നഴ്സുമാര്‍ അന്യരാജ്യങ്ങളില്‍ ചെന്ന് അപകടത്തില്‍ ചാടുമ്പോള്‍ മാത്രം നമ്മുടെ സര്‍ക്കാരും സമൂഹവും ഉണര്‍ന്നാല്‍ മതിയോ? ഇവരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി മുന്‍കൂട്ടി ആലോചിക്കാന്‍ കേരളത്തിന് ബാധ്യത ഇല്ലേ? കുറഞ്ഞ പക്ഷം നമ്മുടെ നഴ്സുമാര്‍ എത്രപേര്‍ ഏതൊക്കെ രാജ്യത്ത് ജോലി ചെയ്യുന്നു, അവരുടെ വിലാസങ്ങള്‍ എന്താണ് തുടങ്ങിയ പ്രാഥമിക വിവരമെങ്കിലും ശേഖരിച്ചുവെയ്ക്കേണ്ടതില്ലേ? കേരള നഴ്സസ് കൌണ്‍സിലില്‍ ഈ വിവരമൊന്നുമില്ല. മറ്റെവിടെയും ഇതില്ല എന്നതാണ് സ്ഥിതി.

ദേശാതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന ഈ ആഗോളവല്‍കൃത വര്‍ത്തമാനകാലത്തെക്കുറിച്ച് പറയുന്ന ഒരു പ്രധാന കാര്യം ഉണ്ട്. സാങ്കേതികവിദ്യ, വിജ്ഞാനം, വിനോദം തുടങ്ങി ഈ കാലഘട്ടത്തിന്റെ നല്ല കാര്യങ്ങള്‍ ദേശാതിര്‍ത്തികള്‍ ലംഘിച്ച് ലോകമാകെ പടരുന്നതിനേക്കാള്‍ വേഗത്തില്‍ വളരെ മോശപ്പെട്ട കാര്യങ്ങളും ലോക ജനത ഒരു പോലെ അനുഭവിക്കുന്നു എന്നതാണ്. കാലാവസ്ഥാമാറ്റം, ആഗോളതാപനം തുടങ്ങിയ പരിസ്ഥിതിദുരന്തങ്ങള്‍, ന്യൂക്ലിയര്‍ അപായം, ഭീകരപ്രവര്‍ത്തനം, മയക്കുമരുന്ന്, ആയുധ കടത്തുകള്‍ എന്നിങ്ങനെയുള്ളവ ഉദാഹരണം. ഇതേക്കുറിച്ച് ജര്‍മ്മന്‍കാരനായ ഉള്‍റിക്ക് ബക്ക് "റിസ്ക് സൊസൈറ്റി" എന്നൊരു സാമൂഹ്യ സിദ്ധാന്തം തന്നെ മുന്നോട്ട് വെക്കുന്നുണ്ട്. ആധുനികവ്യവസായയുഗത്തിന്റെ ആദ്യഘട്ടത്തില്‍ ഏറെയും നന്മകള്‍ (ആരോഗ്യപരിപാലനം, സാങ്കേതികവിദ്യ, തൊഴില്‍, സ്വത്ത്) ആയിരുന്നു ആഗോളമായി വിതരണം ചെയ്യപ്പെട്ടതെങ്കില്‍ അതിന്റെ ഇപ്പോഴുള്ള രണ്ടാം ഘട്ടത്തില്‍ ലോകമാകെ വ്യാപിക്കുന്നത് മുമ്പ് പരാമര്‍ശിച്ച തിന്മകളാണത്രേ.

ഈ ആഗോള തിന്മകളുടെ ഇരകളാകാന്‍ ആദ്യം വിധിയുണ്ടാകുന്ന ഒരു വിഭാഗം പ്രവാസികളാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ പ്രവാസികളായ മലയാളികള്‍ക്ക് ഈ തിന്മയുടെ ആഗോളവല്ക്കരണം സവിശേഷ വെല്ലുവിളി ആണ്. നമ്മുടെ പ്രവാസികളില്‍ ഒരു വലിയ വിഭാഗമായ നഴ്സുമാര്‍ ഈ ദുരന്തത്തിന്റെ ആദ്യ ഇരകളാകുന്ന കാഴ്ചയാണ് കുറച്ചുകാലമായി നാം കാണുന്നത്. ഭീകരവാദം അരങ്ങേറുന്ന നാടുകളിലൊക്കെ അതിന്റെ ഇടയില്‍ പെട്ട് ജീവിതം താറുമാറാകുന്ന മലയാളി നഴ്സുമാരുടെ അനുഭവങ്ങള്‍ പതിവായിരിക്കുന്നു. ജൂലൈ മാസത്തില്‍ ഇറാഖിലെ തിക്രിതില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസൈന്യം 23 ദിവസം ബന്ദികളാക്കിയ 46 മലയാളി നഴ്സുമാരുടെ അവസ്ഥ എത്രയോ ദിവസം ഉത്കണ്ഠാപൂര്‍ണമായിരുന്നു. നവംബര്‍ അവസാനവാരം ലിബിയയിലെ ആഭ്യന്തരകലാപം മൂലം ബെന്‍കാസിയില്‍ ഭക്ഷണം പോലുമില്ലാതെ 25 ഓളം മലയാളി നഴ്സുമാര്‍ അനുഭവിച്ച ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ നന്നായി പരിശ്രമിച്ചതുപോലെ ലിബിയയിലും മലയാളി പെണ്‍കുട്ടികള്‍ക്ക് സഹായമെത്തിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാര്യമായി പ്രയത്നിച്ചു.

ഇവര്‍ അന്യരാജ്യങ്ങളില്‍ ചെന്ന് അപകടത്തില്‍ ചാടുമ്പോള്‍ മാത്രം നമ്മുടെ സര്‍ക്കാരും സമൂഹവും ഉണര്‍ന്നാല്‍ മതിയോ? മുന്‍ കൂട്ടി തന്നെ കഴിയുന്നിടത്തോളം ഇവരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സംവിധാനങ്ങള്‍ എന്തൊക്കെ ചെയ്യാമെന്നതിനെപ്പറ്റി ആലോചിക്കുകയെങ്കിലും ചെയ്യാന്‍ കേരളത്തിന് ബാധ്യത ഇല്ലേ?

ആഗോള രാഷ്ട്രീയ ഗതികളും നഴ്സുമാരും
ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഒറ്റയ്ക്ക് ചെന്ന് രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കുമായി സ്വന്തം ജീവിതം ഉഴിഞ്ഞുവെയ്ക്കുന്ന ഈ മലയാളി മാലാഖമാരുടെ ഇത്തരം ദുരനുഭവങ്ങള്‍ ഏറിവരാനാണ് സാധ്യത എന്ന് ആഗോള രാഷ്ട്രീയ ഗതികള്‍ സൂചിപ്പിക്കുന്നു. അതിദയനീയമായ വേതനസേവനവ്യവസ്ഥകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ ഗതികേട് സമീപകാലത്ത് സമൂഹത്തെ ഞെട്ടിപ്പിച്ചിരുന്നു. ജീവിതത്തിലും ജോലിസ്ഥലത്തും തങ്ങള്‍ നേരിടുന്ന ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടിയാണ് അവര്‍ അവസരം കിട്ടുമ്പോള്‍ വിദേശങ്ങളിലേക്ക് കുടിയേറുന്നത്. പക്ഷേ അതുകൊണ്ട് അവര്‍ ചെയ്യുന്ന ഉജ്വലമായ സേവനത്തിന് വില കുറയുകയോ വിദേശങ്ങളില്‍ അവര്‍ നേരിടുന്ന ഭീഷണികളുടെ രൂക്ഷത കുറയുകയോ ചെയ്യുന്നില്ലല്ലോ.

ഇവര്‍ അന്യരാജ്യങ്ങളില്‍ ചെന്ന് അപകടത്തില്‍ ചാടുമ്പോള്‍ മാത്രം നമ്മുടെ സര്‍ക്കാരും സമൂഹവും ഉണര്‍ന്നാല്‍ മതിയോ? മുന്‍ കൂട്ടി തന്നെ കഴിയുന്നിടത്തോളം ഇവരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സംവിധാനങ്ങള്‍ എന്തൊക്കെ ചെയ്യാമെന്നതിനെപ്പറ്റി ആലോചിക്കുകയെങ്കിലും ചെയ്യാന്‍ കേരളത്തിന് ബാധ്യത ഇല്ലേ? കുറഞ്ഞ പക്ഷം നമ്മുടെ നഴ്സുമാര്‍ എത്രപേര്‍ ഏതൊക്കെ രാജ്യത്ത് ജോലി ചെയ്യുന്നു, അവരുടെ വിലാസങ്ങള്‍ എന്താണ് തുടങ്ങിയ പ്രാഥമിക വിവരമെങ്കിലും ശേഖരിച്ചുവെയ്ക്കേണ്ടതില്ലേ? കേരള നഴ്സസ് കൌണ്സിലില്‍ ഈ വിവരമൊന്നുമില്ല. മറ്റെവിടെയുമില്ലെന്നതാണ് സ്ഥിതി.

നഴ്സുമാരുടെ മഹാഗാഥ
സത്യത്തില്‍ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിയ നഴ്സുമാരുടെ കഥയും ചരിത്രവും മലയാളി സ്ത്രീയുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഗാഥയാണ്. ഇത് ഏറെയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഇന്നും ഏത് സംസ്ഥാനത്തും ഈ മനുഷ്യത്വപൂര്‍ണമായ സേവനം ഏറ്റെടുത്തിരിക്കുന്നവരിലും ഏറെ മലയാളി സ്ത്രീകളാണ്. മാത്രമല്ല കഴിഞ്ഞ പത്ത് നാല്‍പ്പത് വര്‍ഷമായി കേരളത്തില്‍ ഒരു സാമ്പത്തികസാമൂഹ്യ വിപ്ലവത്തിന് തന്നെ അവര്‍ വഴി തെളിച്ച കാര്യം നാം ശ്രദ്ധിച്ചിട്ടേയില്ല. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ദരിദ്രകുടുംബങ്ങളില്‍ നിന്ന് അതിജീവനമന്ത്രവുമായി കടല്‍ കടന്ന് എത്തിയ മലയാളി നഴ്സുമാര്‍ അവരുടെ കുടുംബങ്ങളെ മാത്രമല്ല സ്വന്തം ഗ്രാമത്തിലെ എത്രയോ പേരെയാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗള്‍ഫിലേക്കും ഒക്കെ കൊണ്ടുപോയി അവരുടെ സാമൂഹ്യസാമ്പത്തികജീവിതം ഭദ്രമാക്കിയത്!

അമേരിക്കയിലെത്തുന്ന ആര്‍ക്കും കാണാതിരിക്കാനാവാത്ത പ്രതിഭാസമാണ് മലയാളി നഴ്സുമാര്‍. അത്യധ്വാനത്തിലൂടെ അവര്‍ അവരുടെ മക്കളെ ഉന്നതവിദ്യാഭ്യാസത്തിലേക്കും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളിലേക്കും എത്തിച്ച കാഴ്ച്ച ധാരാളം. സഹോദരീസഹോദരരായ പത്തും പതിനഞ്ചും പേരെ അമേരിക്കയിലെത്തിച്ച നഴ്സുമാരെ ഇവിടെ കാണാം. അവരുടെ ഭര്‍ത്താക്കന്മാരായി അമേരിക്കയിലെത്തി പല ജോലികളിലേര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാരും ധാരാളം. പാശ്ചാത്യരാജ്യങ്ങളിലേക്കും ഗള്‍ഫിലേക്കുമൊക്കെ കുടിയേറിയതോടെ സ്വന്തം സാമൂഹ്യസാമ്പത്തിക ദുരിതങ്ങളെ മറികടക്കുക മാത്രമല്ല കേരളത്തിലെ സ്ത്രീയുടെ ലിംഗസാമൂഹ്യപദവി സംബന്ധിച്ച പരമ്പരാഗത നിയമങ്ങള്‍ തന്നെ പുതുക്കി എഴുതിയതാണ് ഇവരുടെ ചരിത്രമെന്ന് മലയാളി നഴ്സുമാരെപ്പറ്റി വിവിധ ആഗോള സര്‍വകലാശാലകളില്‍ ഗവേഷണം ചെയ്ത എസ്തര്‍ ഗാലോ, പ്രവീണ കോടോത്ത്, ടീന കുരിയാക്കോസ് ജേക്കബ്, മേരി പെര്‍സോട്ട്, മുനീറ വെല്‍സ് തുടങ്ങിയവരുടെ പഠനങ്ങളില്‍ ചുണ്ടിക്കാട്ടുന്നു. സ്വന്തം സ്വത്വം തന്നെ ഈ നഴ്സുമാര്‍ പുതുക്കിപ്പണിതു. അതേസമയം വിദേശങ്ങളില്‍ അവര്‍ അനുഭവിക്കുന്ന പലതരം ദുരിതങ്ങളെപ്പറ്റിയും ഈ പഠനങ്ങളിലുണ്ട് . 

അവഹേളനങ്ങള്‍, നിന്ദകള്‍
ലോകത്തിന്റെ പല മൂലകളില്‍ നിന്നും കാലാകാലങ്ങളായി ഒരുപാട് പേരുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും പ്രശംസയും പിടിച്ചുപറ്റിയവരാണ് മലയാളി നഴ്സുമാര്‍. അതോടൊപ്പം ഒരുപാട് അവഹേളനത്തിനും ചൂഷണത്തിനും നിന്ദനത്തിനും ദുരിതത്തിനും പാത്രമായവരുമാണിവര്‍. ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കുമാര്‍ വിശ്വാസ് കുറച്ചുമുമ്പാണ് മലയാളി നഴ്സുമാരെ കളിയാക്കി ഒരു കവിത രചിച്ച് വിവാദം ഉണ്ടാക്കിയതെന്നോര്‍ക്കുക. കേരളത്തിനു പുറത്തുള്ള കുമാര്‍ വിശ്വാസുമാരില്‍നിന്നു മാത്രമല്ല കേരളസമൂഹത്തിനുള്ളില്‍ നിന്നും പരമപുച്ഛത്തിനും അപവാദപ്രചാരണത്തിനും അവര്‍ എത്രയോ കാലം ഇരയായിട്ടുണ്ട്. 

പുറപ്പാടിന്റെ കഥ
സ്വാതന്ത്യ്രലബ്ധിക്ക് മുമ്പ് തന്നെ മലയാളി നഴ്സുമാരുടെ വിദേശ കുടിയേറ്റം ആരംഭിച്ചിരുന്നു. ആദ്യമൊക്കെ കിഴക്കന്‍ ആഫ്രിക്കയിലേക്കും മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും ആയിരുന്നു ഇത്. 1960 കളില്‍ അമേരിക്കയും യൂറോപ്പും വന്‍ തോതില്‍ ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ സ്വീകരിക്കാന്‍ ആരംഭിച്ചു. അമേരിക്ക 1965 ലെ കുടിയേറ്റ നിയമം കാര്യമായി ഉദാരമാക്കിയതോടെയാണ് ഒഴുക്കിന്റെ തുടക്കം. പാശ്ചാത്യരാജ്യങ്ങളില്‍ സാമ്പത്തിക അഭിവൃദ്ധിയോടെ പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുകയും നഴ്സിംഗ് ജോലികള്‍ക്ക് ആളെ കിട്ടാതിരിക്കുകയും ഒക്കെ ചെയ്തതോടെയാണ് ഇത് . ആദ്യമൊക്കെ മുംബൈയില്‍ നിന്നായിരുന്നു മലയാളി നഴ്സുമാരുടെ യാത്ര. എഴുപതുകളില്‍ ആണ് ഗള്‍ഫിലേക്ക് വന്‍ കുടിയേറ്റം ആരംഭിച്ചത് . ഇന്ന് ഒരു ലക്ഷത്തോളം മലയാളി നഴ്സുമാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. സ്വന്തം ദാരിദ്യ്രത്തില്‍ നിന്നും രക്ഷ നേടാന്‍ കടല്‍ കടന്ന ഈ മലയാളിസ്ത്രീകളെ സ്ത്രീകളുടെ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചമാക്കിയ കേരള മോഡല്‍ വികസനം ആണ് കെല്‍പ്പുള്ളതാക്കിയത്. പക്ഷേ മലയാളി സ്ത്രീകളിലെ ഈ സാഹസികരായ ആദ്യപഥികരുടെ സമഗ്ര ചരിത്രം ഇനിയും ഉണ്ടായിട്ടില്ല. അറുപതുകളില്‍ ജര്‍മ്മനിയിലെക്ക് കുടിയേറിയ മലയാളി നഴ്സുമാരുടെ ആദ്യ തലമുറയെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ തയ്യാറാക്കിയ ഹൃദയസ്പര്‍ശിയായ ഡോക്യുമെന്ററിയാണ് ഈ  വിഷയത്തില്‍ അപൂര്‍വഗുണമുള്ള ഒരു രേഖ. ജര്‍മ്മനിയിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ  തിരക്കഥ രചിച്ചത് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയാണ്. 

രണ്ടായിരത്തിനു ശേഷം ആണ് അമേരിക്കയിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടം. ഫിലിപ്പൈന്‍സില്‍ നിന്നുള്ളവരാണ് അമേരിക്കയിലെ വിദേശി നഴ്സുമാരില്‍ ഭൂരിപക്ഷം. മൂന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇരുപതിനായിരത്തോളം വരും ഇവരുടെ എണ്ണം. ഇതില്‍ മഹാഭൂരിപക്ഷവും മലയാളികള്‍. പാശ്ചാത്യ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ യുറോപ്പ്, ബ്രിട്ടന്‍, അയര്‍ലന്റ് എന്നീയിടങ്ങളിലാണ് വലിയ സാന്നിദ്ധ്യം. ജര്‍മ്മനി, ഇറ്റലി, സ്വിറ്റ്സര്‍ ലാന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ആസ്ത്രിയ എന്നിവിടങ്ങളിലൊക്കെ ഇന്ന് അവരുണ്ട്. അറുപതുകള്‍ മുതല്‍ കത്തോലിക്കാ സഭയുടെ സജീവമായ നേതൃത്വത്തില്‍ ഇറ്റലിയിലേക്ക് കുടിയേറിയ നഴ്സുമാര്‍ ധാരാളം. നഴ്സ് ജോലി കേരളത്തില്‍ സാമൂഹ്യമായി അവമതിക്കപ്പെട്ടിരുന്ന കാലത്ത് ഇറ്റലിയിലെയും കേരളത്തിലെയും കത്തോലിക്കാ സഭകളുടെ നേതൃത്വത്തില്‍ ആണ് ഇതിനു മാറ്റം വരുത്തിയത്. ഈ തൊഴിലിന് അന്തസ്സും സാമൂഹ്യാംഗീകാരവും നേടിക്കൊടുത്ത് ഒട്ടേറെ പെണ്‍കുട്ടികളെ ഈ രംഗത്ത് ഇറക്കിയതില്‍ സഭയുടെ നേതൃത്വം ചെയ്ത സേവനം നിസ്സാരമല്ലെന്ന് എസ്തര്‍ ഗാലോ പറയുന്നു.

നഴ്സുമാരെ വിവാഹം ചെയ്ത് വിദേശങ്ങളിലേക്ക് അവര്‍ക്കൊപ്പം പോകുന്ന മലയാളി ഭര്‍ത്താക്കന്മാര്‍ മലയാളി സമൂഹത്തില്‍ നിന്നും നേരിടുന്ന അവമതിപ്പിനെക്കുറിച്ചും സാഹിത്യത്തിലും സിനിമയിലുമൊക്കെ അവരെക്കുറിച്ചുള്ള പരിഹാസത്തെ പറ്റിയും അയര്‍ ലാന്‍ഡിലെ മലയാളി നഴ്സുമാരെപ്പറ്റി പഠിച്ച മേരി പെര്‍സോട്ട് എഴുതിയിട്ടുണ്ട്. ഈ പുരുഷന്മാര്‍ ("ഹൌെസ് ഹസ്ബന്റ്സ്" എന്ന പരിഹസിക്കപ്പെടുന്നവര്‍) ഏതൊരു പുരുഷനും സാധാരണമായ മറ്റെന്തൊക്കെ കുറവുണ്ടെങ്കിലും പരമ്പരാഗത മലയാളി പുരുഷന്റെ "കപട പുരുഷത്വ" ധാരണകളില്‍ നിന്ന് മോചനം നേടിയവരാണെന്ന് ഈയിടെ ഒരു അമേരിക്കന്‍ യാത്രയില്‍ ഇവരുടെ ജീവിതം അടുത്തറിഞ്ഞപ്പോള്‍ ഈ ലേഖകന് മനസ്സിലായി. അമേരിക്കയിലെ നിറഞ്ഞ സാന്നിധ്യമായിട്ടും മലയാളി നഴ്സുമാരുടെ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല. ആദ്യം ഇവിടെ എത്തിയ തലമുറ ജീവിത സായാഹ്നത്തില്‍ എത്തിയിരിക്കുന്നു.

സത്യത്തില്‍ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിയ നഴ്സുമാരുടെ കഥയും ചരിത്രവും മലയാളി സ്ത്രീയുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഗാഥയാണ്. ഇത് ഏറെയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഇന്നും ഏത് സംസ്ഥാനത്തും ഈ മനുഷ്യത്വപൂര്‍ണമായ സേവനം ഏറ്റെടുത്തിരിക്കുന്നവരിലും ഏറെ മലയാളി സ്ത്രീകളാണ്.

മുഖ്യമന്ത്രി ശ്രദ്ധിക്കുമോ ഇക്കാര്യം? 
അമേരിക്ക അടക്കം ഉള്ള പാശ്ചാത്യരാജ്യങ്ങളില്‍ ഇനിയും വന്‍ തോതില്‍ നഴ്സുമാരുടെ ഒഴിവുകള്‍ വരികയാണ്. 2020 ഓടെ അമേരിക്കയില്‍ 10 ലക്ഷം നഴ്സുമാരുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. ഇന്ത്യയിലെയും കേരളത്തിലെയും നഴ്സിങ് പഠനാവസരങ്ങളില്‍ സമീപ കാലത്ത് വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ ഈ സ്ഥാപനങ്ങള്‍ക്ക് നിലവാരം പോരെന്നാണ് വിദഗ്ദ്ധമതം. ഇത് മനസ്സിലാക്കി നിലവാരമുള്ള നഴ്സിങ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരുകളും സഭകളുടെ അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളും മുന്നോട്ട് വരേണ്ടതാണ്.

അതോടൊപ്പം എല്ലാ നഴ്സുമാരും വിദേശത്തേക്ക് കുടിയേറുന്നതിനാല്‍ ഇന്ത്യയിലും കേരളത്തില്‍ പോലും ആവശ്യത്തിന് നഴ്സുമാരെ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. പതിനായിരം ജനങ്ങള്‍ക്ക് 2.4 നഴ്സ് എന്ന ദയനീയാവസ്ഥയാണ് ഇന്ത്യയില്‍. (കേരളത്തില്‍ അത് പതിനായിരത്തിന് 16 ആണ്.) അമേരിക്കയിലാകട്ടെ ലോകത്തെ രോഗികളുടെ 10 ശതമാനമേ ഉള്ളൂ എങ്കിലും ആരോഗ്യരക്ഷയ്ക്കുള്ള ആഗോളച്ചെലവിന്റെ 50 ശതമാനവും ആരോഗ്യപ്രവര്‍ത്തകരുടെ 37 ശതമാനവും അവിടെയാണെന്ന് പ്രവീണ കോടോത്ത് ചുണ്ടിക്കാട്ടുന്നു. എന്തായാലും ഇപ്പോള്‍ അടിയന്തിരാവശ്യം ലോകമാകെയുള്ള മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സമഗ്രമായ ഒരു പഠനവും ഡാറ്റാ ബേസും സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി കാര്യമായ സേവനം നല്‍കിയ മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കുമോ?

സിദിന്‍ വടുകുട്ട്‌
 

പ്രമുഖ മലയാളി ഇന്തോ ആംഗ്ലിയന്‍ സാഹിത്യകാരനായ സിദിന്‍ വടുകുട്ടിന്റെ ഇംഗ്ലിഷ് ഗദ്യകവിത മലയാളി നഴ്സുമാരുടെ ആഗോള ജീവിതമാണ് പകര്‍ത്തുന്നത്.

ആ കവിതയുടെ വിവര്‍ത്തനം ഇതാ: 

പ്രിന്‍സീ, എവിടെ ഡ്രിപ്പ് ?

ആ കതീറ്റര്‍ മാറ്റിയേക്ക്, സൈനബാ..

ഏഴാം വാര്‍ഡിലെ ബഹളം കേള്‍ക്കുന്നില്ലേ, അനിതമോളേ?

ആ വി ഐ പി രോഗിയുടെ രോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിലാണ് പാര്‍വതിക്കുട്ടി.


മലയാളി നഴ്സ്, നീ ചെയ്യാത്തതൊന്നുമില്ല.
അന്യനാടുകളില്‍ ചെന്ന് നീ ജീവന്‍ എത്രയോ രക്ഷിക്കുന്നു 
അറിയാ ഭാഷകളില്‍ നീ എടുക്കുന്ന പ്രസവങ്ങള്‍ എത്രയെത്ര. 
അവസാന ശ്വാസം വരെ അലവലാതി ആയവരുടെ ശവങ്ങള്‍ നിന്റെ കൈകളില്‍ ശുദ്ധമാകുന്നു 
എതിര്‍പ്പ് കൂടാതെ നീ ജോലി തുടരുന്നു

ഞാന്‍ നിന്നെ ദില്ലിയില്‍ കണ്ടിട്ടുണ്ട് ഉറപ്പായും. 
മാത്രമോ, ജനീവയിലും, ഫ്രാന്‍സിലും ഒരിക്കല്‍ ഒരു കപ്പലിലും ഞാന്‍ നിന്നെ കണ്ടു 
ഇന്ത്യന്‍ ആഗോള മൃദുശക്തിയുടെ സത്യപ്രതീകമായ ധവളപാദുകധാരിണി. 
എന്തിന് നാം ബോളിവുഡിനെയും തരൂരിനെയും തലയിലേറ്റുന്നു !

പക്ഷേ നീ എന്തിനാണീ മഹാ ദുരിതങ്ങളും തീരാ നോവുകളും എറ്റു വാങ്ങുന്നത് ?
ഏതോക്കെ മറ്റു വഴികള്‍ നിനക്കാകാമായിരുന്നു, അധ്യാപിക, ഐ എ എസ്, ഒളിമ്പിക് താരം ?
എന്തിനാണ് ആരുടെയൊക്കെയോ ചോരയൊപ്പാനും മുടി വടിക്കാനും 
ദിനരാത്രങ്ങള്‍ നീ മിനക്കെടുന്നത് ?
പകരം സുഖമായി ഒരു കാത്തലിക് സിറിയന്‍ ബാങ്കില്‍ ഇരുന്ന് മുഷിഞ്ഞ 
നോട്ടെണ്ണാമായിരുന്നില്ലേ?

പ്രിന്‍സിയുടെ ജന്മദേശം അവളുടെ അവസരങ്ങള്‍ക്ക് പരിധി തീര്‍ത്തു 
എഞ്ചിനീയറിങ്ങ് പഠിക്കാനുള്ള ഗണിതം അവള്‍ക്ക് അന്യം 
മെഡിസിന് അയയ്ക്കാനുള്ള പണം അവളുടെ അപ്പന് അന്യം 
പട്ടണത്തില്‍ ഉണ്ടായിരുന്നത് ഒരു നഴ്സിംഗ് കോളേജ് 
അങ്ങനെ ഒരു കൈ നോക്കാനവള്‍ക്കും തോന്നി. 
(ഇന്ന് ആരുടെയും മേല്‍നോട്ടമില്ലാതെ തന്നെ അവള്‍ ഡെന്റല്‍ എക്സ് റേ യന്ത്രം പ്രവര്‍ത്തിപ്പിക്കും)

കുവൈറ്റുകാരനെ കെട്ടിയവള്‍ സൈനബ 
ഓട്ടോ എഞ്ചിനീയര്‍ ആയിരുന്നത്രെ ആള്‍ 
അതായത് ഓട്ടോ എഞ്ചിനുകളുടെ അടുത്ത് നിന്ന ആള്‍ 
അതായത് കാറിനുള്ളില്‍ എഞ്ചിന് അടുത്ത് നിന്ന് കഴുകിയ ആള്‍ 
സൈനബ അദ്ധ്വാനിച്ചത് ദിനം പ്രതി രണ്ടും മൂന്നും ഷിഫ്റ്റ്

അനിതമോളുടെ ലക്ഷ്യം ശുദ്ധം, ലളിതം: സമ്പാദിക്കുക തന്നെ 
പട്ടിണിയില്‍ നിന്ന് കുടുതല്‍ പട്ടിണിയിലേക്ക് പോകാന്‍ 
അസാമാന്യപ്രതിഭയുള്ള കുടുംബത്തിലായിരുന്നു അവളുടെ പിറവി 
അത് അവളെ അത്യദ്ധ്വാനിയാക്കിത്തീര്‍ത്തു 
ഇന്ന് വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ ലോയല്‍റ്റി കാര്‍ഡുള്ളവള്‍

പാര്‍വതിക്കുട്ടിയ്ക്ക് ഇഷ്ടം എല്ലാവരെയും സഹായിക്കുക 
(പക്ഷേ അവള്‍ സ്വയം മിത്ഥ്യാലോകത്തിലേക്ക് ഇറങ്ങിയോ!
പാര്‍വതിക്കുട്ടിക്ക് ആദ്യം പണി കിട്ടിയത് ഒരു സോപ്പ് കമ്പനിയില്‍ 
പക്ഷേ ബഹുരാഷ്ട്ര ബൂര്‍ഷ്വാസാമ്രാജ്യത്വം സൃഷ്ടിച്ച തൊഴില്‍ സമരം
ആ ഫാക്ടറി പൂട്ടിച്ചു: ഇന്നത് പിസാ ഹട്ട് അടക്കമുള്ള സിനിമാകൊട്ടക)

എങ്കിലും കുറച്ച് വിദേശപണം കിട്ടാന്‍ മാത്രം വിദൂര ദേശങ്ങളില്‍
എല്ല് മുറിയെ പണി ചെയ്യാന്‍ പെണ്‍കുട്ടികളെ അയക്കുന്നത് അന്തസ്സോ? 
ഖത്തറിലെ പണിതീരുന്ന മുഖപ്പുകളില്‍ നിന്ന് ഇറങ്ങിവരുന്ന
ആണ്‍കുട്ടികള്‍ക്ക് ആറാടാന്‍ ഉണ്ടല്ലോ പുരുഷാഭിമാനമെങ്കിലും...

എന്തായാലും ഭാഗ്യം, മൂത്രപ്പാത്രങ്ങള്‍ മാറ്റാന്‍ അവരുടെ മക്കള്‍ക്ക് പോകേണ്ടിവരില്ല 
ജനീവാ മേരിക്ക് ആണ്‍ മക്കള്‍ രണ്ട് 
ഇരുവരും സ്വകാര്യ മേഖലയിലെ ഉന്നത ജോലികളില്‍ 
നന്ദിനിയുടെ (അജ്മാന്‍) ഏക മകള്‍ അതേ ആസ്പത്രിയില്‍ റേഡിയോളജിസ്റ് 
സമ്പാദ്യമെല്ലാം കൂട്ടിവെച്ച തോപ്പില്‍ ഫാത്തിമയ്ക്ക് ഇന്ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് സ്വന്തം 
ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് !

പക്ഷേ വാര്‍ത്തകളെല്ലാം സദ് വാര്‍ത്തയല്ല
ഇത് പരുപരുത്ത യഥാര്‍ഥലോകം. 
നഴ്സുകള്‍ക്ക് ഏറെയും ജീവിതം ദുരിതമയം 
പലര്‍ക്കും മുന്നില്‍ നിശബ്ദമരണം മാത്രം 
ചിലര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നു
ചിലരൊക്കെ തിരിച്ച് എത്തുന്നു 
ചിലര്‍ തിരസ്കരിക്കപ്പെടുന്നു 
ചിലര്‍ വിണ്ടും കയറ്റുമതി ചെയ്യപ്പെടുന്നു 
പക്ഷേ ഒട്ടേറെപ്പേര്‍ സാധാരണ ജീവിതം നയിക്കുന്നെന്നും 
കിംവദന്തി, ശരിയോ തെറ്റോ !

എങ്കിലും മലയാളി നഴ്സുമാരെല്ലാം നല്ലവരെന്നല്ല
ചിലര്‍ എപ്പോഴും കാരുണ്യവതികളല്ല 
ചിലര്‍ എപ്പോഴും സന്തോഷവതികളുമല്ല 
ചിലരാകട്ടെ കഴിവുള്ളവര്‍ പോലുമല്ല
പക്ഷേ എല്ലാവരും ഉപജീവനത്തിനായി എന്തെങ്കിലും ഒക്കെ ചെയ്യുന്നു 
സോഫറ്റ് വെയര്‍ എഞ്ചിനീയര്‍മാരെയും സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റുമാരെയും ഒക്കെപ്പോലെ

അതിസുന്ദരപുരുഷനായ ഒരു 'കവിയുടെ' വാക്യം 
മലയാളി നഴ്മാരൊക്കെ കറുത്ത, ഉയരമില്ലാത്ത വിരൂപകള്‍ എന്നത്രേ
മറ്റുള്ളവരെല്ലാം ഉയരമുള്ളവര്‍; ഭയങ്കരികള്‍; വിചിത്ര ഭാഷയില്‍ സംസാരിക്കുന്നവര്‍
"കാഹ്ന്‍ യ്യൂ ഫീല്‍ യെനി പയിന്‍ വെന്‍ അയ്യം ടച്ചിംഗ് ഹിയ്യര്‍ ?

റോസ് മേരി സിസ്റര്‍, ഈ അസംബന്ധമെല്ലാം മറന്ന് ഓടി വരൂ..
എന്റെ അമ്മയുടെ മൂത്രത്തില്‍ ചോര കിനിയുന്നു...