Asianet News MalayalamAsianet News Malayalam

ഭാര്യയെ പീഡിപ്പിച്ചവര്‍ക്കെതിരെ നിയമപോരാട്ടം നടത്തി; അതിനായി നിയമപഠനം തുടങ്ങി, വീട് കോടതിക്കടുത്തേക്ക് മാറ്റി

ഹരിയാനയില്‍ ഒരുപാട് പീഡനങ്ങള്‍ നടക്കുന്നുണ്ട്. മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും കൂടുതല്‍. അതിന്‍റെ പേരില്‍ പഴികേട്ടിരുന്നത് മുഴുവന്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുമായിരുന്നു. എനിക്കറിയാമായിരുന്നു, ഏതൊരു പുരുഷനാണെങ്കിലും ആ വിവാഹത്തില്‍ നിന്നും പിന്മാറുമായിരുന്നു എന്ന്. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീക്ക് യാതൊരുവിധ പരിഗണനയും നമ്മുടെ സമൂഹം കൊടുത്തിരുന്നില്ല. 

rape survivor's husband fought against rapists
Author
Haryana, First Published Jan 14, 2019, 2:27 PM IST

വിവാഹത്തിന് തൊട്ടുമുമ്പാണ്, താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത കാര്യം ജിതേന്ദ്ര ചത്താര്‍ അറിയുന്നത്. അദ്ദേഹം ആ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിച്ചു. മാത്രവുമല്ല സ്ഥലം വിറ്റും നിയമം പഠിച്ചും ആ എട്ടുപേര്‍ക്കുമെതിരെ പോരാടാനും തയ്യാറായി. ഹരിയാനയിലെ വര്‍ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ തങ്ങള്‍ക്കാവും വിധം ഇന്ന് അവര്‍ പ്രവര്‍ത്തിക്കുന്നു. ജിതേന്ദ്ര ചത്താര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു വേണ്ടി എഴുതിയതില്‍ നിന്ന്. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ ഭാര്യയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. അവളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി, പീഡിപ്പിക്കുമ്പോഴും പീഡിപ്പിച്ചതിന് ശേഷവും അവര്‍ അവളുടെ ഫോട്ടോയും വീഡിയോയും എടുത്തു. ഒന്നര വര്‍ഷത്തോളം ഈ നഗ്നചിത്രങ്ങള്‍ വെച്ച് അവരവളെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. 

ഇത് നടക്കുമ്പോള്‍ നമ്മള്‍ വിവാഹിതരായിരുന്നില്ല. 2015 സപ്തംബറില്‍ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അവള്‍ പീഡിപ്പിക്കപ്പെട്ട വിവരം ഞാനറിയുന്നത്. വിവാഹനിശ്ചയ ദിവസമാണ് ഞാനവളെ ആദ്യമായി കാണുന്നത്. വിവാഹം ഉറപ്പിച്ചത് നമ്മുടെ വീട്ടുകാര്‍ ആയിരുന്നു. ഞാന്‍ വീട്ടുകാരുടെ കൂടെപ്പോയാണ് അവളെ കണ്ടത്. അന്ന് കണ്ടതല്ലാതെ വിവാഹം വരെ നമുക്ക് കാണാനാവുമായിരുന്നില്ല. ഹരിയാനയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇതായിരുന്നു രീതി. 

രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലുള്ള ഞങ്ങള്‍ തമ്മില്‍ വല്ലപ്പോഴുമുള്ള ഫോണ്‍കോളുകളിലൂടെയായിരുന്നു ബന്ധപ്പെട്ടിരുന്നത്. 30 കിലോമീറ്റര്‍ ദൂരത്തായിരുന്നു രണ്ട് ഗ്രാമങ്ങളും.

ഒരു ദിവസം അവളെന്നോട് പറഞ്ഞു, അവള്‍ക്ക് പ്രധാനപ്പെട്ട എന്തോ കാര്യം എന്നോട് പങ്കുവയ്ക്കാനുണ്ട് എന്ന്. ഒരിക്കല്‍ കൂടി മാതാപിതാക്കളോടൊപ്പം കാണാന്‍ വരട്ടേ എന്ന് ഞാനവളോട് ചോദിച്ചു. അങ്ങനെ ആ ആഴ്ചാവസാനം അവളെ കാണാനെത്തിയ ഞങ്ങളോട് അവള്‍ പറഞ്ഞു, അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നും അത് മറച്ചുവെച്ച് അവള്‍ വിവാഹിതയാവാന്‍ ആഗ്രഹിക്കുന്നില്ല എന്നും. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അവളെന്നോട് പറഞ്ഞു, 'ഞാന്‍ ഈ ബന്ധത്തിന് അര്‍ഹയല്ല, എന്നെ വിവാഹം കഴിക്കരുത്' എന്ന്. 

ഞാന്‍ വല്ലാത്തൊരു തരം ചിന്തയില്‍ കുടുങ്ങിക്കിടന്നു. എനിക്ക് തോന്നി അവളെ വിവാഹം ചെയ്തില്ലെങ്കില്‍ ദൈവമെന്നോട് പൊറുക്കില്ല. ഞാനവളോട് പറഞ്ഞു, ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി കിട്ടുന്നത് വരെ പോരാടുകയും ചെയ്യും എന്ന്. 

കുട്ടികള്‍ ഭയന്ന് ഇത് വീട്ടില്‍ പറയില്ല

ഹരിയാനയില്‍ ഒരുപാട് പീഡനങ്ങള്‍ നടക്കുന്നുണ്ട്. മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും കൂടുതല്‍. അതിന്‍റെ പേരില്‍ പഴികേട്ടിരുന്നത് മുഴുവന്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുമായിരുന്നു. എനിക്കറിയാമായിരുന്നു, ഏതൊരു പുരുഷനാണെങ്കിലും ആ വിവാഹത്തില്‍ നിന്നും പിന്മാറുമായിരുന്നു എന്ന്. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീക്ക് യാതൊരുവിധ പരിഗണനയും നമ്മുടെ സമൂഹം കൊടുത്തിരുന്നില്ല. 

ഞങ്ങളുടെ ഗ്രാമത്തിലെ പുരുഷന്മാര്‍ സ്കൂളിന് ചുറ്റും കറങ്ങി നടക്കുകയും അവിടെയുള്ള മുതിര്‍ന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. കുട്ടികള്‍ ഭയന്ന് ഇത് വീട്ടില്‍ പറയില്ല. പറഞ്ഞാല്‍ ഒരുപക്ഷെ അവരെ പിന്നീട് സ്കൂളില്‍ തന്നെ വിടില്ല. സ്ത്രീകള്‍ കൂടുതലായും ഉപദ്രവിക്കപ്പെടുന്ന മറ്റൊരു സ്ഥലം ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്ന ബസായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനികളാണ് ബസിലേറെയും ഉണ്ടാവുക. ഈ ഉപദ്രവം സഹിക്കാനാവാതെ കോളേജ് പഠനം ഉപേക്ഷിച്ച പെണ്‍കുട്ടികളും നിരവധിയാണ്. 

2004 -ല്‍ വിദ്യാര്‍ത്ഥി ആയിരിക്കേ അതേ ബസില്‍ തന്നെയാണ് ഞാനും യാത്ര ചെയ്തിരുന്നത്. ഹരിയാനയിലെ അധികൃതര്‍ക്ക് ഇത് വിശദമാക്കിക്കൊണ്ട് ഞാന്‍ പരാതിയും നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേകം ബസ് അനുവദിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഭയമില്ലാതെ അവര്‍ അവരുടെ പഠനം പൂര്‍ത്തിയാക്കണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി ഒരു ബസ് അനുവദിക്കപ്പെട്ടു. 2013 -ല്‍ ലോക്കല്‍ ഖാപ് പഞ്ചായത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കവെ ജിന്ദിലെ 24 ഗ്രാമങ്ങളില്‍ പെണ്‍ഭ്രൂണഹത്യയും, കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയവും നിരോധിക്കാനായി ഞാന്‍ പരിശ്രമിച്ചിരുന്നു. 

വളര്‍ന്നപ്പോള്‍ മദ്യം, മയക്കുമരുന്ന്, ഫാസ്റ്റ്ഫുഡ് ഇവയെല്ലാം പീഡനം കൂടുന്നതിന് കാരണമാകുന്നുവെന്ന് എനിക്ക് തോന്നിത്തുടങ്ങി. മാധ്യമ പ്രവര്‍ത്തകരോട് പുരുഷന്മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കണം എന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. നമ്മുടെ കുട്ടികളെ സ്ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ സംസ്കാരം പഠിപ്പിക്കണമെന്നും ഞാന്‍ പറയാന്‍ ആഗ്രഹിച്ചിരുന്നു. 

ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം അവളെ പീഡിപ്പിച്ച ഓരോരുത്തര്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ഞാന്‍ ശപഥം ചെയ്തു. ആ എട്ടുപേര്‍ക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാനവളെ സഹായിച്ചു, വക്കീലന്മാരെ നിയമിച്ചു, അങ്ങനെ പ്രാരംഭനടപടികളെല്ലാം പൂര്‍ത്തിയാക്കി. 2015 ഡിസംബറില്‍ ഞങ്ങള്‍ വിവാഹിതരായി. ആ സമയമായപ്പോഴേക്കും അവള്‍ക്കും വീട്ടുകാര്‍ക്കും എനിക്കും നേരെ നിരവധി ഭീഷണികള്‍ ഉണ്ടായി. 

സമ്പന്നരായ, രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു പ്രതികളെല്ലാം. ഗുണ്ടകള്‍ വീട്ടിലെത്തി ഞങ്ങളെ ഭീഷണിപ്പെടുത്തി. എനിക്കെതിരെ മൂന്ന് കള്ളപ്പരാതികള്‍ നല്‍കി. (അവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു). എന്‍റെ മാതാപിതാക്കള്‍ എനിക്കും എന്‍റെ ഭാര്യക്കുമൊപ്പം ഉറച്ചുനിന്നു. പക്ഷെ, എന്നിട്ടും ആ പോരാട്ടം കഠിനമായിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ നിരന്തരം എന്നെ ഭീഷണപ്പെടുത്തി. പണം വാഗ്ദാനം ചെയ്തു.

ജില്ലാ കോടതി പ്രതികളെ വെറുതെ വിട്ടു. ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് നടത്തുന്നതിനായി എന്‍റെ സ്ഥലം വിറ്റു. 14 ലക്ഷം രൂപ ഫീസ് നല്‍കേണ്ടി വന്നു. അതിനായും എനിക്ക് സ്ഥലം വില്‍ക്കേണ്ടി വന്നു. പിന്നീട്, ഞങ്ങള്‍ കേസ് നടത്താനായി കോടതിയുടെ അടുത്തേക്ക് താമസം മാറി. നമുക്ക് സമാധാനം നഷ്ടപ്പെട്ടു. ഭാര്യയുടെ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു. ഓരോ രാത്രിയും പേടിസ്വപ്നങ്ങള്‍ അവളെ അലട്ടി. 

വിവാഹശേഷം കുടുംബത്തിന്‍റെ ബിസിനസ് ഉപേക്ഷിച്ച് ഞങ്ങള്‍ ജിന്ദിലേക്ക് താമസം മാറി. അവളുടെ വീട് അതിനടുത്തായിരുന്നു. കുടുംബം അടുത്തുള്ളത് അവള്‍ക്ക് കുറച്ച് സമാധാനം നല്‍കി. ഞാന്‍ നിയമത്തില്‍ ബിരുദം എടുക്കാനുള്ള ശ്രമം തുടങ്ങി. അതിനുശേഷം എന്‍റെ ഭാര്യയുടെ കേസ് ഞാന്‍ തന്നെ വാദിക്കും. ഫീസ് കൊടുക്കാനുള്ള തുക ഇനിയുമെന്‍റെ കയ്യിലില്ലായിരുന്നു. മാത്രവുമല്ല മറ്റ് വക്കീലന്മാരെ എനിക്ക് വിശ്വാസവുമില്ലായിരുന്നു. 

എന്‍റെ ഭാര്യയും ഇപ്പോള്‍ നിയമം പഠിക്കുന്നു

എന്‍റെ വീട്ടുകാര്‍ക്ക് ഞങ്ങളെ വ്യക്തമായി അറിയാമായിരുന്നു. നീതിക്ക് വേണ്ടി ഞങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അവര്‍ കൂടെയില്ലായിരുന്നെങ്കില്‍ ഈ പോരാട്ടം ഒട്ടും എളുപ്പമായിരിക്കില്ല. വിവാഹത്തിന് ശേഷം ആ ഗ്രാമം മുഴുവന്‍ എനിക്കൊപ്പം നിന്നു. 

എന്‍റെ നിര്‍ദ്ദേശപ്രകാരം എന്‍റെ ഭാര്യയും ഇപ്പോള്‍ നിയമം പഠിക്കുന്നു. ഞങ്ങള്‍ ചണ്ഡീഗഢിലേക്ക് താമസം മാറാനും അവിടെ ഒരുമിച്ച് നിയമം പഠിക്കാനും തീരുമാനിച്ചു. അത് ഉള്‍നാടുകളിലെ സ്ത്രീകളെ സഹായിക്കാന്‍ ഒരുപക്ഷെ ഞങ്ങളെ പ്രാപ്തരാക്കും. ഞങ്ങള്‍ക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ചണ്ഡീഗഢിലെ ഒരു സ്വകാര്യ സ്കൂളില്‍ അവനെ ചേര്‍ക്കണം. ഹരിയാനയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യവും ഈ സ്ത്രീകളെ ഉപദ്രവിക്കുന്ന സംസ്കാരവും സ്ത്രീകളുടെ ജീവിതം തകര്‍ക്കുകയാണ്. പക്ഷെ, ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്, പെട്ടെന്ന് തന്നെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുമെന്ന്. 

നഗരങ്ങളിലെ 'മീ ടൂ മൂവ്മെന്‍റ് ' പോലെ ഇത്തരം വെളിപ്പെടുത്തലുകളും മാറ്റങ്ങളും ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കിടയിലുമുണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാനും എന്‍റെ ഭാര്യയും നമുക്ക് കഴിയുന്നതുപോലെയെല്ലാം ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, നമുക്ക് മാറ്റം കൊണ്ടുവരാന്‍ സാധിക്കും എന്ന്.

(കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)

Follow Us:
Download App:
  • android
  • ios