്നാൻ വന്നവ.  ഞാനും സാദിഖും പേടിക്കുകയും പിന്നെ അത് പറഞ്ഞു ചിരിക്കുകയും ചെയ്തു. ഒരു ദിവസം രാത്രി ആരോ ഒരുത്തന്റെ കൈ മേല് മുഴുവൻ പരതുന്നു. അതോടെ ഞങ്ങൾ അവിടെ നിന്ന് ഒളിച്ചു പോന്നു. പോരുന്ന വഴി  കുറ്റിക്കാടിന്റെ മറവിൽ ഒരു വയസ്സന്റെ അടിവയറ്റിലെ രോമം ഒരുത്തൻ വടിച്ചു കൊടുക്കുന്നു. അതോർത്തു ഞങ്ങൾ പൊറ്റാൾ എത്തുന്നവരെ ചിരിച്ചു. 

പൊറ്റാളിലെ ക്രിക്കറ്റ് കളിയിൽ ഞാനും ഏട്ടനും ഇങ്ങേക്കരയിലാരുന്നു. ഞങ്ങൾക്ക് പലപ്പോഴും കളിക്കാൻ അവസരം പോലും കിട്ടിയിരുന്നില്ല. എന്നാൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ഒരടിപിടിയുടെ അന്തരീക്ഷം ഞങ്ങളെ രണ്ടു പേരെയും ആവേശം കൊള്ളിച്ചു. ഒസ്സാൻ ഹമീദിനെ ഞങ്ങൾ നോട്ടമിട്ടു വച്ചിരുന്നു.

അമ്പയർ നിന്നിരുന്ന പ്രദീപ് രണ്ടാമത്തെത്തിന് നോബോൾ കൂടി വിളിച്ചതോടെ എന്റെ സമനില തെ

Novel excerpts Pottalile idavazhikal Abhilash melethil അഭിലാഷ് മേലേതില്‍

 

ദിലീപ് : റിയാസ് കളിക്കാൻ വന്നപ്പോൾ  രണ്ടുകരകൾ  തമ്മിലുള്ള മത്സരം നടക്കുകയായിരുന്നു. മുതിർന്നവർവരെ രണ്ടായിത്തിരിഞ്ഞിരുന്നു എന്നോർക്കണം. ഞങ്ങളുടെ ടീം മുന്നിട്ടു നിൽപ്പായിരുന്നു. കൂടാതെ  നല്ല കളിക്കാർ മുഴുവൻ ഞങ്ങളുടെ ടീമിലും. ബൗളിംഗ് പോയാലും ബാറ്റിങ്ങിൽ പിടിക്കാം എന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. എന്നാൽ റിയാസ് ചില്ലറക്കാരനായിരുന്നില്ല. സ്‌കൂളിലും കോളേജിലും മറ്റു ലോക്കൽ ടൂര്ണമെന്റുകളിലും ഒക്കെ അവൻ നിറഞ്ഞാടിയിരുന്നു. എന്നെയും അജിത്തിനെയെയും അവൻ നന്നായി കളിച്ചു. ഏട്ടനും അപ്പുറത്തെ കരീമാക്കയും പണ്ട് നാട് മുഴുവൻ നടന്ന്  മാച്ച് വെക്കുകയും അതിലൊക്കെ കളിക്കാൻ കുട്ടികളെ തിരഞ്ഞു നടക്കുകയും ചെയ്തിരുന്നു. അന്നും തുരുപ്പ് ഇവനായിരുന്നു. പൊറ്റാൾപ്പാടത്ത് അവനെ പ്രകോപിപ്പിക്കാൻ ഞങ്ങൾ ആവതു ശ്രമിച്ചു. എന്നാൽ അങ്ങേക്കരയിലെ  (ഞങ്ങൾ വെസ്റ്റ് ഇൻഡീസ് എന്ന് കളിയാക്കി വിളിച്ചിരുന്ന) കണക്കന്മാരുടെ കോളനിയിലെ കൊച്ചു കുട്ടികൾ വരെ ആവേശം കൊണ്ട് അവർക്കുവേണ്ടി  അലറി വിളിച്ചു കൊണ്ടിരുന്നു. ഒരു കളിയിൽ എന്റെ രണ്ടു ബൗൺസറുകൾ അവൻ ഒന്ന്  കവറിനു മേലെയും മറ്റേതു പുൾ ചെയ്തും സിക്സറടിച്ചത് എനിക്ക് നല്ല ഓർമ്മയുണ്ട്. അമ്പയർ നിന്നിരുന്ന പ്രദീപ് രണ്ടാമത്തെത്തിന് നോബോൾ കൂടി വിളിച്ചതോടെ എന്റെ സമനില തെറ്റി. അയാളോട് സാധാരണ ആരും കയർക്കാറില്ല. അന്ന് വൈകുന്നേരം അയാളുടെ തയ്യൽക്കടയിൽ ചെന്ന് ഞാനതിനു മാപ്പു പറഞ്ഞു, ആരും കാണാതെ. അപ്പോൾ അയാൾ പറഞ്ഞു - “ദിലീപേ ഗ്രൗണ്ടിലെ കാര്യം ഗ്രൗണ്ടില്, യ്യ് അത് ഇങ്ങ്ണ്ട് ഏറ്റി കൊണ്ടോരര്ത്”. ഞാൻ പിന്നെയും ചെറുതായി. റിയാസിന്റെ പെങ്ങൾ ചെറിയമ്മയുടെ അടുത്ത് ട്യൂഷന് വന്നപ്പോൾ എന്നെ കളിയാക്കുകയും ചെയ്തു. വൃത്തികെട്ടവൻ  എല്ലാം വീട്ടിൽ പറയുന്നുണ്ടാകണം എന്ന് ഞാൻ കരുതി.

ഷാജി: വലിയപറമ്പിലെ ഹരിജൻ കോളനിയിൽ നിന്നാണ് ഞാൻ കളിക്കാൻ പൊറ്റാളിൽ വന്നു കൊണ്ടിരുന്നത്. കോളനിയിൽ നിന്ന് നടക്കാവുന്ന ദൂരം. അവിടെ വരെ പാടത്തിനോട് ചേർന്ന് ഒരിടവഴിയുണ്ടായിരുന്നു. ഞങ്ങൾ എന്നും പോകും. ചിലർ സൈക്കിളിൽ. ഞാനൊക്കെ നടന്ന്. ഞങ്ങളെ കളിക്കാൻ കൂട്ടുന്നതിലൊന്നും ആർക്കും പരാതിയുണ്ടായതായി തോന്നിയിട്ടില്ല. അല്ലെങ്കിലും തുച്ഛമായ പിരിവു കൊടുക്കുന്ന ആർക്കും അവിടെ കളിക്കാമായിരുന്നു. റിയാസ് വരുന്ന വരെ ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നത് ആർക്കും വേണ്ടാത്ത കളിക്കാരായിരുന്നു. ഇ വി നാരായണേട്ടൻ എന്ന സഖാവിന്റെ മകൻ സുനിലും, മുഹമ്മദ് കോയയും ആയിരുന്നു ടീമിൽ ഉണ്ടായിരുന്ന പേരുള്ള കളിക്കാർ. എന്നാൽ ടീം മോശമായത് കാരണം അവരും പരാജയപ്പെട്ടു. പിന്നെ മറ്റേ ടീമിന്റെ കളിക്കാർ പലരും നിർത്താതെ വഴക്കടിക്കുകയും പലപ്പോഴും ശാരീരികമായി ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു - അത് നടന്നേക്കാം എന്ന് വരെ ഞങ്ങൾക്ക് തോന്നി. കളിക്കാരെ പലപ്പോഴും കളി കാണുന്നവരും അവഹേളിച്ചു. ഞങ്ങൾ ഉള്ളതുകൊണ്ടാണോ എന്നറിയില്ല ടീമിനെ മൊത്തം ഒരു പുച്ഛത്തിലാണ് എല്ലാവരും കണ്ടിരുന്നത്. ഇത്തരത്തിൽ ഒരു പരമ്പര ആര് പ്ലാൻ ചെയ്തെന്ന് എനിക്കറിയില്ലായിരുന്നു. അതെന്തിനാണ് എന്നും അറിയില്ല.  വാശി മാത്രമുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് റിയാസ് വന്നത്. റിയാസിന്റെ ബാറ്റിംഗ് മാത്രമല്ല  സഹായിച്ചത്. ശരീര ബലം കൂടിയായിരുന്നു. ഉപ്പയുടെപോലത്തെ ഉരുക്കുശരീരമില്ലെങ്കിലും ധൈര്യവും ചങ്കുറപ്പും റിയാസിന് വേണ്ടുവോളമുണ്ടായിരുന്നു. അത്യാവശ്യം നന്നായി ബൗളിങ്ങും ചെയ്തിരുന്നു. ആദ്യ ദിവസം അജിത്തിനും ദിലീപിനുമെതിരെ റിയാസ് കൂറ്റനടികൾ തുടങ്ങിയപ്പോൾ കളി കാണാൻ വന്നവരും അമ്പരന്നുപോയി. ഞങ്ങളൊക്കെ ആവേശത്തിലായി. 

വലിയപറമ്പിലെ ഹരിജൻ കോളനിയിൽ നിന്നാണ് ഞാൻ കളിക്കാൻ പൊറ്റാളിൽ വന്നു കൊണ്ടിരുന്നത്.

മഹ്‌റൂഫ്: ദിലീപ് എറൗണ്ട് ദ വിക്കറ്റ് ബൗൾ ചെയ്യുന്നതായിരുന്നു അതുവരെ അവരുടെ വിജയം. ഒന്ന് പേസ്, പിന്നെ ബൗൺസ്. അന്നൊക്കെ  ഹെൽമറ്റ് ഉപയോഗിക്കാതെ കളിച്ചു എന്നുള്ളത് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതമുണ്ടാക്കുന്നു. മിക്കവാറും എന്റെ കസിൻ, മുഹമ്മദ് കോയ വേഗത്തിൽ ഓടുന്ന ആരെങ്കിലുമൊപ്പം ഓപ്പൺ ചെയ്യും. കോയയുടെ വേഗം കാരണം മറ്റേയാൾ റൺ ഔട്ട് ആകുകയും ചെയ്യും. പിന്നെ സുനിൽ ഇറങ്ങും. അതുകഴിഞ്ഞു ഞാൻ. ഞങ്ങൾ മൂവരും മിക്കവാറും നേരത്തെ ഔട്ടായിക്കൊണ്ടിരുന്നു. ദിലീപിന്  പിറകെ അജിത് ബൗൾ ചെയ്യാൻ വരും - അപ്പോഴേക്കും ഒന്നുകിൽ ഞങ്ങൾ  ടെയിൽ എന്റായിക്കാണും അല്ലെങ്കിൽ ഞങ്ങൾ മൂവരും മടങ്ങിക്കാണും.  അജിത്തിന് ശേഷം സാദിഖ് വരും - ഞങ്ങൾ അക്രം എന്നാണ് അവനെ വിളിച്ചിരുന്നത്. പക്ഷെ വലംകയ്യനായിരുന്നു - കൃത്യത, പേസ്,  വായുവിൽ വരക്കുന്ന ആ വൃത്തം. ആദ്യ മൂന്നു കളിയിൽ സാദിഖ് മുഴുവൻ ഓവർ ബൗൾ ചെയ്യേണ്ടി കൂടി വന്നില്ല. നാലാം കളിയിൽ സുനിൽ ബാറ്റിങ്ങും ബൗളിങ്ങും നന്നായി ചെയ്തു. പക്ഷെ അതൊന്നും അവരെ തോൽപ്പിക്കാൻ മതിയാകില്ലായിരുന്നു. 

റിയാസ് ആദ്യ കളിയിൽ മെല്ലെ തുടങ്ങി, പിന്നെ അന്നുവരെയില്ലാത്ത രീതിയിൽ അവരുടെ ഓരോ ബൗളേഴ്‌സിനെതിരെയും  റണ്ണടിച്ചു കൂട്ടി. അന്ന് ബൗളിങ് ഓപ്പൺ ചെയ്ത സാദിഖിനെ അവൻ നന്നായി ഡിഫൻഡ് ചെയ്തു. ദിലീപ്  ഇടക്കൊക്കെ തോന്നിയപോലെ എറിയും. സാദിഖ് പക്ഷേ, കണിശമായിരുന്നു. റിയാസ് അവരെ കറക്റ്റായി അളന്നുവെന്നു ചുരുക്കം. അവൻ സാദിക്കിനെ മുട്ടിയിട്ട ഒരു പന്ത് തറയിലടിച്ച ശേഷം അവന്റെ തലക്കു മേലെ പൊങ്ങി. എന്നാൽ അവൻ അങ്ങനെത്തന്നെ നിന്നു -  ഒരു പ്രതിമ പോലെ. അത് ഞങ്ങളെല്ലാവരും കൗതുകത്തോടെ നോക്കിക്കൊണ്ടു നിന്നത് ഇപ്പോഴും ഓർമ്മയുണ്ട്. അടുത്ത ഓവറിൽ രണ്ടു പന്തുകൾ വിട്ടു കളഞ്ഞശേഷം ദിലീപിനെ തുടരെ രണ്ടു സിക്സർ. അവസാന ബോളിൽ തേർഡ് മാന്റെ മേലേക്കൂടെ ബൗണ്ടറി. അതിന്നിടയിൽ രണ്ടു ഡബിൾ, ഒന്ന് നോബോളിൽ. ദിലീപ് അതൊരിക്കലും മറക്കില്ല. അന്നത്തെ നിശബ്ദത ഞങ്ങൾ അത്രമാത്രം ആസ്വദിച്ചു. ഞങ്ങൾക്ക് ആദ്യമായി ഒരു പ്രതീക്ഷയൊക്കെ തോന്നുകയാണ് എന്നോർക്കണം. അന്നത്തെ കളിയിൽ റിയാസാണ്  ആദ്യമായി എന്നോട് എറൗണ്ട് ദ വിക്കറ്റ് ബൗൾ ചെയ്യാൻ പറഞ്ഞത്. അതു പിന്നെ എന്റെ പതിവായി. പിൽക്കാലത്തു കോളേജിലും, യൂണിവേഴ്‌സിറ്റി ടീമിലും ഒക്കെ കളിയിൽ ഞാൻ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തിട്ടുള്ളത് അങ്ങനെയായിരുന്നു. ഞങ്ങൾ രണ്ടു പേരും പതിയെ വലിയ കൂട്ടുകാരായി. അവൻ എന്റെ അനിയനെ വീട്ടിലെ മുതിർന്നവരുടെയൊക്കെ മുന്നിൽ വച്ച് തെറി വിളിച്ചത് ഞാൻ പതുക്കെ വിട്ടു കളഞ്ഞു. സാദിഖ് ആണ് അന്ന് ഇടയിൽ പിടിച്ചത് - കളിയുടെ സ്പിരിറ്റിൽ എന്നൊക്കെ പറഞ്ഞ് അവനെ ന്യായീകരിച്ചുകൊണ്ട് . വേറേ എന്തെങ്കിലും കുഴപ്പം റിയാസിനുള്ളതായി എനിക്ക് തോന്നിയില്ല. 

പഠിക്കുന്ന കുട്ടി എന്നുള്ള ഇമേജ് മാത്രമല്ല കൂട്ടത്തിൽ വ്യത്യസ്തത തോന്നിക്കുന്ന  എന്തൊക്കെയോ ആൾക്കുണ്ടായിരുന്നു. മനസ്സിൽ ഒരു സഹോദരന്റെ സ്ഥാനത്ത് ഞാൻ റിയാസിനെ കണ്ടിരുന്നു, എന്നും. പിൽക്കാലത്തു ജീവിതത്തിലെ വലിയ ഒരു പരീക്ഷണകാലത്ത് നാട്ടിലും വീട്ടിലും  ഞാൻ ഒറ്റപ്പെട്ട സമയമുണ്ടായി. അന്നൊരിക്കൽ അവിചാരിതമായി കോഴിക്കോട് ബീച്ചിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഞാൻ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അങ്ങനെ ഒരാൾ എന്റെ ജീവിതത്തിൽ വേറെയുണ്ടായിരുന്നില്ല.

അവനുപയോഗിച്ച തെറികൾ പലപ്പോഴും ജാതിപ്പേര് ചേർത്തായിരുന്നു.

ഷാജി: പറഞ്ഞല്ലോ, റിയാസ് കളി മാത്രമായിരുന്നില്ല. തെറിയെ തെറി കൊണ്ട് തന്നെ നേരിട്ടു.  പലപ്പോഴും അടി പൊട്ടും എന്ന നിലയുണ്ടായി. കളിയിൽ, കോയക്ക് ഒപ്പം ഓടാൻ പറ്റിയ ഒരാളെ കിട്ടിയതപ്പോഴായിരുന്നു. ഒരു റൺ എന്നുള്ളത് രണ്ടും പിന്നെ മൂന്നുമായി. മൂന്നാം കളിയിൽ അഞ്ച്  ഓവറിൽ അറുപതു റൺ പിറന്നു. അതോടെ ഒരു ചൂതാട്ടം പോലെ റിയാസിന് കിട്ടിയ ഓപ്പണിങ് പൊസിഷൻ സ്ഥിരമായി. പിൽക്കാലത്ത് പല കളികളിലും റിയാസ് ഞങ്ങളുടെ ആവേശമായി. ടൂർണമെന്റുകൾക്കൊക്കെ പോകുമ്പോൾ റിയാസ് ഞങ്ങളുടെ ടീമിൽ കളിക്കുന്നത് തന്നെ പലർക്കും അത്ഭുതമായിരുന്നു. പക്ഷെ ആൾക്ക് വേറെ കുറച്ചു പ്രശനങ്ങളുണ്ടായിരുന്നു. അതിലൊന്ന് കളിയിൽ, വെറുതെ ടീം തിരിഞ്ഞു കളിക്കുമ്പോൾ പോലും, കാണിച്ചിരുന്ന അമിതാവേശമായിരുന്നു. അതായത് ഒപ്പമുള്ളവർ ഒരധിക റൺ ഓടുന്നതിൽ പരാജയപ്പെട്ടാൽ അവൻ മുൻപിൻ നോക്കാതെ ചീത്തവിളിക്കും. അവൻ എല്ലാം സീരിയസ് ആയാണ് എടുത്തിരുന്നത്, ഒരു കളി എന്ന നിലയിലല്ല. ഒരു പെർഫെക്ഷനിസ്റ്റ്. അവനുപയോഗിച്ച തെറികൾ പലപ്പോഴും ജാതിപ്പേര് ചേർത്തായിരുന്നു. അതേപ്പറ്റിയൊക്കെ ഞങ്ങൾ, കോളനിയിൽ നിന്ന് കളിക്കാൻ വരുന്നവർ, പലപ്പോഴും സംസാരിക്കുമായിരുന്നു. പലതും അവിടെയുള്ള പലരെയും പ്രകോപിപ്പിക്കാനായിരുന്നു. അതാസ്വദിക്കുന്ന എന്ന് പറഞ്ഞു കൂടാ എന്നാൽ അത് സ്വാഭാവികം എന്ന് കരുതുന്ന, അതിൽ തെറ്റ് കാണാത്ത കുറേയാളുകളും ഉണ്ടായിരുന്നു. അങ്ങനെയൊക്കെ തങ്ങളെ താരതമ്യം ചെയ്യുന്നതു കേട്ടു ദേഷ്യം പിടിക്കുന്നവരും. യഥാർത്ഥത്തിൽ, ഞാൻ പതിയെ ഇതിനെപ്പറ്റിയൊക്കെ മനസ്സിലാക്കിവരുന്ന, പലരോടും ചർച്ച ചെയ്യുന്ന സമയമായിരുന്നു അത്. ഞാൻ ഒരു വികാര ജീവിയായിരുന്നു. പലപ്പോഴും ആവേശം വന്നാൽ എനിക്ക് കണ്ണും നിറയും. അതവിടെ മാത്രമല്ല, കോളേജിലും എല്ലാം. ഞങ്ങളുടെയൊക്കെ പരിതസ്ഥികളുടെയും കൂടെ സൃഷ്ടിയായിരുന്നു ആ വൈകാരികത എന്നെനിക്ക് പിൽക്കാലത്തു തോന്നിയിട്ടുണ്ട്. ഏതായാലും ഒരു ദിവസം റിയാസിന്റെ ഇര അമ്പയർ നിന്ന പ്രദീപേട്ടനായിരുന്നു. അയാളുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു. എന്നാൽ ഒരു നിമിഷം മാത്രം. പിന്നെ ആ സ്ഥിരമുള്ള ചിരി തിരിയെ വന്നു. പ്രദീപേട്ടൻ പാർട്ടിയുടെ കാര്യങ്ങൾക്കായി കോളനിയിൽ വരാറുണ്ടായിരുന്നു, അയാളെ എനിക്ക് പലവഴിക്കും അറിയാം. എത്ര കണ്ടിരിക്കുന്നു എന്നതായിരുന്നു അന്നത്തെ അയാളുടെ ചിരിയുടെ അർത്ഥം.

(നോവല്‍ വിപിപി ആയി ലഭിക്കും. കൂടൂതല്‍ വിവരങ്ങള്‍ ഈ ഫേസ്ബുക്ക് പ്രൊഫൈലില്‍ മെസേജ് അയച്ചാല്‍ ലഭിക്കും)

Follow Us:
Download App:
  • android
  • ios