2022 -ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷം ബാക്കി നിൽക്കെ വിചിത്രവാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായ്. 2022 -ൽ മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുത്താൽ ഉച്ചമയക്കത്തിന് നിർബന്ധമായും ഇടവേള നൽകാമെന്ന് അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകിട്ട് നാല് മണിക്കുമിടയിൽ എപ്പോൾ വേണമെങ്കിലും വിശ്രമിക്കാനുള്ള അവസരമാണ് വിജയ് സർദേശായ് വാഗ്ദാനം ചെയ്തിരിക്കുന്നത്.    

ഗോവക്കാർ വളരെ ശാന്തരാണെന്നും, റിലാക്സ് ചെയ്യുക എന്നത് ഗോവൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും സർദേശായ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. “ഗോവക്കാർ ഇത് ഇഷ്ടപ്പെടുന്നു, എന്നാൽ, അതുകൊണ്ട് അവർ അലസരാണെന്ന് തെറ്റിദ്ധരിക്കരുത്. ഉച്ചമയക്കം ഗോവൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഈ സംസ്കാരം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഉച്ചയ്ക്ക് മയങ്ങുന്നത് നിങ്ങളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നു. ജോലിയിൽ കൂടുതൽ പ്രകടനം കാഴ്ച വയ്ക്കാൻ സഹായിക്കുന്നു. നിങ്ങളെ കൂടുതൽ ജാഗ്രതയുള്ളവരാക്കുന്നു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്” ഇന്ത്യൻ എക്സ്പ്രസ് എഴുതുന്നു.

അവിടെ കടകൾ 1.30 മുതൽ നാല് മണി വരെ അടഞ്ഞു കിടക്കുമെന്നും, പ്രധാനപ്പെട്ട കൂടിക്കാഴ്ചകളൊന്നും ആ സമയത്ത് ആരും നടത്താറില്ലെന്നും വിജയ് സർദേശായ് പറഞ്ഞു. മുൻപത്തെ തലമുറ ഇത് കുറച്ചുകൂടി കണിശമായി പാലിച്ചിരുന്നു എന്നും വിജയ് സർദേശായ് കൂട്ടിച്ചേർത്തു. ഇതെല്ലം വെറുതെ വാഗ്ദാനം ചെയ്യുകയല്ല, മറിച്ച് സ്വന്തം ജീവിതത്തിൽ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യുന്നുണ്ട് വിജയ് സർദേശായ് എന്നാണ് പറയുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഭക്ഷണശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും ഉറങ്ങുന്നത് അദ്ദേഹത്തിന്റെ ശീലമാണത്രെ.