ഇന്ന് ബ്രസീലിൽ 305 ഓളം ഗോത്രസമൂഹങ്ങളാണുള്ളത്. ബ്രസീലിലെ ഭൂവിസ്തൃതിയുടെ 13% വരുന്ന 690 പ്രദേശങ്ങൾ സർക്കാർ അവർക്കായി നീക്കിവച്ചിരിക്കുന്നു. ഈ റിസർവ് ചെയ്ത ഭൂമിയെല്ലാം (98.5%) ആമസോണിലാണ്. ഇപ്പോൾ കൊവിഡ് 19 ലോകത്തിന്റെ എല്ലാ കോണിലും സാന്നിധ്യം അറിയിച്ച് പടർന്നു കയറുമ്പോൾ ഈ ആദിവാസിവിഭാഗങ്ങളും അതിന്റെ ഭീഷണിയിൽ നിന്നും മോചിതരല്ല. ആർട്ടിസ്റ്റുകൾ, സെലിബ്രിറ്റികൾ, ശാസ്ത്രജ്ഞർ, ബുദ്ധിജീവികൾ എന്നിവരുടെ ആഗോള കൂട്ടായ്മ കോവിഡ് -19 ൽ നിന്ന് വംശീയ വിഭാഗങ്ങളെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്രസീൽ നേതാക്കളോട് ആവശ്യപ്പെട്ടു. 

മഡോണ, ഓപ്ര വിൻഫ്രെ, ബ്രാഡ് പിറ്റ്, ഡേവിഡ് ഹോക്നി, പോൾ മക്കാർട്ട്‌നി എന്നിവരുൾപ്പെടെയുള്ള വ്യക്തികൾ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് അയച്ച കത്തിലാണ് ഇത് അറിയിച്ചത്. “അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ്, യൂറോപ്യൻ കോളനിക്കാർ കൊണ്ടുവന്ന രോഗങ്ങളാൽ ഈ വംശീയ വിഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ, ഈ മഹാമാരി ബ്രസീലിലുടനീളം അതിവേഗം പടരുകയാണ്. കൊവിഡ് -19 -നെ നേരിടാൻ അവർക്ക് ശേഷിയില്ലാത്തതിനാൽ, ആ മഹാമാരി അവരെ പൂർണ്ണമായും ഇല്ലാതാക്കി എന്ന് വരാം” അവർ എഴുതി.

കൊവിഡ് -19 പടർന്ന് പിടിക്കാതിരിക്കാൻ കാടിനുള്ളിൽ അതിക്രമിച്ചു കയറുന്ന സ്വർണ്ണ ഖനിത്തൊഴിലാളികളെയും, അനധികൃത മരംവെട്ടുകാരെയും ആ പ്രദേശങ്ങളിൽനിന്നും ഉടൻ പുറത്താക്കണമെന്ന് നിവേദനസംഘത്തിലെ ബ്രസീൽ ഫോട്ടോ ജേണലിസ്റ്റ് സെബാസ്റ്റ്യാനോ സാൽഗഡോ പറഞ്ഞു. നമ്മൾ ഒരു വംശഹത്യയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മഹാമാരിയ്ക്ക് മുൻപ് തന്നെ അതിജീവനത്തിനായുള്ള പോരാട്ടത്തിലായിരുന്നു അവർ. 2019 ജനുവരി മുതൽ അധികാരത്തിലിരിക്കുന്ന തീവ്ര വലതുപക്ഷ നേതാവായ ബോൾസോനാരോ ഈ ഗോത്രവിഭാഗങ്ങളെ ഒറ്റപ്പെടുത്തുകയും, അവരെ സംരക്ഷിക്കേണ്ട സർക്കാർ ഏജൻസികളെ തകർക്കുകയും ചെയ്തുവെന്ന വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്.  

റുവാണ്ടയുടെ 1994 -ലെ വംശഹത്യയിൽ ബ്രസീലിയൻ ആമസോണിലെ 300,000 സ്വദേശികൾ ഇല്ലാതായതിനെ കുറിച്ചും സാൽഗഡോ കത്തിൽ പരാമർശം നടത്തുകയുണ്ടായി. 76 -കാരനായ സാൽഗഡോ കഴിഞ്ഞ ഏഴ് വർഷമായി തന്റെ അവസാനത്തെ പ്രധാന പദ്ധതിക്കായി ഈ പ്രദേശത്തിന്റെ ഫോട്ടോയെടുക്കുകയാണ്. “ചില ഗ്രാമങ്ങളിൽ അഞ്ചാംപനി മൂലം ജനസംഖ്യയുടെ 50% -ത്തോളം കൊല്ലപ്പെട്ടതായി എനിക്കറിയാം. കൊവിഡ് മൂലം ഒരുപക്ഷേ അങ്ങനെ സംഭവിച്ചാൽ അതൊരു കൂട്ടക്കൊലയ്ക്ക് തുല്യമാകും” യാനോമാമി വംശജരോടൊപ്പം പതിറ്റാണ്ടുകളായി പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറിയായ കാർലോ സാക്വിനി പറഞ്ഞു. ബ്രസീലിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മനൗസ് നഗരത്തിലാണ്. യാനോമാമി റിസർവിന്റെ ഒരുഭാഗം സ്ഥിതിചെയ്യുന്നത് ആ നഗരത്തിലാണ്.   

സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കണമെന്ന് സാൽഗഡോ ആവശ്യപ്പെട്ടു. “ആമസോൺ കാടുകളിൽ അനേകം ഗോത്രസമൂഹങ്ങൾ ഉണ്ട്. അവ മനുഷ്യരാശിയുടെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നു. അവർ ഇല്ലാതാകാൻ, ഞങ്ങൾ അനുവദിക്കില്ല" സാൽഗഡോ പറഞ്ഞു.