Asianet News MalayalamAsianet News Malayalam

ഒരാള്‍ എഴുതിയത് അതേപടി പകര്‍ത്തിയാല്‍...

സ്റ്റുഡന്‍റും ഹാപ്പി, സൂപ്പർവൈസ് ചെയ്ത ടീച്ചറും ഹാപ്പി. ടീച്ചർ പറയുന്നു. "വിനീതേ, അടുത്ത സെപ്റ്റംബറിൽ നമുക്ക് ചെന്നൈയിലുള്ള ഒരു കോൺഫറൻസിൽ പ്രെസന്‍റ് ചെയ്യണം. അവർ ഇത് ഇന്‍റർനാഷണൽ ജേണലിൽ പബ്ലിഷ് ചെയ്യും."

Plagiarism article by suresh c pillai
Author
Thiruvananthapuram, First Published Nov 30, 2018, 5:27 PM IST

അന്വേഷണ കമ്മീഷൻ, അന്വേഷണം, റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ചു സൂപ്പർവൈസർക്ക് സസ്പെൻഷൻ. വിനീതിന്‍റെ റിസൾട്ട് യൂണിവേഴ്സിറ്റി തടഞ്ഞു വയ്ക്കുന്നു. ഇപ്പറഞ്ഞത്, അൽപ്പം ശ്രദ്ധ കാണിച്ചില്ലെങ്കിൽ പലർക്കും പറ്റാവുന്നതാണ്. പഠിപ്പിച്ചു തീർക്കാനുള്ള തിരക്കിൽ പലപ്പോളും Research Ethics (ഗവേഷണ നൈതികത) നെ പറ്റിയും Plagiarism (രചനാമോഷണം) എന്താണ് എന്നും പറഞ്ഞു കൊടുക്കാറില്ല.

Plagiarism article by suresh c pillai

Plagiarism അല്ലെങ്കിൽ രചനാമോഷണം; Ethics അഥവാ നൈതികത.

"ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇത്രയും കൊടുത്താൽ പിന്നെ പാല് ഛറപറാന്ന് അങ്ങട് ഒഴുകുകയായി..." നാടോടിക്കാറ്റ് എന്ന സിനിമയിൽ ശങ്കരാടി പറഞ്ഞത് ഓർമ്മയില്ലേ?

ഇപ്പോൾ പറയാൻ കാരണം കോളേജുകളിലെ ഫൈനൽ സെമസ്റ്റർ പ്രൊജക്റ്റ് റിപ്പോർട്ടുകൾ പലതും ഏതാണ്ട് ഇങ്ങനെയാണ്. എങ്ങനെയെന്നല്ലേ? ഇത്തിരിഭാഗം വെബ്സൈറ്റുകളിൽ നിന്നും, പിന്നെ, കുറച്ചു ടെക്സ്റ്റ് ബുക്കുകളിൽ നിന്നും. പേരിന് കുറച്ചു ജേർണൽ പേപ്പറുകളിൽ നിന്ന്... ബാക്കി സീനിയർ ചെയ്ത പ്രോജക്ടിൽ നിന്ന്. ഗൂഗിൾ ചെയ്തെടുത്ത കുറെ കളർ പടങ്ങൾ. പിന്നെ കുറെ തനിയെ ഉള്ള തട്ടിക്കൂട്ട് എഴുത്തുകൾ. എല്ലാം കൂടി മിക്സ് ചെയ്തു പ്രിന്‍റ് എടുത്താൽ ഫൈനൽ ഇയർ പ്രോജക്ട് റെഡി. 70 ശതമാനത്തിനു മുകളിൽ മാർക്കും കിട്ടും.

സ്റ്റുഡന്‍റും ഹാപ്പി, സൂപ്പർവൈസ് ചെയ്ത ടീച്ചറും ഹാപ്പി. ടീച്ചർ പറയുന്നു. "വിനീതേ, അടുത്ത സെപ്റ്റംബറിൽ നമുക്ക് ചെന്നൈയിലുള്ള ഒരു കോൺഫറൻസിൽ പ്രെസന്‍റ് ചെയ്യണം. അവർ ഇത് ഇന്‍റർനാഷണൽ ജേണലിൽ പബ്ലിഷ് ചെയ്യും."

രണ്ടാഴ്ച്ച കഴിയുമ്പോഴേക്കും ജേണലിന്‍റെ റിജക്ഷന്‍ ലെറ്റർ

വിനീതും ടീച്ചറും കൂടി ചെന്നൈയിൽ പോകുന്നു, പേപ്പർ പ്രെസന്‍റ് ചെയ്യുന്നു. തിരികെ വരുന്നു. ജേർണൽ പേപ്പർ തയ്യാറാക്കുന്നു, സബ്മിറ്റ് ചെയ്യുന്നു. എല്ലാം മംഗളം, ശുഭം. കാത്തിരുപ്പ്... രണ്ടാഴ്ച്ച കഴിയുമ്പോഴേക്കും ജേണലിന്‍റെ റിജക്ഷന്‍ ലെറ്റർ.

കൂടെ പ്രിൻസിപ്പലിന്‍റെ ഈമെയിലിൽ ജേർണൽ ഓഫീസിൽ നിന്ന് അറിയിപ്പ്, "നിങ്ങളുടെ കോളേജിൽ നിന്നും സബ്മിറ്റ് ചെയ്ത പേപ്പറിൽ 40 % plagiarism കണ്ടെത്തി. വേണ്ട നടപടികൾ സ്വീകരിക്കുക."

അന്വേഷണ കമ്മീഷൻ, അന്വേഷണം, റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ചു സൂപ്പർവൈസർക്ക് സസ്പെൻഷൻ. വിനീതിന്‍റെ റിസൾട്ട് യൂണിവേഴ്സിറ്റി തടഞ്ഞു വയ്ക്കുന്നു. ഇപ്പറഞ്ഞത്, അൽപ്പം ശ്രദ്ധ കാണിച്ചില്ലെങ്കിൽ പലർക്കും പറ്റാവുന്നതാണ്. പഠിപ്പിച്ചു തീർക്കാനുള്ള തിരക്കിൽ പലപ്പോളും Research Ethics (ഗവേഷണ നൈതികത) നെ പറ്റിയും Plagiarism (രചനാമോഷണം) എന്താണ് എന്നും പറഞ്ഞു കൊടുക്കാറില്ല.

എന്‍റെ അഭിപ്രായത്തിൽ ഇത് തീർച്ചയായും കരിക്കുലത്തിന്‍റെ ഭാഗം ആക്കണം. അത്രയ്ക്ക് പ്രധാനപ്പട്ടതാണ്, എല്ലാ കോളേജ് വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടതാണ്.

എന്താണ് Research Ethics (ഗവേഷണ നൈതികത)?

ഗവേഷണ പ്രൊജക്റ്റ്കൾ ചെയ്യുമ്പോൾ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ ചുരുക്കത്തിൽ Research Ethics (ഗവേഷണ നൈതികത) എന്ന് പറയാം. ഇവയൊക്കെയാണ് പ്രധാനം വേണ്ട ഗുണങ്ങൾ:

Honesty (സത്യസന്ധത)
Objectivity (വസ്തുനിഷ്ഠത) 
Integrity (സ്വാഭാവദാര്ഢ്യം) 
Carefulness (ശ്രദ്ധ), 
Openness (ആര്ജ്ജവം), 
Respect for Intellectual Property ( ബൗദ്ധികസ്വത്തി നോടുള്ള കരുതൽ) 
Confidentiality (സ്വകാര്യത) 
Responsible Publication (ഉത്തരവാദിത്വ തന്നോടുള്ള പ്രസിദ്ധീകരിക്കൽ)
Responsible Mentoring ( ഉത്തരവാദിത്വമുളള മാര്ഗ്ഗദര്ശനം)
Respect for colleagues (സഹകാരിയോടുള്ള കരുതൽ) 
Social Responsibility (സാമൂഹ്യ ഉത്തരവാദിത്വം)
Non-Discrimination (വിവേചനമില്ലായ്മ)
Competence (കാര്യക്ഷമത)
Legality (നിയമാനുസൃതമായ)
Animal Care (ഗവേഷണത്തിനു പ്രയോഗിക്കുന്ന ജീവികളോടുള്ള കരുതല്)
Human Subjects Protection (മാനുഷിക വിഷയങ്ങളിലുള്ള സംരക്ഷണം)

ഇതൊക്കെ ഓരോന്നായി ക്ലാസ്റൂമിൽ ഓരോ ഉദാഹരണം പറഞ്ഞു കൊടുക്കാൻ ഓരോ മണിക്കൂറായി അഞ്ചു ദിവസങ്ങൾ വേണ്ടി വരും. അത്യാവശ്യം മുകളിൽ പറഞ്ഞ കാര്യങ്ങൾ ഓർത്തു വയ്ക്കുക. (കൂടുതൽ വിശദമായ വായനയ്ക്ക് Shamoo A and Resnik D. 2015. Responsible Conduct of Research, 3rd ed. (New York: Oxford University Press).

ഉദാഹരണത്തിൽ പറഞ്ഞ വിനീതും, സൂപ്പർവൈസറും ഇതിൽ തെറ്റിക്കപ്പെട്ടത് Honesty (സത്യസന്ധത), Objectivity (വസ്തുനിഷ്ഠത), Integrity (സ്വാഭാവദാര്ഢ്യം), Carefulness (ശ്രദ്ധ), Responsible Publication (ഉത്തരവാദിത്വത്തോടെയുള്ള പ്രസിദ്ധീകരിക്കൽ), Responsible Mentoring (ഉത്തരവാദിത്വമുളള മാര്‍ഗദര്‍ശനം), Respect for colleagues (സഹകാരിയോടുള്ള കരുതൽ) ഇവയൊക്കെയാണ് എന്ന് ഊഹിക്കാമല്ലോ? പാഠ്യപദ്ധതിയുടെ ഭാഗമായി ഇത് പഠിപ്പിക്കണ്ടത്തിന്‍റെ ആവശ്യകത മനസിയിലായല്ലോ?

വിദേശ യൂണിവേഴ്സിറ്റികളിൽ ഡിഗ്രി ലെവലിൽ എത്തിക്സിനായി പ്രത്യേക ക്ലാസുകൾ ഉണ്ട്.

എന്താണ് Plagiarism അല്ലെങ്കിൽ രചനാമോഷണം?

Britannica നിർ വചനചന പ്രകാരം Plagiarism എന്നാൽ 'the act of taking the writings of another person and passing them off as one’s own'. അതായത് മറ്റൊരാളുടെ എഴുത്തിനെ നമ്മളുടേതാക്കി കാണിക്കുന്നതാണ് Plagiarism.

ഒട്ടും തന്നെ രചനാമോഷണം ചെയ്യാതെ ഇരിക്കുക എന്നതും Research Ethics (ഗവേഷണ നൈതികത)ന്‍റെ ഭാഗമാണ്.

ഒന്നോ രണ്ടോ വാചകങ്ങൾ എടുത്തിട്ട് അത് പബ്ലിക്കേഷനിൽ റെഫർ ചെയ്താൽ പോരെ?

ഉദ്ധരണികൾ (Quotes) ആണെങ്കിൽ ഇത് പറഞ്ഞ ആളിന്‍റെ പേരും വച്ച് ചെയ്യുന്നതിൽ തെറ്റില്ല. അല്ലാതെ ഉള്ളത് എല്ലാം മുഴുവനായും rephrase (വാക്കുകൾ മാറ്റി) അല്ലെങ്കിൽ paraphrase (മറ്റു വാക്കുകളില്‍ വിവരിക്കുക) ചെയ്തു സ്വന്തം വാചകങ്ങളിൽ എഴുതിയിട്ടു വേണം റെഫെറൻസ് കൊടുക്കാൻ.

Plagiarism എങ്ങിനെ കണ്ടു പിടിക്കാം?

ഇതിനായി പ്രത്യേകതരം സോഫ്റ്റ് വെയറുകൾ ലഭ്യമാണ്. കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും ഒക്കെ ഉപയോഗിക്കുന്നത് 'Turnitin' എന്ന സോഫ്റ്റ് വെയർ ആണ്. ഗവേഷണ സ്ഥാപങ്ങൾ സാധാരണ ഉപയോഗിക്കുന്നത് itheticate (CrossCheck) എന്ന സോഫ്റ്റ് വെയർ ആണ്. ഈ സോഫ്റ്റ് വെയറുകൾ കൃത്യമായി എവിടെ നിന്നാണ് കോപ്പി ചെയ്തത് എന്ന് കണ്ടു പിടിച്ചു തരും.

എത്ര ശതമാനം similarity വരെ സ്വീകാര്യമാണ്?

ഇത് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു വരിപോലും പൂർണമായി മറ്റൊന്നിൽ നിന്നും കോപ്പി ചെയ്തു കൂടാ എന്നാണ് പൊതുനിയമം. എന്നിരുന്നാലും ചില സമയങ്ങളിൽ രണ്ടിൽക്കൂടിയ വാക്കുകൾ ഒക്കെ similarity റിപ്പോർട്ടിൽ കാണിക്കും.

വായിച്ചിട്ട് നിങ്ങളുടെ സ്വന്തം വാക്കുകളിൽ എഴുതണം

പൊതുവായി ജേണൽ പേപ്പറുകളിൽ 10 ശതമാനത്തിൽ താഴെയേ similarity index വരാവൂ. ഈ പത്തു ശതമാനം ഒന്നോ രണ്ടോ സോഴ്സുകളിൽ നിന്നും ആയിരിക്കുകയും അരുത്. അതായത് ആകെയുള്ള പത്തു ശതമാനം പത്തു ഡോക്യൂമെന്‍റിൽ ആണെങ്കിൽ വലിയ കുഴപ്പം ഇല്ല.

എങ്ങിനെ Plagiarism ഒഴിവാക്കാം?

1. ഒന്നും അതേ പടി പകർത്തി എഴുതാതെ ഇരിക്കുക. വായിച്ചിട്ട് നിങ്ങളുടെ സ്വന്തം വാക്കുകളിൽ എഴുതണം എന്നിട്ട് അതിന്‍റെ റഫറൻസ് കൊടുക്കാം.

2. കഴിവതും ഗവേഷണ പേപ്പറുകളിൽ, ഇന്‍റർനെറ്റിൽ നിന്നും എടുത്ത വ്യക്തമായ സോഴ്സ് ഇല്ലാത്ത ഭാഗങ്ങൾ ഉപയോഗിക്കാതെ ഇരിക്കുക. വ്യക്തത ഉള്ള peer-reviewed ജേർണലുകളിൽ നിന്നു മാത്രം ഉള്ളടക്കം എടുക്കുക. എന്നിട്ട് മുകളിൽ പറഞ്ഞതു പോലെ സ്വന്തം വാക്കിലെഴുതി റഫറൻസ് കൊടുക്കണം.

3. മറ്റുള്ളവരുടെ അഭിപ്രായം (ഐഡിയ) ഒരിക്കലും നിങ്ങളുടേതായി പ്രസിദ്ധീകരിക്കാതെ ഇരിക്കുക. ഇനി വേണ്ടി വന്നാൽ അവരെ കൃത്യമായി acknowledge (നന്ദിപ്രകടിപ്പിക്കണം) ചെയ്യണം.

അടിക്കുറിപ്പ്: ഇത് വായിക്കുന്ന നിങ്ങൾ അധ്യാപിക/ അധ്യാപകൻ ആണെങ്കിൽ ക്ലാസ്സെടുക്കുമ്പോൾ തീർച്ചയായും Ethics, Plagiarism ഇവയെക്കുറിച്ചൊക്കെ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. നിങ്ങളുടെ കോളേജുകളിൽ സബ്മിറ്റ് ചെയ്യുന്ന പ്രോജക്ട് റിപ്പോർട്ടുകൾ turnitin സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കാൻ ചെയ്തു Plagiarism ഇല്ല എന്ന് ബോധ്യപ്പെട്ട ശേഷം മാത്രം റിപ്പോർട്ടുകൾ സ്വീകരിക്കുക. കുട്ടികളോട് ഇതേപ്പറ്റി പ്രൊജക്റ്റ് തുടങ്ങുമ്പോൾ തന്നെ പറയുകയും വേണം.
 

Follow Us:
Download App:
  • android
  • ios