നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് ഗംഗാ നദി സ്ഥിതി ചെയ്യുന്നത്. അതിപുരാതന തീർത്ഥാടന നഗരങ്ങളുടെ പട്ടികയിലാണ് വാരണാസി. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ പ്രൊഫസറുടെ മരണം സർക്കാരിനെ സംബന്ധിച്ച് വളരെ സെൻസിറ്റീവ് ഒരു വിഷയം തന്നെയാണ്.
ദില്ലി: ഗംഗാ നദി സംരക്ഷണത്തിനായി നിരാഹാരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ജിഡി അഗർവാൾ ഇന്നലെയാണ് മരണപ്പെട്ടത്. എൺപത്തിയാറാമത്തെ വയസ്സിൽ നൂറ്റിപ്പതിനൊന്ന് ദിവസം നിരാഹാരമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം മരിച്ചത്. ഗംഗാ നദി ശുദ്ധീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്ര സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. അത്രമേൽ ശോചനീയമായിരുന്നു ഗംഗാനദിയുടെ അവസ്ഥ. കഴിഞ്ഞ ജൂണിലാണ് ഗംഗാനദിയെ ശുദ്ധമാക്കണമെന്ന ആവശ്യവുമായി അദ്ദേഹം നിരാഹാരം ആരംഭിച്ചത്.
ഹൈന്ദവർ പുണ്യനദിയായിട്ടാണ് ഗംഗയെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഗംഗാശുചീകരണം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് ഗംഗാ നദി സ്ഥിതി ചെയ്യുന്നത്. അതിപുരാതന തീർത്ഥാടന നഗരങ്ങളുടെ പട്ടികയിലാണ് വാരണാസി. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ പ്രൊഫസറുടെ മരണം സർക്കാരിനെ സംബന്ധിച്ച് വളരെ സെൻസിറ്റീവ് ഒരു വിഷയം തന്നെയാണ്.
ഗംഗയിൽ കുളിച്ചാൽ ആത്മീയ വിമോചനവും സൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം. മരണസമയത്ത് കുടിക്കാൻ കൊടുക്കുന്നതും ഗംഗാജലമായിരുന്നു. അത് പണ്ടത്തെ ഗംഗാനദി. എന്നാൽ ഇന്ന് 1500 മൈൽ നീളമുള്ള ഈ നദിയിൽ മുഴുവൻ വ്യാവസായിക മാലിന്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്. മനുഷ്യമാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെ ഗംഗ ഇപ്പോൾ മലീമസമായിരിക്കുകയാണ്. കാലങ്ങളായി ഗംഗാ നദി ശുചീകരണത്തിനായി മുറവിളി ഉയരാൻ തുടങ്ങിയിട്ട്. മാലിന്യങ്ങൾ കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ് ഗംഗാനദി.
ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രൊഫസർ അഗർവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിശദമായ കത്ത് അയച്ചിരുന്നു. എങ്ങനെയാണ് ഈ പുണ്യനദിയെ പുനരുജ്ജീവിപ്പിക്കുന്നതെന്ന് വളരെ വിശദമായി തന്നെ അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. ഗംഗയുടെ മുകൾഭാഗത്തുള്ള ജല വൈദ്യുത പദ്ധതികൾ റദ്ദാക്കുക, നദി വൃത്തിയാക്കുന്നതിനായുള്ള നിയമനിർമ്മാണം, വനനശീകരണം തടയുക, മണലെടുപ്പ് തടയൽ എന്നിവ അതിൽ ഉൾപ്പെട്ടിരുന്നു.
കത്ത് ലഭിച്ചതിനെതുടർന്ന് സർക്കാർ മന്ത്രി അഗർവാളിനെ സന്ദർശിക്കാൻ അയച്ചിരുന്നു. ഉപവാസത്തിൽ നിന്ന് പിൻമാറണമെന്ന് പറയാനായിരുന്നു മന്ത്രി എത്തിയത്. എന്നാൽ താൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാതെ ഉപവാസത്തിൽ നിന്ന് പിൻമാറില്ലെന്നായിരുന്നു അഗർവാളിന്റെ നിലപാട്. എന്റെ ജീവൻ നഷ്ടപ്പെടുന്നതിൽ എനിക്ക് സങ്കടമില്ല എന്നായിരുന്നു മോദിക്കയച്ച കത്തിൽ അഗർവാൾ എഴുതിയത്. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഗംഗയെ സംരക്ഷിക്കാൻ ചെറുവിരൽ പോലും അനക്കിയില്ലെന്ന് അദ്ദേഹം കത്തിൽ വിമർശനമുന്നയിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലെ പ്രൊഫസറായിരുന്നു ജിഡി അഗർവാൾ. എഞ്ചിനീയറിംഗ് ജോലിയിൽ നിന്നാണ് അദ്ദേഹം പരിസ്ഥിതി പ്രവർത്തകനിലേക്ക് എത്തിയത്. 2011 ൽ ഉത്തരാഖണ്ഡിലെ ഹൈന്ദവ സന്യാസികളുടെ ഒപ്പം ചേർന്ന് സ്വാമി ജ്ഞാൻ സ്വരൂപ് സനന്ദ് എന്ന പേര് സ്വീകരിച്ചു. കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. 2006 ലെ ഹിമാലയൻ യാത്രയിലാണ് അഗർവാൾ ഗംഗാനദിയുടെ ശോചനീയാവസ്ഥ കണ്ട് അതിനെതിരെ പോരാടാൻ തീരുമാനിച്ചത്. 2008ലും 2009 ലും രണ്ട് നിരാഹാര സമരങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അന്ന് ഭരീരഥി നദിയിൽ ആരംഭിക്കാനിരുന്ന ജല വൈദ്യുത പദ്ധതി സർക്കാർ റദ്ദാക്കിയിരുന്നു.
അമ്പത് വർഷത്തിലധികമായി അദ്ദേഹത്തിന്റെ സുഹൃത്തും അനുഗാമിയുമായിരുന്ന ഗുപ്തയാണ് അവസാന നാളിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. ഈ പോരാട്ടം തുടരാനാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടതെന്ന് ഗുപ്ത പറയുന്നു. ''എനിക്കെല്ലാം നഷ്ടപ്പെട്ടു. എന്നാൽ നിനക്കത് നേടുവാൻ കഴിയും'' എന്നായിരുന്നു അഗർവാളിന്റെ അവസാന വാക്കുകൾ എന്ന് ഗുപ്ത ഓർമ്മിക്കുന്നു.
