ഗാസിയാബാദ്: ട്രെയിനില്‍ സീറ്റ് തരപ്പെടുത്തുന്നതിന് യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ റെയില്‍വേ പൊലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി. ഗാസിയാബാദിലാണ് സംഭവം. ഈ ദൃശ്യങ്ങള്‍ വൈറലായലതിനെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തു. 

അമിത് മാലിക് എന്ന പൊലീസുകാരനാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. ഇയാള്‍ യാത്രക്കാരില്‍നിന്ന് കൈക്കൂലി വാങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ വൈറലായിരുന്നു. സപ്ത് ക്രാന്തി എക്‌സ്പ്രസില്‍വെച്ച് ഇയാള്‍ സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യാത്രക്കാരില്‍നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ട്രെയിനിലുണ്ടായിരുന്ന ഏതോ യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. അന്വേഷണത്തില്‍ അമിത് കുറ്റം സമ്മതിച്ചതായി റെയില്‍വേ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.