Asianet News MalayalamAsianet News Malayalam

ഞാന്‍ എന്ന ബഹുവചനം

Poem by S Kalesh
Author
Thiruvananthapuram, First Published Aug 10, 2016, 11:15 AM IST

Poem by S Kalesh

ഞാന്‍ എന്ന ബഹുവചനം

 

 Expand art? - No.
 Rather, go with art into that corner that is most properly your own. And free yourself

 (Paul Celan, The Meridian)

എട്ടുനിലകളുടെ വരവും രാത്രിസമരവും

 ആദ്യം വന്നത്‌ ആരാണ്‌ എന്താണ്‌ എന്നതിനെ സംബന്ധിച്ചതാണ്‌, പലപ്പോഴും, പ്രധാനപ്പെട്ട തര്‍ക്കം. അതിനാല്‍ തന്നെ എവിടെ അവസാനിക്കും എന്നതിനെക്കാള്‍ പഴക്കമേറിയ തര്‍ക്ക വിഷയമാണ്‌ എവിടെത്തുടങ്ങും എന്നത്‌. തുടങ്ങുന്നിടത്തു നിന്നും തുടങ്ങാതിരിക്കാന്‍ പലരേയും നിര്‍ബന്ധിക്കുന്ന ഘടകം, തുടക്കം എന്ന ഘട്ടം കരുതുന്നതുപോലെ അത്രയെളുപ്പമല്ല എന്നതാണ്‌. എവിടെത്തുടങ്ങിയാലും അത്‌ തുടക്കമാവില്ല. തുടങ്ങുന്ന ഇടത്തു നിന്നും, അതിലൂടെ പിന്നിലേക്ക്‌ പോകുന്ന പലതും ഇതാ ഇവിടെത്തുടങ്ങുന്നു എന്ന വാദത്തെ നിന്നനില്‍പ്പില്‍ റദ്ദാക്കും. ഉദാഹരണത്തിന്‌ രാത്രിസമരം എന്ന കലേഷിന്റെ കവിത തുടങ്ങുന്നത്‌, എട്ടു നിലകളുടെ വരവോടെയാണ്‌. കവിതയില്‍ മറ്റെല്ലാം വരുന്നത്‌ എട്ടു നിലകളുടെ വരവിന്‌ ശേഷമാണ്‌. എട്ടു നിലകള്‍ക്കു ശേഷം നഗരത്തിലേക്കോ കവിതയിലേക്കോ വന്ന ഒരാള്‍ക്ക്‌ എട്ടു നിലയാണ്‌ ആദ്യം വന്നത്‌ എന്നു തോന്നാം. അതിനും മുമ്പ്‌ ചിത്രങ്ങളുടേയും ഒച്ചയുടേയും ഈ മഹാസാഗരം എന്തായിരുന്നു എന്ന ചോദ്യം പക്ഷേ ആദ്യം വരുന്നതിനോടൊപ്പം തന്നെ വരും.

രാത്രി സമരം എന്ന കവിതയില്‍ പിന്നീട്‌ (എട്ടു നിലകള്‍ക്ക്‌ ശേഷം) വരുന്നത്‌ ഒരാള്‍ ആണ്‌. പിന്നീടൊരാള്‍, ഞാന്‍ ആയി മാറുന്നു. അതിനിടയില്‍ പലരും കവിതയില്‍ വരുന്നുണ്ട്‌. പക്ഷേ, അവരീ മേഖലയില്‍ ആദ്യമല്ല എന്ന്‌ തുടക്കത്തില്‍ തന്നെ വ്യക്തം. അയാളും, ഞാനും ഒരുമിച്ചല്ല വരുന്നത്‌. ഒരാള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. അയാള്‍ ഒഴിഞ്ഞുപോയ ഇടത്താണ്‌ ആദ്യം എട്ടു നിലയും പിന്നീട്‌ ഞാനും വന്നത്‌. ഈ പ്രവൃത്തികളില്‍ ആര്‍ക്കൊക്കെയാണ്‌ കര്‍തൃ പദവി ഉള്ളത്‌? എല്ലാവരേയും ഒരേപോലെ പശുവിനെത്തല്ലുന്ന രാമനായി പ്രതിഷ്‌ഠിക്കുന്ന വ്യാകരണ വ്യവഹാരത്തില്‍ നിന്നും നമുക്ക്‌ സിദ്ധിച്ച കര്‍തൃത്വ ബോധത്തില്‍ എല്ലാവരും പൊതുവില്‍ കര്‍തൃ പദവി ഉള്ളവരാണ്‌. ജീവിതത്തിലോ കവിതയിലോ പക്ഷേ വ്യാകരണത്തിലേതു പോലെയല്ല കാര്യങ്ങള്‍.

Poem by S Kalesh
ശബ്‍ദമഹാസമുദ്രം ലതീഷ് മോഹൻ എസ് ജോസഫിന് നൽകി പ്രകാശനം ചെയ്യുന്നു

 

കലേഷിന്റെ കവിത വായിക്കാന്‍ ക്ലിക്ക് ചെയ്യുക

 

ആദ്യമായി കവിതയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം പതിനെട്ട്‌ വരികളില്‍ ഒരാള്‍ മാത്രമാണുള്ളത്‌. സ്വന്തമായി മുഖം ഉണ്ടാകാതെ പോയതിനാല്‍ കാടടച്ചുവെയ്‌ക്കപ്പെട്ട ഒരു വെടി, ഒരാള്‍ എന്നു പറയാന്‍ കഴിയുമോ? എട്ടു നിലയ്‌ക്കടുത്തുള്ള ലോഡ്‌ജില്‍ മുറിയെടുത്ത്‌, കാര്യകാരണ സഹിതം, നെഞ്ചുംവിരിച്ച്‌, മുദ്രാവാക്യങ്ങളോടെ (വെല്ലുവിളികളോടെ) നോക്കുമ്പോള്‍ ഒരാള്‍ മാറുന്നു, ഞാന്‍ വരുന്നു എന്നു പറഞ്ഞാല്‍ കഴിയുമോ? കര്‍തൃപദവിയിലെ ഒരാള്‍, ഞാന്‍ എന്നു ചുരുക്കിയെഴുതി പഴഞ്ചൊല്ലാക്കിയാല്‍ അതാകുമോ സത്യം? ഒരാളെ കര്‍ത്താവാക്കി മാറ്റുന്നത്‌ എന്ത്‌ അത്ഭുത വിദ്യയാണ്‌? പശുവിനെ തല്ലുക എന്ന ക്രിയയില്‍ നിന്നും പൊതുവില്‍ രാമനെ സൃഷ്‌ടിക്കാം എന്ന ബോധം മിഥ്യയാണെന്ന്‌ സമ്മതിച്ച്‌ അതുവഴി പോയാല്‍ തന്നെ ആദ്യത്തെ വിശ്വാസത്തിനു ശേഷം വന്ന തുടര്‍ വിശ്വാസങ്ങളില്‍ പലതും കുറേക്കഴിയുമ്പോള്‍ ബാധ്യതയാകും. ഉദാഹരണത്തിന്‌, സാമാന്യ ജീവിതത്തില്‍ ആദ്യം വന്നത്‌ കര്‍ത്താവാണോ അതോ ഈ കാണുന്നവയില്‍ നിന്നുമാണോ കര്‍ത്താവ്‌ വന്നത്‌ എന്നത്‌ വളരെപ്പഴക്കമേറിയ ഒരു താത്ത്വിക പ്രതിസന്ധിയാണ്‌. എല്ലാവരും കര്‍ത്താവല്ല എന്നു സമ്മതിച്ചു കഴിഞ്ഞതിനു ശേഷവും ചിലരെങ്കിലും ആ പദവിയിലുണ്ടെല്ലോ അതിനാല്‍ തന്നെ അതില്‍ നിന്നുള്ള സ്വാഭാവിക വളര്‍ച്ച പരിഗണിക്കാതിരിക്കാന്‍ കഴിയുമോ എന്ന ചോദ്യം വരും. കര്‍തൃത്ത്വത്തില്‍ നിന്നു തുടങ്ങിയാല്‍ ഏറിയോ കുറഞ്ഞോ രീതീബദ്ധ വ്യക്തിവാദത്തില്‍ ഒരാള്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്‌. നേരേ തിരിച്ച്‌ രംഗത്തില്‍ നിന്നും തുടങ്ങിയാല്‍ രീതിബദ്ധ പ്രസ്ഥാനവാദത്തില്‍ ഒരാള്‍ പോയി വീഴാനുള്ള സാധ്യത കൂടുതലാണ്‌. ഇതിനു നടുക്ക്‌ ഒരിടത്ത്‌ തുടക്കം സാധ്യമാണോ? ഏതെങ്കിലും തരത്തില്‍ നടുക്കുള്ള ബിന്ദു കണ്ടെത്തി അവിടെ നിന്നും തുടങ്ങിയാല്‍ കാലപ്പഴക്കം കൊണ്ട്‌ ക്ലാവുപിടിച്ച, തുടക്കത്തെക്കുറിച്ചുള്ള, ഈ തര്‍ക്കം പരിഹരിക്കാന്‍ കഴിയില്ലേ?

 ഇല്ല എന്നു പറയേണ്ടി വരും. ഒന്നിനും പൂജ്യത്തിനും ഇടയില്‍ നമ്മള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന നടുവിടം ഉണ്ടായിക്കൊള്ളണമെന്നില്ല എന്നതിനാലാണിത്‌. അമ്പത്‌ അമ്പത്‌ എന്ന രീതിയില്‍ വീതംവച്ച്‌ പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ലിത്‌. നടുവിടം എന്ന നിലയില്‍ നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ബിന്ദു പലപ്പോഴും മൂന്നാമതൊരു സങ്കല്‍പ്പം ആയിരിക്കാന്‍ ഇടയുണ്ട്‌. കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ആ ദൗത്യം നിര്‍വഹിക്കുന്നതിനായി ഉണ്ടാക്കിയെടുത്ത ഉപകരണങ്ങള്‍ സ്വന്തം നിലയ്‌ക്ക്‌ (സത്യ)സങ്കല്‍പ്പമായി മാറിയേക്കാം. മധ്യ ബിന്ദു എന്ന ആശയം അതിനുള്ളില്‍ തന്നെ പ്രവര്‍ത്തന ശേഷിയുള്ള ഒരു മൂന്നാം ആശയം ആയതിനാല്‍ പപ്പാതി വീതം വച്ചോ, പ്രബന്ധ സംയുക്തങ്ങള്‍ സൃഷ്‌ടിച്ചോ തുടക്കത്തെക്കുറിച്ചുള്ള ഈ പുണ്യപുരാതന ചോദ്യത്തെ ഉത്തരത്തിലുറപ്പിക്കാന്‍ കഴിയില്ല.

Poem by S Kalesh എസ് കലേഷ്

 പുതിയതിന്‌ എന്നാണ്‌ പഴക്കം വരിക?

കവിതയിലെ ഞാന്‍ കുഴപ്പമേറിയ, തൊട്ടാല്‍ വഴുതുന്ന, ഇരുതല മൂര്‍ച്ചയുള്ള, പാമ്പാട്ടിയെ കടിക്കുന്ന പാമ്പായി മാറുന്ന വേളയിലാണ്‌ നമ്മളിപ്പോള്‍. കാണുമ്പോള്‍ സാധു. പാവം. സൂക്ഷിച്ചു നോക്കിയാല്‍ പക്ഷേ കിടുങ്ങിപ്പോകും. സൂക്ഷിച്ചു നോക്കുംതോറും നെഞ്ചുംവിരിച്ച്‌ മുകളിലേക്ക്‌ മുകളിലേക്കുയുരുന്ന വാമനരൂപിയാണ്‌ കവിതയിലെ ഞാന്‍. നിരാധാര കാലത്തിന്റെ പാട്ടുകാരിയായി (മാത്രം) കവിയെ ചുരുക്കിയ തത്ത്വശാസ്‌ത്രജ്ഞര്‍ കണ്ണടച്ചവഗണിച്ച ഈ അടിത്തട്ടില്ലാത്ത പാതാളത്തിലാണ്‌ കലേഷിന്റെ കവിതകള്‍ മേയുന്നത്‌. സമകാലീന മലയാള കവിതയില്‍ കലേഷിനെ അവഗണിക്കാന്‍ കഴിയാത്ത സാന്നിധ്യമാക്കി വളര്‍ത്തിയത്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി കവിതയിലൂടെ തുടരുന്ന കര്‍തൃത്വാന്വേഷണത്തില്‍ നിന്നും ഈ കവിതകള്‍ ഒഴിഞ്ഞു നില്‍ക്കുന്നില്ല എന്നതാണ്‌. ഒരേസമയം ഏറ്റവും പുതിയതും അതേസമയം ഏറ്റവും പഴയതുമായി കവിതയെ നിലനിര്‍ത്തുന്ന വിദ്യ ഈ കവിതകളിലുണ്ട്‌. ഏറ്റവും പുതിയതിനെക്കുറിച്ചോ ഏറ്റവും പഴയതിനെക്കുറിച്ചോ മാത്രം ഉത്‌കണ്‌ഠപ്പെട്ടവര്‍ പോയി വീണ പടുകുഴിയെ വലിയ വ്യത്യാസത്തില്‍ എസ്‌ കലേഷ്‌ ഒഴിഞ്ഞു പോകുന്നു.

Poem by S Kalesh ശബ്‍ദമഹാസമുദ്രത്തിലെ പ്ലാവിന്റെ കഥ എന്ന കവിതയ്‍ക്ക് ലീനാരാജ് ആര്‍ വരച്ച ചിത്രം

 

പുതിയതിന്‌ എന്നാണ്‌ പഴക്കം വരിക? അതോ ഒരിക്കലും പഴക്കം വരാത്ത ഒന്നായാണോ പുതുത്‌ എന്ന ആശയം മനസ്സിലാക്കപ്പെടുന്നത്‌. ആരെങ്കിലും താമസിച്ചിരുന്ന മുറികളിലേക്ക്‌ പിന്നീടുള്ളവര്‍ വന്നു ചേരുകയാണോ അതോ എല്ലാവരും ഈ ഇല്ലായ്‌മയില്‍ ചെറിയ ചെറിയ മുറികള്‍ കെട്ടിപ്പടുക്കുകയാണോ? ഒഴിഞ്ഞതിന്റേയും ഒഴിപ്പിച്ചതിന്റേയും ഓര്‍മ്മകളിലാണ്‌ കവിതയിലെ ഒരാള്‍ താമസിക്കുന്നത്‌. ആശയംവെച്ചു കളിക്കുന്ന നിര്‍മ്മമത അല്ല അയാളുടെ ആകാരം. കയ്യില്‍ കൊടുവാളും വായില്‍ പൂരപ്പാട്ടുമുള്ള മുറിവേറ്റ മൃഗം കവിതയില്‍ എല്ലായ്‌പ്പോഴും. മുറിവുകള്‍ കൊണ്ടു കെട്ടിയ പന്തലില്‍ അയാള്‍ വാടകയ്‌ക്കു താമസിക്കുന്നു. ഇറങ്ങാന്‍ പറയുമ്പോള്‍ മുറിവേറ്റുണരുന്നു.


കവിതകളിലെ ഞാന്‍

 ഞാന്‍ താമസിക്കുന്ന ഈ മുറി തന്നെ
 വൈകാതെ ഒഴിഞ്ഞു കൊടുക്കണം

 എന്നു പറഞ്ഞു കൊണ്ടാണ്‌ അതേ കവിതയില്‍ 'ഞാന്‍' ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌. അതിനു മുമ്പുള്ള പതിനേഴ്‌ വരികളില്‍ ഒരാള്‍ സമൃദ്ധമായി ഉണ്ട്‌. ഒഴിഞ്ഞു കൊടുക്കണം എന്നോര്‍ക്കുമ്പോഴാണ്‌ ഞാന്‍ വരുന്നത്‌. വളരെ വിചിത്രമായ രീതിയില്‍ ഒരു കഥാപാത്രം പ്രവേശിക്കുന്നു എന്ന്‌ കവിത കണ്ടു പോകുന്ന ഒരാള്‍ക്ക്‌ തോന്നാം. ലോഡ്‌ജില്‍ മുറിയെടുത്ത്‌, കാര്യകാരണ സഹിതം മുദ്രാവാക്യങ്ങളോടെ (വെല്ലുവിളികളോടെ) എട്ടു നിലയെ നോക്കുമ്പോഴല്ലേ യഥാര്‍ത്ഥത്തില്‍ ഞാന്‍ വരേണ്ടത്‌? സ്വന്തം കണ്ണിലൂടെ ചെയ്യുമ്പോഴല്ലേ കര്‍തൃപദവിയില്‍ ഒരാള്‍ വരുന്നത്‌? അല്ല എന്നാണ്‌ കലേഷിന്റെ കവിതയില്‍ നിന്നും കിട്ടുന്ന ഉത്തരം. വന്നു കയറുമ്പോഴല്ല, ഇറങ്ങിപ്പോകുമ്പോഴുമല്ല, ഇറങ്ങിക്കൊടുക്കുക എന്ന ആശയം ഓര്‍മ്മയില്‍ വരുമ്പോഴാണ്‌ ഇവിടെ അത്‌ സംഭവിക്കുന്നത്‌. പെട്ടന്നു തന്നെ ഞാന്‍ പണത്തെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങുന്നു. പരനു വേണ്ടിയും അപരനു വേണ്ടിയും പലതും ചെയ്യാനുള്ള ആഗ്രഹം, ഞാന്‍. പണം ഉണ്ടായിരുന്നെങ്കില്‍ എന്ന വാക്യത്തിന്റെ അകമ്പടിയില്ലാതെ പക്ഷേ അയാള്‍ക്ക്‌ ദിവാസ്വപ്‌നത്തില്‍ പോലും മുഴുകാനാവുന്നില്ല.

 പക്ഷേ,
 ഒഴിഞ്ഞ ഒരു പോക്കറ്റാണ്‌ ഞാന്‍

 എന്നാണ്‌ കുറേക്കൂടി കടന്നു പോകുന്ന ആഗ്രഹങ്ങളില്‍ നിന്നും തിരിച്ചിറങ്ങിയപ്പോള്‍ അത്‌ അതിനോടു തന്നെ പറയുന്നത്‌. ഒന്നകാല്‍ വരിയില്‍ ആത്മവിശദീകരണം. പണമാണോ ഒരാളെ കര്‍തൃപദവിയില്‍ വിക്ഷേപിക്കുന്നത്‌ എന്ന ചോദ്യം ഇവിടെ നിന്നും പുറപ്പെടുന്നു. ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍, തൊട്ടുകൂടായ്‌മ കാരണം സ്വന്തം പേരില്‍ മുറി കിട്ടാത്തതിനാല്‍ പാഴ്‌സി പേരുമായി ആള്‍മാറാട്ടം നടത്തി മുറിയെടുത്തതിന്‌ പിടികൂടി പുറത്താക്കപ്പെട്ട* വ്യക്തിയാണ്‌ നമ്മുടെ രാജ്യത്തിന്റെ ഭരണഘടന എഴുതിയത്‌ എന്നോര്‍ക്കുമ്പോള്‍ പണം എന്ന വാക്കിന്‌ പോക്കറ്റിലിരിക്കുന്നത്‌ എന്ന അര്‍ത്ഥം മാത്രമാണെന്ന്‌ കരുതാനാവില്ല. ഭൗതിക തലത്തിലും പ്രതിരൂപ തലത്തിലും ആര്‍ജ്ജിക്കേണ്ട `സമ്പത്താ`ണ്‌ ഞാന്‍. അതിന്റെ നില ആരോപിതം എന്നതിനോടൊപ്പം തന്നെ ആര്‍ജ്ജിതവുമാണ്‌. പക്ഷേ, ആ സിദ്ധാന്തത്തിനെ പോലും 'ഒഴിഞ്ഞ പോക്കറ്റാണ്‌ ഞാന്‍' എന്ന വരി കവച്ചുവെക്കും.

Poem by S Kalesh ശബ്‍ദമഹാസമുദ്രത്തിലെ രാത്രിസമരം എന്ന കവിതയ്‍ക്ക് ലീനാരാജ് ആര്‍ വരച്ച ചിത്രം

 

ഇല്ലാതായവയിലൂടെ, വിട്ടൊഴിഞ്ഞു പോയവയിലൂടെ തന്നെത്തന്നെ കണ്ടെത്താനുള്ള പ്രവണത കലേഷിന്റെ കവിതകളില്‍ പൊതുവേ ഉണ്ട്‌: കുടിയൊഴിക്കപ്പെട്ട വ്യക്തി പഴയ വീടിരുന്നിടത്തുകൂടെ കടന്നുപോയാണ്‌ തന്നെക്കുറിച്ചുള്ള ചിലത്‌ ഓര്‍ക്കുകയും മറക്കുകയും ഒടുവില്‍ സാഹചര്യങ്ങള്‍ക്കനുയോജ്യമായ തീരുമാനങ്ങളിലേക്ക്‌ എത്തുകയും ചെയ്യുന്നത്‌ (രാത്രിസമരം); പാതി ഉടല്‍ തിന്ന്‌ നടക്കാനിറങ്ങുന്നവനെ തല മാത്രമായിപ്പോയ തവള സന്ദര്‍ശിക്കുന്നു (ഇരുട്ടില്‍); പുതിയതായി വന്നുചേരുന്നവയിലൂടെ, അവയിലൂടെ വീണ്ടും വന്നവയിലൂടെ (പോലും) എല്ലാവരിയും മായ്‌ച്ചുകളഞ്ഞിട്ട്‌ വീണ്ടും വായിച്ചു നോക്കാനുള്ള കൗതുകം (കുഞ്ഞനെഴുതും കവിത); ഉപേക്ഷിച്ചുപോയ കാമുകിയുടെ നാട്ടിലൂടെ ഒരു കാമുകന്‍ നിര്‍ത്തലില്ലാതെ സഞ്ചരിക്കുന്നു, അവളിലേക്കെത്താന്‍ വേണ്ടി മരണത്തെക്കുറിച്ചുള്ള ഓര്‍മ്മയില്‍ മുറിയെടുക്കുന്നു:

 അങ്ങനെയിരിക്കെ
 വര്‍ഷങ്ങള്‍ക്കു ശേഷം
 പെട്ടന്ന്‌ പൊലിഞ്ഞുപോകും ഞാന്‍

 (അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍/നീ)

 ഞാന്‍, അദ്ദേഹം, മരിക്കാന്‍ തയ്യാറെടുത്ത്‌ പ്രത്യക്ഷപ്പെടുന്നു. അല്ലെങ്കില്‍ മരിച്ചുകൊണ്ട്‌ പ്രത്യക്ഷപ്പെടുന്നു. അതുവരെ പിടിച്ചുവച്ചിരുന്ന ബന്ധങ്ങളെല്ലാം അഴിച്ചുവച്ച്‌ അവളിലേക്ക്‌ ഒരൊറ്റയോട്ടം. ഒഴിഞ്ഞ പോക്കറ്റിലൂടെ എന്ന പോലെ മരിച്ചതിനു ശേഷം. ഇല്ലാതാകുമ്പോള്‍ കൈവരുന്നത്‌ അനിശ്ചിത സ്വാതന്ത്ര്യമാണോ? താത്ത്വിക പ്രശ്‌നങ്ങളോടുള്ള ക്രിയാത്മക പ്രതികരണമല്ല കവിതയിലെ എന്റെ പണി എന്ന്‌ അദ്ദേഹം പറഞ്ഞേക്കും. അയാളോടൊപ്പം അവളും മരിക്കുന്നു. അവകാശികളില്ലാത്ത രണ്ടുപേര്‍.

 വീട്‌, അച്ഛന്‍, അമ്മ, അമ്മാവന്മാര്‍
 കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
 ഇവയൊന്നും
 എന്നെയും നിന്നെയും
 ഇനിയങ്ങോട്ട്‌ തൊടുകേല

 എന്ന്‌ കവിത തുടരുന്നു. സമ്പത്തിനെക്കുറിച്ചുള്ള ഒരു വിശദീകരണം പോലെയുണ്ട്‌: വീട്‌, അച്ഛന്‍, അമ്മ, അമ്മാവന്മാര്‍, കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം. ഇത്തരത്തില്‍ പലത്‌ വന്നു ചേരുന്നതു കൊണ്ടല്ല ഇത്തരത്തില്‍ ചിലത്‌ ഒഴിഞ്ഞു പോകുന്നതു കൊണ്ടാണ്‌ നമ്മളിലേക്ക്‌ നമ്മള്‍ വന്നു ചേരുന്നത്‌ എന്ന്‌.

 ഞാന്‍ ചെയ്‌തുപോയ പൊള്ളും ശൂന്യവുമായ
 ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്‌
 ആരൊക്കെയോ
 എന്റെ വീട്ടുമുറ്റത്തുണ്ട്‌

 എന്നാണ്‌ സ്വന്തം മരണാനന്തര ചടങ്ങിനെ അയാള്‍ ഓര്‍ക്കുന്നത്‌. 'വീട്ടില്‍ എന്റെ ശവമടക്ക്‌ കഴിഞ്ഞിട്ടുണ്ട്‌' എന്ന്‌ എല്ലാ താത്ത്വിക വിലക്കുകളേയും ലംഘിച്ച്‌ അയാള്‍ പറയുന്നു. ആചാരങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നിങ്ങള്‍ മരിച്ചു എന്ന്‌ നിങ്ങള്‍ക്ക്‌ പറയാന്‍ കഴിയില്ല. 'ഞാന്‍ മരിച്ചു' എന്ന്‌ എങ്ങനെയാണ്‌ പറയുക? നിങ്ങള്‍ മരിച്ച കാര്യം മറ്റൊരാള്‍ക്കു മാത്രമേ പറയാന്‍ കഴിയൂ. നിങ്ങള്‍ ഉണ്ട്‌ എന്ന്‌ നിങ്ങള്‍ അറിയുന്നത്‌ മറ്റൊരാളില്‍ നിന്നാണ്‌ എന്ന്‌ എളുപ്പത്തില്‍ സിദ്ധാന്തവത്‌കരിക്കാന്‍ കഴിയും. നിങ്ങളുടെ മരണം ആരില്‍ നിന്നാണ്‌ നിങ്ങളറിയുക എന്നുചോദിച്ചാല്‍ ശാസ്‌ത്രം കിടുങ്ങിപ്പോകും. ആ ഇടവേളയിലാണ്‌ കവിത നെഞ്ചും വിരിച്ച്‌ നില്‍ക്കുന്നത്‌. വസ്‌തു, സത്യം എന്നിവയോട്‌ വ്യാകരണ, ശാസ്‌ത്ര വ്യവഹാരങ്ങള്‍ക്കുള്ള വിച്ഛേദിക്കാന്‍ കഴിയാത്ത വിധേയത്വം കവിതയെ അലട്ടുന്നില്ല. ഞാന്‍ മരിച്ചു എന്നു മാത്രമല്ല, വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തെ മരിക്കാം എന്നു വരെ കവിതയ്‌ക്ക്‌ ചങ്കൂറ്റം കൊള്ളാം. എന്റെ ശവമടക്കുവരെ കഴിഞ്ഞുവെന്ന്‌ പറയാം. നൂറുവര്‍ഷം കഴിയുമ്പോള്‍ ഞാനുണ്ടാവില്ല (ഈ തീവണ്ടിയിലേ യാത്രക്കാരേ...) എന്ന്‌ ഉറപ്പിച്ചു പറയാം. ദൈവശാസ്‌ത്രവുമായി എന്തോ ബന്ധമുള്ള ആഭിചാരമാണ്‌ കവിതയെന്ന്‌ തോന്നാം. സംഗതി പക്ഷേ, താളത്തില്‍ വീണുകിടക്കുന്ന ഒന്നാണ്‌. വസ്‌തുവില്‍ നിന്ന്‌ തുടങ്ങുന്നതോ സത്യസിദ്ധാന്തത്തിനു ചുറ്റുമോ അല്ല കവിതയുടെ നിലനില്‍പ്പ്‌. താളത്തിലോടുന്ന മടല്‍ക്കുതിരയിലാണ്‌ കവിതയുടെ സഞ്ചാരം. വെയില്‍വീഴാത്ത വഴികളിലും ന്യായശാസ്‌ത്രം കടക്കാത്ത അറകളിലും അതെത്തുന്നു.


 കവിതയിലൊളിച്ചിരിക്കുന്ന ചിറകുകള്‍

 കവിതയിലൊളിച്ചിരിക്കുന്ന ചിറകുകള്‍, ആവശ്യാനുസരണം കുടപോലെ നിവര്‍ത്തി ഉപയോഗിക്കുന്നയാളാണ്‌ കലേഷിലെ കവി. മണ്ണിനടിയിലൂടെ മരിച്ചവരിലേക്കെത്താനും ജീവിച്ചിരിക്കുന്നവരില്‍ രാപ്പാര്‍ക്കുന്നവയെ മണത്തു നോക്കാനും ഈ കവിതകള്‍ നമ്മെ സഹായിക്കും. അനാവശ്യ സന്തോഷമോ സങ്കടമോ ഇല്ലാതെ, കാര്യകാരണ സഹിതം, അതാവശ്യ ഗൗരവത്തോടെ കവിതകൊണ്ട്‌ ജീവിതം അളക്കുന്ന വഴി ഇവിടെയുണ്ട്‌. പതുക്കെ, ചെവികൂര്‍പ്പിച്ച്‌, ചരിത്രബോധത്തോടെ വായിക്കണമെന്നു മാത്രം.

 വലിയൊരു മഴപെയ്‌തു
 കാറ്റ്‌ വാഴകള്‍ വെട്ടിയിട്ടു
 കടംകയറി കെണിഞ്ഞു.
 ഭൂപണയ ബാങ്കിലിരുന്ന്‌
 ആധാരം എന്നെ ഓര്‍ത്തു

 (ആട്ടിടയന്‍)


ആരായിരിക്കും ഈ കവിതയിലെ ഞാന്‍? എന്നെ, എന്റെ എന്ന്‌ ഉടമയായി വളരുന്ന ഇദ്ദേഹം പണയംവച്ചത്‌ ഏതാധാരം? മഴവന്ന കാലത്ത്‌ പണ്ടദ്ദേഹം വെച്ചുപിടിപ്പിച്ചിരുന്ന വാഴതൈകള്‍, കുലച്ചുവരുമ്പോള്‍ എന്താണ്‌ സംഭവിച്ചിരുന്നത്‌ എന്ന്‌ നമുക്കറിയാം. ആ ആളാണ്‌ (ആണോ?) കാറ്റിലാടുന്ന വാഴത്തൈകളെ നോക്കി ആട്ടിടയന്‍ എന്ന്‌ ആത്മനേയും പ്രകടനത്തേയും (പ്രകടനാത്മന്‍?) ഒരേ ഇടത്ത്‌ ഒന്നിപ്പിക്കുന്നത്‌. പലതിനും പ്രതികാരം ചെയ്യാതദ്ദേഹം അടങ്ങില്ലെന്ന്‌ നമുക്കറിയാം. പക്ഷേ, പലകാലങ്ങളില്‍, പല വാഴക്കുലകള്‍ക്കു പുറകില്‍, പൂര്‍വികനായും പിന്‍തലമുറയായും കാവ്യാത്മകമായി നില്‍ക്കുന്ന അദ്ദേഹം ആരാണ്‌? പലകാലത്തില്‍ പല ശരീരങ്ങളില്‍ കവിഞ്ഞു നില്‍ക്കുന്ന പലതിനെയാണ്‌ ഇത്രനേരമായി നമ്മള്‍ ഏകവചനത്തില്‍ മനസ്സിലാക്കിക്കൊണ്ടിരുന്നത്‌ എന്നുവരുമോ? ഇതുവരെയെഴുതിയത്‌ മുഴുവന്‍ പിഴയ്‌ക്കുമോ? പലയിടങ്ങളില്‍ പലതായി ദൃശ്യപ്പെടുന്ന - ശരീരത്തിന്റെ തുടര്‍ച്ചകൊണ്ട്‌ ബന്ധിക്കപ്പെട്ട - ഈ ആകാരത്തെ ഞങ്ങളെന്നോ നമ്മളെന്നോ അല്ലേ വിളിക്കേണ്ടത്‌? ആരാണ്‌ ഞാന്‍ എന്ന ചോദ്യം എത്രയെളുപ്പമാണ്‌, ആരാണ്‌ ഞങ്ങള്‍ എന്നതല്ലേ ഉത്തരമില്ലാത്ത ചോദ്യം? ആദ്യം വന്നതിനെക്കുറിച്ചുള്ള ചോദ്യത്തോളം പഴക്കമുള്ളതാവില്ലേ ആദ്യം പോകുന്നതെന്ത്‌ എന്ന ചോദ്യവും? ആദ്യം ഉള്ളിലേക്ക്‌ കയറിയതാര്‌? ആദ്യം ഇറങ്ങിയതാര്‌? ഈ മുറിയാണോ നമ്മളെ പണിതത്‌? അതോ നമ്മളാണോ മുറികള്‍ പണിതത്‌? ആരാണ്‌ ഈ നമ്മള്‍? എന്തധികാരം ഉപയോഗിച്ചാണ്‌ ഇതെഴുതുന്ന "ഞാന്‍" നമ്മള്‍ നമ്മളെന്നിങ്ങനെ ധ്വനിപ്പിച്ചുകൊണ്ടിരിക്കുന്നത്‌?

 രാത്രി
 മുറ്റത്തിറങ്ങി
 നിന്നപ്പോഴാകട്ടെ
 നിരനിരയായ്‌
 പടര്‍ന്നു നാമ്പിട്ടുനില്‍ക്കുന്ന
 ചെറുവാഴത്തൈകള്‍
 പെട്ടന്നൊരാട്ടിന്‍പറ്റമായി മാറി
 കാറ്റത്ത്‌ തലയാട്ടി

 നിലാവ്‌ അവയുടെ പാല്‍ കറക്കുന്നു
 അതുകണ്ട്‌ കൊതിയോടെ
 ഞാന്‍ ആട്ടിടയനായി

 നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോലുന്ന / നിലയല്ലോ നിര്‍മ്മല ബാല്യകാലം** എന്ന താളത്തിലല്ല ഇവിടുത്തെ നില പുരോഗമിക്കുന്നത്‌. കാരണം ഇവിടെ കാര്യങ്ങള്‍ ആത്മകഥാപരമാണ്‌. അദ്ദേഹത്തിന്റെ അപരന്‍ എന്നു പെട്ടന്ന്‌ തോന്നിപ്പിച്ചയാള്‍ക്ക്‌ ആത്മകഥയില്ല. ജീവിചരിത്രമാണ്‌ അദ്ദേഹത്തെ വിവരിക്കുന്ന കവിതയുടെ താളം. അതിനാല്‍ തന്നെ, അത്‌ അദ്ദേഹത്തൊടൊപ്പം വിനീതനായ മറ്റൊരു ചരിത്രകാരനേയും ഉള്ളില്‍ വഹിക്കുന്നു. എത്ര വിനീതനാണെങ്കിലും കര്‍തൃപദവിയിലെ ചരിത്രകാരന്‍ കാലാന്തരത്തില്‍ ഒരു ബാധ്യതയാകാന്‍ ഇടയുണ്ട്‌. മറ്റൊരാളെ വിവരിക്കുമ്പോള്‍ കാലങ്ങളായി തന്നിലൂടെ തുടരുന്ന മറ്റൊരു കര്‍തൃത്ത്വ സാഹചര്യത്തെ നിഷേധിക്കാന്‍ അയാളെക്കൊണ്ട്‌ ആയിക്കൊള്ളണമെന്നില്ല. സഹതാപത്തിന്റെ തോത്‌ കൂടുന്നതിനനുസരിച്ച്‌ കഥാനായകന്റെ ജീവിതം വിരസവും കണ്ണീരാല്‍ എഴുതപ്പെട്ടതും ഭയംകൊണ്ട്‌ കുനിഞ്ഞതും (മാത്രം) ആയിത്തീരും. കലേഷിന്റെ കവിതയിലെ ആട്ടിടയന്‌, ഏറ്റവും പ്രശസ്‌തനായ മലയാളി ആട്ടിടയനുമായി യാതൊരു ബന്ധവുമില്ല എന്നു വരുന്നത്‌, കര്‍തൃപദവിയിലെ ചരിത്രകാരനും വിവരിക്കപ്പെടുന്ന ജീവിതവും ഒരേ ആകാരത്തിന്റേതാണ്‌ എന്നതിനാലാകണം. അതിനാല്‍ തന്നെ ഈ കവിതകളിലെ അദ്ദേഹം (ബഹുമാനത്തില്‍ ഞാന്‍), രക്തസാക്ഷിയോ തിരിച്ചുതല്ലാന്‍ പാങ്ങില്ലാത്ത കുടികിടപ്പുകാരനോ ഒറ്റയാള്‍ അരാജകവാദിയോ അല്ല. അതിനാല്‍ തന്നെ അയാളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന നമ്മള്‍, വാഴച്ചുവട്ടിലെ കൊതിയസമാജമോ അവര്‍ക്കുവേണ്ടി കുലയ്‌ക്കണം എന്ന വാഴയുടെ ആഗ്രഹമോ അല്ല. ഞാനെരിച്ചതിനെക്കുറിച്ചുള്ള കുറ്റബോധമോ തീയെരിച്ചതി***നോടുള്ള നിലവിളി കലര്‍ന്ന സഹതാപമോ അദ്ദേഹത്തിന്റെ ബാധ്യതയല്ല. അതിനാല്‍ നില്‍ക്കുന്നയിടത്ത്‌ അയാള്‍ വിവിധ സാധ്യതകളുള്ള രൂപകങ്ങള്‍ കണ്ടെടുക്കുന്നു. മറ്റെല്ലായിടത്തും ഉള്ളതുപോലെ, സ്‌നേഹവും പകയും കളിയും ദുരന്തവും സാമര്‍ത്ഥ്യവും സംഗീതവും വരുന്നു. മറ്റൊരാളാല്‍ വിവരിക്കപ്പെട്ടിരുന്ന ദൈന്യാവസ്ഥ, കര്‍തൃപദവിയിലെ ഉറച്ച ബഹുവചനമായി രൂപപ്പെട്ടിരിക്കുന്നു. ഞാന്‍ എന്ന ബഹുവചനത്തില്‍ ഒരു ജനത.

 വംഗദേശത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തറിയാം എന്ന ചോദ്യം അവിടെ നിന്നും പുറപ്പെടുന്നു, പാട്ടെന്നാല്‍/ പനിയുള്ള കുട്ടികളുടെ ശ്വാസംപോല്‍/ കുറുകിയും ഇടറിയും/ പനിയുള്ള കുട്ടികളുടെ കിതപ്പുപോല്‍/ വിങ്ങിയും വിറച്ചും/ സ്വരഭേദങ്ങള്‍ നിറഞ്ഞത്‌ എന്ന ശബ്ദ സിദ്ധാന്തവും.
 ........................

 * ബി ആര്‍ അംബേദ്‌കര്‍, വിസ കാത്ത്‌ (Waiting for a visa)
 ** ചങ്ങമ്പുഴ, വാഴക്കുല
 *** വൈലോപ്പിള്ളി, കുടിയൊഴിക്കല്‍

 

Follow Us:
Download App:
  • android
  • ios