Asianet News MalayalamAsianet News Malayalam

എത്ര വർഷം മുമ്പ് നടന്ന സംഭവമായാലും ഓര്‍ത്തെടുത്ത് പറയും, ആരാണീ കലണ്ടര്‍ മനുഷ്യന്‍?

താമസിയാതെ, അദ്ദേഹത്തെ 'കലണ്ടർ ബ്രെയിൻ' എന്ന് ലോകം വിളിക്കാൻ തുടങ്ങി. തുടർന്ന്, മാധ്യമങ്ങളിലും, വിവിധ പ്രാദേശിക പത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങി.

Orlando the savant with incredible memory
Author
United States, First Published Jul 21, 2020, 12:35 PM IST

ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് ഓർമ്മക്കുറവ്. കഴിഞ്ഞയാഴ്‍ച ഇന്നദിവസം എന്താണ് നടന്നതെന്ന് ചോദിച്ചാൽ പോലും ഓർത്ത് പറയാൻ സാധിക്കാത്തവരാണ് നമ്മിൽ പലരും. എന്നാൽ, എത്ര വർഷം മുമ്പ് നടന്ന സംഭവമായാലും അതോർത്തെടുത്ത് പറയാൻ കഴിയുന്ന അസാധ്യ ബുദ്ധിശക്തിയും, ഓർമ്മശക്തിയുമുള്ള അപൂർവ പ്രതിഭയാണ് ഒർലാൻഡോ എൽ. സെറൽ. പത്ത് വർഷം മുൻപ് ഈ ദിവസം എന്താണ് ധരിച്ചിരുന്നത്, എന്താണ് കഴിച്ചത്, ആരെയാണ് കണ്ടുമുട്ടിയത് എന്ന് വേണ്ട ആ ദിവസത്തെ സകലകാര്യങ്ങളും അദ്ദേഹത്തിന് നല്ല ഓർമ്മയാണ്. ഇതെങ്ങനെയാണ് എന്ന് അത്ഭുതപ്പെടുന്നുണ്ടാകും, അല്ലെ? അദ്ദേഹത്തിന് ഇത് ജന്മനാൽ ലഭിച്ച ഒരു സിദ്ധിയല്ല. സ്വയം ആർജ്ജിച്ചതുമല്ല. പിന്നെങ്ങനെയാണ് ഈ കഴിവ് അദ്ദേഹത്തിന് സ്വന്തമായത്? 

1969 ജനുവരി 01 -നാണ് അദ്ദേഹം ജനിക്കുന്നത്. പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാത്ത ഒരു സാധാരണ വ്യക്തിയായിരുന്നു അദ്ദേഹം കുട്ടിക്കാലത്ത്. മിക്ക കുട്ടികളെയും പോലെ, ബേസ്ബോൾ പോലെയുള്ള കായികവിനോദങ്ങളെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അത്തരമൊരു ബേസ്ബോൾ ഗെയിമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഓഗസ്റ്റ് 17, 1979 ഒർലാൻഡോവിന് പത്ത് വയസ്സുള്ളപ്പോഴാണ് ആ സംഭവമുണ്ടായത്. ഒരുദിവസം പതിവ് പോലെ അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ബേസ്ബോൾ കളിക്കുകയായിരുന്നു. കളിക്കിടയിൽ പെട്ടെന്ന് ബേസ്ബോൾ ഒർലാൻഡോയുടെ തലയുടെ ഇടതുവശത്ത് ശക്തിയായി വന്നിടിച്ചു. അടിയുടെ ആഘാതത്തിൽ ഒർലാൻഡോ നിലത്തു വീണുപോയി. കുറച്ചുനേരം അങ്ങനെതന്നെ അനങ്ങാതെ കിടന്നുശേഷം, അദ്ദേഹം ഒന്നും സംഭവിക്കാത്ത പോലെ എഴുന്നേറ്റ് ബേസ്ബോൾ കളിക്കുന്നത് തുടരുകയും ചെയ്‍തു.     

അച്ഛനമ്മമാർ തന്നെ വഴക്ക് പറയുമോ എന്ന് ഭയന്ന് കൊച്ചു ഒർലാൻഡോ വീട്ടിൽ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. “ഞാൻ എന്റെ മാതാപിതാക്കളോട് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലായിരുന്നു. അതുകൊണ്ട് തന്നെ  അപകടത്തിന് ശേഷം എനിക്ക് വൈദ്യചികിത്സ ലഭിച്ചില്ല” ഒർലാൻഡോ പറയുന്നു. തുടർന്ന്, അദ്ദേഹത്തിന് വല്ലാത്ത തലവേദന അനുഭപ്പെടാൻ തുടങ്ങി. എന്നാൽ, അപ്പോഴും അദ്ദേഹം അത് വീട്ടിൽ പറഞ്ഞില്ല. ഭാഗ്യത്തിന്, കുറച്ച് ദിവസങ്ങൾക്ക് ശേഷം തലവേദന തനിയെ സുഖപ്പെട്ടു. തലവേദന പോയപ്പോൾ, പക്ഷേ മറ്റൊന്ന് അദ്ദേഹത്തിന് ലഭിച്ചു. ഏറ്റവും പ്രയാസമേറിയ കണക്കുകൂട്ടലുകൾ പോലും എളുപ്പത്തിൽ നടത്താനുള്ള വിചിത്രമായ കഴിവ് ഒർലാൻഡോവിന് സ്വന്തമായി. കൂടാതെ, അപകടം നടന്ന ദിവസം മുതൽ പിന്നീടുള്ള എല്ലാ ദിവസത്തെയും ചെറിയ കാര്യങ്ങൾ വരെ ഒരു കലണ്ടറിൽ എന്ന പോലെ അദ്ദേഹത്തിന് ഓർത്തെടുക്കാൻ കഴിഞ്ഞു. അതായത് ഇപ്പോൾ 51 വയസ്സുള്ള അദ്ദേഹത്തിന് തന്റെ 12 -ാമത്തെ വയസ്സിൽ ഈ ദിവസം എന്തായിരുന്നു കാലാവസ്ഥ, ആരെയെല്ലാമാണ് കണ്ടത്, അവർ എന്താണ് പറഞ്ഞത്, എന്ത് വസ്ത്രമാണ് ധരിച്ചിരുന്നത്, എന്താണ് കഴിച്ചത് തുടങ്ങി സകല കാര്യങ്ങളും ഒരു സിനിമ പോലെ വ്യക്തമാണ്.  

താമസിയാതെ, അദ്ദേഹത്തെ 'കലണ്ടർ ബ്രെയിൻ' എന്ന് ലോകം വിളിക്കാൻ തുടങ്ങി. തുടർന്ന്, മാധ്യമങ്ങളിലും, വിവിധ പ്രാദേശിക പത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ശാസ്ത്ര-മെഡിക്കൽ ലോകങ്ങൾ അദ്ദേഹത്തെ ഒരു acquired savant എന്നാണ് വിശേഷിപ്പിക്കുന്നത്. തലച്ചോറിന് പരിക്കേൽക്കുന്നതുവരെ തികച്ചും സാധാരണക്കാരനായ ഒരാൾ, അതിനുശേഷം അസാമാന്യമായ എന്തെങ്കിലും കഴിവിനുടമയായാൽ അത്തരക്കാരെ വിളിക്കുന്ന പേരാണത്. 6: 1 എന്ന കണക്കിൽ പുരുഷമാരാണ് ഈക്കാര്യത്തിൽ സ്ത്രീകളേക്കാൾ മുന്നിൽ. ഇങ്ങനെയുള്ള ഓരോരുത്തര്‍ക്കും ഓരോ കഴിവായിരിക്കും ഉണ്ടാവുക. ചിലർക്ക് ഒരുപാട് ഭാഷകൾ സംസാരിക്കാനും, അവ വേഗത്തിൽ പഠിക്കാനും കഴിയും. അസാമാന്യ കഴിവുള്ള ചിത്രകാരന്മാർ, ശിൽപികൾ തുടങ്ങിയവരും അക്കൂട്ടത്തിൽ കാണും. ടെലിഫോൺ ഡയറക്ടറി മനഃപാഠമാക്കാനുള്ള കഴിവും ചിലർക്കുണ്ടാകും. ഒരു സാധാരണ വ്യക്തിക്ക് പഠിക്കാൻ അല്ലെങ്കിൽ അസാധ്യമെന്നു തോന്നുന്ന, പഠിക്കാൻ വർഷങ്ങളെടുക്കുന്ന ഒരു കാര്യം ഇത്തരക്കാര്‍ എളുപ്പത്തിൽ സ്വായത്തമാക്കുന്നു. 

തലക്കേറ്റ ക്ഷതത്തിനെ തുടർന്നാണ് അദ്ദേഹത്തിന് ഈ കഴിവ് ലഭിച്ചത്. അങ്ങനെയെങ്കിൽ തലച്ചോറിലെ ഒരു പ്രധാന ഭാഗത്തെ ഉത്തേജിപ്പിച്ചുകഴിഞ്ഞാൽ, നമുക്കെല്ലാവർക്കും ഒർലാൻഡോയെ പോലെ പ്രതിഭകളാകാൻ കഴിയുമോ? ഇതിനെ കുറിച്ച് ഗവേഷണങ്ങൾ നടന്ന് വരുന്നേയുള്ളൂ.

Follow Us:
Download App:
  • android
  • ios