Asianet News MalayalamAsianet News Malayalam

പരസ്പരം ആശ്വസിപ്പിക്കുന്ന, ഇണകളെ നഷ്ടപ്പെട്ട രണ്ട് പെൻ​ഗ്വിനുകൾ; ഫോട്ടോ​ഗ്രഫി അവാർഡ് നേടിയ ആ ചിത്രം

ചിത്രം എടുക്കുന്നതിനിടയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വെളിച്ചത്തിന്റെ പ്രശ്‌നമായിരുന്നു എന്ന് തോബിയാസ് പറഞ്ഞു.

Oceanographic magazine announces Ocean Photograph Awards 2020
Author
Melbourne VIC, First Published Dec 24, 2020, 9:13 AM IST

ഓഷ്യാനോഗ്രാഫിക് മാസിക 2020 -ലെ ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിക്കുകയുണ്ടായി. അതിൽ ഒന്നാമതായി എത്തിയ ചിത്രം എല്ലാവരുടെയും ഹൃദയം കവരുന്നതാണ്. മെൽബണിലെ സെന്റ് കിൽഡ പിയറിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന രണ്ട് പങ്കാളികളെ നഷ്ടമായ പെൻഗ്വിനുകളെയാണ് ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. അവർ തോളിൽ കൈയിട്ട് ഇരിക്കുന്നത് കാണുമ്പോൾ പരസ്പരം ആശ്വസിപ്പിക്കുകയാണോ എന്ന് നമുക്ക് തോന്നി പോകും.  

പെൻ‌ഗ്വിനുകളുടെ ഈ ഫോട്ടോ എടുത്തത് ടോബിയാസ് വിഷ്വൽ‌സിലെ ടോബിയാസ് ബൗമാഗാർട്ട്നർ എന്ന ഫോട്ടോഗ്രാഫറാണ്. "മെൽബൺ സ്കൈലൈനിനെ അഭിമുഖീകരിക്കുന്ന ഒരു പാറയിൽ ഇരിക്കുന്ന ഈ രണ്ട് പെൻ‌ഗ്വിനുകളും മണിക്കൂറുകളോളം അവിടെ തന്നെ ഇരിക്കുകയായിരുന്നു. തോളോടുതോൾ ചേർന്ന് സമുദ്രത്തിൽ പ്രതിഫലിക്കുന്ന തിളക്കമാർന്ന വെളിച്ചത്തെ നോക്കി എന്തോ ചിന്തിച്ച് അവ ഇരുന്നു" തോബിയാസ് ഇൻസ്റ്റാഗ്രാമിൽ എഴുതി.

"ഞാൻ മുൻകൂട്ടി തീരുമാനിച്ച് എടുത്ത ഒന്നല്ല ഈ ചിത്രം. പെൻഗ്വിൻ കൂട്ടത്തിന്റെ ചിത്രങ്ങൾ എടുക്കാനാണ് ഞാൻ അവിടെ പോയത്. ഞാൻ അവയ്ക്കൊപ്പം മൂന്ന് രാത്രികൾ ചെലവഴിച്ചു. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. അത് പകർത്താനും എനിക്ക് സാധിച്ചു. അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു സന്നദ്ധപ്രവർത്തകനിൽ നിന്ന് എനിക്ക് ലഭിച്ചു. ഇത് പ്രണയത്തിന്റെയും അനുകമ്പയുടെയും കഥയായിരുന്നു, ഇത് ലോകമെമ്പാടുമുള്ള നിരവധി ഹൃദയങ്ങളിൽ എത്തിച്ചേർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്" അദ്ദേഹം പറഞ്ഞു. ആ സന്നദ്ധപ്രവർത്തകൻ എന്നെ സമീപിച്ച് എന്നോട് പറഞ്ഞു, വെളുത്തവൾ തന്റെ പങ്കാളിയെ നഷ്ടപ്പെട്ട ഒരു വൃദ്ധയായ പെണ്ണാണ് എന്നും അടുത്തിരിക്കുന്ന ചെറുപ്പക്കാരനും അങ്ങനെ തന്നെയാണ് എന്നും പറഞ്ഞു. അതിനുശേഷം അവർ പതിവായി ഇവിടെ ഇരുന്ന് പരസ്പരം ആശ്വസിപ്പിക്കുകയും അടുത്തുള്ള നഗരത്തിലെ വെളിച്ചത്തിന്റെ നൃത്തം ആസ്വദിക്കുകയും ചെയ്യുന്നു. 

ചിത്രം എടുക്കുന്നതിനിടയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വെളിച്ചത്തിന്റെ പ്രശ്‌നമായിരുന്നു എന്ന് തോബിയാസ് പറഞ്ഞു. "ഈ പെൻഗ്വിൻ കോളനിയുടെ അടുത്ത് ലൈറ്റുകളൊന്നും അനുവദനീയമല്ല. അതിനാൽ ഈ ചിത്രം എടുക്കാൻ അടുത്തുള്ള നഗരത്തിൽ നിന്നും, തുറമുഖത്തുനിന്നും വന്ന നേരിയ പ്രകാശം മാത്രമായിരുന്നു ഉണ്ടായിരുന്നത്" അദ്ദേഹം പറഞ്ഞു. 

സാമൂഹികമാധ്യമങ്ങളിൽ വൈറലായ വേറെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. അതിൽ ശ്രദ്ധിക്കപ്പെട്ട ഒരെണ്ണം ഇന്ത്യയിൽ നിന്നുള്ള കബിനി ഫോറസ്റ്റിലെ ബ്ലാക്ക് പാന്തറിന്റെ ഫോട്ടോയാണ്. ബ്ലാക്ക് പാന്തറിന്റെ ആ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി. കഴിഞ്ഞ അഞ്ച് വർഷകാലം എല്ലാ ദിവസവും 12 മണിക്കൂറോളം ഫോട്ടോഗ്രാഫർ ഷാസ് ജംഗ് പാന്തറിനെ പിന്തുടർന്നാണ് ഒടുവിൽ ആ ചിത്രം എടുത്തത്. വ്യൂബഗ്‌സ് സഫാരി വൈൽഡ്‌ലൈഫ് ഫോട്ടോ മത്സരത്തിൽ വിജയിച്ച മറ്റൊരു ശ്രദ്ധേയമായ ചിത്രം ഒരു അപൂർവ പുള്ളിപ്പുലി മരത്തിൽ വിശ്രമിക്കുന്നതായിരുന്നു.  'പുള്ളിപ്പുലി അറ്റ് റെസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വേറിട്ടു നിന്നു.  

Follow Us:
Download App:
  • android
  • ios