
ഈ വഴികളിലൊക്കെ ഇന്ന് ഒരുപാട് സൈന്‍ ബോര്‍ഡുകള്‍ കാണാം. പുരാതന ഹജ്ജ് പാതയുടെ കിഴക്കും പടിഞ്ഞാറും തെക്കുമൊക്കെ അടയാളപ്പെടുത്തിയ ബോര്‍ഡുകള്‍. ശാഫിഹ് മസ്ജിദും, നസീഫ് ഹൗസും, മ്യൂസിയവുമൊക്കെ അതിലുണ്ട്.
രണ്ടര വര്‍ഷം മുമ്പ് ഞാനാദ്യം വരുമ്പോള്‍ ഇതൊന്നുമുണ്ടായിരുന്നില്ല. ഇതിനിടയിലെപ്പോഴോ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ പാതയും തെരുവും യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംനേടി അതിനു ശേഷം വന്നതാണ് ഈ സൂചനഫലകങ്ങള്‍.
പുണ്യ നഗരങ്ങളിലേക്കുള്ള ഗേറ്റ് വേകള്‍
ഒരുപാട് വൈകുന്നേരങ്ങളില്‍ പല ആവശ്യങ്ങള്‍ക്കും ഒരാവശ്യവുമില്ലാതെയും ഈ പുരാതന പാതയിലൂടെ അതിന്റെു ചുറ്റുവട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ലോകത്തിലെ മറ്റേത് മാര്‍ക്കറ്റിലൂടെയും കടന്നു പോവുന്നത് പോലെ നമുക്കിതിലൂടെ കടന്നു പോവാം. പക്ഷെ ആ പഴയ കെട്ടിടങ്ങളിലേക്കും വഴിയോരത്തേക്കും ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മതി മുന്നിലേക്ക് പലരും കടന്നുവരും. നീണ്ട ജലയാത്രക്കൊടുവില്‍ ചെങ്കടലിന്റെ തീരത്ത് കപ്പലിറങ്ങി ഒട്ടകപ്പുറത്തും കഴുതപ്പുറത്തും കാല്‍ നടയായും മക്കയിലേക്ക് പോയിരുന്ന പരശ്ശതം ഹജ്ജ് തീര്‍ത്ഥാടകരെ, തങ്ങളുടെ നാടുകളില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷ്യ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വിറ്റ് ഹജ്ജ് കഴിയുന്നത് വരെ പിടിച്ചു നില്‍ക്കാനുള്ള വക കണ്ടെത്തുന്ന കച്ചവടക്കാരെ, ഇന്നത്തെ ടാക്‌സിക്കാരെപ്പോലെ തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ഒട്ടകങ്ങളും, കുതിരകളും, കഴുതകളും വാടകയ്‌ക്കോ വില്‍ക്കാനാ വേണ്ടി വിലപേശല്‍ നടത്തുന്നവരെ, ഹജ്ജിനെത്തി തിരിച്ചു പോകാന്‍ കഴിയാതെ ഈ നഗരത്തില്‍ തന്നെ സ്ഥിര താമസമാക്കി ഇവിടെ നിന്ന് തന്നെ കല്യാണം കഴിച്ച് ഇവിടത്തുകാരായിത്തീര്‍ന്ന വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യരെ, അവരുടെ പിന്‍ തലമുറക്കാരെ.
അബ്ബാസിയ്യ ഭരണകാലം തൊട്ട് ഈജിപ്തിലെ ഫാതിമിയ്യകള്‍, പറങ്കികള്‍, മംലൂക്കുകള്‍, ഓട്ടോമന്‍ സാമ്രാജ്യം, സൗദ് രാജവംശം ഇങ്ങനെ അധീശത്വത്തിന്റെ ഒരു വലിയ ഗതകാല പ്രൗഢി ഈ വഴിയോരത്തിനുണ്ട്. ഹിജാസി വാസ്തു വിദ്യയുടെ ചാരുത, സ്പാനിഷ് ഈജിപ്ഷ്യന്‍ സങ്കലനത്തോടെയുള്ള ഇസ്ലാമിക വാസ്തു വിദ്യയുടെ തുടിപ്പുകള്‍ മേളിച്ച പഴയ കെട്ടിടങ്ങള്‍.പരമ്പാരാഗത ഓട്ടോമന്‍ രീതിയില്‍ നിര്‍മ്മിച്ച രണ്ടു കവാടങ്ങള്‍ ഇവിടെത്തെ പ്രധാന ലാന്റ്മാര്‍ക്ക്കളാണ്. ബാബ് മക്കയും, ബാബ് ശരീഫും അഥവാ മക്കഗേറ്റും മദീനഗേറ്റും. രണ്ടു പുണ്യ നഗരങ്ങളിലേക്കുള്ള ഗേറ്റ് വേകള്‍.
ഈ നഗരത്തിന്റെ സംരക്ഷണാര്‍ത്ഥം ഉണ്ടായിരുന്ന മതിലില്‍ മറ്റ് രണ്ടു കവാടങ്ങള്‍ കൂടി ഉണ്ടായിരുന്നത്രേ, ശാം ഗേറ്റും മഗാരിബ് ഗേറ്റും, 1947ല്‍ മതില്‍ പൊളിച്ചു നീക്കിയതോടെ അവ അപ്രത്യക്ഷമായി.
അത്തറും കുന്തിരിക്കവും മണക്കുന്ന തെരുവുകള്‍, ഏലവും ഇഞ്ചിയും കുരുമുളകും കുന്നുകൂട്ടിയിട്ടിരിക്കുന്ന കടകള്‍. പ്രധാന തെരുവില്‍ നിന്ന് കൈവഴിപോലെ വസ്ത്രങ്ങളുടെയും ഈന്തപ്പഴങ്ങളുടെയും സൂക്കുകളായി മാറിയ ഇടനാഴികള്‍.
പഴയകാലത്ത് വ്യത്യസ്ത ദേശങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ഥാടകര്‍ക്ക് അവരുടെ രാജ്യത്തെ നാണയങ്ങള്‍ മാറ്റി ഇവിടത്തെ നാണയങ്ങള്‍ നല്‍കിയിരുന്ന മണി എക്‌സ്‌ചേഞ്ചുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്രെ. അതിന് രൂപാന്തരം സംഭവിച്ച് വലിയ മണി ട്രാന്‍സ്ഫര്‍ ആന്റ് എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു; മറ്റെവിടെയും കിട്ടാത്ത വിനിമയ നിരക്കില്‍ പണമയക്കാന്‍ പറ്റുന്നത് കൊണ്ട് പ്രവാസികളുടെ ഇഷ്ട ഇടം കൂടിയാണിവിടം.

ക്യാമറയില്‍ ബലദ്
വാസ്തുശില്‍പ കല ഇഷ്ടപ്പെടുന്നവരുടെ സ്വപ്ന നഗരമാണ് ബലദ്. ഫോട്ടോഗ്രാഫിയുടെ അനന്തമായ സാധ്യതകളുള്ള ഒരു ഏരിയ, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, ആര്‍ക്കിടെക്ചര്‍, ഫുഡ് പോര്‍ട്ടറൈറ്റ് അങ്ങനെ എന്തും ഇവിടെ നിന്ന് ക്യാമറയിലാക്കാം. തകര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍, തകര്‍ന്ന് വീഴാറായ വീടുകള്‍, പഴയത് പോലെത്തന്നെ പുനര്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍, പഴമയും പുതുമയും സമ്മേളിക്കുന്ന പ്രൗഢി. 2500 വര്‍ഷം പഴക്കമുണ്ട് ഈ നഗരത്തിന്. പൗരാണിക ജിദ്ദ എന്നാല്‍ ബലദും സമീപ പ്രദേശങ്ങളും മാത്രമാണ്. പുണ്യ നഗരങ്ങളുടെ ഔദ്യോഗിക തുറമുഖമാക്കിയതില്‍ പിന്നെ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള തീര്‍ഥാടക പ്രവാഹം ജിദ്ദ വഴിയായി, ഈ തീര്‍ഥാടകരുമായുള്ള സമ്പര്‍ക്കം ഈ പ്രദേശത്തിന്റെ സാമുഹിക, മത, കച്ചവട, സാംസ്‌കാരിക മേഖലയിലാകെ സ്വാധീനം ചെലുത്തി. കടല്‍ വഴി വരുന്നവരുടെയും, കരവഴി ഹജ്ജിനു വരുന്ന വരുടെയും വഴിത്താവളമായിരുന്നു ബലദും അനുബന്ധ പ്രദേശങ്ങളും.
നഗരത്തിലെ പുതിയ കാഴ്ചകള്‍ നോക്കി നില്‍ക്കെ സൂര്യന്‍ ബലദിലെ പൗരാണിക കെട്ടിടങ്ങളുടെ മേല്‍പ്പടവുകളില്‍ തട്ടി പ്രഭ മങ്ങി ചെങ്കടലിലേക്ക് പോയി മറഞ്ഞിരിക്കുന്നു. പള്ളി മിനാരങ്ങളില്‍ നിന്ന് മഗ്‌രിബ് ബാങ്കിന്റെ വശ്യമായ വിളി, കടകള്‍ നമസ്‌കാരത്തിന്നു വേണ്ടി താല്‍ക്കാലികമായി അടഞ്ഞു. തെരുവുകളില്‍ ഓളത്തോടെ ഒഴുകിയിരുന്ന ജനസഞ്ചയം ചിതറിയത് പോലെ മസ്ജിദുകള്‍ അന്വേഷിച്ച് പോവുന്നു. പിന്നെ കുറച്ച് നേരത്തേക്ക് നിശ്ചലമായ തെരുവ് നമസ്‌കാരാനന്തരം പഴയത് പോലെയാകുന്ന കാഴ്ച.

പൗരാണികതയുടെ തെരുവ്
ഈ ഭാഗത്തെ ഏറ്റവും മനോഹരമായ തെരുവാണ് ജിദ്ദ ഹിസ്‌റ്റോറിക്കല്‍ ഫെസ്റ്റിവല്‍ നടക്കുന്ന സ്ട്രീറ്റ്, ഒന്നൊന്നര കിലോമീറ്റര്‍ പൗരാണികതയുടെ പ്രൗഢിക്കൊപ്പം സഞ്ചരിക്കാന്‍ കഴിയുന്ന സ്ട്രീറ്റ്; അത് ചെന്നവസാനിക്കുന്നിടത്ത് ഒരു മ്യൂസിയമുണ്ട്. അതിഗംഭീരമായ ഒരു തനത് നിര്‍മ്മിതി. അതിനകത്ത് കയറണമെന്ന് പല പ്രാവശ്യം ആഗ്രഹിച്ചതാണ്, ഒഴിവു ദിവസങ്ങളിലൊക്കെ ഫാമിലിയെ മാത്രമേ അകത്തേക്ക് കടത്തി വിടുകയുള്ളു പക്ഷെ ഒരു ദിവസം കയറി നോക്കി, പുറം കാഴ്ച്ച പോലെ മനോഹരമല്ല അകം, ഒരു വലിയ ഒറ്റമുറി മ്യൂസിയം, ബലദിന്റെ ഹിസ്‌റ്റോറിക്കല്‍ ഏരിയയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത ചില വസ്തുക്കളുടെ ശേഖരവും ചില പഴയ ചിത്രങ്ങളും മാത്രമേ അവിടെയുള്ളു; അതും അറബിയില്‍ മാത്രം വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങള്‍ക്കൊം.
ഈ തെരുവിലെ ഓരോ പഴയ വീടുകളെയും മനോഹരമാക്കുന്നത് അതിന്റെ പ്രത്യേക ഡിസൈനിലുള്ള ജനാലുകളാണ്; അകത്ത് നിന്ന് നോക്കിയാല്‍ പുറംലോകം കാണാവുന്നതും തിരിച്ച് നോക്കിയാല്‍ കാണാത്തതുമായ ചിത്രപ്പണികളോടു കൂടിയ പ്രത്യേക നിര്‍മ്മാണ രീതി. ആ ജനാലുകള്‍ക്ക് പിറകിലിരുന്ന് ഈ തെരുവ് നോക്കി നിന്നിരുന്ന സുന്ദരികളൊന്നും ഇന്നവിടെയില്ല, അവരൊക്കെ എന്നേ അപ്രത്യക്ഷമായിരിക്കുന്നു. പലതിലും ആള്‍ത്താമസമില്ല. ചിലതിലൊക്കെ ആഫ്രിക്കയില്‍ നിന്നൊക്കെയുള്ള കുടിയേറ്റക്കാര്‍ താമസിക്കുന്നു.

പുതിയ ഗന്ധങ്ങള്‍
കുടിയേറ്റത്തിന്റെ മറ്റൊരു ദുരന്തം ഈ പുരാതന നഗരം അനുഭവിച്ച് കൊണ്ടിരിക്കുന്നു. വലിയൊരു ഭിക്ഷാടന മാഫിയ ഇവിടം കയ്യടക്കിരിക്കുന്നു. അലിവ് തോന്നി എതെങ്കിലുമൊരാള്‍ക്ക് നമ്മളെന്തെങ്കിലും നല്‍കിയാല്‍ എവിടെ നിന്ന് വന്നു ഇവരൊക്ക എന്ന ആലോചിക്കുന്നതിനു മുമ്പ് ഒരു വലിയ സംഘം നിങ്ങളെ പിടിമുറിക്കിയിരിക്കും. പിന്നെ എല്ലാവര്‍ക്കും കൊടുത്താലേ രക്ഷയുള്ളൂ. അതുപോലെ ഇവിടത്തെ തെരുവ് കച്ചവടവും രസകരമാണ്. നമുക്കെത്രെ വേണേലും ഇവരോട് വിലപേശാം. പറഞ്ഞ വിലയുടെ എത്രയോ കുറവില്‍ നമുക്ക് സാധനം വാങ്ങിക്കാം. ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ പ്രധാന പര്‍ച്ചേസിംഗ് കേന്ദ്രം കൂടിയാണിവിടം.
ഈജിപ്ഷ്യന്‍, എത്യോപ്യന്‍, ഇന്ത്യന്‍ മാര്‍ക്കറ്റുകളുടെ പരിച്‌ഛേദമായ തെരുവിലൂടെ, രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് പണികഴിപ്പിച്ച ശാഫീഹ് മസ്ജിന്റെ ഓരത്ത്കൂടി ബലദിന്റെ പ്രധാന ചത്വരത്തില്‍ എത്തിച്ചേരുമ്പോള്‍ ജിദ്ദയുടെ പുതിയ ഗന്ധം നമ്മെ തേടിയെത്തും. എല്ലാ നഗരങ്ങള്‍ക്കും വ്യത്യസ്തമായ ഗന്ധം ഉണ്ടായിരിക്കും. പുതിയ ബലദിന്റെ ഗന്ധം ബ്രോസ്റ്റഡ് ചിക്കന്‍േറതായി മാറിയിരിക്കുന്നു. ലോകോത്തരവും പ്രാദേശികവുമായ ബ്രാന്റുകള്‍ അതോടൊപ്പം ജിദ്ദയുടെ മാത്രമായ അല്‍ ബൈക്ക് പോലുള്ളവയും ചേര്‍ന്നൊരുക്കുന്ന പുതിയൊരു ഗന്ധം.
പുതുതായി നിര്‍മ്മിക്കപെട്ട ഒരുപാടു ശില്പങ്ങളുണ്ടിവിടെ. ജിദ്ദയുടെ മറ്റു ഭാഗങ്ങള്‍ പോലെ അതിനു താഴെയൊക്കെ ഒരുപാട് പേര്‍ ഇരിക്കുന്നുണ്ട്. അവരുടെ മുഖഭാവം ശ്രദ്ധിച്ചാലറിയാം, അവരിതൊന്നും കാണുന്നില്ല, ഇതിന്റെ സൗന്ദര്യമൊന്നും അവര്‍ കണ്ടിട്ടില്ല. കാരണം അവരുടെ മനസ്സൊക്കെ ഇന്ത്യയിലോ, പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ, യമനിലോ, ഫിലിപ്പിയന്‌സിലോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലോ ആണ്.
