പന്തളം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തില്‍ നിന്ന വിവേചനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുണ്ട്. കോടതി വിധിക്കെതിരെയും വിധി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെയുമാണ് പ്രതിഷേധം. പന്തളം രാജകുടുംബവും എന്‍എസ്എസും സംഘപരിവാര്‍ സംഘടനകളുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യുവതി സാന്നിധ്യം ആചാരങ്ങള്‍ക്കെതിരാണെന്ന വാദമാണ് ഇവര്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. പന്തളം രാജകുടുംബം ഇക്കാര്യത്തില്‍ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് പന്തളം രാജവായിരുന്ന പി രാമവർമ്മ രാജ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നതിന്‍റെ തെളിവുകള്‍ പുറത്തുവരുന്നത്. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വൈറ്റ് ലൈന്‍ വാര്‍ത്തയ്ക്ക് 2009 ഡിസംബറിൽ നല്‍കിയ അഭിമുഖത്തിലാണ് പന്തളം രാജാവ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ നിലപാട് വ്യക്തമാക്കിയിരുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് എക്കാലത്തേയും വിവാദമാണല്ലോയെന്നായിരുന്നു അഭിമുഖം തയ്യാറാക്കിയ അനില്‍ രാഘവന്‍റെയും സുരേഷ് വര്‍മ്മയുടെയും ഒരു ചോദ്യം.

'അതേ, ഏതോ പന്തളത്തു തമ്പുരാട്ടി രജസ്വലയായിരിക്കെ എതിർപ്പിനെ വക വയ്ക്കാതെ തിരുവാഭരണത്തെ അനുഗമിച്ചുവെന്നും ശാപം കൊണ്ട് ശിലയായെന്നുമാണ് ഐതിഹ്യം. പക്ഷെ എല്ലാ കീഴ്‌വഴക്കങ്ങളും കാലാനുസൃതമായി മാറണമെന്ന് തന്നെയാണ് എന്‍റെ പക്ഷം. സഹോദരി സ്ഥാനത്ത് മാളികപ്പുറത്തിനെ പ്രതിഷ്ഠിച്ച മണികണ്ഠന് സ്ത്രീ സാമിപ്യം ദേവീസാന്നിധ്യം തന്നെയാണ്. ശബരിമലയിൽ സ്ത്രീകൾക്കും സന്ദർശിക്കുവാൻ വേണ്ട സജ്ജീകരണങ്ങൾ ഉണ്ടാകണം. ഇനി  സ്ത്രീകള്‍ ഭക്തന്മാരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുകയാണെങ്കില്‍ 5 കോടി ഭക്തന്മാരെ അനാദരിക്കുകയാണ്. അവര്‍ വൃത ശുദ്ധിയുള്ള അയ്യപ്പന്‍റെ തത് സ്വരൂപങ്ങള്‍ തന്നെയാണ്' ഇതായിരുന്നു പന്തളം രാജാവിന്‍റെ മറുപടി.

പൊതുവെ പുരോഗമന ചിന്താഗതിക്കാരനായി അറിയപ്പെട്ടിരുന്ന രാമവർമ്മ രാജയുടെ വാക്കുകള്‍ ഇക്കാലത്ത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പ്രത്യേകിച്ച് അതേ കൊട്ടാരത്തിലെ പുതിയ തലമുറയുടെ നിലപാട് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നതാകുമ്പോള്‍.