Asianet News MalayalamAsianet News Malayalam

അത് അമ്പാട്ടി കുളിക്കുന്നതാണത്രേ

അതെന്‍റെ പുതിയ പുസ്തകപ്പെട്ടിയിൽ മഴത്തുള്ളി വീഴുമ്പോഴുള്ള ശബ്ദം ആണ്. പിന്നീട് മഴയെ തോൽപിക്കാൻ പുസ്തകങ്ങൾ കവറിൽ ആക്കി പെട്ടിയിൽ വെച്ചു സ്കൂളിൽ പോക്ക് തുടങ്ങി.

rain notes rajeswari gireesh
Author
Thiruvananthapuram, First Published Aug 8, 2018, 7:13 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. 

rain notes rajeswari gireesh

പത്തുവർഷത്തെ നീണ്ട പ്രവാസത്തിൽ ഞാനേറ്റവും അധികം മിസ് ചെയ്തത് മഴയാണ്. ദാഹജലത്തിനായി കേഴുന്ന വേഴാമ്പലിനെ പോലെ ഒരു മഴക്കായി കാത്തിരുന്ന നാളുകളുണ്ട്. മഴയുടെ പല ഭാവങ്ങൾ എന്നും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്‍റെ കുട്ടിക്കാലത്ത് ഞങ്ങൾ അച്ഛന്‍റെ വീട്ടിലായിരുന്നു. അന്നതൊരു തനി ഉള്‍നാടൻ ഗ്രാമമായിരുന്നു. നീണ്ട നെൽപാടങ്ങളും, വലിയ കുളവും, ചുറ്റും പച്ചക്കറിതോട്ടവും, വാഴയും, തേൻമാവും, പ്ലാവും, വീടിന്‍റെ ഉമ്മറത്തുള്ള ഉതിർമുല്ല മരവും, പലതരം കിളികളുടെ ശബ്ദങ്ങളും... ശരിക്കും അങ്ങനെ ഒരു ചുറ്റുപാടിൽ ജീവിക്കാൻ കഴിഞ്ഞത്‌ ഒരു മഹാഭാഗ്യം തന്നെയായിരുന്നു. 

ആദ്യായിട്ട് സ്കൂളില്‍ പോകുന്ന ദിവസം എന്നെ സ്കൂളിലാക്കാൻ അമ്മയുടെ കൂടെ മഴയും കൂട്ടുവന്നു. പിന്നെ, എന്നും ചേച്ചിമാരുടെ കൈപിടിച്ചു സ്കൂളിൽ പോക്ക് പതിവായതോടെ അമ്മ വരാതായി. പക്ഷേ മഴ കൂട്ടുകാരിയായി കൂടെ വന്നുകൊണ്ടേയിരുന്നു. ഇടി എനിക്ക്‌ ഏറ്റവും പേടിയുള്ള ഒരു മഹാസംഭവം ആയിരുന്നു. എന്‍റെ പേടി മാറ്റാനായി അമ്മ പറയും "പേടിക്കണ്ടാട്ടോ അത് അമ്പാട്ടി കുളികഴിഞ്ഞു പുതിയ ഉടുപ്പിടാൻ വേണ്ടി മഞ്ച പെട്ടി തുറക്കണ ശബ്ദാട്ടോ". തലയാട്ടി ശരി എന്ന് കാണിക്കുമെങ്കിലും ഉള്ളിൽ അപ്പോഴും പേടി മാറിയിട്ടുണ്ടാവില്ല. ആദ്യമൊക്കെ മഴയെക്കുറിച്ചും അമ്മ പറഞ്ഞുതന്നത് 'അമ്പാട്ടി കുളിക്കുന്ന വെള്ളം ആണെ'ന്നായിരുന്നു. ഒരിക്കൽ ഞാൻ അമ്മയോടു ചോദിച്ചു, 'വേറെ ആരെങ്കിലും കുളിച്ച വെള്ളത്തിലാണോ പിന്നെ നമ്മൾ കുളിക്കുകയും കുടിക്കുകയും ഒക്കെ ചെയുക' എന്ന്? അതോടെ ആ കഥപറച്ചിൽ പാവം അമ്മ നിർത്തി. പിന്നീട് കാലത്തിന്‍റെ കുത്തൊഴുകിനിടയ്ക്കെപ്പോഴോ ആ വീടും ചുറ്റുപാടും നോക്കെത്താ ദൂരത്തെ മായക്കാഴ്ച മാത്രമായി എന്നെന്നേക്കുമായി ജീവിതത്തിൽനിന്ന് പടിയിറങ്ങി.
    
പിന്നീട്, ഞങ്ങൾ അച്ഛന്‍റെ ജോലി സ്ഥലം മാറിയപ്പോള്‍ താമസം മാറി. മലപ്പുറം ജില്ലയിൽ തിരൂർ. 'അഞ്ചുമുറി' എന്നായിരുന്നു ആ ക്വാര്‍ട്ടേഴ്സ് അറിയപ്പെട്ടിരുന്നത്. അവിടെ എനിക്ക് കുറേ കൂട്ടുകാരെ കിട്ടി. രണ്ടാം ക്ലാസ്സിൽ എത്തിയപ്പോള്‍ എനിക്കും ചേച്ചിമാർക്കും അച്ഛൻ പുതിയ അലുമിനിയത്തിന്‍റെ പെട്ടി മേടിച്ചുതന്നു. അതും തൂക്കി പുതിയ  സ്കൂളിലേക്ക് കുടയും ചൂടി പോകുമ്പോഴതാ, ഞാൻ വീട്ടിൽ നിന്നിറങ്ങാൻ കാത്തുനിന്ന പോലെ മഴ എവിടെനിന്നോ പൊട്ടി വീഴുന്നു. കൂടെ ഒരു ബാൻഡ് മേളവും. അതെവിടുന്നാ എന്നു കാതോർത്തപ്പോൾ, ബാൻഡ് മേളം എന്‍റെ പുതിയ പുസ്തകപ്പെട്ടിയിൽ മഴത്തുള്ളി വീഴുമ്പോഴുള്ള ശബ്ദം ആണ്. പിന്നീട് മഴയെ തോൽപിക്കാൻ പുസ്തകങ്ങൾ കവറിൽ ആക്കി പെട്ടിയിൽ വെച്ചു സ്കൂളിൽ പോക്ക് തുടങ്ങി. 'നിന്‍റെ കളി എന്നോട് വേണ്ടെന്‍റെ മഴേ' എന്നു വീമ്പും പറഞ്ഞു .

 രാത്രിയിൽ ചോർന്നൊലിക്കുന്ന വെള്ളം പിടിക്കാൻ അമ്മ വെച്ചിരുന്ന ഓരോ പാത്രത്തിലും വെള്ളം വീഴുമ്പോൾ ഓരോ ശബ്ദം ആണ്. പ്ലാസ്റ്റിക്, അലുമിനിയം, സ്റ്റീൽ പലതിലും ഓരോ ഇറ്റുവീഴുമ്പോൾ  അവയ്ക്ക് ഒരു താളമുണ്ടായിരുന്നു. പ്രകൃതിയുടെ താളം... അച്ഛൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനായതുകൊണ്ട് വീണ്ടും ഒരു സ്ഥലം മാറ്റം. ഒറ്റപ്പാലത്തേക്ക്. എന്‍റെ അച്ഛൻ പെങ്ങളും, അച്ഛന്‍റെ മരുമക്കളും ഒക്കെ ഒറ്റപ്പാലത്ത് ഉണ്ട്. അവിടേക്കുള്ള പറിച്ചുനടൽ എന്നെ ആദ്യമൊക്കെ ചെറുതായി അലട്ടിയിരുന്നു. പിന്നെ സാവകാശം ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. ഞാൻ അന്ന് എട്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ആയിടക്ക് ഇടക്കിടെ കാലം തെറ്റി പെയ്യുന്ന മഴ എന്നെ ആലോസരപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കൊല്ലപരീക്ഷ അടുക്കുമ്പോൾ വേനൽ മഴ എന്‍റെ പരീക്ഷച്ചൂടിനെ തണുപ്പിക്കാൻ തുടങ്ങി. 

കാലം കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ഞാൻ പോലുമറിയാതെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നനുത്ത കുളിരാർന്ന മഴ എന്നെ വന്നു മൂടി. പിന്നീട് തിരിച്ചറിഞ്ഞു അത് അനുരാഗത്തേൻമഴയാണ്. പ്രണയാർദ്രമായ നാളുകളിൽ ഞങ്ങളുടെ കണ്ടുമുട്ടലുകൾക്ക് സാക്ഷിയാവാൻ എപ്പോഴും മഴ വന്നുകൊണ്ടേ ഇരുന്നു. ഇടയ്ക്കെപ്പോഴോ ആ പ്രണയം നഷ്ടമാവുമെന്ന തോന്നലുണ്ടായപ്പോൾ എന്‍റെ ഉള്ളിൽ കാർമേഘം ഉരുണ്ടുകൂടി നിന്നതല്ലാതെ ഒരു ചാറ്റൽ മഴ പോലും വന്നില്ല. അവസാനം പ്രണയസാഭല്യത്തിന്‍റെ നിമിഷത്തിലും ഞങ്ങളെ അനുഗ്രഹിക്കാൻ പ്രിയ തോഴിയായി വേനൽമഴ പെയ്തിറങ്ങി.  കല്യാണശേഷമുള്ള ആദ്യ ബൈക്ക് യാത്രയിൽ ഇണക്കുരുവികളെപോലെ ഞങ്ങൾ ഒട്ടിയിരുന്നു പോകുന്നത് കണ്ട് അവൾ അസൂയയോടെ കോരിച്ചൊരിഞ്ഞ് ഞങ്ങളെ അടിമുടി നനച്ചു.
    
കുറച്ചുനാളുകള്‍ക്ക് ശേഷം ഞാൻ നേരെ പ്രവാസജീവിതത്തിലേക്ക് പ്രവേശിച്ചു. അധികം താമസിയാതെ ഞാൻ അമ്മയാവാൻ പോകുകയാണെന്ന് അറിഞ്ഞു. ആയിടക്ക് എനിക്ക് മഴ നനയാനൊരു പൂതി. ഈ മണലാരണ്യത്തിൽ എവിടെ കിട്ടാനാ മഴ? "ഗർഭിണിയുടെ ആഗ്രഹം സാധിപ്പിച്ചില്ലെങ്കിൽ കുട്ടിക്ക് ചെവി പഴുക്കും" എന്ന് വീട്ടിലെ മുതിർന്നവർ പണ്ട് പറഞ്ഞുകേട്ടതോർത്തു. ഇനി എവിടെ പോയി മഴ കൊണ്ടു വരാനാ എന്‍റീശ്വരാ എന്ന് പറഞ്ഞ് തലയിൽ കൈവെച്ചിരിപ്പായി  പ്രിയതമൻ. ഞാൻ പറഞ്ഞു, സാരല്യ വഴിയുണ്ട്. ആഗസ്റ്റിൽ ഞാൻ പ്രസവത്തിനു നാട്ടിൽ പോകും, അപ്പൊ മഴ വന്നോളും എന്നെ കാണാൻ എന്ന്. കരിനാക്കണോ അതോ ഒരു ഗര്‍ഭിണിക്ക് ദൈവം അറിഞ്ഞുകൊടുത്ത വരമാണോയെന്ന് അറിയില്ല. ഫ്ലൈറ്റിറങ്ങിയതും തുള്ളിക്കൊരുകുടമായി മഴപൊട്ടിവീണതും ഒരുമിച്ചായിരുന്നു. അതോടെ ആ ആഗ്രഹം നടന്നു. മോൾടെ ചോറൂണ് ദിവസവും ഒരു ചാറ്റൽ വന്നു തഴുകിപ്പോയി.അവൾക്ക് ഒരു ചോറുകൊടുക്കാൻ വന്നതാവും. 

ഇവിടെയും ഒരിക്കൽ മഴ പെയ്തിരുന്നു .പക്ഷേ നാട്ടിൽ കാണുന്ന അത്ര സുന്ദരിയായ പെണ്‍കൊടിയായിരുന്നില്ല ഇവിടെ. ഈയടുത്തകാലത്തൊന്നും എന്‍റെ പ്രിയതോഴിയുടെ നനുത്ത സ്പർശമേൽക്കാനുള്ള അവസരം ഒത്തുവന്നില്ല. പ്രവാസത്തിലെ എന്‍റെ നഷ്ടങ്ങളോട് അതും ചേര്‍ത്തുവയ്ക്കുന്നു ഞാന്‍. 
 

Follow Us:
Download App:
  • android
  • ios