Asianet News MalayalamAsianet News Malayalam

ഭാവിയിലും ഇതുപോലെ മഹാമാരികള്‍ പടര്‍ന്നു പിടിച്ചേക്കാം, ഇപ്പോഴേ സൂക്ഷിക്കണമെന്ന് പഠനം

വനനശീകരണം, കാർഷികവ്യാപനം, വന്യജീവി വ്യാപാരം, ഉപഭോഗം എന്നിവയിലൂടെ പരിസ്ഥിതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും.

Pandemics may become deadlier in future
Author
Germany, First Published Oct 31, 2020, 10:40 AM IST

കൊറോണ മഹാമാരി നമ്മുടെ ലോകത്തെ കീഴ്മേൽ മറിക്കുകയാണ് ഇന്ന്. നമ്മുടെ ജീവിതത്തിലും, ചുറ്റുപാടിലും അത് ചെലുത്തിയ സ്വാധീനം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത് എങ്ങനെയെങ്കിലുമൊന്ന് നിയന്ത്രണവിധേയമായാൽ മതിയെന്ന ചിന്തയുമായി കഴിയുകയാണ് ഭൂരിഭാഗം ജനങ്ങളും. എന്നാൽ, ഇനിയും അത്തരം മഹാമാരികൾ ഇവിടെ ഉണ്ടാകുമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. മനുഷ്യൻ അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തുടർന്നാൽ ഭാവിയിൽ ഇനിയും പകർച്ചവ്യാധികൾ സംഭവിക്കുമെന്നും, കൂടുതൽ ആളുകൾ മരിക്കുമെന്നും, കൊവിഡ് -19 നെക്കാൾ മോശമായ നാശനഷ്ടങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ പാനൽ മുന്നറിയിപ്പ് നൽകുന്നു. 

ജർമനിയിലുള്ള 'the Intergovernmental Science-Policy Platform on Biodiversity and Ecosystem Services' (ഐപിബിഇഎസ്) പുറത്തിറക്കിയ റിപ്പോർട്ടിൽ ലോകമെമ്പാടുമുള്ള 22 പ്രമുഖ വിദഗ്ദരുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൊറോണ വൈറസ് എന്ന വൈറസ് പോലെ 850,000 -ത്തോളം വേറെയും വൈറസുകൾ ഉണ്ടെന്നും അത് ആളുകളെ ബാധിക്കാനിടയുണ്ടെന്നും പാനൽ പറയുന്നു. ഇത്തരം പകർച്ചവ്യാധികൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് അവർ കൂട്ടിച്ചേർത്തു. ജൈവവൈവിധ്യത്തെയും പാൻഡെമിക്കുകളെയും കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടിൽ രചയിതാക്കൾ പറഞ്ഞത് ആവാസവ്യവസ്ഥയുടെ നാശവും മൃഗങ്ങളെ തോന്നിയപോലെ കൊന്നുതിന്നുന്നതും ഭാവിയിൽ മൃഗങ്ങളാൽ പകരുന്ന രോഗങ്ങൾ കൂടാൻ കാരണമാകുമെന്നാണ്.  

“കൊവിഡ് -19 മഹാമാരിയോ, അല്ലെങ്കിൽ അതുപോലുള്ള പുതിയ മഹാമാരികളുമൊക്കെ ഉണ്ടാകാനുള്ള കാരണങ്ങൾ ആർക്കും അറിയാത്ത കാര്യമൊന്നുമല്ല. ജൈവവൈവിധ്യനഷ്ടത്തിനും, കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന മനുഷ്യരുടെ ചെയ്‍തികള്‍ തന്നെയാണ് ഇതിന് പിന്നിൽ” ഇക്കോഹെൽത്ത് അലയൻസ് പ്രസിഡന്റും ഐപിബിഇഎസ് വർക്ക് ഷോപ്പിന്റെ ചെയർമാനുമായ പീറ്റർ ദാസ്സക് പറഞ്ഞു. 1918 -ലെ ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ആറാമത്തെ പകർച്ചവ്യാധിയാണ് കൊവിഡ് -19 എന്ന് പാനൽ പറഞ്ഞു. ഇതെല്ലാം മനുഷ്യന്റെ പ്രവർത്തനങ്ങളാൽ ഉണ്ടായതാണ് എന്നും അവർ കൂട്ടിച്ചേർത്തു.  

വനനശീകരണം, കാർഷികവ്യാപനം, വന്യജീവി വ്യാപാരം, ഉപഭോഗം എന്നിവയിലൂടെ പരിസ്ഥിതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും. ഇത് മനുഷ്യരെ കാട്ടുമൃഗങ്ങളുമായും മൃഗങ്ങളുമായും കൂടുതൽ അടുത്ത ബന്ധം പുലർത്താൻ സാഹചര്യമൊരുക്കുന്നു. എബോള, സിക, എച്ച്ഐവി പോലുള്ള ഉയർന്നുവരുന്ന രോഗങ്ങളിൽ 70 ശതമാനവും സൂനോട്ടിക് ഉത്ഭവമാണ്, അതായത് മനുഷ്യരിലേക്ക് വ്യാപിക്കുന്നതിന് മുൻപ് അവ മൃഗങ്ങളിൽ വ്യാപിക്കുന്നു. ഓരോ വർഷവും മനുഷ്യരിൽ അഞ്ചോളം പുതിയ രോഗങ്ങൾ ഉണ്ടാകുന്നുവെന്നും, അവയിൽ ഏതെങ്കിലും ഒന്ന് പകർച്ചവ്യാധിയാകാൻ സാധ്യതയുണ്ടെന്നും പാനൽ മുന്നറിയിപ്പ് നൽകി.

ഭൂമിയുടെ മുക്കാൽഭാഗവും മനുഷ്യരുടെ പ്രവർത്തനത്താൽ ഇതിനകം തന്നെ നശിച്ചുതുടങ്ങിയെന്ന് കഴിഞ്ഞ വർഷം പ്രകൃതിയുടെ അവസ്ഥയെക്കുറിച്ചുള്ള ഐപിബിഇഎസ് വിലയിരുത്തി. ഭൂപ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗവും ശുദ്ധജലത്തിന്റെ മുക്കാൽ ഭാഗവും നിലവിൽ കൃഷിക്കായി ഉപയോഗിക്കുന്നു. മാനവിക വിഭവ ഉപയോഗം വെറും മൂന്ന് ദശകത്തിനുള്ളിൽ 80 ശതമാനം ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. രോഗം പിടിപെട്ടതിന് ശേഷം അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനേക്കാളും, അത് വരാതെ നോക്കുന്നതാണ് നല്ലതെന്ന് പാനൽ പറഞ്ഞു. പാൻഡെമിക് അപകടസാധ്യത കുറയ്ക്കുന്നതിനും പരിഹരിക്കുന്നതിനും സഹായിക്കുന്ന നിരവധി പോളിസി ഓപ്ഷനുകളും റിപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു.  

Follow Us:
Download App:
  • android
  • ios