Asianet News MalayalamAsianet News Malayalam

രഹന ഫാത്തിമയുടെ തടവുജീവിതം: ഈ ചോദ്യങ്ങള്‍ക്ക് എന്താണുത്തരം?

രഹന തന്റെ ശരീര ഭാഗങ്ങള്‍ അയ്യപ്പ വേഷമണിഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് അറസ്റ്റിന്റെ കാരണമായി പറഞ്ഞത്. ഇതിനു മുന്‍പും സൈബര്‍ ശരീരരാഷ്ട്രീയത്തിന്റെ ഭാഗമായി രഹന നിലപാടുകള്‍ എടുത്തിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളമായി വികസിക്കുന്ന സൈബര്‍ ശരീരരാഷ്ട്രീയത്തിന്റെ അനേകം പരീക്ഷണങ്ങളില്‍ ഒന്നു മാത്രമാണ് രഹന ഫാത്തിമയിലൂടെ നാം കണ്ടിട്ടുള്ളത്. അതിനോട് പല രീതിയില്‍ സമാധാനപരമായി  സംവദിക്കാനും ഇടപെടാനും തയ്യാറാവുന്ന സാഹചര്യം മുമ്പൊക്കെ ഉണ്ടായിരുന്നു. ഇതേ സൈബര്‍ ശരീരരാഷ്ട്രീയം ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം, ഇങ്ങനെ ഒതുക്കപ്പെടാനും അറസ്റ്റിനും സൈബര്‍ വേട്ടക്കും  കാരണമായിത്തീര്‍ന്നത് എന്തുകൊണ്ടാണ്-  ഉമ്മുല്‍ ഫായിസ എഴുതുന്നു. Image Courtesy: Deccan Herald

 

Qusetions on Rehna Fathima's detention  by Ummul Fayiza
Author
Thiruvananthapuram, First Published Dec 11, 2018, 4:13 PM IST

രഹന തന്റെ ശരീര ഭാഗങ്ങള്‍ അയ്യപ്പ വേഷമണിഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് അറസ്റ്റിന്റെ കാരണമായി പറഞ്ഞത്. ഇതിനു മുന്‍പും സൈബര്‍ ശരീരരാഷ്ട്രീയത്തിന്റെ ഭാഗമായി രഹന നിലപാടുകള്‍ എടുത്തിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളമായി വികസിക്കുന്ന സൈബര്‍ ശരീരരാഷ്ട്രീയത്തിന്റെ അനേകം പരീക്ഷണങ്ങളില്‍ ഒന്നു മാത്രമാണ് രഹന ഫാത്തിമയിലൂടെ നാം കണ്ടിട്ടുള്ളത്. അതിനോട് പല രീതിയില്‍ സമാധാനപരമായി  സംവദിക്കാനും ഇടപെടാനും തയ്യാറാവുന്ന സാഹചര്യം മുമ്പൊക്കെ ഉണ്ടായിരുന്നു. ഇതേ സൈബര്‍ ശരീരരാഷ്ട്രീയം ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം, ഇങ്ങനെ ഒതുക്കപ്പെടാനും അറസ്റ്റിനും സൈബര്‍ വേട്ടക്കും  കാരണമായിത്തീര്‍ന്നത് എന്തുകൊണ്ടാണ്?   

Qusetions on Rehna Fathima's detention  by Ummul Fayiza

ശബരിമലയില്‍ പ്രവേശിക്കാന്‍ പോയ രഹന ഫാത്തിമയെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചാര്‍ത്തി ഇടതുപുരോഗമന  സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. അറിയപ്പെടുന്ന  സംഘപരിവാര്‍ നേതാവാണ് രഹനക്കെതിരായ പരാതി പത്തനംതിട്ട പോലീസിനു നല്‍കിയത്. രഹനക്ക്  രണ്ടു തവണയാണ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്. മാത്രമല്ല, അവര്‍ ജോലി സ്ഥലത്തുവെച്ചു അറസ്റ്റ് നേരിടുകയും ജോലിയില്‍ നിന്ന് സസ്പന്റ് ചെയ്യപ്പെടുകയും ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ്  കോടതി രണ്ടു തവണ രഹനയുടെ ജാമ്യം നിഷേധിച്ചു. രഹന ഇപ്പോഴും തടവിലാണ്. 

പ്രത്യക്ഷമായ ഭരണകൂട ഭീകരതക്കൊപ്പം തന്നെ മനുഷ്യാവകാശ ലംഘനവും ലിംഗപരമായ അനീതിയും കൂടിച്ചേര്‍ന്നതാണ് രഹനയുടെ അറസ്റ്റ്. ഈ സാഹചര്യത്തില്‍ രഹന ഫാത്തിമയുടെ അറസ്റ്റ് ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ മനസ്സിലാക്കാനും അതിനെപ്പറ്റി കുറേകൂടി ഇന്റര്‍സെക്ഷനലായി നിരീക്ഷിക്കാനുമാണ് (intersectional)  ഇവിടെ ശ്രമിക്കുന്നത്. ഈ നിരീക്ഷണങ്ങളുടെ ഫലപ്രാപ്തി മുന്‍കൂര്‍ അറിയണം എന്നില്ല. എന്നാല്‍ എല്ലാ ഉത്തരങ്ങളും കിട്ടുമ്പോഴേക്കും വളരെ വൈകും എന്ന തിരിച്ചറിവ് ഈ കുറിപ്പിന്റെ ശക്തിയും ബലഹീനതയുമാണ്.  

കേരളത്തില്‍ രണ്ടാം നവോത്ഥാനം പുനരാവിഷ്‌കരിക്കാന്‍, ഹിന്ദുവെന്നു വ്യവഹരിക്കപ്പെടുന്ന  പല ജാതിയിലുള്ള  സ്ത്രീകളെ, സ്വജാതിയിലെ  പുരുഷന്മാരുടെ താല്‍പര്യപ്രകാരം, ഇടതുസര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്ന കാലത്താണ് ഈ അറസ്റ്റ് നടക്കുന്നത്. (തീര്‍ച്ചയായും മതന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകള്‍  ഹിന്ദു ജാതി/സമുദായ സംഘടനകളുടെ  വനിതാ മതിലിനു പുറത്താണ്). അതിനാല്‍ തന്നെ രഹന ഫാത്തിമയുടെ അറസ്റ്റ് ഉണ്ടാക്കുന്ന അര്‍ഥങ്ങള്‍ കേവല ഇടതു/വലതു പരിഗണനകളെ അതിനിര്‍ണയിക്കുന്ന ഒരു രാഷ്ട്രീയ പ്രശ്‌നമാണ് എന്ന് വാദിക്കേണ്ടതുണ്ട്.  

രഹനയുടെ അറസ്റ്റ്് ഉണ്ടാക്കുന്ന അര്‍ഥങ്ങള്‍ കേവല ഇടതു/വലതു പരിഗണനകളെ അതിനിര്‍ണയിക്കുന്ന ഒരു രാഷ്ട്രീയ പ്രശ്‌നമാണ്

ഭരണകൂട ചിന്തയുടെ വംശീയ സ്വഭാവം
പ്രബല സമുദായ/വ്യക്തി മാതൃകകള്‍ എല്ലാവരെയും സ്വാധീനിക്കുന്ന ഭരണ സാമൂഹിക ചുറ്റുപാടിലാണ് നാമുള്ളത്. ഈ സാഹചര്യത്തില്‍ രഹന ഫാത്തിമയെ പോലെ വ്യത്യസ്തമായ ജീവിത വീക്ഷണമുള്ള ഒരു സ്ത്രീ നടത്തുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സൂര്യ ഗായത്രി എന്ന പേര് സ്വീകരിച്ച, എത്തീയിസത്തോട് ആഭിമുഖ്യമുള്ള, പരീക്ഷണ സ്വഭാവമുള്ള സാമൂഹിക ഇടപെടല്‍ നടത്തുന്ന ഒരാളാണ് രഹന ഫാത്തിമ. അധികം ബലപ്രയോഗമില്ലാതെ  രാഷ്ട്രീയ വിമര്‍ശനത്തിന്റെ തലത്തില്‍ വലിയ ചര്‍ച്ചകള്‍ രഹന ഫാത്തിമ  കേരളത്തില്‍ നടത്തിയിട്ടുണ്ട്. ഇന്നത് പരസ്പര  വിമര്‍ശനത്തിന്റെ പരിധിയും കടന്നു അടിസ്ഥാനപരമായ ജീവിതാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലേക്കും  വീടാക്രമണത്തിലേക്കും  തൊഴില്‍ നിഷേധമടക്കമുള്ള അങ്ങേയറ്റത്തെ മൈക്രോഫാസിസ്റ്റ് നിലപാടുകളിലേക്കും എത്തിയിരിക്കുന്നു.  അതിനാല്‍തന്നെ രഹന ഫാത്തിമയുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടുകയും അവരുടെ നിരുപാധിക മോചനത്തിനായി പ്രവര്‍ത്തിക്കുകയും  ചെയ്യേണ്ടതുണ്ട്. 

രഹന ഫാത്തിമയെ ജയിലില്‍ അടച്ചത് വളരെ സ്വാഭാവികം എന്നു കരുതുന്ന തരത്തില്‍ ഭരണകൂട ചിന്ത ആകെ  വ്യാപിച്ചിരിക്കുന്നു. അത്യസാധാരണമായ സുരക്ഷാ പ്രശ്‌നങ്ങളെ നിര്‍മ്മിച്ച് കൊണ്ടാണ് ഭരണകൂട ചിന്ത സമൂഹത്തിലേക്കു വ്യാപിക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കുന്ന അത്യപൂര്‍വ്വ സംഭവങ്ങള്‍ ഭരണകൂടം ഒരു അടിയന്തിര സാഹചര്യത്തിന്റെ സൃഷ്ടിയാക്കി അവതരിപ്പിക്കുകയും ജനങ്ങളുടെ സമ്മതം പതുക്കെ നേടിയെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ ഭരണകൂടത്തിന് ജനങ്ങള്‍ക്കിടയില്‍  വിമര്‍ശനരഹിതമായ ഒരു  സ്വീകാര്യത കൈവരികയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ സാമൂഹ്യ സുരക്ഷക്ക് ഭീഷണിയാകുന്ന അധികം (excess) ഉണ്ടാകുന്നത് പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട അപരരിലൂടെയാണ്. 

കേരളത്തില്‍ ഇത് വരെ നടന്ന 'തീവ്രവാദ വേട്ടകള്‍' പരിശോധിച്ചാലും യു എ പി എ അടക്കമുള്ള അത്യപൂര്‍വ്വനിയമങ്ങളുടെ മുസ്ലിംവിരുദ്ധ പ്രയോഗങ്ങള്‍ പരിശോധിച്ചാലും ഭരണകൂട ചിന്തയുടെ വംശീയ സ്വഭാവം വളരെ എളുപ്പത്തില്‍ വ്യക്തമാകും. ഒറ്റപ്പെട്ട വ്യക്തികളെയും കൂട്ടായ്മകളെയും  ടാര്‍ഗറ്റ്  ചെയ്താണ് ഇത്തരം ഭരണകൂട നടപടികള്‍ വ്യാപിച്ചിട്ടുള്ളത്. രഹന ഫാത്തിമയെ പോലുള്ള വ്യക്തികള്‍ ഇന്നനുഭവിക്കുന്ന പീഡനങ്ങള്‍ ഒരു അത്യപൂര്‍വ്വ സാഹചര്യത്തിന്റെ സൃഷ്ടിയാണെന്ന  പ്രതീതി ഉളവാക്കുന്നുണ്ടെങ്കിലും അത് നാളെ ഏതു  നിഷ്‌കളങ്കരെയും തേടിയെത്താമെന്നു ഭരണകൂട ചിന്തയുടെ സാമൂഹിക ചരിത്രം  നമ്മെ ഓര്‍മിപ്പിക്കുന്നു. 

അത്തരമൊരു ദൃശ്യത  രഹന ഫാത്തിമയെന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിന്റെ അറസ്റ്റിനു  കിട്ടിയില്ല. കാരണം

രഹന ഫാത്തിമയുടെ വ്യത്യാസം
ഭരണകൂട ചിന്തയുടെ പ്രധാനപ്പെട്ട പ്രശ്‌നം അതുണ്ടാക്കുന്ന പൊതുസമ്മതങ്ങളും പ്രതിഷേധത്തിന്റെ അഭാവങ്ങളുമാണ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് 'മീറ്റൂ' അടക്കമുള്ള സന്ദര്‍ഭങ്ങളില്‍  ലഭിച്ച ദൃശ്യത കണ്ടപ്പോള്‍ സ്ത്രീ അനുകൂലമായ രീതിയില്‍ സമൂഹം ചിന്തിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരമൊരു ദൃശ്യത  രഹന ഫാത്തിമയെന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിന്റെ അറസ്റ്റിനു  കിട്ടിയില്ല. കാരണം രഹന ഫാത്തിമയുടെ വ്യത്യാസം പല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 

ഒരുപക്ഷെ അത്ഭുതം തോന്നിയേക്കാം. പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണെങ്കിലും ഫെമിനിസം സാമൂഹിക സ്വീകാര്യത നേടുന്ന കാലത്താണ് രഹനയുടെ ഈ അറസ്റ്റ് നടക്കുന്നത്. കേരളത്തില്‍ തന്നെ ഇടതുസര്‍ക്കാര്‍ മുന്‍കയ്യില്‍  സ്‌റ്റേറ്റ് ഡ്രീവന്‍ (state-driven)   ആയ  ഒരു ഫെമിനിസം ഇന്ന് വികസിച്ചു വന്നിട്ടുണ്ട്. പക്ഷെ, അത് പലപ്പോഴും സമഗ്രമായ അധികാര വിമര്‍ശനമായി മാറിയിട്ടുണ്ടോ എന്നത് സംശയമാണ്. മാത്രമല്ല, ഭരണനിര്‍വഹണ ഫെമിനിസം പലപ്പോഴും ഒരു നോര്‍മലൈസിംഗ് അധികാരമായി മാറുന്നതും കാണാം. അതിനാല്‍ തന്നെ വലിയൊരു ഫെമിനിസ്റ്റ്് മുന്നേറ്റം രഹനയുടെ കാര്യത്തില്‍ കാണാനില്ല എന്നത് ഫെമിനിസ്റ്റ് അധികാര വിമര്‍ശനത്തിന്റെ തലത്തില്‍ തന്നെ പുനരാലോചനക്ക് വിധേയമാകേണ്ട ആഭ്യന്തരപ്രശ്‌നമാണ്. വനിതാമതില്‍ പോലുള്ള സ്ത്രീഇടപാടുകള്‍ വന്‍കിട രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുമ്പോഴാണ്  ഈ പ്രതിസന്ധി രഹന ഫാത്തിമ അനുഭവിക്കുന്നത്. 

ഈ വിഷയത്തില്‍, മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം കൂടിയുണ്ട്. രഹന തന്റെ ശരീര ഭാഗങ്ങള്‍ അയ്യപ്പ വേഷമണിഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് അറസ്റ്റിന്റെ കാരണമായി പറഞ്ഞത്. ഇതിനു മുന്‍പും സൈബര്‍ ശരീരരാഷ്ട്രീയത്തിന്റെ ഭാഗമായി രഹന നിലപാടുകള്‍ എടുത്തിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളമായി വികസിക്കുന്ന സൈബര്‍ ശരീരരാഷ്ട്രീയത്തിന്റെ അനേകം പരീക്ഷണങ്ങളില്‍ ഒന്നു മാത്രമാണ് രഹന ഫാത്തിമയിലൂടെ നാം കണ്ടിട്ടുള്ളത്. അതിനോട് പല രീതിയില്‍ സമാധാനപരമായി  സംവദിക്കാനും ഇടപെടാനും തയ്യാറാവുന്ന സാഹചര്യം മുമ്പൊക്കെ ഉണ്ടായിരുന്നു. ഇതേ സൈബര്‍ ശരീരരാഷ്ട്രീയം ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം, ഇങ്ങനെ ഒതുക്കപ്പെടാനും അറസ്റ്റിനും സൈബര്‍ വേട്ടക്കും  കാരണമായിത്തീര്‍ന്നത് എന്തുകൊണ്ടാണ്?   

സൈബര്‍ ശരീരരാഷ്ട്രീയത്തിന്റെ അനേകം പരീക്ഷണങ്ങളില്‍ ഒന്നു മാത്രമാണ് രഹന ഫാത്തിമയിലൂടെ നാം കണ്ടിട്ടുള്ളത്.

ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം
തീര്‍ച്ചയായും രഹനയുടെ  സ്ത്രീസ്വത്വമോ സൈബര്‍രാഷ്ട്രീയമോ മാത്രമല്ല, മറിച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന അറബി നാമവും ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ജനം ടിവി അടക്കമുള്ളവര്‍ നയിച്ച ക്യാമ്പയിന്‍ നിരീക്ഷിച്ചാല്‍ മനസ്സിലാവുന്നത്.  പക്ഷെ എന്താണ് രഹന ഫാത്തിമയെന്ന സ്ത്രീ അനുഭവിക്കുന്ന ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം? 

മുസ്ലിം എന്ന രാഷ്ട്രീയ സ്ഥാനത്തെ നിയന്ത്രിക്കുന്ന സ്ഥാപനവത്കരിക്കപ്പെട്ട ഭരണമനോഭാവമാണ് ഇസ്ലാമോഫോബിയ. ഇസ്ലാമോഫോബിയ നിര്‍മിക്കുന്ന  സ്ഥാപനപരമായ അധികാരം ഉണ്ടായിരുന്നെങ്കില്‍ ഇസ്ലാം ഉപേക്ഷിച്ചു, മറ്റൊരു ജീവിതം നയിക്കുന്ന/ജീവിക്കുന്ന, രഹന ഫാത്തിമ ജയിലില്‍ പോകുമായിരുന്നില്ല. ഇസ്ലാമോഫോബിയ നിര്‍ണയിക്കുന്ന രാഷ്ട്രീയ പ്രശ്‌നം ഇസ്ലാമിനോട് വിമര്‍ശനമുന്നയിക്കുന്നതോ അനുകൂലിക്കുന്നതോ ആയി ചുരുങ്ങുന്നതല്ല. മറിച്ച് ഇസ്ലാം വിമര്‍ശനമായാലും മുസ്ലിം അനുകൂലമായാലും ഇസ്ലാം സ്‌നേഹമായാലും അതെത്രത്തോളം സ്ഥാപനവത്കൃത ഭരണമാനോഭാവത്തിന്റെ ഭാഗമായി മാറുന്നുവെന്നതാണ് പ്രശ്‌നം.   

രഹന ഫാത്തിമയുടെ ഇസ്ലാമിനെക്കുറിച്ചുള്ള വീക്ഷണമല്ല മറിച്ച് അവര്‍ ഇസ്ലാമോഫോബിയ നിര്‍ണയിക്കുന്ന  രാഷ്ട്രീയ ക്രമത്തില്‍ എവിടെ സ്ഥാപനപരമായി പ്രതിഷ്ഠിക്കപ്പെടുന്നുവെന്നാണ് ആലോചിക്കേണ്ട കാര്യം. ആധുനിക ഇസ്ലാമോഫോബിയയെ കേവല ഇസ്ലാം വെറുപ്പോ വിമര്‍ശനമോ ആയി തെറ്റിദ്ധരിക്കുന്നതു ശരിക്കും രഹന ഫാത്തിമയുടെ മേലെയുള്ള  നീതിനിഷേധത്തെയല്ലേ സഹായിക്കുന്നത്?  മാത്രമല്ല ഇത്തരം  ലളിത ബോധ്യങ്ങളില്‍ പടുത്തുയര്‍ത്തിയ ഇസ്ലാമോഫോബിയ വിമര്‍ശനം ഇസ്ലാം സ്‌നേഹം/വെറുപ്പ് എന്ന രീതിയില്‍ ചുരുങ്ങിപ്പോവുകയും അധികാരബന്ധങ്ങളുടെ പ്രശ്‌നമായി ഇസ്ലാമോഫോബിയയെ കാണാതിരിക്കാന്‍  സഹായിക്കുകയും ചെയ്യുന്നു.  

എല്ലാ മനുഷ്യാവകാശ രാഷ്ട്രീയ സങ്കല്‍പങ്ങളെയും  ചവിട്ടിമെതിച്ചാണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തിരിക്കുന്നത്

മനുഷ്യാവകാശ രാഷ്ട്രീയത്തിനുള്ള അര്‍ഹത
വ്യക്തിയുടെ അന്തസ്,  തൊഴില്‍ തുടങ്ങിയവ രാഷ്ട്രീയമായി  സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന സമീപനം മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ കാതലാണ്. രഹന ഫാത്തിമ അറസ്റ്റ് ചെയ്യപ്പെട്ട ഉടനെ  തൊഴിലുടമ അവരെ സസ്പന്റ്  ചെയ്ത നടപടി ശരിയാണോ? ഏതു സാഹചര്യത്തിലും എത്ര വിയോജിപ്പുണ്ടെങ്കിലും വ്യക്തിയുടെ തൊഴില്‍ നിഷേധിക്കപ്പെടാന്‍ പാടില്ല.  ഇവിടെ വലിയ മനുഷ്യാവകാശ മുന്നേറ്റങ്ങള്‍ ഉണ്ടായി എന്നാണ് മലയാളികള്‍ പറയാറുള്ളത്. പക്ഷെ  എല്ലാ മനുഷ്യാവകാശ രാഷ്ട്രീയ സങ്കല്‍പങ്ങളെയും  ചവിട്ടിമെതിച്ചാണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശത്തിനു അര്‍ഹമാകാന്‍ ചിലര്‍ക്ക് ഇനിയും  മനുഷ്യപദവി ലഭ്യമാകേണ്ടതുണ്ട് എന്നാണ് പറയുന്നത്.  നവീനമായ മനുഷ്യാവകാശ സമീപനം എന്തുകൊണ്ട് രഹനയുടെ കാര്യത്തില്‍ കൈമോശം വന്നു? 

രഹന ഫാത്തിമ ആര്‍ എസ് എസിന് മരുന്നിട്ടു കൊടുക്കുന്നു! ഈയൊരു  ചിത്രീകരണമാണ് മറ്റൊരു കോണില്‍  നടക്കുന്നത്. കേരളത്തില്‍ ഏതാണ്ടെല്ലാ  രാഷ്ട്രീയ കക്ഷികളും മത/ജാതി/സാമൂഹിക സംഘടനകളും ആര്‍ എസ് എസ് അടക്കമുള്ള സംഘടനകളോട് പല രീതിയില്‍ നീക്കുപോക്ക് നടത്തിയാണ് നിലനില്‍ക്കുന്നത്. ആര്‍ എസ് എസ് പശ്ചാത്തലമുള്ള വ്യക്തികളോ സംഘങ്ങളോ   അവരുടെ ആശ്രിതരോ ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ച്  മിക്ക രാഷ്ട്രീയ  സംഘാടനത്തിന്റെയും മാധ്യമ ചര്‍ച്ചകളുടെയും  ഭാഗമാണ്. ഇവര്‍ക്കൊന്നുമില്ലാത്ത  അധികബാധ്യതയും ചുമന്ന്,  രഹന ഫാത്തിമ മാത്രം,  ഫാസിസ്റ്റ്-വിരുദ്ധ  നിലപാടുമായി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നതിന്റെ രാഷ്ട്രീയം എന്താണ്? 

അതുകൊണ്ടാണ് ഒരു സ്ത്രീയെ ജയിലില്‍ അടച്ച ഹീനമായ രീതികള്‍ കണ്ടിട്ടും സമൂഹം പ്രതികരിക്കാതെയിരിക്കുന്നത്.

രാഷ്ട്രീയ അവ്യക്തതയുടെ ഭാരം
തീര്‍ച്ചയായും ഒരു സമൂഹമെന്ന നിലയില്‍ പലതരം പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആര്‍ എസ് എസിന്റെ പുതിയ വളര്‍ച്ചകള്‍  ന്യൂനപക്ഷ സമൂഹങ്ങളെ ഏറെ അലട്ടുന്നു. അതോടൊപ്പം വനിതാ മതില്‍ പോലുള്ള ഹിന്ദുസ്വാഭിമാന പരിപാടികള്‍ ഇടതുപക്ഷത്തെ വീണ്ടും വീണ്ടും  ഹിന്ദു ഭാഷയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഈ പുതിയ സാഹചര്യത്തില്‍ പരമ്പരാഗതമായ രാഷ്ട്രീയ വിമോചന സങ്കല്‍പ്പങ്ങള്‍ ഉറക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതുണ്ടാക്കുന്ന പ്രതിസന്ധികളുടെ ആത്യന്തിക പരിണതി ആര്‍ക്കും ഇപ്പോള്‍ മുന്‍കൂറായി പ്രവചിക്കാന്‍ കഴിയില്ല. പക്ഷെ ഈ രാഷ്ട്രീയ അവ്യക്തതയുടെ ഭാരം പേറേണ്ട ഉത്തരവാദിത്തം രഹന  ഫാത്തിമക്കില്ല. 

കേരള സമൂഹത്തില്‍ ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന ഭരണകൂട ചിന്തയുടെ ഒരു തലം രഹന ഫാത്തിമയുടെ അറസ്റ്റില്‍ ഉണ്ടെന്നാണ് മനസ്സിലാകുന്നത്. ഇതാവട്ടെ ഒരു നോര്‍മലൈസിംഗ് അധികാരമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഒരു സ്ത്രീയെ ജയിലില്‍ അടച്ച ഹീനമായ രീതികള്‍ കണ്ടിട്ടും സമൂഹം പ്രതികരിക്കാതെയിരിക്കുന്നത്. കേരളത്തിലെ സമകാലിക പ്രതിരോധ വ്യവഹാരങ്ങളെ കൂടുതല്‍ സൂക്ഷമമായി വിമര്‍ശിച്ചു കൊണ്ട് മാത്രമേ രഹന ഫാത്തിമയുടെ ജയില്‍ മോചനത്തിനായുള്ള സമരങ്ങളെ ശക്തിപ്പെടുത്താന്‍ സാധിക്കൂകയുള്ളൂവെന്നാണ് തോന്നുന്നത്. 

(ജെ എന്‍ യുവില്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ ഗവേഷകയാണ് ലേഖിക)  

Follow Us:
Download App:
  • android
  • ios