കോഴിക്കോട്: അടച്ചുറപ്പില്ലാത്ത വീടാണ് പെരുമ്പാവൂരിലെ ജിഷയുടെ ജീവിതം ദുരന്തമാക്കിയതെങ്കില്‍ സമാനസാഹചര്യത്തില്‍ ദുരിതം പേറുകയാണ് കോഴിക്കോട് കുരുവട്ടൂരില്‍ അഗതിയായ ഒരമ്മയും മകളും.രോഗിയായ ചിന്നമ്മുവിനും മകള്‍ ഷൈനിക്കും വേണ്ടത് തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടമാണ്. 

കുരുവട്ടൂര്‍ പറമ്പില്‍ പീടികയിലാണ് ചിന്നമ്മുവും ഷൈനയും വാടകക്ക് പാര്‍ക്കുന്ന ചായ്പ്. വാടക മാസം 1500 രൂപ. അതുതന്നെ കൊടുത്തിട്ട് മാസങ്ങളായി. ഒന്നാഞ്ഞുതള്ളിയാല്‍ ഈ വാതില്‍ വീഴും. നിന്നുതിരിയാന്‍ ഇടമില്ലാത്തിടത്ത് തന്നെ ഭക്ഷണം പാകം ചെയ്യലും അന്തിയുറക്കവും. നിവൃത്തികേടിന്റെ നേര്‍ക്കാഴ്ചകളാണ് ഈ ജീവിതങ്ങള്‍

ഷൈന പിറന്നുവീഴും മുമ്പെ അച്ഛന്‍ ഗോവിന്ദന്‍ മരിച്ചിരുന്നു. അന്ന് മുതല്‍ ബന്ധുവീടുകളാണ് ആശ്രയം. ഒരിടകഴിഞ്ഞപ്പോള്‍ അവരും കൈവിട്ടു. പിന്നെ ഇവര്‍ക്ക് തുണ ഇവര്‍ മാത്രമായി..രണ്ട് കൊല്ലം മുമ്പ് കുരുവട്ടൂര്‍ പഞ്ചായത്ത് അഗതികളുടെ പട്ടികയില്‍ പെടുത്തി ഇവര്‍ക്ക് വീട് നല്‍കാന്‍ തീരുമാനിച്ചു. പക്ഷെ സ്വന്തം ഭൂമിയില്ലാത്തതിനാല്‍ അതും നടന്നില്ല. 

ജിഷയുടെ ദുരന്തത്തില്‍ കണ്ണീര്‍വാര്‍ത്തവര്‍ കാണാതെ പോകരുത് കണ്‍മുമ്പിലുള്ള ഈ ജീവിതങ്ങളെ.