ഒരു നാടിന് ആത്മകഥയുണ്ടോ? തികച്ചും കാല്‍പ്പനീകമായി തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു ചോദ്യമാണത്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല.  ഒരു നാടിന്‍റെ കഥയൊല്‍ ഒരു സമൂഹത്തിന്റെയാകെ കഥയായി തിരിച്ചറിയപ്പെട്ടു തുടങ്ങിയ കാലത്ത് നാടിന്റെ ആത്മകഥയ്ക്ക് ആകാശത്തോളം വിശാലമായ സാധ്യതകളാണുള്ളത്. നാടിന്‍റെ ആത്മകഥയൊല്‍ ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ, സമൂഹത്തിന്‍, ആകെ ആത്മകഥയാണ്. നാടിന്‍ ആത്മകഥയെന്നത് ഒരു മാര്‍ക്‌സിയന്‍ സംജ്ഞയായി പോലും പരിഗണിക്കാവുന്ന ഒന്നാണ് എന്നര്‍ത്ഥം. എന്തായാലും പി വി കുട്ടന്‍ പടവിറങ്ങി അഞ്‍ജനപ്പുഴയിലേക്ക് എന്ന പുസ്‍തകം അഞ്‍ജനപ്പുഴയെന്ന മലബാറിലെ ഒരു ഗ്രാമത്തിന്‍റെ  അപൂര്‍ണമായ ആത്മകഥയാണ്. 

ഗ്രാമജീവിതത്തിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഐതിഹ്യവും മിത്തുകളും മനുഷ്യജീവിതത്തിന്റെനന്മയും തിന്മയും പച്ചപ്പുമെല്ലാം കോര്‍ത്തുവച്ചൊരു പുസ്‍തകമാണിത്. യദുവിന്റെ ഓര്‍മകളില്‍ തുടങ്ങി അഞ്‍ജനപ്പുഴ കണ്ട പിണറായി വരെ  നീളുന്ന ഇരുപത്തിനാല് അധ്യായങ്ങളില്‍ വരാത്തതായി ഒന്നുമില്ല. തമിഴ് നാട്ടിലെ ഏതോ ഗ്രാമത്തില്‍ നിന്നും അഞ്‍ജനപ്പുഴയിലെത്തി ഒരടയാളം തീര്‍ത്ത് അപ്രത്യക്ഷനായ കറുപ്പ് സ്വാമി മുതല്‍ സമരപോരാട്ടങ്ങളുടെ വീര്യം അവശേഷിപ്പിച്ച് കടന്നുപോയ കുറ്റൂരിന്റെ രാമന്മാരുടെ വരെ എഴുതപ്പെടാത്ത ചരിത്രത്തിന്റെ വേരുകള്‍ തേടി കുട്ടന്‍ സഞ്ചരിക്കുന്നു. അഞ്‍ജനപ്പുഴയുടെ ജീവിതമാണ് ഓരോ അധ്യായത്തിലും ഓരോ കഥാപാത്രങ്ങളിലൂടെ സംഗ്രഹിക്കുന്നത്. അഞ്‍ജനപ്പുഴയെന്ന ഗ്രാമത്തിന്റെ സമ്പൂര്‍ണ ചിത്രം പൂര്‍ത്തിയാക്കാനായി വേരുകളുടെയും മരങ്ങളുടെയും ഇലകളുടെയും ചെടികളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും കഥകള്‍ വരിച്ചിടുകയാണ് എഴുത്തുകാരന്‍. 

കമ്യൂണിസ്റ്റ് പച്ചയുടെ നാട്ടില്‍ കമ്യൂണിസ്റ്റ് ചുവപ്പിനെ നെഞ്ചേറ്റിയ നാട്ടില്‍ മണ്ഡലകാലത്ത് മാലയിട്ട അയ്യപ്പന്മാരുടെ ജീവിതം കാവ്യാത്മകമായി തന്നെ വരച്ചിടുന്നുണ്ട്. അയ്യപ്പഭക്തനായ എഴുത്തുകാരന്‍റെ ഉള്ളിലെ ഭക്തിയുടെ അതിശയോക്തിക്കൊപ്പം വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ കേരളം അഭുമുഖീകരിക്കുന്ന പുതിയ  ശരണം വിളികളുടെ മുഴക്കത്തിനിടെ ഒരു മലയാളി അറിഞ്ഞിരിക്കേണ്ട അനുഭവമാണ്.  മണ്ഡലകാലം പോലെ തന്നെ കുട്ടികളെ ആഘോഷത്തിമിര്‍പ്പിലാക്കുന്ന മറ്റൊന്ന് കളിയാട്ടകാലമാണ്. നാടിന്റെ ഉല്‍സവം. തെയ്യങ്ങള്‍ അരങ്ങിലിറങ്ങുന്ന കാലം. അമ്പലങ്ങളില്‍ തെയ്യക്കോലങ്ങളുടെ വരവറിയിച്ച് ചെണ്ടക്കോലുവീഴുമ്പോള്‍ ആഹ്ളാദത്തോടെ ഓടിപ്പോകുന്ന കുട്ടിക്കാലം പി വി കുട്ടന്‍ കാവ്യാത്മകമായി ആവിഷ്‌കരിക്കുന്നുണ്ട്.

അതിനൊപ്പം മുച്ചിലോട്ട് കാവുകളിലെ കോമരങ്ങളുടെ അരങ്ങുകളെ കുറിച്ചുള്ള വിശകലനവും ശ്രദ്ധേയമാണ്. ഏകമുഖ ആചാരങ്ങളുടെ വിചിത്ര കല്‍പ്പനകള്‍ അരങ്ങുവാഴുന്ന മുഖ്യധാരാസമൂഹത്തിന് മുന്നിലേക്കാണ് വൈവിധ്യങ്ങളുടെ തനിമയാര്‍ന്ന വ്യതിരിക്തവും ബഹുമുഖമാര്‍ന്നതുമായ ആചാരവിശേഷങ്ങളുടെ കഥ ഈ പുസ്തകത്തില്‍ വിവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ഒരു സാധാരണ ജീവീതത്തില്‍ നിന്നും ഇടതുപക്ഷ ബോധത്തിലേക്ക് വളര്‍ത്താനിടയാക്കിയ ജീവിതസാഹചര്യം കുട്ടന്‍ വിശദീകരിക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസിലെ അന്തിയുറക്കം മുതല്‍ നേതാക്കളായ കൂട്ടുകാരുമൊത്തുള്ള സഹവാസം വരെ നീളുന്ന കഥകളായി അതെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട് പുസ്‍തകത്തില്‍. ഏതൊരാളുടെയും ഗൃഹാതുരമായ ഓര്‍മകള്‍ നിലനില്‍ക്കുന്ന ഒരിടമാണ് സിനിമാ തിയേറ്റര്‍. റിലീസിംഗ് കേന്ദ്രമായ പയ്യന്നൂരിലെ വമ്പന്‍ തിയേറ്ററുകളില്‍ നിന്നു ബിക്ലാസ് തിയേറ്ററുകളായ പിലാത്തറ സംഗത്തിലേക്കും കണ്ടോന്താര്‍ ദിവ്യയിലേക്കും സിനിമയെത്താനുള്ള കാത്തിരിപ്പിനെകുറിച്ച് കുട്ടന്‍ പറയുന്നുണ്ട്. എന്നാല്‍ ആ സുവര്‍ണകാലം കടന്ന് ഓരോ ടാക്കീസുകളായി അടച്ചുപൂട്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം ഇക്കാലത്ത് ഉള്‍ക്കൊള്ളുമ്പോള്‍ ഉള്ളുപിടയും. എഴുത്തുകാരനെ അവയെന്തുമാത്രം സ്വാധീനിച്ചിരുന്നു എന്ന് ആര്യനും അച്ചൂട്ടിയും എന്ന അധ്യായത്തിലെ അവസാന ഖണ്ഡിക പറയും. 

വിജയാടാക്കീസ് നിന്നിരുന്ന സ്ഥലത്തുകൂടി ഇന്ന് പോകുമ്പോള്‍ മനസ്സിലുയരുന്ന വിചാരത്തെ കുറിച്ചാണ് ആ വിവരണം.' ഇപ്പോഴും മാതമംഗലത്ത് നിന്നും കുറ്റൂരേക്ക് പോകുമ്പോള്‍ കാട് മൂടിക്കിടക്കുന്ന ആ സ്ഥലം കാണാം. മനസ്സില്‍ നൊമ്പരമുണരും. ഇവിടെയാണ് സേതുമാധവന്‍ കീരിക്കാടനെ ഇടിച്ചിട്ടത്. അച്ചൂട്ടി കടലില്‍ മറഞ്ഞത്. കണ്ണില്‍ നനവ് കിനിയുകയാണ്' അങ്ങനെയങ്ങനെ സിനിമയും കടന്ന് വോളിബോളിലേക്കും മറ്റ് കായിക വിനോദങ്ങളിലേക്കും പോകുന്നു കഥകള്‍.  

അഞ്ജനപ്പുഴ ഗ്രാമത്തിലേക്ക് നീളുന്ന സകലകാര്യങ്ങളെയും വിവിധ കഥകളിലൂടെ എഴുത്തുകാരന്‍ അവതരിപ്പിക്കുകയാണ്. അമ്പലങ്ങള്‍, അകലെയുള്ള റെയില്‍വേസ്റ്റേഷന്‍, സ്‌കൂള്‍, വയല്‍, വായനശാല, സിനിമാതിയേറ്റര്‍, കോളേജ് തുടങ്ങി എഴുത്തുകാരന്റെ ജീവത്തെ സ്വാധീനിച്ച സകല കാര്യങ്ങളെ കുറിച്ചും ആത്മകഥാപരമായി വിശകലനം ചെയ്യുന്നു. പുസ്തകത്തിലലേക്ക് ചേര്‍ത്ത് വായിക്കുമ്പോള്‍ അതെല്ലാം അഞ്ജനപ്പുഴ ഗ്രാമത്തിന്റെ ജീവിതമാണ്. ഈ ചെറുകഥകളുടെയെല്ലാം ക്രോഡീകരണമാണ് അഞ്ജനപ്പുഴയുടെ ചരിത്രം, അല്ലെങ്കില്‍ ആത്മകഥ. 

അതുകൊണ്ടാണ് അവതാരികയില്‍ എം മുകുന്ദന്‍ ഇങ്ങനെ പറയുന്നത് ' വേണമെങ്കില്‍ നമുക്ക് ഈ പുസ്‍തകത്തെ ആത്മകഥയെന്ന് വിളിക്കാം. പക്ഷേ ആരുടെ ആത്മകഥ? പി വി കുട്ടന്‍ ചെറുപ്പമാണ്. ആത്മകഥയെഴുതുവാനുള്ള പ്രായമായിട്ടില്ല. ഒന്നുകൂടി ചിന്തിച്ചുനോക്കുമ്പോള്‍ ഇതൊരു ആത്മകഥ തന്നെയാണ് എന്ന് ബോധ്യപ്പെടുന്നു. എന്നാല്‍ അതൊരു നാടിന്‍റെ ആത്മകഥയാണ്. ഒരു നാട് സ്വന്തം കഥ പറയുകയാണ് ഇവിടെ.'