ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭം വലിയ തരത്തിലാണ് ലോകശ്രദ്ധ നേടിയത്. ചരിത്രത്തിലെങ്ങും കറുത്ത വര്‍ഗക്കാര്‍ നേരിട്ട നീതിനിഷേധത്തെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു ഇതേത്തുടര്‍ന്ന്. അതുപോലെ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ അമേരിക്കൻ ശസ്ത്രക്രിയാ വിദഗ്‍ദ്ധനായിരുന്നു ജെയിംസ് മരിയോണ്‍ സിംസ്. ആധുനിക സ്ത്രീരോഗവിഭാഗത്തിന്റെ പിതാവായും അറിയപ്പെടുന്നയാളാണ് സിംസ്. സ്വന്തം കാലഘട്ടത്തിൽ ശസ്ത്രക്രിയാ വിദഗ്‍ദ്ധന്‍ എന്ന നിലയിൽ പ്രശംസിക്കപ്പെട്ട സിംസ് പക്ഷേ മരണശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങി. അതിനുകാരണം വേറെന്നുമായിരുന്നില്ല, അടിമകളായ ഒരുകൂട്ടം ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളിലാണ് സിംസ് ആദ്യമായി ശസ്ത്രക്രിയ ചെയ്തു പഠിച്ചത്. 

അലബാമയിലെ തന്റെ വീടിന് പുറകിലുള്ള ഒരു ചെറിയ ആശുപത്രിയിൽ സിംസ് അവരെ താമസിപ്പിച്ചു. 1845 -ന്റെ അവസാനത്തിനും 1849 -ലെ വേനൽക്കാലത്തിനുമിടയിൽ, ഈ സ്ത്രീകളുടെ അസുഖങ്ങൾ ഭേദമാകാനുള്ള ശ്രമത്തിൽ അവരിൽ സിംസ് ആവർത്തിച്ചു ശസ്ത്രക്രിയകൾ നടത്തി. അതും അനസ്തേഷ്യ ഇല്ലാതെ. കറുത്ത വർഗ്ഗക്കാരെ വെറും പരീക്ഷണ വസ്തുക്കളായി മാത്രം കണ്ടിരുന്ന സിംസിനെതിരെ വിമർശകർ പ്രതിഷേധിച്ചു. 

1845 -ൽ 18 വയസ്സുള്ള അനാർക എന്ന അടിമയ്ക്ക് 72 മണിക്കൂര്‍ നീണ്ട പേറ്റുനോവുണ്ടായി. ഒടുവിൽ വേദന തിന്ന് അനാര്‍ക്കയ്ക്ക് വസിക്കോവജൈനൽ ഫിസ്റ്റുല എന്ന അവസ്ഥയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസവത്തിന്റെ ഒരു പൊതുവായ സങ്കീർണതയായിരുന്ന വസിക്കോവജൈനൽ ഫിസ്റ്റുല. അക്കാലത്ത് അതിന് ചികിത്സയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, അത് നേരെയാക്കാൻ സിംസ് തുടർച്ചയായി 30 പ്രാവശ്യമാണ് ആ പെൺകുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. അതും അനസ്തേഷ്യ ഇല്ലാതെ. 

സിംസിനോട് തങ്ങളുടെ അടിമകളെ ചികിത്സിക്കാൻ ഉടമകൾ ആവശ്യപ്പെട്ടപ്പോൾ, അയാൾ അതിന് ഒരു പുതിയ സംവിധാനം കണ്ടുപിടിച്ചു. ശസ്ത്രക്രിയാ പരീക്ഷണത്തിനായി അയാൾ ഈ രോഗികളെ വിലയ്ക്ക് വാങ്ങി. സിംസ് ഒരിക്കൽ എഴുതി, 'ഉടമകൾ അവയെ എനിക്ക് സൂക്ഷിക്കാൻ തന്നു'. അങ്ങനെ ശസ്ത്രക്രിയ ചെയ്ത് പരിശീലനം നേടിയ സിംസ് പിന്നീട് ന്യൂയോർക്കിൽ ഒരു സ്വകാര്യ ക്ലിനിക്ക് തുറന്നു. അവിടെ അയാൾ സമ്പന്നരും വെളുത്തവരുമായ സ്ത്രീകളെ ചികിത്സിച്ചു. സ്പെകുലം, സിംസ് കണ്ടുപിടിക്കുന്നത് അപ്പോഴാണ്.  

പിന്നീട് ലൂസി എന്ന കൗമാരക്കാരിയെ ശസ്ത്രക്രിയ ചെയ്തപ്പോൾ സിംസ് ഒരു ഡസനോളം ഡോക്ടർമാരെ ക്ഷണിക്കുകയുണ്ടായി. 'എല്ലാ ഡോക്ടർമാരും ഞാൻ ഒരു വലിയ കണ്ടെത്തലിന്റെ വക്കിലാണെന്ന് വിശ്വസിച്ചു. ഞാൻ ഓപ്പറേറ്റ് ചെയ്യുന്നത് കാണാൻ ഓരോരുത്തർക്കും താൽപ്പര്യമുണ്ടായിരുന്നു' സിംസ് ആ ശസ്ത്രക്രിയയെ കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. ലൂസിയിൽ അനസ്തേഷ്യ ഇല്ലാതെ സിംസ് ഒരു മണിക്കൂർ ശസ്ത്രക്രിയ നടത്തി. 'പാവം പെൺകുട്ടി മുട്ടുകുത്തി ശസ്ത്രക്രിയ വളരെ ധീരതയോടെ സഹിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അവൾക്ക് പനി ബാധിച്ചു. അവൾ മരിക്കുമെന്ന് ഞാൻ കരുതി' സിംസ് എഴുതി. അവൾ സുഖം പ്രാപിക്കാൻ മാസങ്ങളെടുത്തു.  

അനസ്തേഷ്യ ഇല്ലാതെ അടിമകളായ സ്ത്രീകളിൽ സിംസ് തന്റെ പരീക്ഷണ ശസ്ത്രക്രിയകൾ നടത്തുമ്പോഴും, ന്യൂയോർക്കിലെ വിമന്‍സ് ഹോസ്പിറ്റലിലെ വെളുത്ത രോഗികളിൽ പതിവായി അനസ്തേഷ്യ ഉപയോഗിച്ചിരുന്നു അയാള്‍. പത്തൊൻപതാം നൂറ്റാണ്ടിലെ മറ്റ് ഡോക്ടർമാരെ പോലെ, സിംസ് വിചാരിച്ചത് കറുത്ത ആളുകൾക്ക് വെളുത്തവരെ അപേക്ഷിച്ച് വേദന സഹിക്കാനുള്ള കഴിവ് കൂടുതലാണെന്നാണ്. അതിനാൽ ശസ്ത്രക്രിയകൾക്ക് വേദനസംഹാരികൾ ആവശ്യമില്ലെന്ന് സിംസ് വിചാരിച്ചു. പിന്നീട്, അനസ്തേഷ്യ ലഭ്യമായതിന് ശേഷവും ഫിസ്റ്റുല ഓപ്പറേഷനുകളിൽ അയാൾ അത് ഉപയോഗിച്ചില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികൾ മരിക്കുമ്പോഴും സിംസ് വളരെ അപൂർവമായി മാത്രമേ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുള്ളൂ.  

സിംസിന്റെ പ്രതിമ ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്നു. എന്നാൽ, അയാൾക്കെതിരെ പ്രതിഷേധം കനത്തപ്പോൾ  2018 ഏപ്രിൽ 17 -ന് സെൻട്രൽ പാർക്കിൽ നിന്ന് ഈ പ്രതിമ നീക്കം ചെയ്യുകയുണ്ടായി. പകരം പരീക്ഷണത്തിന് ഇരകളായ  ലൂസി, അനാർക, ബെറ്റ്സി എന്നിവരുടെ പേരുകളും, ചരിത്രവും, പുതിയ ഫലകത്തിൽ സ്ഥാനം പിടിച്ചു.