വേനൽ കാലത്ത് പെയ്ത ഒരു മഴപോലെയായിരുന്നു പ്രകൃതിയ്ക്ക് ഈ ലോക്ക് ഡൗൺ. ഈ കാലയളവിൽ, ആകാശം കൂടുതൽ നീലിമയാർന്നു, മരങ്ങൾ കൂടുതൽ പച്ചപ്പുള്ളതായി, മൃഗങ്ങൾ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ തുടങ്ങി. അവയിൽ നിന്ന് അപഹരിച്ച ഇടങ്ങൾ അവ തിരിച്ച് പിടിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ തടവിലാക്കപ്പെട്ട മൃഗങ്ങൾക്ക് ഇത് അത്ര നല്ല സമയമല്ല. മനുഷ്യരുമായുള്ള അവയുടെ സമ്പർക്കം അവ മറന്നുതുടങ്ങിയിരിക്കുന്നു. ടോക്കിയോയിലെ സുമിഡ അക്വേറിയം പക്ഷെ അതിന് വളരെ വിചിത്രമായ ഒരു പരിഹാരമാണ് കണ്ടെത്തിയത്. അക്വേറിയത്തിലെ ആരലുകൾ മനുഷ്യരെ മറന്നു തുടങ്ങിയോ എന്നവർക്കൊരു സംശയം. ഇതിന് ഒരു പരിഹാരമെന്നോണം വീഡിയോ കോളുകൾ വഴി ആരലുകളെ കാണാന്‍ അധികൃതർ ജപ്പാനിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

കേൾക്കുമ്പോൾ ഇത് വെറും ബാലിശമായി തോന്നാം. പക്ഷെ, ഏപ്രിൽ മാസത്തിലാണ് അധികൃതർ ഇത് ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. പാമ്പിനെ പോലെ തോന്നിക്കുന്ന ഒരുതരം മത്സ്യങ്ങളാണ് ആരലുകൾ. സാധാരണയായി നദികളിലും കായലുകളിലുമാണ് ഇവയെ കാണുക. അക്വേറിയത്തിന്റെ കണ്ണാടി കൂടിനുള്ളിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്. അക്വേറിയത്തിലെ ഉദ്യോഗസ്ഥർ ഇവയുടെ കൂടുകളുടെ അരികിലൂടെ പോകുമ്പോൾ അവ ഭയന്ന് മണലിനടിയിൽ ഒളിച്ചിരിക്കും. വളരെ സെൻസിറ്റീവ് ആയ ജീവികളാണ് ഇവ. സാധാരണയായി രണ്ടു സന്ദർഭങ്ങളിൽ മാത്രമാണ് അവ ഇതുപോലെ മണ്ണിനടിയിൽ ഒളിക്കുന്നത്. ഒന്നുങ്കിൽ ഭക്ഷണത്തിനായി, അല്ലെങ്കിൽ ശത്രുക്കളുടെ ആക്രമണത്തെ ഭയന്ന്. ഇതിൽ രണ്ടാമത്തെ കാരണം കൊണ്ടാണ് അവ മണ്ണിൽ പൂഴ്ന്നിരിക്കുന്നത് എന്നാണ് അക്വേറിയം ഉദ്യോഗസ്ഥർ പറയുന്നത്.  

അക്വേറിയത്തിലെ ഉദ്യോഗസ്ഥർക്ക് ആരലുകളുടെ ഈ പെരുമാറ്റം മൂലം, അവയുടെ ആരോഗ്യനില മനസ്സിലാക്കാൻ വളരെ പ്രയാസമാകുന്നു. മനുഷ്യർ സുഹൃത്തുകളാണെന്നു ആരലുകളെ ഓർമ്മപ്പെടുത്തുന്നതിനായി, അക്വേറിയം മെയ് മൂന്ന് മുതൽ മൂന്ന് ദിവസത്തേക്ക് “face-showing festival” സംഘടിപ്പിക്കുന്നത്. ആളുകൾക്ക് ഇപ്പോൾ ആരലുകളെ വിളിക്കാൻ കഴിയും, പക്ഷേ നിശ്ചിത സമയത്തിൽ മാത്രം. അഞ്ച് ഉപകരണങ്ങൾ ഗ്ലാസ് അക്വേറിയത്തിന് അഭിമുഖമായി സൂക്ഷിക്കും. അതുവഴി ആളുകൾക്ക് ആരലുകളെ കാണാനും, അവയോട് സംസാരിക്കാനും കഴിയും. 

മാർച്ച് ഒന്ന് മുതൽ അക്വേറിയം അടച്ചിട്ടിരിക്കുന്നതിനാൽ ആരലുകൾക്ക് മനുഷ്യരോട് തോന്നുന്ന ഈ ഭയവും, അപരിചിതത്വവും മാറ്റാൻ മറ്റൊരു മാർഗ്ഗവും അക്വേറിയത്തിലെ ഉദ്യോഗസ്ഥർ കാണുന്നില്ല. നിലവിലെ പകർച്ചവ്യാധി കണക്കിലെടുത്ത് അക്വേറിയം ഒരു മാസം കൂടി അടച്ചിടും. ഒറ്റക്കായി പോയ ആ ആരലുകൾക്ക് കൂട്ടായി ഇനി വീഡിയോ കാളുകളിലൂടെ ആളുകൾ എത്തും, നമ്മൾ ഉപദ്രവകാരികളല്ല എന്ന് അറിയിക്കാൻ, നമ്മളും അവയുടെ സുഹൃത്തുക്കളാണ് എന്ന് ഓർമിപ്പിക്കാൻ.