Asianet News MalayalamAsianet News Malayalam

കാര്‍ഗില്‍ ഇപ്പോള്‍ ഇങ്ങനെയാണ്!

മഞ്ഞു കാലത്ത് അതിജീവിക്കാൻ പ്രയാസമായത് കൊണ്ട് രണ്ട് രാജ്യങ്ങളും പിക്കറ്റുകൾ ഉപേക്ഷിച്ച്, മഞ്ഞുകാലം കഴിഞ്ഞാൽ തിരിച്ചെത്തുകയുമാണ് സാധാരണ ചെയ്യുക. പക്ഷെ 1999 -ലെ ആ മേയിൽ പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗം കാലേകൂട്ടി തിരിച്ചെത്തുകയും ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞ് കയറി ടൈഗർ ഹില്ലും ടോലൊലിങ്ങുമെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. നമ്മളിപ്പോള്‍ പോയ്ക്കൊണ്ടിരിക്കുന്ന ഈ റോഡ് വരെ ശത്രുക്കൾ എത്തിയെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ ഉൾക്കിടിലം ഉണ്ടായി.

Penyathrakal yasmin nk kashmir travel
Author
Thiruvananthapuram, First Published Feb 16, 2019, 2:33 PM IST

ലേ ലഡാക്ക് യാത്രക്കിടെ കാർഗിലിൽ തങ്ങിയ ദിവസമാണു യുദ്ധം മുറിപ്പെടുത്തിയ കുറെ മനുഷ്യരെ കാണാനായത്. കാർഗിൽ യുദ്ധകാലത്തെ ഓർത്തെടുക്കുമ്പൊ അവരുടെ കണ്ണുകളിൽ നടന്ന് തീർത്ത കനൽ വഴികൾ മഞ്ഞച്ച് കിടന്നിരുന്നു. രാവിലെ സൈറൺ മുഴങ്ങിയാൽ കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് ബങ്കറുകളിലേക്കുള്ള ഓട്ടം. ഇരുട്ട് പരക്കാൻ തുടങ്ങുമ്പോൽ ഇട്ടിട്ട് പോന്ന വീടുകളിലേക്കുള്ള മടക്കം. ഷെൽ വീണു പൊട്ടിത്തെറിച്ചതിന്റെ ബാക്കി  അടുക്കിപ്പെറുക്കി ഉറക്കം കാത്തുള്ള കിടപ്പ്. ആണുങ്ങളും മുതിർന്ന ആൺകുട്ടികളുമൊക്കെ പട്ടാള ക്യാമ്പുകളിൽ. 

Penyathrakal yasmin nk kashmir travelPenyathrakal yasmin nk kashmir travel

ബഹ മാന്‍ ഗൊബാദി സംവിധാനം ചെയ്ത 'Turtle can fly' എന്ന കുര്‍ദിഷ് സിനിമ ഉള്ളിലുണ്ടാക്കിയ അസ്വസ്ത്ഥത ചെറുതല്ല. കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. യുദ്ധം എങ്ങനെയാണ് സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഇടപെടുന്നു എന്നത് കണ്ടുകൊണ്ടിരിക്കാൻ വയ്യ. അനാഥരാക്കപ്പെടുന്ന കുട്ടികൾ, മൈൻ പൊട്ടിത്തെറിച്ച് കയ്യും കാലും ഇല്ലാത്ത കുഞ്ഞുങ്ങൾ അതിജീവനത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം.  അധിനിവേശം ബാക്കിവെച്ച മുറിവുകൾ.  യുദ്ധം എന്നത് മലയാളികൾക്ക് ദൂരെ അതിർത്തിയിൽ നടക്കുന്ന വെടിയൊച്ചകളാണ്. അതിർത്തിയിൽ മരിച്ച് വീഴുന്ന ജവാന്മാരുടെ കുടുംബത്തിൽ മാത്രമാണ് ആ വേദന. 

1999 -ലെ കാർഗിൽ യുദ്ധം നമുക്ക് പതിവ് പോലെ ടിവിയിൽ കാണുന്ന യുദ്ധാഘോഷം മാത്രമായിരുന്നു. യുദ്ധത്തിനു നടുവിൽ പെട്ടുപോകുന്ന സാധാരണ ജനങ്ങൾക്കും ജീവൻ പണയം വെച്ച് പോരാടുന്ന ജവാന്മാർക്കും അത് അങ്ങനെ ആയിരുന്നില്ല. അനുഭവിക്കാത്തതൊക്കെ നമുക്കെന്നും കെട്ടുകഥയാണ്.   

ലേ ലഡാക്ക് യാത്രക്കിടെ കാർഗിലിൽ തങ്ങിയ ദിവസമാണു യുദ്ധം മുറിപ്പെടുത്തിയ കുറെ മനുഷ്യരെ കാണാനായത്. കാർഗിൽ യുദ്ധകാലത്തെ ഓർത്തെടുക്കുമ്പൊ അവരുടെ കണ്ണുകളിൽ നടന്ന് തീർത്ത കനൽ വഴികൾ മഞ്ഞച്ച് കിടന്നിരുന്നു. രാവിലെ സൈറൺ മുഴങ്ങിയാൽ കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് ബങ്കറുകളിലേക്കുള്ള ഓട്ടം. ഇരുട്ട് പരക്കാൻ തുടങ്ങുമ്പോൽ ഇട്ടിട്ട് പോന്ന വീടുകളിലേക്കുള്ള മടക്കം. ഷെൽ വീണു പൊട്ടിത്തെറിച്ചതിന്റെ ബാക്കി  അടുക്കിപ്പെറുക്കി ഉറക്കം കാത്തുള്ള കിടപ്പ്. ആണുങ്ങളും മുതിർന്ന ആൺകുട്ടികളുമൊക്കെ പട്ടാള ക്യാമ്പുകളിൽ. നാളെ എന്താകും എന്ന അനിശ്ചിതത്വം. യുദ്ധം അവസാനിച്ച് കിട്ടിയെങ്കിൽ എന്ന പ്രാർത്ഥന. 

കാർഗിലിൽ നിന്ന് 174 കിലോമീറ്റർ അപ്പുറം മല നിരകൾ കടന്നാൽ ഏറ്റവും അടുത്ത പാകിസ്ഥാൻ പട്ടണം

യാത്രയിൽ ഉടനീളം ഞങ്ങളുടെ ഡ്രൈവർ അബ്ബാസ്ക്ക എതിരെ ഒരു പട്ടാള ട്രക്ക് വരുന്നത് കണ്ടാൽ വണ്ടി സൈഡാക്കി അത്യന്തം വിനയത്തോടെ ആ ട്രക്കിനു കടന്ന് പോകാൻ അവസരം കൊടുക്കുമായിരുന്നു. പട്ടാളക്കാരോടുള്ള ആദരവും ബഹുമാനവും ആയിരുന്നു അത്. ഞങ്ങൾക്കും യാതൊരു വിധ എതിരഭിപ്രായവും ഉണ്ടായിരുന്നില്ല. രാജ്യം കാക്കുന്ന ജവാന്മാർ. എഴുന്നേറ്റ് നിന്ന് തൊഴണം അവരുടെ ത്യാഗനിർഭരമായ ജീവിതത്തെ. 

നമ്മളൊന്നും സങ്കല്പത്തിൽ പോലും കാണാത്ത ചുറ്റുപാടുകളിൽ ആണ് ഒരു ജവാന്റെ ജീവിതം.  ടൈഗർ ഹില്ലും ടോലോലിങ്ങ് മലനിരകളുമൊക്കെ ഒടിഞ്ഞും മടങ്ങിയും കുത്തനെയുമൊക്കെ മുന്നിൽ കണ്ടപ്പോൾ തലയിൽ കൈവെച്ച് പോയി.  പച്ചയും നരച്ച മഞ്ഞയും കലർന്ന നിറം. കാക്കക്കിരിക്കാൻ തണലില്ല. ഒരു തരം കുറ്റിമുള്ള് ചെടികൾ. അത്രയും ദൂരെ ഒരാൾ ആ മല നിരകളിൽ നിവർന്ന് നിന്നാൽ മൈലുകൾക്കപ്പുറത്ത് നിന്ന് നമുക്ക് ക്ലിയറായി കാണാനാകും. അത്രക്കും വിസിബിലിറ്റി ഉണ്ട്. വെടി എവിടെ നിന്നും വരാം. അങ്ങനെയുള്ള മലമുകളിലൂടെ 45 കിലോയിലധികം കനം വരുന്ന ബാഗും പുറത്തിട്ട് കമിഴ്ന്ന് കിടന്ന് മുട്ടുകാലിൽ ഇഴഞ്ഞ് നീങ്ങുന്ന ജവാന്മാരെ ഓർത്താൽ കണ്ണീരും രോമാഞ്ചവും ഒരുമിച്ച് വരും. ഒന്നും പകരമാവില്ല ആ ധീരതയ്ക്ക്, ചങ്കൂറ്റത്തിന്. നമ്മുടെ രാജ്യത്തിന്റെ രക്ഷക്ക്, നമ്മുടെയൊക്കെ ജീവൻ കാക്കാനാണ് ഓരോ ജവാന്മാരും അവരുടെ ജീവൻ പണയം വെക്കുന്നത്.  

1971 -ലെ സിംലാ കരാർ അനുസരിച്ച് രണ്ടു രാജ്യങ്ങൾക്കും ഇടയിൽ നിയന്ത്രണ രേഖ നിലവിൽ വന്നിരുന്നു. നിയന്ത്രണ രേഖക്ക് ഇരുപുറവും രണ്ട് രാജ്യവും അതത് സൈന്യത്തെ വിന്യസിച്ചിരുന്നെങ്കിലും വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ ഉണ്ടായിരുന്നു. നിയന്ത്രണ രേഖയിൽ പെടുന്ന പ്രദേശമാണ് കാർഗിൽ. കാർഗിലിൽ നിന്ന് 174 കിലോമീറ്റർ അപ്പുറം മല നിരകൾ കടന്നാൽ ഏറ്റവും അടുത്ത പാകിസ്ഥാൻ പട്ടണം. ടൈഗർ ഹിൽ, ടോലോലിങ്ങ്, ബാൽതിക്ക്, മൗഷേരാ മേഖലകളും നിയന്ത്രണ രേഖയിൽ തന്നെയാണ്. ഇന്ത്യൻ പിക്കറ്റുകളും കാവലുകളും ഉണ്ട് ഇവിടെയെല്ലാം.

ആ കുന്നുകൾ നേരിട്ട് കാണുന്നത് വരെ എനിക്കത് ഊഹിക്കാൻ പോലും പറ്റുമായിരുന്നില്ല

മഞ്ഞു കാലത്ത് അതിജീവിക്കാൻ പ്രയാസമായത് കൊണ്ട് രണ്ട് രാജ്യങ്ങളും പിക്കറ്റുകൾ ഉപേക്ഷിച്ച്, മഞ്ഞുകാലം കഴിഞ്ഞാൽ തിരിച്ചെത്തുകയുമാണ് സാധാരണ ചെയ്യുക. പക്ഷെ 1999 -ലെ ആ മേയിൽ പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗം കാലേകൂട്ടി തിരിച്ചെത്തുകയും ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞ് കയറി ടൈഗർ ഹില്ലും ടോലൊലിങ്ങുമെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. നമ്മളിപ്പോള്‍ പോയിക്കൊണ്ടിരിക്കുന്ന ഈ റോഡ് വരെ ശത്രുക്കൾ എത്തിയെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ ഉൾക്കിടിലം ഉണ്ടായി.

ലേയിൽ നിന്നും ശ്രീനഗറിലേക്കുള്ള പാതയാണത്. NH 1. അത് മുഴുവൻ ബോംബിട്ട് തകർത്തു കളഞ്ഞിരുന്നു. പിന്നീട് നടന്നത് ചരിത്രം. ഇന്ത്യൻ സൈന്യത്തിന്റെ വീരോജ്ജ്വല ഇതിഹാസം. സമാനതകൾ ഇല്ലാത്ത ധീരത. ആ കുന്നുകൾ നേരിട്ട് കാണുന്നത് വരെ എനിക്കത് ഊഹിക്കാൻ പോലും പറ്റുമായിരുന്നില്ല. ഉള്ളിലെ ധൈര്യവും അചഞ്ചലമായ രാജ്യസ്നേഹവുമാണ് ആ ജവാന്മാരെ മുന്നോട്ട് നയിച്ചതും വിജയക്കൊടി നാട്ടാന്‍ പ്രാപ്തരാക്കിയതും.

ഫോട്ടോയെടുക്കാൻ പേടിയായിരുന്നു

Penyathrakal yasmin nk kashmir travel

വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഒരു പ്രദേശത്തേയും ജനങ്ങളെയുമൊക്കെ കാണാനാവുക എന്നതും ഒരു നിയോഗം തന്നെ. ദൈവനിശ്ചയം.  ആയിരത്തൊന്ന് രാവുകളിൽ ഷെഹറസാദ് പറഞ്ഞ കഥകളിലൊന്നിലെ തെരുവു പോലെ കാർഗിൽ അങ്ങാടി. രാത്രി വൈകുവോളം അങ്ങാടിയിൽ ഒഴുകി നീങ്ങുന്ന ആണുങ്ങളും പെണ്ണുങ്ങളും. ഇടുങ്ങിയ തെരുവുകളിൽ നിറം മങ്ങി കത്തുന്ന വെളിച്ചങ്ങൾ. ഇടക്കിടക്ക് ആ വെളിച്ചവും കെട്ടുപോകുന്നുണ്ട്. പവർ ഫെയിലർ അവർക്ക് നിത്യപരിചയം. മങ്ങിയ ആ വെളിച്ചത്തിലും ഇരമ്പുന്ന ജീവിതം.

Penyathrakal yasmin nk kashmir travel

തെരുവിൽ നിരത്തി വെച്ചിരിക്കുന്ന പലഹാരങ്ങൾ. മട്ടൺ കബാബുകൾ കോലിൽ കുത്തി കനലിൽ നിന്നും പുറത്തെടുക്കുന്ന യുവാക്കൾ. ആട്ടിൻ കുടൽ പോലെ എന്തോ ഒന്ന് ആവി പരക്കുന്ന പരന്ന പാത്രത്തിനു മേലെ വെച്ച് അടിയിലുള്ള പാത്രത്തിലെ ഗ്രേവി സ്പൂൺ കൊണ്ട് ഇളക്കി മുന്നിൽ തിരക്ക് കൂട്ടുന്ന കുട്ടികളോട് 'സബൂർ സബൂർ' എന്ന് പറയുന്ന ചെറുപ്പക്കാരൻ. 

Penyathrakal yasmin nk kashmir travel

ഇന്ത്യയുടെ ആസ്ഥാനപലഹാരം പാനിപൂരിയിൽ വിരൽകൊണ്ട് ഓട്ടയാക്കി മധുരവും പുളിയുമുള്ള വെള്ളം നിറക്കുന്ന ഒരാൾ. അയാൾക്ക് മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന പെൺകുട്ടികൾ. എന്ത് ഭംഗിയാണ് അവരെ കാണാൻ. ഫോട്ടൊയെടുക്കാൻ പേടിയായിരുന്നു. ഫോട്ടോ എടുക്കൽ നിഷിദ്ധമാണെന്ന് വിശ്വസിച്ച് പോരുന്ന ആൾക്കാർ ഇപ്പോഴും ഉണ്ട് എന്നത് ബോധ്യമുള്ളത് കൊണ്ട് വളരെ സൂക്ഷിച്ചായിരുന്നു ഫോട്ടോയെടുപ്പ്. എന്നിട്ടും ബാല്യം വിടാത്ത ഒരു പയ്യന്‍ അടുത്തേക്ക് വന്ന് അവന്റേയും കൂട്ടുകാരുടേയും പടം എടുത്തിട്ടുണ്ടെങ്കില്‍ അത് മായ്ച്ച് കളയണം എന്ന് പറഞ്ഞു. മദ്രസ്സയില്‍ നിന്നും ഉസ്താദ് അത് ഹറാമാണെന്ന് പഠിപ്പിച്ചിട്ടുണ്ടെന്ന്.  വളച്ചൊടിച്ചുള്ള ഈ മതം പഠിപ്പിക്കലും ഭൌതിക വിദ്യാഭ്യാസത്തിന്റെ അഭാവവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒക്കെ ഈ മേഖലയിലെ ജനങ്ങളെ പുരോഗതിയിൽ നിന്നും പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്.

മങ്ങിയ വെളിച്ചത്തിലും പ്രകാശം പരത്തി തുറന്നിരിക്കുന്ന ഒരു കൊച്ചു പുസ്തകക്കട

Penyathrakal yasmin nk kashmir travel

താഴ്വരയെ സംഘര്‍ഷ രഹിതമാക്കാനും സമാധാനം കാത്ത് സൂക്ഷിക്കാനുമുള്ള ശ്രമങ്ങളില്‍ ഈ യുവാക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകുകയും അവരുടെ ഊര്‍ജ്ജത്തെ രാജ്യ പുരോഗതിയിലേക്ക് തിരിച്ച് വിടാനുമുള്ള പോംവഴികളും ഉണ്ടാവേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഭൂമിയിലെ സ്വർഗത്തിനു നിലനിൽപ്പുള്ളൂ. 

തെരുവ് മുറിച്ച് കടന്ന് ഹോട്ടലിലേക്ക് നടക്കുമ്പോൾ മങ്ങിയ വെളിച്ചത്തിലും പ്രകാശം പരത്തി തുറന്നിരിക്കുന്ന ഒരു കൊച്ചു പുസ്തകക്കട. സിയാച്ചിൻ ബുക്ക് സ്റ്റോർ. കടയിലിട്ട സ്റ്റൂളിൽ കുനിഞ്ഞിരുന്ന് രജിസ്റ്ററിൽ എന്തോ എഴുതുന്ന പ്രായം ചെന്നൊരാളും പത്രങ്ങളും മറിച്ച് നോക്കി നിൽക്കുന്ന കുറച്ച് ചെറുപ്പക്കാരും. ആ കാഴ്ച്ച മനസ്സിലുളവാക്കിയ ആനന്ദം ചെറുതല്ല. 


പെണ്‍യാത്രകള്‍: യാസ്മിന്‍ എന്‍ കെ എഴുതിയ മുഴുവന്‍ കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

Follow Us:
Download App:
  • android
  • ios