Asianet News MalayalamAsianet News Malayalam

ഓര്‍മ്മയില്‍ കവിളൊട്ടിയുള്ള ചിരിയും ആ കാലൻ കുടയും

എന്നെയും ക്ലാസിനടുത്താക്കി ചേച്ചീം ഓടിച്ചെന്ന് ക്ലാസിന് പുറത്ത് നിൽക്കുമ്പോള്‍ അച്ഛച്ചൻ ആ കാലൻ കുടയും പിടിച്ച് നനഞ്ഞ് വിറച്ച് ചുക്കിച്ചുളിഞ്ഞ കാലിൽ ഒരു ചെരിപ്പ് പോലും ഇടാതെ

rain notes
Author
Thiruvananthapuram, First Published Aug 9, 2018, 7:17 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. 

rain notes

മഴയുടെ രൗദ്രഭാവം പുരപ്പുറത്ത് ചറപറാ പെയ്ത് തണുപ്പറിയിക്കുന്നുണ്ട്. സ്കൂളുള്ളോണ്ട് തന്നെ അന്ന് എണീക്കാൻ നന്നേ മടി കാണിച്ച് പുതപ്പേ ശരണം എന്നുള്ള മട്ടിൽ കിടന്നു. നന്നായി ഉറക്കസുഖം പിടിച്ച് വന്നപ്പോളാണ് പുതപ്പിൻ ചൂടിലേയ്ക്ക് നനവ് കിനിഞ്ഞിറങ്ങുന്നത് അറിയുന്നത്. പാതി തുറന്ന കണ്ണോടെ തിരഞ്ഞ് പിടിച്ച കമ്പിളിപ്പുതപ്പിലെ രണ്ട് കീറലിലൂടെ മേലേയ്ക്ക് ശരിക്കൊന്ന് നോക്കി. രണ്ടാമത് നോക്കേണ്ടിവന്നില്ല കണ്ണിലായിരുന്നു രണ്ടാമത്തെ ഇറ്റ് വീണത്. ചാടി എണീറ്റ് മുട്ടുകാലിന് ഒപ്പമെത്തുന്ന ഷിമ്മി ഒന്ന് കുടഞ്ഞ് ഒറ്റ വിളിയാ... അമ്മയെ അല്ല അച്ഛാച്ചനെ. അന്നത്തെ എന്‍റെ ഹീറോ അച്ഛാച്ചനാ. 

അമ്മേടേം അച്ഛന്‍റേം തല്ലിൽ നിന്നും ശകാരത്തിൽ നിന്നും രക്ഷിക്കണത് അച്ഛാച്ചനായിരുന്നേ... എന്‍റെ നൂറേ നൂറിലുള്ള കീറൽ കേട്ട് വയസ്സ് കാലത്ത് ഓടിവന്നു പാവം. എന്‍റെ പരാതി കേട്ട് മൊക്കോട് ഇളകീത് നന്നാക്കാൻ കേറിയ നേരം കൊണ്ട് ഞാനന്ന് എനിക്കാവുന്ന അടുക്കളേലെ ചായപ്പാത്രോം, പുട്ടുകുറ്റീം കൊണ്ട് വന്ന് ഓടിളകി മഴവെള്ളം ഒറ്റുന്നിടത്ത് കിറുകൃത്യമായിട്ട് വച്ചു. ആ ചെയ്ത വലിയ പ്രവൃത്തിയുടെ ചാരിതാർത്ഥ്യത്തിൽ നിൽക്കുമ്പോളാണ് അമ്മ ചൂരൽ കഷായം കൊണ്ട് വന്ന് നിന്നത്. മഴക്കാലമായാല് ഒത്തിരി വർഷം പഴക്കമുള്ള വീടായോണ്ട് ഈ വെള്ളം ഇറ്റ് മുറികളിൽ വീഴണത് അന്ന് ഞങ്ങൾക്ക് വല്ല്യ പുത്തരിയല്ലാത്തോണ്ട് അച്ഛച്ചനെ അവിടെ നിർത്തി ഞാൻ സ്ഥലം കാലിയാക്കി. 

അടുത്തത് സ്കൂളിൽ പോവേണ്ട തലവേദനയാ. അമ്മയാണേൽ കോരിച്ചൊരിയുന്ന മഴയാണേലും ഒരു ദയയും ഇല്ലാതെ 'പോ വേഗം' എന്നുള്ള മട്ടിൽ നിൽക്കുന്നുണ്ടാവും. 
ഇറയത്ത് അച്ഛൻ പച്ചക്കറി വിത്ത് കുഴിച്ചിടാൻ വച്ചിരുന്ന കുഞ്ഞ് കുഞ്ഞ് കവറുകളുണ്ടായിരുന്നു. അമ്മേടെ കണ്ണൊന്നു തെറ്റിയാൽ അതിൽ എന്‍റെ കുഞ്ഞിത്തലയ്ക്ക് പാകമാകുന്ന ഒന്നെടുത്ത് തലേലിട്ട് ചേച്ചിയ്ക്ക് ഏകദേശം പാകമാവുന്ന കവറും കയ്യിലെടുത്ത് തല നനയാതെ മഴേത്ത് മുറ്റത്തുള്ള ചാടിക്കളി പതിവാണ്.
 
രണ്ടാം ക്ലാസ്സിലായോണ്ടും, 9.45ന് സ്കൂളിലെത്തിയാ മതിയെന്നുള്ളോണ്ടും, സ്കൂളിലേയ്ക്ക് ഒന്നാഞ്ഞ് പിടിച്ച് നടന്നാലെത്തുന്നോണ്ടും, മുറ്റത്തെ മഴേല് കളി അമ്മ കണ്ട് കുളിപ്പിക്കാൻ എടുത്തോണ്ട് പോകും വരെ തുടരും. മഴയായോണ്ട് കുളിപ്പിച്ച് ഒരു തോർത്തൊക്കെ ഉടുപ്പിച്ച് അമ്മ ഒക്കിൽ എടുത്തോണ്ടാ മുറീല് കൊണ്ട് നിർത്താറ്. പിന്നെ അടുക്കളയിലേയ്ക്ക് ഒറ്റ ഓട്ടം ആവും. കുളിച്ച് അമ്മേന്‍റെ സുന്ദരിക്കുട്ടിയായി വന്നാൽ പിന്നീടൊരു എടിപിടിയാണ്. ഉത്തരവാദിത്വ ബോധവും കൃത്യനിഷ്ഠയും പെട്ടെന്നൊരു ബോധോദയത്തിലുണ്ടായ പോലെ. 

കാരണം മറ്റൊന്നും അല്ലായിരുന്നു. എനിക്ക് മൂത്തതൊരു ചേച്ചിയാ. ആള് എല്ലാം നേരത്ത് ചെയ്ത് കഴിച്ച് യൂണിഫോമിട്ട് കൊമ്പത്ത് കെട്ടി പൌഡറും പൊട്ടൊക്കെയിട്ട് എന്നെ ചീത്ത കേൾപ്പിക്കാൻ നിൽക്കുകയാണേ. പിന്നൊന്നും നോക്കില്ല. പറ്റാവുന്ന പോലെയൊക്കെ ഒരു രണ്ടാം ക്ലാസ്സുകാരിയുടെ വൃത്തിയ്ക്ക് ഒരുങ്ങും. ചോറും വാരിത്തന്ന് അമ്മ സ്കൂളിലേയ്ക്ക് കവിളത്ത് ഉമ്മേം തന്ന് രണ്ടാളേം വിടുമ്പോള് അച്ഛച്ചന്‍റെ കയ്യിൽ മുറുക്കെ പിടിച്ച്  പടിയെത്തും വരേം തിരിഞ്ഞ് നോക്കും. അമ്മേടെ മനസ്സ് മാറി മഴയത്ത് സ്കൂളിൽ പോവണ്ട ഇന്ന് പറയും എന്നാഗ്രഹിച്ച്. പടിയും കടന്ന് അമ്മേടെ മുഖം മറയുമ്പോള് എവിടെ നിന്നെന്നില്ലാത്ത സങ്കടം കുത്തിയൊലിച്ചൊരു വരവാണ്. കണ്ണ് നിറഞ്ഞ്, കണ്ണും മൂക്കും തൂവാല കൊണ്ട് പിഴിഞ്ഞ് ആരേം കാണിക്കാതെ നടക്കും. മഴച്ചാറ്റലിൽ അച്ചച്ചൻ രണ്ടാളേം ചേർത്ത് പിടിക്കും. ഇടയ്ക്ക് കാറ്റെങ്ങാനും വന്നാൽ ആ കാലൻ കുട ഒറ്റ മറിച്ചിലാണ്. പിന്നെ പണ്ടത്തെ ഡിഷ് ടി.വിയുടെ കുട പോലുണ്ടാവും. പുസ്തകങ്ങൾ കവറിലിട്ട് ബാഗിലാക്കിയോണ്ട് അത് നനയും എന്നുള്ള പേടിയില്ലായിരുന്നു. 

അച്ഛച്ചന്‍റെ കറുത്ത കാലൻ കുട മറിയുമ്പോള് ഞാനും ചേച്ചീം അന്ന് രണ്ട് ഭാഗത്ത് പിടിച്ച് തൂങ്ങും താഴേയ്ക്ക് കുട പഴേപടിയാക്കാൻ... അവസാനം പരിശ്രമങ്ങൾക്കൊടുവിൽ നനഞ്ഞൊട്ടിയ യൂണിഫോമിൽ പോവുമ്പോള്‍ കൂടെ നടക്കുന്ന സ്വിച്ച് കുടയുള്ളോർക്ക് കളിയാക്കിച്ചിരിക്കാൻ ഒരു വകയാണ്. കരച്ചില് കടിച്ച് പിടിച്ച് അച്ഛച്ചന്‍റെ മുഖത്ത് നോക്കുമ്പോ അച്ഛച്ചൻ പറയും 'എന്‍റെ മക്കൾക്ക് അച്ഛച്ചന്‍റെം അച്ഛമ്മേടേം അടുത്ത പെൻഷൻ കിട്ടുമ്പോ ഇതിലും വല്ല്യ രണ്ട് സ്വിച്ച് കുട വാങ്ങിത്തരാന്ന്'. അത് കേൾക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷാണ് സങ്കടോം. അച്ഛൻ ജോലിയ്ക്ക് പോയി കുറച്ച് നാളാവും വരാൻ അതോണ്ട് സ്വന്തായിട്ടൊരു കളർ സ്വിച്ച് കുട എന്നുള്ള മോഹം ഉള്ളിൽ കിടന്ന് വിങ്ങുമ്പോളാ അച്ഛച്ചന്‍റെ ഈ വർത്തമാനം. 

എല്ലാ കഥ പറച്ചിലും കഴിഞ്ഞ് സ്കൂളെത്തുമ്പോള്‍ അസംബ്ലി മഴയായതോണ്ട് ക്ലാസ്സിലാവും. എന്നെയും ക്ലാസിനടുത്താക്കി ചേച്ചീം ഓടിച്ചെന്ന് ക്ലാസിന് പുറത്ത് നിൽക്കുമ്പോള്‍ അച്ഛച്ചൻ ആ കാലൻ കുടയും പിടിച്ച് നനഞ്ഞ് വിറച്ച് ചുക്കിച്ചുളിഞ്ഞ കാലിൽ ഒരു ചെരിപ്പ് പോലും ഇടാതെ, ആ പ്രായത്തിന്‍റെ വിഷമങ്ങളൊന്നും കാര്യമാക്കാതെ, പേരക്കുട്ടികൾ നനഞ്ഞ ഉടുപ്പിൽ ബെഞ്ചിലിരുന്നെങ്ങനെ വൈകുന്നേരം വരെ കഴിച്ച് കൂട്ടും എന്നുള്ളതോർത്ത് നിൽക്കുന്നുണ്ടാവും. 

അടുത്ത മഴയോർമ്മയിൽ എന്‍റെ അച്ഛച്ചൻ ഉണ്ടായിരുന്നില്ല. ഒരു ഓർമ്മയായി മാറിയിരുന്നു. പക്ഷേ, ഇന്ന് ഓരോ മഴക്കാലവും സ്കൂളിലേയ്ക്ക് കുഞ്ഞുമക്കള്‍ മഴയത്തും ചെളിയിലും എല്ലാ സൗകര്യങ്ങളോടും കൂടി അമ്മയുടേയും അച്ഛന്‍റേയും മുത്തശ്ശന്‍റേയുമൊക്കെ കൂടെ വരുന്നത് കാണുമ്പോള്‍ എന്‍റെ അച്ഛച്ഛനെ ഓർക്കും. ആ കവിളൊട്ടിയുള്ള ചിരിയും ആ കാലൻ കുടയും ഞങ്ങളെ മാത്രം നോക്കിയുള്ള ആ നിൽപ്പും.

Follow Us:
Download App:
  • android
  • ios