'ക്വീന്‍ മേരി' എന്ന ചിത്രമാണ് അതിലേറ്റവും മനോഹരമായ ഒന്ന്. മേരി എന്ന മോഡലാണ് അലാന്നക്കായി പോസ് ചെയ്തിരിക്കുന്നത്. ഡച്ച് കൊളേണിയലിസത്തിനെതിരെ പോരാട്ടം നടത്തിയവരിലൊരാളായിരുന്നു മേരി തോമസ്. അതുകൊണ്ടാണ് ചിത്രത്തിന് ക്വീന്‍ മേരി എന്ന് പേര് നല്‍കിയത്.
ചിക്കാഗോ: മൂന്ന് ആര്‍ട്ടിസ്റ്റുമാര്‍ ഒരുക്കിയ ഈ ചിത്രപ്രദര്‍ശനത്തിനു പിന്നിലൊരു ലക്ഷ്യമുണ്ട്. കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന സൌന്ദര്യസങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന ചിത്രങ്ങളാണിത്. അലന്നാ ഐറിടാം, എന്‍ഡിയാ ബീല്‍, മെഡീന ഡഗ്ഗര്‍ എന്നിവരാണ് വേറിട്ട ഈ ചിത്രങ്ങളുടെ പിന്നില്‍. കറുപ്പിന്‍റെ സൌന്ദര്യം വെളിപ്പെടുത്തുന്ന പ്രദര്‍ശനങ്ങളുടെ പേര്, 'നിങ്ങളെങ്ങനെയാണ് എന്നെ കാണുന്നത്' (how do you see me) എന്നായിരുന്നു.
അലാന്ന
പാശ്ചാത്യ കലകളിലെ കറുത്ത മനുഷ്യരുടെ അഭാവമാണ് അലാന്ന തന്‍റെ ആര്‍ട്ടിലൂടെ തിരുത്തിയിരിക്കുന്നത്. 'പെയിന്‍റിങ്ങുകളിലും സിനിമകളിലും കറുത്തവരെ കൊണ്ടുവന്നിരുന്നത് വീട്ടുജോലിക്കാരോ, അടിമകളോ ഒക്കെ ആയിട്ടാണ്. അതിലൊരു മാറ്റം വരണം.' അലാന്ന പറയുന്നു.

ഗോള്‍ഡന്‍ ഏജ് എന്ന പരമ്പരയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ ആയിട്ടുള്ളവരാണ് പോസ് ചെയ്തിരിക്കുന്നത്. വംശീയതക്കെതിരെയുള്ള പോരാട്ടമായിട്ടാണ് അലാന്ന ഇതിനെ കാണുന്നത്.

കുട്ടിയായിരിക്കുമ്പോള്‍ മ്യൂസിയത്തിലോ, ഗാലറികളിലോ ഒന്നും പോകുമ്പോള്‍ കറുത്തവരുള്ള ചിത്രങ്ങളൊന്നും കണ്ടിരുന്നില്ലെന്നും, തന്നെ പോലുള്ള ആരുമെന്താ അവിടെയെങ്ങും ഇല്ലാത്തതെന്ന് ചിന്തിച്ചിരുന്നുവെന്നും അലാന്ന പറയുന്നു. അതിനേക്കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കകളുണ്ടായിരുന്നു, താന്‍ സങ്കടപ്പെട്ടിരുന്നുവെന്നും അവര്‍ ഓര്‍മ്മിക്കുന്നു.

'ക്വീന്‍ മേരി' എന്ന ചിത്രമാണ് അതിലേറ്റവും മനോഹരമായ ഒന്ന്. മേരി എന്ന മോഡലാണ് അലാന്നക്കായി പോസ് ചെയ്തിരിക്കുന്നത്. ഡച്ച് കൊളോണിയലിസത്തിനെതിരെ പോരാട്ടം നടത്തിയവരിലൊരാളായിരുന്നു മേരി തോമസ്. അതുകൊണ്ടാണ് ചിത്രത്തിന് ക്വീന്‍ മേരി എന്ന് പേര് നല്‍കിയത്. സൌന്ദര്യം, സ്നേഹം ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ആ ചിത്രം.
എന്‍ഡിയ ബീല്‍
പ്രൊഫസറായിരുന്ന എന്‍ഡിയ നാല് വര്‍ഷമായി കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയാണ്.

അവരുടെ മുടിയെ കുറിച്ചും, നിറത്തെ കുറിച്ചുമെല്ലാം അവരുടെ പിറകില്‍ നിന്ന് സംസാരിക്കുന്നത് എന്‍ഡിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കറുത്തവളായ ഫോട്ടോഗ്രാഫറെന്ന നിലയില്‍ മാധ്യമങ്ങളിലും ആര്‍ട്ടുകളിലും ന്യൂനപക്ഷക്കാരുടെ കഥകള്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

പലരും ജോലിസ്ഥലങ്ങളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ പോലും മറ്റുള്ളവരുടെ താല്‍പര്യത്തിനനുസരിച്ചുള്ളതായിരിക്കും. ഷൂട്ട് തുടങ്ങുമ്പോള്‍ എന്‍ഡിയ പറഞ്ഞത് നിങ്ങള്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വരികയാണെന്ന് കരുതണം. പക്ഷെ, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതും സൌകര്യപ്രദമായതുമായ വസ്ത്രം ധരിച്ചുവേണം വരാനെന്നാണ്.

അവരില്‍ പലരും, എങ്ങനെയൊക്കെയാണ് നിറത്തിന്‍റേയും, മുടിയുടേയും വംശത്തിന്‍റേയും പേരില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്നും എന്‍ഡിയയോട് തുറന്നു പറഞ്ഞിരുന്നു. തങ്ങളുടെ മുടി അണ്‍പ്രൊഫഷണലാണെന്നാണ് പറയുന്നവരുണ്ടെന്നും അവര്‍ പറയുന്നു. ഇതൊക്കെ കാരണമാണ് ഇത്തരമൊരു ഷൂട്ടെന്നും എന്‍ഡിയ പറയുന്നു.
മെഡിന ഡഗ്ഗര്‍
നാല്‍പത് വര്‍ഷമായി ആഫ്രിക്കയിലെ സ്ത്രീകളുടെ മുടിയെക്കുറിച്ചും മുടി അലങ്കരിക്കുന്ന രീതികളെ കുറിച്ചും പഠിക്കുന്ന ഓഖേ ഒജെയ്ക്കര്‍ എന്ന നൈജീരിയന്‍ ഫോട്ടോഗ്രാഫര്‍ക്കുള്ള ഉപഹാരമായാണ് മെഡിന ഈ വര്‍ക്ക് ചെയ്തിരിക്കുന്നത്.

നൈജീരിയന്‍ മുടിക്കെട്ടുകള്‍ക്ക് വലിയ അര്‍ത്ഥങ്ങളുണ്ട്. അതവരുടെ വയസ്, കുടുംബം അടക്കം പലതിനെയും വെളിപ്പെടുത്തുന്നതാണ്. നൈജീരിയയില്‍ ജീവിക്കുന്ന വെളുത്ത അമേരിക്കക്കാരിയെന്ന നിലയില്‍ ഇത്തരമൊരു ഷൂട്ട് നടത്തുന്നതിന് തനിക്ക് ഒരുപാട് ചരിത്രം മനസിലാക്കേണ്ടതായി വന്നുവെന്നും മെഡിന പറയുന്നു.

ഏതായാലും ഈ സ്ത്രീകളുടെ ചിത്രങ്ങള്‍ വംശീയ അതിക്രമത്തിനും അധിക്ഷേപത്തിനും എതിരെയുള്ള ശക്തമായ പോരാട്ടം തന്നെയാണ്.
