ക്രിസ്മസ് സമ്മാനമായി ഡെലിവറി ഏജന്റിന് 12,000 രൂപ ടിപ്പ് നൽകി ഇറ്റാലിയൻ യുവതി. സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കി ദുബായിൽ നിന്നുള്ള വീഡിയോ. ഇതാണ് യഥാര്‍ത്ഥ ക്രിസ്മസ് സന്ദേശം എന്ന് നെറ്റിസണ്‍സ്. 

ക്രിസ്മസ് ദിനത്തിൽ ഡെലിവറി ഏജന്റിന് അപ്രതീക്ഷിതമായി വൻതുക ടിപ്പ് നൽകി കൈയടി നേടി ദുബായിൽ താമസിക്കുന്ന ഇറ്റാലിയൻ യുവതി. ഫാബ്രിസിയ ഫ്രാൻസെഷെട്ടി എന്ന യുവതിയാണ് 500 ദിർഹം (ഏകദേശം 12,220 ഇന്ത്യൻ രൂപ) ഡെലിവറി ഏജന്റിന് സമ്മാനമായി നൽകിയത്. ഫാബ്രിസിയ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഡെലിവറിക്കായി എത്തിയ ഏജന്റിനോട് ഫാബ്രിസിയ ഡോർ തുറന്നുയടനെ, ഹലോ, സുഖമാണോ എന്നാണ് ചോദിക്കുന്നത്. പിന്നാലെ, ക്രിസ്മസ് ആഘോഷിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതും കാണാം. ഇല്ല എന്നായിരുന്നു യുവാവിന്റെ മറുപടി.

Add Asianetnews as a Preferred SourcegooglePreferred

അതോടെ യുവാവിന് യുവതി തന്റെ വാലറ്റിൽ നിന്നും 500 ദിർഹം ക്രിസ്മസ് ടിപ്പായി നൽകുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ വലിയ തുക കണ്ട് അമ്പരന്ന ഏജന്റ് നിറഞ്ഞ ചിരിയോടെ നന്ദി പറയുന്നതും ഫാബ്രിസിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാം. പണം നൽകിയതിന് ശേഷം യുവാവിന് കുടിക്കാൻ വെള്ളവും ചോക്ലേറ്റും കൂടി നൽകിയാണ് ഫാബ്രിസിയ അദ്ദേഹത്തെ യാത്രയാക്കിയത്.

View post on Instagram

'ഡെലിവറി ഡ്രൈവർക്ക് ക്രിസ്മസ് സമ്മാനം നൽകുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. യഥാർത്ഥ സ്നേഹത്തിന്റെയും കരുതലിന്റെയും ക്രിസ്മസ് സന്ദേശം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഫാബ്രിസിയ ചെയ്ത ഈ ചെറുതെന്ന് തോന്നുമെങ്കിലും വലിയ കാര്യം. വളരെ പെട്ടെന്നാണ് പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകം പേർ ഈ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ആഘോഷ വേളകളിൽ കുടുംബത്തിൽ നിന്നും മാറി ദൂരെ ജോലി ചെയ്യുന്നവർക്ക് ഇത്തരത്തിലുള്ള കരുതൽ വലിയ ആശ്വാസമാണ് എന്നും, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഈ പ്രവൃത്തിയെന്നും സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് കുറിച്ചിരിക്കുന്നത്.