വിശേഷ ദിവസങ്ങളിലും, ഞായറാഴ്ച്ചകളിലും, വൈകുന്നേരങ്ങളിലെ ആകാശവാണി ശബ്ദരേഖ കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. ടി.വി. വന്ന കാലത്തെ ശക്തിമാന്‍, ജയ് ഹനുമാന്‍ സീരിയലുകള്‍ക്കുള്ള കാത്തിരിപ്പും ഇതേ പോലുള്ളതായിരുന്നുവല്ലോ. അടുത്തുള്ള ചില വീടുകളില്‍ മാത്രം ടി.വി. വന്ന കാലമാണ്.
ഒരു പടം രണ്ടോ മൂന്നോ വീടുകളില്‍ നിന്നൊക്കെയായി കണ്ടിരുന്ന, എന്നിട്ടും മുഴുമിക്കാന്‍ കഴിയാതിരുന്ന സങ്കടത്തിന്‍റെ നാളുകള്‍. നാലു മണിയുടെ സിനിമ കാണാന്‍ പോയാല്‍ തിരിച്ചു വരാന്‍ ഇരുട്ടാവുമെന്ന് ചീത്ത പറയുന്ന അമ്മയോട് ‘ഞാന്‍ പകുതി കണ്ട് വരാം’ എന്ന് കോംപ്രമൈസിലെത്തുന്ന നിസ്സഹായതയുടെ കുട്ടിക്കാലം. വീട്ടില്‍ ടി.വി ഇല്ലാത്തതില്‍ മനം നോവുന്ന വൈകുന്നേരങ്ങള്‍.

ശബ്ദങ്ങളില്‍ രേഖപ്പെടുത്തിവച്ച റേഡിയോ കാലമില്ലേ ഓര്‍മ്മയില്‍? ഞാന്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വാണി വിശ്വനാഥിനെയുമൊക്കെ സ്ക്രീനില്‍ കാണുന്നതിനുമെത്രയോ മുമ്പ് തന്നെ, അവരുടെ ശബ്ദതാളം സ്വായത്തമാക്കിയിരുന്നു. ഇതാ ഈ ഓണക്കാലത്ത് ആകാശവാണിയില്‍ ‘പുലിമുരുകന്‍’ ചലച്ചിത്ര ശബ്ദരേഖയുണ്ടെന്ന എ.ഐ.ആര്‍ അറിയിപ്പിന് പിന്നാലെ, ഊത്തക്കവിളുള്ളൊരു ചെക്കന്‍ ആ പഴയ ശബ്ദരേഖക്കാലമോര്‍ത്തുപോവുന്നു.
അമ്മമ്മ (അച്ഛന്‍റെ അമ്മയാണ്. ഞാന്‍ പക്ഷേ അമ്മമ്മയെന്നു മാത്രം വിളിച്ചു പോന്നു)യുടെ അധികം ഒച്ച വെക്കാത്ത റേഡിയോക്കരികിലിരുന്ന്, ചെവികൂര്‍പ്പിച്ച് വെച്ചും, അയല്‍വീടുകളിലെ കൌമാരക്കാരായ ഏട്ടന്മാരുടെ സിനിമാമംഗളങ്ങളില്‍ നിന്നും വെട്ടിയൊട്ടിച്ചു വച്ച സിനിമാക്കാരെ മനസ്സില്‍ ജീവിപ്പിച്ചും ‘നീ പോമോനെ ദിനേശാ’ എന്ന ഡയലോഗോക്കെയാവുമ്പോഴേക്കും കൈയ്യടിച്ചു പോവുമായിരുന്ന എന്നെ നോക്കി,‘എന്ത് കണ്ടിട്ടാണീ ചെക്കനെന്നു’ പറയുന്ന അമ്മക്കറിയുമായിരുന്നില്ലല്ലോ, ഒച്ച കൊണ്ട് പണിത ഒരു തീയറ്ററിലിരുന്നും, കിടന്നും, മറിഞ്ഞുമൊക്കെ ഞാനൊരു സിനിമകണ്ടുകൊണ്ടിരിക്കുകയാണെന്ന്.
റേഡിയോ നാടകങ്ങളെയൊക്കെ പോലെ സിനിമ ‘കേട്ടു’ തുടങ്ങിയവനാണ് ഞാന്‍. ഇന്നാലോചിക്കുമ്പോള്‍, സിനിമ എന്ന ആര്‍ട്ടിന്‍റെ മുഴുവന്‍ സൌന്ദര്യവും വെട്ടി മാറ്റി അതിനെ വെറും കഥ പറച്ചിലാക്കുന്ന തരം ക്രൂരതയായിരുന്നല്ലോ ആശബ്ദരേഖയിലുണ്ടായിരുന്നതെന്ന് തോന്നും. രണ്ടരയും മൂന്നും മണിക്കൂറുകളൊക്കെയുള്ള ചലച്ചിത്രങ്ങളെ, അതിലെ ചിത്രങ്ങളെല്ലാം എടുത്തു മാറ്റി, ഒരു കലയെന്ന നിലക്ക് അതിന്‍റെ രണ്ടാമത്തെ ലെയറില്‍ കിടക്കുന്ന ശബ്ദങ്ങളാല്‍ മാത്രം അനുഭവിച്ചു പോന്നത് ഏത് പ്രലോഭനത്താലാണ്?.
വിശേഷ ദിവസങ്ങളിലും, ഞായറാഴ്ച്ചകളിലും, വൈകുന്നേരങ്ങളിലെ ആകാശവാണി ശബ്ദരേഖ കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു
കുട്ടിയായിരിക്കേ, ശബ്ദരേഖക്കിടയില്‍ പരസ്യങ്ങള്‍ വിടുന്ന നേരത്താണ് ഓപ്പറേറ്റര്‍ അനാവശ്യഭാഗങ്ങള്‍ ഓടിച്ചു വിട്ട് സിനിമയെ ഒരു മണിക്കൂറിലേക്ക് ചുരുക്കുന്നതെന്നായിരുന്നു എന്‍റെ ധാരണ. കൊമേര്‍ഷ്യല്‍ ബ്രേക്ക് എന്ന കച്ചവട യുക്തിയൊന്നും മനസ്സിലാവാത്ത കാലത്ത് എല്ലാ കുട്ടികള്‍ക്കും, ആദ്യ കാല മലയാള സിനിമയിലെ പാട്ടുകള്‍ പോലെയായിരുന്നല്ലോ പരസ്യങ്ങള്‍! കഥ വേഗത്തില്‍ പറഞ്ഞു തീര്‍ക്കലായിരുന്നുവല്ലോ പാട്ടുയുക്തി. അതിനാണ് ശബ്ദരേഖക്കിടയില്‍ പരസ്യമെന്ന് ഞാനും കരുതി പോന്നു.
വിശേഷ ദിവസങ്ങളിലും, ഞായറാഴ്ച്ചകളിലും, വൈകുന്നേരങ്ങളിലെ ആകാശവാണി ശബ്ദരേഖ കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. ടി.വി. വന്ന കാലത്തെ ശക്തിമാന്‍, ജയ് ഹനുമാന്‍ സീരിയലുകള്‍ക്കുള്ള കാത്തിരിപ്പും ഇതേ പോലുള്ളതായിരുന്നുവല്ലോ. അടുത്തുള്ള ചില വീടുകളില്‍ മാത്രം ടി.വി. വന്ന കാലമാണ്. എന്‍റെ വീട്ടില്‍ ടി.വി ഇല്ലായിരുന്നു. സിനിമയോടുള്ള ആര്‍ത്തി കാരണം ആ വീടുകളിലേക്ക് ഓടി ചെല്ലാന്‍ തോന്നും. അവര്‍ ടി.വി വച്ചിട്ടുണ്ടോന്നു നോക്കി പതുക്കെ ചെല്ലും. അവരെന്താണോ കാണുന്നത്, അത് കണ്ടോണ്ടിരിക്കും. ഉച്ചക്ക് പതിനൊന്നരക്കും വൈകീട്ട് നാലു മണിക്കും മാത്രം സിനിമകളുണ്ടായിരുന്ന (അതും ഞായറാഴ്ചകളില്‍ മാത്രം) പ്രീ ഏഷ്യാനെറ്റ് മൂവീസ് കാലമാണ്. കുറേ നേരം ചൂടായാല്‍ ടി.വി.പൊട്ടിത്തെറിക്കുമെന്നൊക്കെ പേടിച്ച്, വാര്‍ത്താ സമയങ്ങളില്‍ ഓഫ് ചെയ്തിരുന്നവര്‍. ആ സമയത്ത് വീട്ടിലേക്കോടി ചോറും വാരിത്തിന്ന് പടത്തിന്‍റെ അടുത്ത ബാക്കിക്കായി കൊതിയോടെ വന്നാലും ചിലപ്പോഴേ അവരത് വെക്കൂ.
ഒരു പടം രണ്ടോ മൂന്നോ വീടുകളില്‍ നിന്നൊക്കെയായി കണ്ടിരുന്ന, എന്നിട്ടും മുഴുമിക്കാന്‍ കഴിയാതിരുന്ന സങ്കടത്തിന്‍റെ നാളുകള്‍. നാലു മണിയുടെ സിനിമ കാണാന്‍ പോയാല്‍ തിരിച്ചു വരാന്‍ ഇരുട്ടാവുമെന്ന് ചീത്ത പറയുന്ന അമ്മയോട് ‘ഞാന്‍ പകുതി കണ്ട് വരാം’ എന്ന് കോംപ്രമൈസിലെത്തുന്ന നിസ്സഹായതയുടെ കുട്ടിക്കാലം. വീട്ടില്‍ ടി.വി ഇല്ലാത്തതില്‍ മനം നോവുന്ന വൈകുന്നേരങ്ങള്‍. വാര്‍ത്ത വരുമ്പോള്‍ ഓഫ് ചെയ്യുമായിരുന്ന, കൂടുതല്‍ കുട്ടികള്‍ കാണാന്‍ വന്നാല്‍ വാര്‍ത്തക്ക് ശേഷം ചിലപ്പോഴൊക്കെ തീരെ വെയ്ക്കാതിരുന്ന ടി.വികള്‍. മുഴുവന്‍ കാണാന്‍ കഴിയുമെന്നൊരുറപ്പുമില്ലാതെ, മുറുമുറുപ്പുകള്‍ക്കിടയില്‍, കയ്യില്‍ റിമോട്ടുമായിരിക്കുന്ന വീട്ടുകാരുടെ അധികാരത്തിനിടയില്‍ ഒന്നും മിണ്ടാതെ, കണ്ണില്‍ തടയാതെ ചെറിയ ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നു.
തീയറ്ററില്‍ പോയി സിനിമ കണ്ടുവരാറുള്ള ഏട്ടന്മാര്‍, മറ്റുള്ളവര്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന അതേ അഹങ്കാരത്തോടെ ഞാന്‍ കഥ പറഞ്ഞു
ആ എനിക്ക്, ആരുടേയും ഔദാര്യത്തിലല്ലാതെ കേട്ടു കാണാന്‍ കഴിയുന്ന സിനിമകളായിരുന്നു ശബ്ദരേഖകള്‍. ഞാന്‍ രണ്ടു ചെവിയുംകൂര്‍പ്പിച്ച്, ‘കടകം മറുകടകം പിന്നശോകനും’ എന്നൊക്കെ പറഞ്ഞ് തൈപ്പറമ്പില്‍ അശോകന്‍ (യോദ്ധ) തല്ലുന്നത് കേട്ട് ആവേശം കൊണ്ടു. ‘വാസന്ത്യേ’എന്നും വിളിച്ച് രാമു(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) കേറി വരുമ്പോള്‍ ഞാന്‍ കരഞ്ഞു. അതമ്മമ്മ കാണാതിരിക്കാന്‍ റേഡിയോക്കു മുന്നില്‍ കൈകളില്‍ തല ചാരി കമിഴ്ന്നു കിടന്നു കേട്ടു. ഞായറാഴ്ച്ചകളിലെ ആകാശവാണി ശബ്ദരേഖകള്‍ തിങ്കളാഴ്ചകളില്‍ പന്തല്ലൂര്‍ ജി.എല്‍.പി സ്കൂളിന്‍റെ ക്ലാസ്റൂമില്‍ എന്‍റെ വിവരണമായി. മഞ്ചേരിയിലെ തീയറ്ററില്‍ പോയി സിനിമ കണ്ടുവരാറുള്ള ഏട്ടന്മാര്‍, മറ്റുള്ളവര്‍ക്ക് കഥ പറഞ്ഞു കൊടുക്കുമ്പോള്‍ കാണിക്കാറുള്ള അതേ കനത്തോടെ, അഹങ്കാരത്തോടെ ഞാന്‍ കഥ പറഞ്ഞു. അതായിരുന്നു, കഥ മാത്രമായിരുന്നു എനിക്കന്ന് സിനിമയും. ചില അധ്യാപകര്‍ ഓരോ വരിയും വായിച്ചു വാക്കുകളുടെ നിഘണ്ടു അര്‍ഥം പറഞ്ഞ് കവിത പഠിപ്പിക്കില്ലേ, അതുപോലെ.
രണ്ടര മണിക്കൂര്‍ സിനിമകളെ ഒരു മണിക്കൂര്‍ ശബ്ദരേഖകളാക്കുമ്പോള്‍ ചോര്‍ന്നു പോവുന്നതിനെ കുറിച്ചൊന്നും അറിയാതെ, പാട്ടുകളുടെ തുടക്കവും-ഒടുക്കവും നാല് വരികള്‍ മാത്രം കേട്ട്, നായകന്‍റെ ഡയലോഗുകള്‍ മാത്രം കേട്ട് ഞാന്‍ സിനിമ ആസ്വദിച്ചു.ക്യാമറ, വ്യത്യസ്ത ആംഗിളുകള്‍, ലൈറ്റ്, ഭാവങ്ങള്‍, ശരീരചലനങ്ങള്‍, ഇതൊന്നുമില്ലാതെ ഞാന്‍ ശബ്ദങ്ങള്‍ മാത്രം കേട്ടു. പറച്ചിലുകളുടെ ഉയര്‍ച്ചക്കും താഴ്ച്ചക്കുമിടയിലെ നിമിഷങ്ങളില്‍ കയ്യടിച്ചും, കരഞ്ഞും, ആകാംക്ഷാഭരിതനായും ദാദാസാഹിബിനേയും നാഗവല്ലിയേയുമൊക്കെ ഒച്ചകള്‍ കൊണ്ട് ഞാന്‍ നിര്‍മ്മിച്ച തീയേറ്ററിലേക്ക് കയറ്റിവിട്ടു. പല എഴുത്തുകാരും സിനിമക്കുള്ള സ്ക്രിപ്റ്റ് മുന്നില്‍ കണ്ട് കഥ എഴുതുന്നതുപോലെ, ശബ്ദരേഖയില്‍ സിനിമയെ കണ്ടെത്തുന്നവരെ മുന്നില്‍ കണ്ട് ഭരത് ചന്ദ്രനും (കമ്മീഷണര്‍), ഇന്ദു ചൂഡനു(നരസിംഹം)മൊക്കെ ശ്വാസം പോലും വിടാതെ ഡയലോഗുകളിലൂടെ സിനിമയെ ക്ലൈമാക്സിലേക്കടുപ്പിച്ചു. അത് കേട്ട് ഞാന്‍ കയ്യടിച്ചു. ഒരു സിനിമ കണ്ടിറങ്ങിയ ആത്മസംതൃപ്തിയോടെ ഞാനുറങ്ങാന്‍ കിടന്നു.
അപ്പോഴേക്കും കുറേ വീടുകളില്‍ കൂടി ടി.വിയായി. കേള്‍വിയില്‍ മാത്രം ഞാനറിഞ്ഞ പല പടങ്ങളും കാണാന്‍ തുടങ്ങി
നായകന്‍റെ നിഴലിലേക്ക് തള്ളിയിടപ്പെട്ട, ഒച്ചവെച്ചു സംസാരിക്കാന്‍ അനുവാദമില്ലാതിരുന്ന, കരഞ്ഞും, മിണ്ടാട്ടം മുട്ടിയും അരികിലൂടെ ജീവിതം നയിക്കേണ്ടി വന്ന ഒരുപാടുപേരെ എന്‍റെ ശബ്ദരേഖാ ഓപ്പറേറ്റര്‍ പിന്നേയും എഡിറ്റ് ചെയ്ത് കളഞ്ഞുകൊണ്ടിരുന്നു. ഒച്ചയില്ലാത്തവര്‍ക്കവിടെ സ്ഥാനമില്ലായിരുന്നു. ആട്തോമയു(സ്ഫടികം) നരസിംഹ മന്നാടിയാരുടേയും(ധ്രുവം) വീര സാഹസിക കഥകള്‍ മാത്രം മുഴങ്ങി നിന്നു. നായകന് വേണ്ടി ജീവിച്ച പലരും രേഖപ്പെടുത്തപ്പെടാതെ പോയി. ക്ലോസ് അപ്പ് സീനാണോ ലോങ്ങ് ഷോട്ടാണോ എന്നൊന്നും നോക്കാതെ ഞാന്‍ ചെവി കൂര്‍പ്പിച്ചു വച്ചു. റേഡിയോക്ക് പുറമേ, അച്ചന്‍ വാങ്ങി വരുന്ന ടേപ്പ് റെക്കോര്‍ഡര്‍ കാസറ്റുകളില്‍ ശബ്ദരേഖകളും ഇടം പിടിച്ചു. ‘ദേ മാവേലി കൊമ്പത്ത്’ തുടങ്ങിയ അക്കാലത്തെ ഹിറ്റ് സ്കിറ്റുകള്‍ കേള്‍ക്കുന്ന പോലെ, സിനിമയാണെന്ന് പോലുമോര്‍ക്കാതെ കല്യാണരാമനും, തെങ്കാശിപ്പട്ടണവുമൊക്കെ ഞാന്‍ കേട്ടാസ്വദിച്ചു.
അപ്പോഴേക്കും കുറേ വീടുകളില്‍ കൂടി ടി.വിയായി. കേള്‍വിയില്‍ മാത്രം ഞാനറിഞ്ഞ പല പടങ്ങളും കാണാന്‍ തുടങ്ങി. ശബ്ദരേഖയെന്നത് സിനിമയുമായി നൂല്‍ബന്ധമില്ലാത്ത, തികച്ചും വേറൊന്നായ, ഓരോ കേള്‍വിക്കാരിലും വ്യത്യസ്ത ചിത്രങ്ങള്‍ തീര്‍ക്കുമായിരുന്ന 'ആര്‍ട്ട് ഫോമാ'യിരുന്നെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടുതന്നെ പുലിമുരുകനെന്ന ശബ്ദരേഖ, ആ സിനിമ കാണാത്തൊരാളെ സംബന്ധിച്ച് വേറൊന്നാണ്. മുന്നേ കേട്ട തയ്പ്പറമ്പില്‍ അശോകന്‍റെയും സുധി(ഏയ് ഓട്ടോ)യുടേയും ശബ്ദം തന്നെയാവുമ്പോഴും, ആ ശബ്ദരേഖ ഓരോ കേള്‍വിക്കാരനിലായി പുലിമുരുകന് ഓരോരോ ശരീരം കല്‍പ്പിച്ചു നല്‍കുന്നു.
അതങ്ങനെയാണ്, ഒച്ചകളുടെ തീയറ്ററിലേക്ക് ടിക്കറ്റ് കീറി വാങ്ങി ഞാന്‍ പറഞ്ഞയച്ച ഭീമന്‍രഘു ഇതിനേക്കാള്‍ ഭീമനാണ്, എന്‍റെ മാണിക്യ (പാലേരി മാണിക്യം)ത്തിന്‍റെ മുഖം ഇതു പോലെയായിരുന്നില്ലല്ലോ.
